വാഹനം നിര്‍ത്തിയിട്ടതിനെ ചൊല്ലി തര്‍ക്കം; അക്രമി സംഘം വീടാക്രമിച്ചു, 3 കാറുകള്‍ തകര്‍ത്തു

By Web TeamFirst Published Dec 2, 2020, 7:07 AM IST
Highlights

വീട്ടില്‍ കയറി ഭീഷണി മുഴക്കിയതിനെതിര പൊലീസില്‍ പരാതി നല്‍കിയതിന്‍റെ പ്രതികാരമായിട്ടായിരുന്നു അക്രമി സംഘത്തിന്‍റെ അഴിഞ്ഞാട്ടം.

കൊല്ലം: റോഡില്‍ വാഹനം നിര്‍ത്തിയിട്ടതിനെ ചൊല്ലിയുളള വാക്കുതര്‍ക്കത്തിന്‍റെ പേരില്‍ കൊല്ലം ഓച്ചിറയില്‍ അക്രമി സംഘം വീടാക്രമിച്ചു. വീടിന്‍റെ  ജനല്‍ചില്ലുകള്‍ തകര്‍ത്ത അക്രമികള്‍ വീട്ടു മുറ്റത്തുണ്ടായിരുന്ന മൂന്ന് കാറുകളും തകര്‍ത്തു. വീട്ടില്‍ കയറി ഭീഷണി മുഴക്കിയതിനെതിര പൊലീസില്‍ പരാതി നല്‍കിയതിന്‍റെ പ്രതികാരമായിട്ടായിരുന്നു അക്രമി സംഘത്തിന്‍റെ അഴിഞ്ഞാട്ടം.

ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ അക്രമി സംഘം ഓച്ചിറ മേമനതെക്ക് ശ്രീകുമാറിന്‍റെ വീട് ആക്രമിച്ച് കാറുകള്‍ തകര്‍ത്തത്. സമീപവാസികള്‍ ആയ വൈശാഖ്,ബൈജു എന്നീ ചെറുപ്പക്കാരുടെ നേതൃത്വത്തിലായിരുന്നു അക്രമമെന്ന് ശ്രീകുമാര്‍ പറയുന്നു. കഴിഞ്ഞ ബുധനാഴ്ച ശ്രീകുമാറിന്‍റെ മകനും തപാല്‍വകുപ്പ് ജീവനക്കാരനുമായ അജേഷ് കാറില്‍ വന്ന ശേഷം ഗേറ്റ് തുറക്കാനായി വാതിലില്‍ വാഹനം നിര്‍ത്തി. 

വണ്ടി മാറ്റണമെന്നാവശ്യപ്പെട്ട് അയല്‍വാസിയായ വൈശാഖ് അജേഷിനോട് കയര്‍ത്തു. ഇതിന് ശേഷം  വൈശാഖും സംഘവും ശ്രീകുമാറിനെയും കുടുംബത്തെയും അസഭ്യം പറയുകയും വീടാക്രമിക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് കേസ് പൊലീസ് അന്വേഷിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് ഇതേ സംഘം വീടുകയറി ആക്രമിച്ചത്.

ആദ്യ പരാതിയില്‍ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം നടത്തിയെങ്കിലും എല്ലാവരും ഒളിവിലായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ രാത്രി ഒളിവില്‍ നിന്ന് പുറത്തു വന്ന് വീണ്ടും ആക്രമണം നടത്തിയത്. നാട്ടിലെ സ്ഥിരം ശല്യക്കാരാണ് അക്രമി സംഘമെന്ന് നാട്ടുകാരും പറയുന്നു.  

click me!