
മൊറാദാബാദ്: അമിത അളവില്‍ മരുന്ന് ഉപയോഗിച്ച് റോഡരുകില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ അടിച്ച് തകര്‍ത്ത് ബൗണ്‍സര്‍. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് സംഭവം. അമിത അളവില്‍ മരുന്ന് കഴിച്ച യുവാവ് റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന പൊലീസ് വാഹനങ്ങള്‍ അടക്കമാണ് തല്ലിത്തകര്‍ത്തത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം.
ആളുകള്‍ നോക്കിനില്‍ക്കെയായിരുന്നു അക്രമം. തടയാന്‍ ശ്രമിച്ചവരെ ബൗണ്‍സര്‍ കൂടിയായ യുവാവ് തട്ടിത്തെറിപ്പിക്കുകയായിരുന്നു. അനസ് ഖുറേഷി എന്ന മൊറാദാബാദ് സ്വദേശിയെ ഏറെ നേരത്തെ മല്‍പ്പിടുത്തത്തിന് ശേഷമാണ് യുവാവിനെ പൊലീസുകാര്‍ക്ക് പിടികൂടാന്‍ സാധിച്ചത്. ഷര്‍ട്ടൂരി റോഡിലൂടെ നടന്ന ഇയാള്‍ വാഹനങ്ങള്‍ തല്ലിത്തകര്‍ക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
മരത്തിന് താഴെയായി പാര്‍ക്ക് ചെയ്തിരുന്ന എസ്‍യുവിയുടെ ചില്ലുകള്‍ ഇയാള്‍ തല്ലിത്തകര്‍ത്തു. ഇതിന് ശേഷം ചിതറിക്കിടന്ന ചില്ലുകളില്‍ കിടന്ന് വിശ്രമിക്കുന്ന യുവാവിനെ ഏറെ പാടുപെട്ടാണ് പൊലീസ് പിടികൂടിയത്. കീഴടങ്ങാന്‍ തയ്യാറാവാതിരുന്ന ഇയാളെ വല ഉപയോഗിച്ചാണ് പൊലീസ് പിടികൂടിയത്.
ആശുപത്രിയിലെത്തി പരിശോധിച്ചപ്പോഴാണ് മരുന്നുകളുടെ അമിത ഉപയോഗമാണ് ഖുറേഷിയുടെ ഉന്മാദാവസ്ഥയ്ക്ക് കാരണമെന്ന് ഡോക്ടര്‍മാര്‍ വിശദമാക്കി. സിനിമാ ചിത്രീകരണ സമയത്തും പരിപാടികള്‍ക്കും ബൗണ്‍സറായി പോവാറുള്ള ഖുറേഷി ഇതിന് മുന്‍പും കാറുകളുടെ ചില്ലുകള്‍ തകര്‍ത്തിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam