
ബെംഗളൂരു: ഓര്‍ഡര്‍ ചെയ്ത ഭക്ഷണം താമസിച്ചതിനേക്കുറിച്ച് പരാതിപ്പെട്ട യുവതിയെ ഉപദ്രവിച്ച ഡെലിവറി എക്സിക്യുട്ടീവ് അറസ്റ്റില്‍. കര്‍ണാടകയിലെ ഇലക്ട്രോണിക് സിറ്റി പൊലീസാണ് 35കാരനായ കാമരാജ് എന്ന സൊമാറ്റോ ജീവനക്കാരനെ അറസ്റ്റ് ചെയ്തത്. ബെംഗളുരുവില്‍ മേയ്ക്ക് അപ്പ് ആര്‍ട്ടിസ്റ്റായ ഹിതേഷാ ചന്ദ്രാണിയുടെ പരാതിയിലാണ് അറസ്റ്റ്. മാര്‍ച്ച് 9നാണ് പരാതിക്ക് ആസ്പദമായ സംഭവം നടക്കുന്നത്. ഉച്ചകഴിഞ്ഞ് 3.30ഓടെ യുവതി സൊമാറ്റോ ആപ്പ് വഴി ഭക്ഷണത്തിന് ഓര്‍ഡര്‍ ചെയ്തിരുന്നു.
ഒരുമണിക്കൂറിനുള്ളില്‍ ഭക്ഷണം എത്തുമെന്നായിരുന്നു ആപ്പിലൂടെ ലഭിച്ച സന്ദേശം. എന്നാല്‍ അത് കഴിഞ്ഞും ഭക്ഷണമെത്താതായതോടെ യുവതി സൊമാറ്റോയുടെ കസ്റ്റമര്‍ കെയറില്‍ വിളിച്ച് പരാതിപ്പെട്ടിരുന്നു. വൈകിയതിനാല്‍ ഫ്രീ ഡെലിവറിയോ അല്ലാത്ത പക്ഷം ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്യണമെന്നും സൊമാറ്റോയോട് യുവതി ആവശ്യപ്പെട്ടിരുന്നു. ഈ സമയത്ത് ഇവിടെ എത്തിയ സൊമാറ്റോ ജിവനക്കാരനും യുവതിയും തമ്മില്‍ ഭക്ഷണം വൈകിയതിനേച്ചൊല്ലി തര്‍ക്കമുണ്ടായി. ഇതിനിടയിലാണ് യുവാവ് യുവതിയുടെ മൂക്കിന് ഇടിച്ചത്.
ഇടിയുടെ ആഘാതത്തില്‍ മൂക്കിന്‍റെ പാലം തകര്‍ന്നതായാണ് യുവതിയുടെ പരാതി. വീട്ടിനകത്തു കയറി മൂക്കിന് മർദിച്ചെന്നും ചോരവന്നതുകണ്ടപ്പോൾ യുവാവ് ഓടി രക്ഷപ്പെട്ടെന്നും യുവതി പറയുന്നു. ആശുപത്രിയില്‍ ചികിത്സ തേടിയ ഹിതേഷാ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോ വൈറലായിരുന്നു. യുവതിയോട് ഖേദം പ്രകടിപ്പിച്ച സൊമാറ്റോ അധികൃതർ എല്ലാ വിധ പിന്തുണയും നല്‍കുമെന്നും അറിയിച്ചിരുന്നു.
പരാതി ലഭിച്ചതിനുപിന്നാലെ യുവതിയുമായി ബന്ധപ്പെട്ടെന്നും വൈദ്യ സഹായം നല്‍കിയെന്നും, പോലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും സൊമാറ്റോ അധികൃതർ അറിയിച്ചിരുന്നു. എന്നാല്‍ ഭക്ഷണവുമായെത്തിയ തന്നെ യുവതി ചെരിപ്പുകൊണ്ടടിക്കാന്‍ വന്നപ്പോൾ പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്നും, ഇതിനിടെ വീടിന്‍റെ വാതിലില്‍ തട്ടിയാണ് മുറിവേറ്റതെന്നുമാണ് യുവാവ് സൊമാറ്റോ അധികൃതരെ അറിയച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam