
മലപ്പുറം: ജില്ലയിലേക്ക് വിൽപ്പനക്കായെത്തിച്ച എംഡിഎംഎയുമായി യുവാവ് മലപ്പുറം പോലീസിന്റെ പിടിയിൽ. 50 ഗ്രാം എംഡിഎംഎ ആണ് പോലീസ് പിടികൂടിയത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് ജില്ലയിലേക്ക് സിന്തറ്റിക് ലഹരി വസ്തുക്കൾ കടത്തി കൊണ്ടുവന്ന് വിൽപ്പന നടത്തുന്ന സംഘങ്ങളെ കുറിച്ച് മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ ഐപിഎസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ മലപ്പുറം പോലീസും ജില്ലയിലെ ഡാൻസാഫ് സ്ക്വാഡും നടത്തിയ രഹസ്യാന്വേഷണത്തിൽ ഇത്തരം സംഘങ്ങളിൽ പ്രവർത്തിക്കുന്ന ചിലരെകുറിച്ച് സൂചനകൾ ലഭിച്ചിരുന്നു. ഇന്ന് പുലർച്ചെ വെള്ളില കോഴിപ്പറമ്പ് എന്ന സ്ഥലത്ത് വീട്ടിൽ നടത്തിയ പരിശോധനയിലാണ് 50 ഗ്രാമോളം തൂക്കം വരുന്ന എംഡിഎംഎയുമായി വലിയ പീടിയേക്കൽ സൈഫുദ്ദീൻ (36 )എന്നയാളെ മലപ്പുറം എസ് ഐ എ എം യാസിർ അറസ്റ്റ് ചെയ്തത്.
ബാംഗ്ലൂരിൽ നിന്നും കാർ മാർഗ്ഗം കൊണ്ടുവന്ന ലഹരിമരുന്ന് രാത്രിയിൽ വീട്ടിൽ വച്ച് പാക്കറ്റുകൾ ആക്കുന്ന സമയത്താണ് പോലീസ് എത്തി പരിശോധന നടത്തിയത്. കൂടുതൽ ചോദ്യം ചെയ്തതിൽ നിന്ന് ബാംഗ്ലൂരിൽ നിന്ന് കാർ മാർഗ്ഗം നാട്ടിലെത്തിച്ച് വിൽപ്പന നടത്താൻ ഉള്ളതാണെന്നും ആവശ്യത്തിനനുസരിച്ച് എറണാകുളത്തേക്കും മറ്റു ജില്ലകളിലേക്കും എത്തിച്ചു കൊടുക്കാറുണ്ടെന്നും പ്രതി പോലീസിനോട് പറഞ്ഞു. സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ച് സൂചന ലഭിച്ചിട്ടുള്ളതായും കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.
മലപ്പുറം ഡിവൈഎസ്പി സുഭാഷ് ബാബു കെസി, പെരിന്തൽമണ്ണ ഇൻസ്പെക്ടർ സുമേഷ് സുധാകരൻ, മലപ്പുറം എസ് ഐ. എ. എം. യാസിർ, എസ്ഐ അൻവർ സാദിഖ്, എസ്‍സിപിഒ രാജേഷ്, സുധീഷ് പെരിന്തൽമണ്ണ, മലപ്പുറം ഡാൻസാഫ് സ്ക്വാഡ് എന്നിവരടങ്ങുന്ന സംഘം ആണ് ഇന്ന് പുലർച്ചെ വീട്ടിൽ പരിശോധന നടത്തി ലഹരി മരുന്ന് പിടിച്ചെടുത്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam