
തൃശൂര്‍: ആഭരണ നിര്‍മാണശാലയില്‍ നിന്ന് റെയില്‍വേ സ്റ്റേഷനിലേക്ക് കൊണ്ടുപോയ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രധാന പ്രതി പിടിയില്‍. എറണാകുളം കറുകുറ്റി പടയാറ്റില്‍ സിജോ ജോസ് (36) എന്ന ഊത്തപ്പനെയാണ് തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. 1.80 കോടി രൂപ വിലവരുന്ന 3.152 കി.ഗ്രാം സ്വര്‍ണാഭരണങ്ങളാണ് പ്രതികള്‍ കവര്‍ന്നത്. കേസിലെ ഒന്നാം പ്രതി ഉള്‍പ്പെടെ 10 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
സെപ്തംബര്‍ എട്ടിന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. കൊക്കാലയിലെ ആഭരണ നിര്‍മാണശാലയില്‍നിന്നും മാര്‍ത്താണ്ഡത്തെ ജൂവലറികളില്‍ വിതരണത്തിനായി കൊണ്ടുപോയ സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നത്. രണ്ടുപേര്‍ ചേര്‍ന്ന് ബാഗുകളിലായി സ്വര്‍ണം കൊണ്ടുപോകുന്നതിനിടെ കാറിലെത്തിയ സംഘം ഇവരെ തള്ളിയിട്ട് സ്വര്‍ണവുമായി കടന്നുകളയുകയായിരുന്നു. കേസിലെ ആസൂത്രകനും കവര്‍ന്ന സ്വര്‍ണം കടത്തിക്കൊണ്ടുപോയി വില്‍പ്പന നടത്തിയ പ്രധാന പ്രതിയാണ് ഇപ്പോള്‍ പിടിയിലായതെന്ന് പൊലീസ് വിശദീകരിച്ചു. കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനായി സംഭവദിവസം ഇയാളും മൂന്നാം പ്രതി സനീഷും അരണാട്ടുകരയിലെ വാടക വീട്ടില്‍ ഒത്തുചേര്‍ന്നിരുന്നു. കവര്‍ച്ചയ്ക്ക് ശേഷം ഇയാള്‍ സ്വര്‍ണവുമായി തമിഴ്നാട്ടിലേക്ക് കടന്നു. സ്വര്‍ണം ഉരുക്കി തിരൂപ്പൂര്‍, ഈറോഡ് എന്നിവിടങ്ങളില്‍ കൊണ്ടുപോയി വില്‍പ്പന നടത്തി. ഇതിലൂടെ ലഭിച്ച പണം പ്രതികള്‍ പങ്കിട്ടെടുക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
വില്‍പ്പന നടത്തിയ സ്വര്‍ണത്തിന്റേയും പണത്തിന്റേയും ഒരു ഭാഗം പൊലീസ് പിടിച്ചെടുത്തു. ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ സി. അലവിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അങ്കമാലിക്കു സമീപത്തെ ഒളിത്താവളത്തിലെത്തിയാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ക്കെതിരേ അങ്കമാലി സ്റ്റേഷനില്‍ കവര്‍ച്ച, ഭവനഭേദനം, കൊലപാതകശ്രമം എന്നിവ ഉള്‍പ്പെടെ അഞ്ച് കേസുകളും ഇരിങ്ങാലക്കുട, ചാലക്കുടി സ്റ്റേഷനുകളില്‍ കവര്‍ച്ച, അബ്കാരി കേസുകളും നിലവിലുണ്ട്. തമിഴ്നാട് തിരുപ്പൂരില്‍ ജൂവലറി കൊള്ളയടിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിലും ഇയാള്‍ പ്രതിയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ഇന്‍സ്പെക്ടര്‍ സി. അലവിയെ കൂടാതെ അസി. സബ് ഇന്‍സ്പെക്ടര്‍മാരായ സി. ജയലക്ഷ്മി, ടി.വി. ജീവന്‍, സീനിയര്‍ സി.പി.ഒ. ഷെല്ലാര്‍, സി.പി.ഒമാരായ പി. ഹരീഷ്‌കുമാര്‍, എം.എസ്. ലിഗേഷ്, വി.ബി. ദീപക് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam