2000 വർഷം പഴക്കം, ആ പെയിന്റിം​ഗിലെ പ്രത്യേകത കണ്ട് അമ്പരന്ന് ​ഗവേഷകർ

By Web TeamFirst Published Apr 14, 2024, 3:25 PM IST
Highlights

എ.ഡി. 79 -ലെ അഗ്നിപർവ്വത സ്ഫോടനത്തെത്തുടർന്ന് നശിച്ച നഗരത്തിലെ ഒരു ഡൈനിംഗ് റൂമിൽ നിന്നാണ് ചിത്രങ്ങൾ കണ്ടെത്തിയത്. കറുത്ത നിറത്തിലുള്ള ഒരു ഡൈനിങ് ഹാളിന്റെ ഭിത്തിയിൽ പിടിപ്പിച്ച നിലയിലായിരുന്നു ചിത്രങ്ങൾ എന്ന് ഗവേഷകർ പറഞ്ഞു.

മനുഷ്യരാശിയുടെ ഭൂതകാലത്തിലേക്ക് നയിക്കുന്ന നിരവധി അവശേഷിപ്പുകൾ ഇതിനോടകം തന്നെ പുരാവസ്തു ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. നമ്മുടെ പൂർവികർ എങ്ങനെ ജീവിച്ചു എന്നും അവരുടെ വിശ്വാസങ്ങൾ എന്തൊക്കെയായിരുന്നു എന്നും മനസ്സിലാക്കുന്നതിൽ ഈ കണ്ടെത്തലുകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അത്തരത്തിൽ ഒരു നിർണായക കണ്ടെത്തൽ കൂടി നടത്തിയിരിക്കുകയാണ് പുരാവസ്തു ഗവേഷകർ. റിപ്പോർട്ടുകൾ പ്രകാരം ഇറ്റലിയിലെ പോംപേയിൽ ആണ് ഏറ്റവും പുതിയ പുരാവസ്തു അവശിഷ്ടങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ഗ്രീക്ക് ദേവതകളെ ചിത്രീകരിച്ചിരിക്കുന്ന 2000 വർഷം പഴക്കമുള്ള പെയിന്റിങ്ങുകൾ ആണ് ഇവിടെ കണ്ടെത്തിയത്. 

എ.ഡി. 79 -ലെ അഗ്നിപർവ്വത സ്ഫോടനത്തെത്തുടർന്ന് നശിച്ച നഗരത്തിലെ ഒരു ഡൈനിംഗ് റൂമിൽ നിന്നാണ് ചിത്രങ്ങൾ കണ്ടെത്തിയത്. കറുത്ത നിറത്തിലുള്ള ഒരു ഡൈനിങ് ഹാളിന്റെ ഭിത്തിയിൽ പിടിപ്പിച്ച നിലയിലായിരുന്നു ചിത്രങ്ങൾ എന്ന് ഗവേഷകർ പറഞ്ഞു. ചിത്രങ്ങളിലൊന്ന് ട്രോയിയിലെ ഹെലനെ ചിത്രീകരിച്ചിരിക്കുന്നു. കൂടാതെ, ഗ്രീക്ക് സൂര്യദേവനായ അപ്പോളോയും ഈ പെയിന്റിങ്ങുകളിൽ ഉണ്ട്. ഹീറോയിസവും വിധിയുമാണ് ഈ ചിത്രങ്ങളുടെ തീം എന്ന് ഗവേഷകർ പറഞ്ഞു.

കണ്ടെത്തിയ ഈ ഡൈനിങ് ഹാളിന് ഏകദേശം 15 മീറ്റർ നീളവും 6 മീറ്റർ വീതിയും ഉണ്ട്. അഗസ്റ്റസ് ചക്രവർത്തിയുടെ കാലഘട്ടത്തിലെ ഫ്രെസ്കോകളുടെയും മൊസൈക്കുകളുടെയും ഗുണനിലവാരവും കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പും ഇത് വിരുന്നുകൾക്ക് ഉപയോഗിച്ചിരുന്നതായി സൂചിപ്പിക്കുന്നതായി, പോംപൈ ആർക്കിയോളജിക്കൽ പാർക്ക് പറഞ്ഞു. ചിത്രങ്ങൾ തൂക്കിയിരുന്ന ഭിത്തിക്ക് കറുത്ത നിറം ആയിരിക്കാനും സാധ്യതയുണ്ടെന്ന് പുരാവസ്തു ഗവേഷകർ ചൂണ്ടിക്കാട്ടി. അക്കാലത്ത് ഭിത്തികളിൽ പിടിപ്പിക്കുന്ന എണ്ണ വിളക്കുകൾ സജീവമായിരുന്നു. അവ കത്തിക്കുമ്പോൾ ഉണ്ടാകുന്ന പുക പിടിക്കാതിരിക്കുന്നതിനാണ് ഇത്തരത്തിൽ കറുത്ത പെയിൻറ് അടച്ചിരുന്നത്.

എഡി 79 -ൽ വെസൂവിയസ് പർവതം പൊട്ടിത്തെറിച്ചതോടെയാണ് പോംപൈയും ചുറ്റുമുള്ള ഗ്രാമപ്രദേശങ്ങളും അതിനടിയിലായത്.  യൂറോപ്പിലെ ഏറ്റവും വലിയ അഗ്നിപർവ്വതങ്ങളിലൊന്നിന് താഴെയാണ് തങ്ങൾ ജീവിക്കുന്നതെന്ന്  അറിയാതിരുന്ന ആയിരക്കണക്കിന് റോമാക്കാർ അന്ന് കൊല്ലപ്പെട്ടിരുന്നു.
 

click me!