Latest Videos

24,000 വർഷങ്ങൾ പഴക്കമുള്ള ​ഗുഹാചിത്രങ്ങൾ കണ്ടെത്തി, ഇത് ഞെട്ടിക്കുന്ന കണ്ടെത്തലെന്ന് ഗവേഷകര്‍!

By Web TeamFirst Published Sep 12, 2023, 7:54 PM IST
Highlights

കലാകാരന്മാർ തങ്ങളുടെ വിരലുകളും കൈപ്പത്തികളും ഉപയോ​ഗിച്ചാണ് ​ഗുഹയിലെ ചിത്രങ്ങൾ വരച്ചത്. ഈർപ്പമുള്ള ഗുഹാപരിസരം ആയിരക്കണക്കിന് വർഷങ്ങളോളം ഈ കലാസൃഷ്ടികളെ നല്ല അവസ്ഥയിൽ നശിച്ചുപോകാതെ നിലനിൽക്കാൻ സഹായിച്ചു എന്നും ഗവേഷകര്‍ അഭിപ്രായപ്പെട്ടു. 

സ്പെയിനിലെ ഒരു ​ഗുഹയിൽ പുരാവസ്‍തു ​ഗവേഷകർ 24,000 വർഷം പഴക്കമുള്ള പാലിയോലിത്തിക് ഗുഹാചിത്രങ്ങള്‍ കണ്ടെത്തി. നൂറിലധികം വ്യത്യസ്തമായ ചിത്രങ്ങളാണ് ഇവിടെ കണ്ടെത്തിയത്. ആൻറിക്വിറ്റി ജേർണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഇവയ്ക്ക് 24,000 വർഷത്തെ പഴക്കമുണ്ട് എന്ന് വിശദമാക്കുന്നത്. 

സ്പെയിനിലെ കിഴക്കൻ വലൻസിയയിലെ മില്ലറെസ് മേഖലയിൽ സ്ഥിതി ചെയ്യുന്ന കോവ ഡോൺസ് (ക്യൂവ ഡോൺസ്) എന്നറിയപ്പെടുന്ന ഗുഹയിലാണ് ഈ ചിത്രങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. 1,600 അടിയിലാണ് ​ഇത്. ഈ പ്രദേശത്ത് ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും നിർണായകമായ പാലിയോലിത്തിക്ക് ഗുഹാചിത്രം ഉള്‍പ്പെട്ട സൈറ്റുകളിൽ ഒന്നായിരിക്കും ഇത് എന്നാണ് പ്രാഥമിക പഠനം സൂചിപ്പിക്കുന്നത്. 

ചിത്രങ്ങള്‍ പലതും തിരിച്ചറിഞ്ഞു എന്നും ​ഗവേഷകർ പറയുന്നു. “ഏഴ് കുതിരകൾ, ഒരു പെൺ ചുവന്ന മാൻ, രണ്ട് ഔറൊക്കുകൾ, ഒരു കലമാൻ, രണ്ട് തിരിച്ചറിയാനാവാത്ത മൃഗങ്ങൾ എന്നിവയാണ് ചിത്രത്തിലുള്ളത്. കൂടാതെ, മറ്റുള്ള സ്ഥലങ്ങളിൽ ചില പരമ്പരാഗതമായ ചിഹ്നങ്ങളും ഒറ്റപ്പെട്ട വരകളും, വേണ്ട വിധത്തിൽ സംരക്ഷിക്കപ്പെട്ടിട്ടില്ലാത്ത തിരിച്ചറിയപ്പെടാത്ത പെയിന്റിംഗുകളും ഇവിടെ കണ്ടെത്തിയവയിൽ അടങ്ങിയിരിക്കുന്നു” എന്നും അവർ കൂട്ടിച്ചേർത്തു.

ഈ പെയിന്റിം​​ഗ് സൃഷ്ടിച്ചത് അവിശ്വസനീയമായ വഴിയിലൂടെയാണ് എന്നും ​ഗവേഷകർ പറയുന്നു. അതിന് വേണ്ടി നേർപ്പിച്ച കളിമണ്ണോ മാം​ഗനീസ് പൊടിയോ ഉപയോ​ഗിക്കുന്നതിന് പകരം ഇതേ ​ഗുഹയുടെ നിലത്തു നിന്നും ഉള്ള ചുവന്ന മണ്ണ് തന്നെ ആയിരുന്നു ഉപയോഗിച്ചത് എന്നും വി​ദ​ഗ്ദ്ധർ പറഞ്ഞു. കലാകാരന്മാർ തങ്ങളുടെ വിരലുകളും കൈപ്പത്തികളും ഉപയോ​ഗിച്ചാണ് ​ഗുഹയിലെ ചിത്രങ്ങൾ വരച്ചത്. ഈർപ്പമുള്ള ഗുഹാപരിസരം ആയിരക്കണക്കിന് വർഷങ്ങളോളം ഈ കലാസൃഷ്ടികളെ നല്ല അവസ്ഥയിൽ നശിച്ചുപോകാതെ നിലനിൽക്കാൻ സഹായിച്ചു എന്നും ഗവേഷകര്‍ അഭിപ്രായപ്പെട്ടു. 

അലികാന്റെ സർവകലാശാലയിലെ പ്രീ ഹിസ്റ്ററി സീനിയർ ലക്ചറർ ആയ ഡോ റൂയിസ് റെഡോണ്ടോ, ഡോ. വിർജീനിയ ബാർസിയേല, അലികാന്റെ സർവകലാശാലയിലെ അഫിലിയേറ്റഡ് ഗവേഷകനായ ഡോ. സിമോ മാർട്ടോറെൽ എന്നിവരുടെ നേതൃത്വത്തിലുള്ള ഗവേഷണ സംഘമാണ് പഠനം നടത്തിയത്. 
 

click me!