സായി ബാബയുടെ പ്രസാദമെന്ന പേരില്‍ മയക്കുമരുന്ന് വില്‍പന; യുവാവ് പിടിയില്‍

By Web TeamFirst Published Sep 19, 2020, 4:23 PM IST
Highlights

ചെറിയ കവറുകളിലാക്കി സായി ബാബയുടെ പ്രസാദമെന്ന പേരില്‍ ആവശ്യക്കാര്‍ക്ക് അയച്ച് നല്‍കുകയായിരുന്നു ഇയാളുടെ രീതിയെന്നും പൊലീസ്

ബെംഗളുരു: സായി ബാബയുടെ പ്രസാദമെന്ന പേരില്‍ മയക്കുമരുന്ന വിതരണം ചെയ്ത യുവാവ് പിടിയില്‍. സ്വകാര്യ കൊറിയര്‍ സേവനങ്ങളും സര്‍ക്കാര്‍ ബസിലെ ഡ്രൈവര്‍മാര്‍ മുഖേനയുമാണ് സായി ബാബയുടെ പ്രസാദമെന്ന പേരില്‍ ഇയാള്‍ ബ്രൌണ്‍ഷുഗര്‍ വിതരണം ചെയ്തിരുന്നത്. രാജസ്ഥാന്‍ സ്വദേശിയായ ഇരുപത്തിയഞ്ചുകാരന്‍ വിക്രം ഖിലേരിയാണ് ബെംഗളുരു പൊലീസിന്‍റെ പിടിയിലായത്. 

ബുധനാഴ്ച 90 ഗ്രാം ബ്രൌണ്‍ഷുഗര്‍ ഹെല്‍മെറ്റിലൊളിപ്പിച്ചാണ് ഇയാള്‍ സിറ്റി മാര്‍ക്കറ്റിലെത്തിയത്. വളരെ ലളിതമായ രീതിയിലായിരുന്നു ഇയാളുടെ മയക്കുമരുന്ന് കച്ചവടമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ചെറിയ കവറുകളിലാക്കി സായി ബാബയുടെ പ്രസാദമെന്ന പേരില്‍ ആവശ്യക്കാര്‍ക്ക് അയച്ച് നല്‍കുകയായിരുന്നു ഇയാളുടെ രീതിയെന്നും പൊലീസ് വിശദമാക്കുന്നു. 

പ്രസാദമെന്ന പേരില്‍ അയക്കുന്നതില്‍ കൊറിയര്‍ സേവനങ്ങളോ ബസ് ഡ്രൈവര്‍മാരോ സംശയിച്ചിരുന്നില്ല. ഹുബാലി, ബെല്ലാരി, ഹാസന്‍, വിജയപുര കൂടാതെ തമിഴ്നാട്ടിലും ഇയാളില്‍ നിന്ന് ലഹരിമരുന്ന് വാങ്ങുന്നവരുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. 

മയക്ക് മരുന്ന് എത്തിച്ച് നല്‍കുന്ന കൊറിയര്‍ ജീവനക്കാര്‍ക്ക് ഒരു തരത്തിലും സംശയം തോന്നാത്ത രീതിയിലായിരുന്നു ഇയാളുടെ ഇടപാടുകള്‍ എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇയാള്‍ക്ക് ലഹരി മരുന്ന് എത്തിച്ച് നല്‍കുന്നയാളെ കണ്ടെത്താനുള്ള തിരച്ചില്‍ ആരംഭിച്ചതായി കര്‍ണാടക പൊലീസ് ഇന്ത്യ ടുഡേയോട് വ്യക്തമാക്കി. ഇയാള്‍ ഒളിവിലാണെന്നാണ് വിവരം. 

click me!