
പാലക്കാട്: പാലക്കാട് ചെർപ്പുളശ്ശേരിയിൽ കുടുംബശ്രീ ഹോട്ടൽ മദ്യലഹരിയിൽ യുവാവ് അടിച്ചു തകർത്തു. നെല്ലായ സ്വദേശി അബ്ദുൽ നാസറാണ് ഹോട്ടൽ ആക്രമിച്ചത്. ഭക്ഷണം കഴിക്കാൻ എത്തിയ ഒരാൾക്ക് ആക്രമണത്തിൽ പരിക്കേറ്റു. പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു.
ചെർപ്പുളശ്ശേരി ബസ് സ്റ്റാന്‍റിനു പിറകിൽ പ്രവർത്തിക്കുന്ന മഹിമ എന്ന കുടുംബശ്രീ ഹോട്ടലാണ് അബ്ദുല്‍ നാസർ ആക്രമിച്ചത്. ഭക്ഷണം കഴിക്കാനെത്തിയ പ്രതി ആദ്യം സ്ത്രീകളോട് മോശമായി പെരുമാറി. ഹോട്ടലിൽ ഉണ്ടായിരുന്ന മറ്റൊരാൾ ഇത് ചോദ്യംചെയ്തതപ്പോൾ യുവാവ് ആക്രമിച്ചു.
തയ്യാറാക്കി വച്ച വിഭവങ്ങൾ അക്രമി നശിപ്പിച്ചെന്ന് ഹോട്ടൽ ജീവനക്കാർ പറയുന്നു. ചെർപ്പുളശ്ശേരി പൊലീസ് എത്തി ഇയാളെ മൽപ്പിടിത്തത്തിലൂടെയാണ് കീഴടക്കിയത്. പ്രതിക്കെതിരെ ഗുണ്ടാ ആക്ട് ചുമത്തി കേസെടുത്തു.
Read Also: തളിപ്പറമ്പില്‍ വയോധികയെ ചുറ്റികയ്ക്ക് അടിച്ചുവീഴ്ത്തി സ്വർണമാല കവർന്ന സംഭവം; പ്രതി പിടിയില്‍
വീട്ടിൽ തനിച്ചായിരുന്ന വയോധികയെ ചുറ്റിക കൊണ്ട് അടിച്ചുവീഴ്ത്തി മൂന്നര പവൻ സ്വർണമാല കവർന്നയാള്‍ പിടിയിലായി. കണ്ണൂർ വളക്കൈ സ്വദേശി അബ്ദുൾ ജബ്ബാർ ആണ് അറസ്റ്റിലായത്.
തളിപ്പറമ്പ് ഭാഗത്ത് നെറ്റ്വർക്ക് മാർക്കറ്റിംഗ് രീതിയിൽ മരുന്നുകൾ വിൽക്കുന്നയാളാണ് അബ്ദുൾ ജബ്ബാർ. തളിപ്പറമ്പ് പൊലീസ് ഇയാളെ രാവിലെ കസ്റ്റഡിയിൽ എടുക്കുകയും ഉച്ചയ്ക്ക് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
തളിപ്പറമ്പ് കുറുമാത്തൂരിൽ ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്. തലയ്ക്ക് അടിയേറ്റ കുറുമാത്തൂർ കീരിയാട്ട് തളിയൻ വീട്ടിൽ 78 കാരിയായ കാർത്യായനിക്ക് സാരമായി പരിക്കേറ്റു. ഇവരെ കണ്ണൂരിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്നലെ ഉച്ചക്ക് പന്ത്രണ്ട് മണിയോടെ വീട്ടിൽ വെള്ളം ചോദിച്ചെത്തിയ അബ്ദുള്‍ ജബ്ബാര്‍, വെള്ളം എടുക്കാൻ പോകവെ കാർത്യായനിയെ പിറകിൽ നിന്ന് ചുറ്റിക കൊണ്ട് അടിച്ചുവീഴ്ത്തി മാലയുമായി രക്ഷപ്പെടുകയായിരുന്നു. മൂന്നര മണിയോടെ മകൻ സജീവൻ എത്തിയപ്പോഴാണ് അവശനിലയിൽ വീണു കിടക്കുന്ന കാർത്യായനിയെ കണ്ടത്.