
ദില്ലി: രണ്ടാം വിവാഹം കഴിപ്പിക്കാനായി 60,000 രൂപ വാങ്ങി തന്നെ സുഹൃത്ത് പറ്റിച്ചുവെന്നാരോപിച്ച് രണ്ട് യുവാക്കൾ തമ്മിലുണ്ടായ തർക്കം കത്തിക്കുത്തിൽ കലാശിച്ചു. റിതല ബസ് സ്റ്റാൻഡിന് സമീപമാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. സുഹൃത്തുക്കളിൽ ഒരാളായ ദീപക് തന്റെ സുഹൃത്തായ ജഗദീഷിന് വിവാഹം ചെയ്യുന്നതിനായി ഒരു യുവതിയെ പരിചയപ്പെടുത്താമെന്ന് പറഞ്ഞിരുന്നു. സംഭവ സ്ഥലത്ത് വച്ച് ജഗദീഷ് ഇത് ചോദിക്കുകയായിരുന്നു. ഇത് തർക്കത്തിലേക്കെത്തി. തർക്കം രൂക്ഷമായപ്പോൾ ദീപക് ഒരു കത്തി പുറത്തെടുത്ത് ജഗദീഷിന്റെ നെഞ്ചിൽ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ഇതിന് ശേഷം, ആത്മ രക്ഷാർത്ഥം ജഗദീഷ് നെഞ്ചിൽ നിന്ന് കത്തി ഊരിമാറ്റി ദീപക്കിനെ ആക്രമിച്ചു. പരിക്കേറ്റ ദീപക് സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. പിന്നീട് പൊലീസ് സ്ഥലത്തെത്തി ജഗദീഷിനെ ഡോ. ബാബാ സാഹിബ് അംബേദ്കർ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. വർഷങ്ങളായി തന്റെ ദാമ്പത്യ ജീവിതത്തിൽ പ്രശ്‌നങ്ങളുണ്ടെന്ന് ജഗദീഷ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. തന്റെ വിവാഹം പ്രതിസന്ധികൾ നിറഞ്ഞതായിരുന്നുവെന്നും പുനർവിവാഹം ചെയ്യാനുള്ള ആഗ്രഹം ദീപക്കിനോട് പറഞ്ഞിരുന്നുവെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. ഒക്ടോബർ 6 ന് ഉത്തർപ്രദേശിലെ റായ്ബറേലിയിലുള്ള മാതാപിതാക്കളുടെ വീട്ടിൽ ഭാര്യയെ കൊണ്ടാക്കിയ ശേഷം ദീപക്കിനെ കാണാനായി ഇയാൾ ദില്ലിയിലേക്ക് വരികയായിരുന്നു.
വിവാഹം കഴിക്കാൻ ഒരു യുവതിയെ കണ്ടെത്താമെന്ന് ദീപക് ഉറപ്പ് നൽകിയിരുന്നു. അങ്ങനെ ദീപക്കിനൊപ്പം ഒരു ദിവസം മുഴുവൻ ജഗദീഷ് ചെലവഴിച്ചു. പുനർവിവാഹത്തിന് യുവതിയെ കണ്ടെത്താനായി ദീപക്കിന് 30,000 രൂപ നേരത്തെ നൽകിയിരുന്നുവെന്നും ഒക്ടോബർ 7 ന് വൈകുന്നേരം 30,000 രൂപ കൂടി നൽകിയിരുന്നുവെന്നും ജഗ്ദീഷ് പൊലീസിനോട് പറഞ്ഞു. എന്നാൽ, അന്ന് തന്നെ രാത്രി യുവതിയെക്കുറിച്ച് ചോദിച്ചപ്പോൾ ദീപക് ആക്രമിക്കുകയായിരുന്നുവെന്നും ജഗദീഷ് പറയുന്നു. യുവതിയെക്കുറിച്ച് ചോദിച്ചപ്പോൾ, "ഞാൻ നിന്നെ അവസാനിപ്പിക്കും,ആ സ്ത്രീയെക്കുറിച്ച് മറന്നേക്കൂ" എന്ന് ദീപക് പറഞ്ഞതായും ജഗദീഷിന്റെ മൊഴി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam