സദ്ദാം ഹുസൈനില്‍ നിന്ന് പ്രേരണ; ഭാര്യയ്ക്കും വീട്ടുകാര്‍ക്കും മീന്‍ കറിയില്‍ വിഷം കലര്‍ത്തി യുവാവ്, അറസ്റ്റ്

By Web TeamFirst Published Mar 25, 2021, 9:15 PM IST
Highlights

ഭാര്യ വീട്ടുകാര്‍ അപമാനിച്ചതിന് പ്രതികാരമായാണ് മീന്‍ കറിയില്‍ വിഷവസ്തുവായ താലിയം കലര്‍ത്തിയത്. ഭാര്യയും ഭാര്യാ പിതാവും ജോലിക്കാരിയും രക്ഷപ്പെട്ടെങ്കിലും ഭാര്യാമാതാവും സഹോദരിയും വിഷം ഉള്ളില്‍ ചെന്ന് മരിച്ചു. ഭാര്യാമാതാവിന്‍റെ പോസ്റ്റ്‍മോര്‍ട്ടത്തിലെ അസ്വാഭാവികതയാണ് കേസില്‍ നിര്‍ണായകമായത്

ദില്ലി: മീന്‍ കറിയില്‍ താലിയം കലര്‍ത്തി ഭാര്യയുടെ അമ്മയേയും സഹോദരിയേയും കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. ദക്ഷിണ ദില്ലിയിലാണ് സംഭവം. ഭാര്യയ്ക്കും ബന്ധുക്കള്‍ക്കും നല്‍കിയ ഭക്ഷണത്തിലാണ് വരുണ്‍ അറോറ എന്ന 37കാരന്‍ താലിയം കലര്‍ത്തിയത്. ഭാര്യ വീട്ടുകാര്‍ അപമാനിച്ചതിന് പ്രതികാരമായാണ് ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയതെന്നാണ് വരുണ്‍ അറോറ പറയുന്നത്.വരുണിന്‍റെ ഭാര്യയുടെ അമ്മ അനിതാ ദേവി ശര്‍മ്മയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ അസ്വാഭാവികതകള്‍ ശ്രദ്ധിച്ചതോടെയാണ് സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിയത്.

അനിതയ്ക്ക് പിന്നാലെ വരുണിന്‍റെ ഭാര്യ ദിവ്യയും ആരോഗ്യനില വഷളായി ചികിത്സ തേടുകയായിരുന്നു. ഇവരുടെ രക്തത്തിലും താലിയത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ അനിതാ ദേവി ശര്‍മ്മയുടെ മറ്റൊരു മകളായ പ്രിയങ്ക ഫെബ്രുവരി 15ന് ബിഎല്‍ കപൂര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചതായി പൊലീസ് കണ്ടെത്തി. വിശദമായ അന്വേഷണത്തില്‍ പ്രിയങ്കയ്ക്കും താലിയം വിഷബാധ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ അനിതാ ദേവിയുടെ ഭര്‍ത്താവ് ദേവേന്ദര്‍ മോഹന്‍ ശര്‍മ്മയിലും വീട്ടുവേലക്കാരിയിലും വിഷബാധയുടെ ലക്ഷണം കണ്ടെത്തി. ഇതോടെയാണ് അന്വേഷണം വരുണിലേക്ക് തിരിഞ്ഞത്.

ജനുവരി മാസം വരുണ്‍ ഇവരുടെ വീട്ടിലേക്ക് എത്തിയിരുന്നു. അന്ന് വരുണ്‍ കൊണ്ടുവന്ന മീന്‍ കറിയിലായിരുന്നു താലിയം കലര്‍ത്തിയത്. സദ്ദാം ഹുസൈന്‍റെ ആരാധകനാണ് വരുണ്‍. സദ്ദാം രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാന്‍ താലിയം പ്രയോഗിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് താലിയം പ്രയോഗിച്ചതെന്നും വരുണ്‍ പറയുന്നു. ഏറെക്കാലമായി ഭാര്യയും ഭാര്യ വീട്ടുകാരും നല്‍കുന്ന അപമാനത്തിന് പ്രതികാരമായാണ് ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയതെന്നാണ് വരുണ്‍ പൊലീസിന് നല്‍കിയ മൊഴി. വരുണിന്‍റെ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് താലിയം ലഭിച്ചത് എങ്ങനെയാണെന്നും വ്യക്തമായതായും പൊലീസ് വിശദമാക്കുന്നു. ചൊവ്വാഴ്ച ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. 

click me!