
പാലക്കാട്: മാരക മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ. റെയിൽവേ സംരക്ഷണ സേനയും പാലക്കാട് എക്സൈസ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്കോഡും പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് മാരക മയക്കുമരുന്നായ 20 ഗ്രാം മെത്തഫിറ്റമിനുമായി തൃശ്ശൂർ മുകുന്ദപുരം, കരച്ചിറ, മണ്ണമ്പറമ്പിൽ വീട്ടിൽ സായി കൃഷ്ണയെ ( 24 ) അറസ്റ്റ് ചെയ്തത്.
ബംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് വാങ്ങി തൃശ്ശൂർ ജില്ലയിലെ സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പ്രതി എന്നാണ് പ്രാഥമിക അന്വേഷണത്തിൽ ലഭിച്ച വിവരം. ബംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് വാങ്ങി ബസ് മാർഗം കോയമ്പത്തൂരിലെത്തുകയും അവിടെനിന്ന് ട്രെയിൻ മാർഗ്ഗം പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ വന്ന് ഇറങ്ങി തൃശ്ശൂരിലേക്ക് റോഡ് മാർഗ്ഗം മയക്കുമരുന്ന് കടത്തികൊണ്ട് പോകുവാൻ ശ്രമിച്ചപ്പോഴാണ് പ്രതി റെയിൽവേ സ്റ്റേഷനിൽ വച്ച് പിടിയിൽ ആവുന്നത്.
പ്രതിക്ക് മയക്കുമരുന്ന് നൽകിയവരെ പറ്റിയും പ്രതിയിൽ നിന്നും മയക്കു വാങ്ങുന്നവരെ പറ്റിയുമുള്ള വിശദമായ അന്വേഷണം ആരംഭിച്ചു. ആർ പി എഫ് സിഐ സൂരജ് എസ്. കുമാർ, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം സുരേഷ്, അസി സബ് ഇൻസ്‌പെക്ടർമാരായ സജി അഗസ്റ്റിൻ, കെ സുനിൽ, ഹെഡ് കോൺസ്റ്റബിൾമാരായ എ രാജേന്ദ്രൻ, അനിൽ കുമാർ, വീണ ഗണേഷ്. എക്സൈസ് പ്രിവന്റ്റ്റീവ് ഓഫീസർ ടിപി മണികണ്ഠൻ, സിഇഒ-മാരായ ഷാബു , ബെൻസൺ ജോർജ്, ശരവണൻ, വിഷ്ണു എന്നിവരാണ് പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നത്.
Read more: മയക്കുമരുന്ന് മാഫിയ, തീവ്രവാദ ബന്ധം: നാല് സംസ്ഥാനങ്ങളിൽ വ്യാപക എന്‍ഐഎ റെയ്ഡ്
അതേസമയം, ഇവന്‍റ് മാനേജ്‌മെന്‍റിന്‍റെ മറവിൽ ലഹരിമരുന്ന് വില്‍പ്പന നടത്തിയ മൂന്ന് പേർ കോഴിക്കോട് പിടിയിൽ. പാലാഴി അത്താണിയിലെ സ്വകാര്യ അപ്പാര്‍ട്ട്മെന്‍റ് കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപ്പന നടത്തി വന്ന മേപ്പാടി കിളിയമണ്ണ വീട്ടിൽ മുഹമ്മദ് ഷാമിൽ റഷീദ് (25), അത്തോളി കളത്തുംകണ്ടി ഫൻഷാസ് (24), വയനാട് കപ്പംകൊല്ലി പതിയിൽ വീട്ടിൽ നൗഫൽ അലി (22), എന്നിവരെയാണ് എസ്ഐ ടി വി ധനഞ്ജയ ദാസിന്‍റെ നേത്യത്ത്വത്തിലുള്ള പന്തീരാങ്കാവ് പൊലീസും നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്‍റ് കമ്മീഷണർ പ്രകാശൻ പടന്നയിലിന്‍റെ നേതൃത്ത്വത്തിലുള്ള ഡിസ്ട്രിക്റ്റ് ആന്‍റി നാർക്കോട്ടിക്ക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് (ഡാൻസാഫും) ചേർന്ന് പിടികൂടിയത്.