
തിരുവനന്തപുരം: തിരുവനന്തപുരം കല്ലറ പാങ്ങോട് പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച ബന്ധുവായ യുവാവ് അറസ്റ്റിൽ. തെങ്ങുംകോട് സ്വദേശിയായ ഷിനു (20) ആണ് പിടിയിലായത്. വീട്ടിൽ നിന്ന് പഠിക്കാൻ ഇറങ്ങിയ കുട്ടിയെ യുവാവിന്‍റെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. രണ്ട് വർഷമായി പീഡനം തുടരുന്നുവെന്ന് പെൺകുട്ടി വെളിപ്പെടുത്തി. പെൺകുട്ടിയുടെ രക്ഷിതാക്കള്‍ പാങ്ങോട് പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ ഷിനുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അതിനിടെ, തിരുവനനന്തപുരം അഞ്ചുതെങ്ങിൽ പന്ത്രണ്ട് വയസ്സുള്ള വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നെടുങ്കണ്ട സ്വദേശികളാണ് പിടിയിലായത്. ഒരു വര്‍ഷം മുമ്പ് നടന്ന ബലാത്സംഗക്കേസിൽ ചൈൽഡ് ലൈൻ പ്രവര്‍ത്തകരുടെ പരാതിയിലായിരുന്നു അറസ്റ്റ്. കഴിഞ്ഞ വര്‍ഷം വിദ്യാര്‍ത്ഥിനിയെ വീടിനടുത്തുള്ള ആളൊഴിഞ്ഞ കെട്ടിടത്തിന്‍റെ മുകളിലും കടപ്പുറത്തെ വളളപ്പുരയിലും കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിലാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. നവാബ്, കബീര്‍, സമീര്‍, സൈനുലാബിദീൻ, എന്നിവരാണ് പിടിയിലായത്. വീട്ടുകാരോട് പറഞ്ഞാൽ കൊന്നുകളയുമെന്നും പ്രതികൾ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. സ്കൂൾ തുറന്ന സമയത്ത് കുട്ടിയുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും സംശയം തോന്നിയ അധ്യാപകരാണ് വിവരം ചോദിച്ച് മനസിലാക്കിയത്. അധ്യാപകര്‍ ഉടൻ തന്നെ ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് കൗൺസിലിംഗ് ലഭ്യമാക്കിയ ശേഷം വിദ്യാർത്ഥിനിയിൽ നിന്ന് വനിതാ പൊലീസിന്‍റെ സഹായത്തോടെ മൊഴി രേഖപ്പെടുത്തിയ ശേഷമായിരുന്നു അറസ്റ്റ്. ഡിവൈഎസ്പി പി നിയാസും അഞ്ചുതെങ്ങ് സി ഐ ചന്ദ്രദാസനും ചേർന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മത്സ്യത്തൊഴിലാളികളായ പ്രതികളെ വിവിധ സ്ഥലങ്ങളിൽ നിന്നാണ് പൊലീസ് പിടികൂടിയത്. തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കി പ്രതികളെ റിമാൻഡ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam