
അടൂര്‍: പത്തനംതിട്ട അടൂരിൽ കഞ്ചാവ് കേസിൽ ജാമ്യം നിൽക്കാത്തതിന് അയൽവാസിയുടെ വീട് അടിച്ചു തകർത്ത യുവാക്കള്‍ വീട്ടമ്മയെയും ആക്രമിച്ചു. സംഭവത്തിൽ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ശ്യാം ലാൽ, ആഷിഖ് , ഷെഫീഖ്, അനീഷ്, അരുൺ എന്നിവരാണ് അറസ്റ്റിൽ ആയത്. വീട്ടില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു ആക്രമണം.
വീട്ടമ്മയെ തൊഴിച്ച് താഴെയിട്ടതിന് ശേഷം കമ്പി വടികൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. ജനാലകളും ലൈറ്റുകളും അടിച്ച് പൊളിച്ച അക്രമികള്‍ കാര്‍ പോര്‍ച്ചും വെറുതെ വിട്ടില്ല. പഴകുളം പവദാസന്‍മുക്ക് പൊന്‍മാന കിഴക്കിതില്‍ നൂറുദീന്‍റെ വീടിന് നേരെയായിരുന്നു ആക്രമണം. നൂറുദീന്‍റെ ഭാര്യ സലീന ബീവിക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. സലീനയുടെ വീടിന് അടുത്ത് താമസിക്കുന്ന ശ്യാം ലാലിനെ എക്സൈസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കേസില്‍ ജാമ്യത്തിലെടുക്കണമെന്ന് ശ്യാം സലീനയോട് ആവശ്യപ്പെട്ടിരുന്നു. ഇത് അനുസരിക്കാത്തതിന് പിന്നാലെയായിരുന്നു ആക്രമണം. സെലീന ബീവിക്ക് കയ്യില്‍ പൊട്ടലും 6 തുന്നിക്കെട്ടലുമുണ്ട്.
കടയ്ക്കലിൽ കഞ്ചാവ് വിൽപ്പനക്കാരന്‍റെ ആക്രമണത്തിൽ പൊലീസുകാർക്ക് പരിക്കേറ്റത് കഴിഞ്ഞ ദിവസമാണ്. കടയ്ക്കൽ എസ്ഐ ജ്യോതിഷിനും സിവിൽ പൊലീസ് ഓഫിസർ അഭിലാഷിനുമാണ് പരിക്കേറ്റത്. കഞ്ചാവ് കേസിലെ പ്രതി പൊലീസ് മുക്ക് സ്വദേശി നിഫാലും ഭാര്യയുമാണ് ആക്രമിച്ചത്. നിഫാലിനെ വിലങ്ങണിയിച്ച് കസ്റ്റഡിയിൽ എടുക്കാൻ ശ്രമിക്കുന്നതിനിടെയുണ്ടായ ആക്രമണത്തിൽ സിവിൽ പോലീസ് ഓഫിസറുടെ നെറ്റി പൊട്ടി. ആക്രമണം തടഞ്ഞ എസ്ഐയുടെ തലയ്ക്കടിച്ചും പരിക്കേൽപ്പിച്ചു. ഇവരെ താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികിൽസ നൽകിയ ശേഷം വിട്ടയച്ചു. സിപിഒ അഭിലാഷിന്റെ നെറ്റിയിൽ 3 തുന്നലുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam