തിരുവനന്തപുരം: ഓൺലൈൻ റമ്മി കളി യുവാവിന്‍റെ ജീവനെടുത്തു. ഓൺലൈനായി റമ്മി കളിച്ച് 21 ലക്ഷം രൂപ പോയ യുവാവ് തിരുവനന്തപുരം കുറ്റിച്ചലിൽ തൂങ്ങി മരിച്ചു. കുറ്റിച്ചൽ സ്വദേശി വിനീതാണ് (28) വീടിന് സമീപത്തെ പറമ്പിൽ തൂങ്ങിമരിച്ചത്. ഡിസംബർ 31-ാം തീയതിയാണ് വിനീതിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഒരു വർഷമായി ഓൺലൈൻ റമ്മി കളിയുടെ അടിമയായിരുന്നു വിനീത്. റമ്മി കളിയിലൂടെ മാത്രം പല തവണയായി വിനീതിന് 21 ലക്ഷം രൂപയാണ് നഷ്ടമായത്. പല സ്വകാര്യ ലോൺ കമ്പനികളിൽ നിന്ന് അടക്കം കടമെടുത്താണ് വിനീത് ഓൺലൈനായി റമ്മി കളിച്ചത്. എന്നാൽ ഇതിൽ പല കളികളിലും ഉള്ള പണം പോയതോടെ ലക്ഷക്കണക്കിന് രൂപയുടെ കടക്കാരനായി.
ലോക്ക്ഡൗൺ കാലത്താണ് വിനീത് ഏറ്റവും കൂടുതൽ റമ്മി കളിച്ചിരുന്നത്. 21 ലക്ഷത്തോളം കടം വന്ന ശേഷമാണ് വിനീത് ഇക്കാര്യം വീട്ടുകാരെ അറിയിക്കുന്നത് തന്നെ. തുടർന്ന് വീട്ടുകാർ ഇടപെട്ട് കുറച്ച് പണം അടയ്ക്കുകയും ചെയ്തു.
നിൽക്കക്കള്ളിയില്ലാതെ വന്നതോടെ ഒരു മാസം മുമ്പ് വിനീത് വീട് വിട്ട് ഒളിച്ചോടിപ്പോയിരുന്നു. അന്ന് പൊലീസാണ് വിനീതിനെ കണ്ടെത്തി തിരികെ വീട്ടിലേക്ക് കൊണ്ടുവന്നത്. തിരികെ വന്ന ശേഷവും വിനീത് വിഷാദത്തിന് അടിമയായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു.
ഐഎസ്ആർഒയിലെ കരാർ ജീവനക്കാരനായിരുന്നു വിനീത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam