
കൊച്ചി: എറണാകുളം പുത്തൻകുരിശിൽ യുവാവിനെ മൂന്നംഗസംഘം വീട്ടിൽ കയറി മർദ്ദിച്ചു. സംഘത്തിലൊരാളുടെ സുഹൃത്തായ പെൺകുട്ടിക്ക് മൊബൈലിൽ സന്ദേശം അയച്ചു എന്നാരോപിച്ചായിരുന്നു മർദ്ദനം. ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസ് കേസെടുത്തു.
മൂന്നംഗസംഘം യുവാവിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി ആദ്യം കയ്യേറ്റം ചെയ്യുകയായിരുന്നു. വടികൊണ്ട് ക്രൂരമായി അടിക്കുന്നതും ചവിട്ടുന്നതുമൊക്കെ വീഡിയോയില്‍ വ്യക്തമാണ്. പുത്തൻകുരിശിന് സമീപം മോനിപ്പള്ളി സ്വദേശിയായ അജിത്തിനാണ് മർദ്ദനമേറ്റത്. മർദ്ദനമേറ്റ അജിത്ത് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ദൃശ്യങ്ങൾ കണ്ട പുത്തൻ കുരിശ് പൊലീസ് അജിത്തിന്‍റെ മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കരിമുകൾ സ്വദേശികളായ സിദ്ധാർത്ഥ്, നിബിൻ, രഞ്ജൻ എന്നിവർ ചേർന്ന് മർദ്ദിച്ചെന്നാണ് അജിത്ത് മൊഴി നൽകിയിരിക്കുന്നത്.
മർദ്ദിച്ചവരിൽ ഒരാളായ സിദ്ധാർത്ഥും അഭിജിത്തും പരിചയക്കാരാണ്. ഇയാളുടെ സുഹൃത്താണ് പെൺകുട്ടി. അജിത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളിലൊന്നിൽ പെൺകുട്ടിയെ ടാഗ് ചെയ്തതിനെ തുടർന്നാണ് പ്രശ്നങ്ങൾ തുടങ്ങിയത്. പ്രതികൾക്ക് ഒപ്പമെത്തിയവർ തന്നെയാണ് ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതെന്നാണ് കരുതുന്നത്. മർദ്ദനത്തിന് ഇരയായ അജിത്ത് മുമ്പ് മോഷണ കേസുകളിലും കഞ്ചാവ് വിൽപ്പന കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam