ആമി, കണ്‍മഷിക്കണ്ണുള്ള പെണ്‍കുട്ടി. ഷിഫാന സലീം എഴുതുന്ന ഓര്‍മ്മക്കുറിപ്പ് | Shifana Saleem | memoir
ആ വൈകുന്നേരങ്ങളില്‍ വെയിലിന് മഞ്ഞ നിറമായിരുന്നു എന്നെനിക്കിപ്പോള്‍ തോന്നാറുണ്ട്. മഞ്ഞ നിറച്ച വെയിലുള്ള വൈകുന്നേരങ്ങള്‍.
മുറ്റത്തെ പേരക്ക മരത്തില്‍ രണ്ട് അണ്ണാറക്കണ്ണന്മാര്‍ പഴുത്ത പേരക്കക്ക് അടി കൂടുന്നത് കണ്ട് ഞങ്ങള്‍ താഴെ നോക്കി നിന്നു. ഞങ്ങളെന്നാല്‍ ആമിയുണ്ട്, ഞാനുണ്ട്, ഫര്‍സിയുണ്ട്.
അക്കാലത്ത് എന്റെ ഏറ്റവും വലിയ മോഹം ആ വലിയ പേരക്ക മരത്തിന് മുകളില്‍ കയറി അവിടെയിരുന്നു പേരക്ക പറിച്ചു തിന്നണമെന്നായിരുന്നു.
വെള്ളത്തില്‍ മുങ്ങാംകുഴിയിട്ട് നീന്തണമെന്ന മോഹം പോലെ അതും ഒരിക്കലും നടന്നില്ല.
ജന്മനാ ഉള്ള ഭാരക്കൂടുതല്‍ കാരണം ഒറ്റക്കൊമ്പില്‍ കേറുമ്പഴേ ഉള്ളാലെ ഞാന്‍ കിടുങ്ങും ഈ മരം മറിഞ്ഞു വീണാലോ എന്നുവരെ എന്റെ വൃത്തികെട്ട മനസ്സ് ചിന്തിക്കും.
ഞങ്ങളെക്കുറിച്ച് പറഞ്ഞാല്‍, ഞങ്ങള്‍ മൂന്നു പേരും കൂട്ടുകാരികളൊന്നുമല്ല. ഫര്‍സി എന്റെ ഉമ്മയുടെ അനിയത്തിയാണ്. കഷ്ടി എന്നേക്കാള്‍ നാലു വയസ്സ്് മൂപ്പു കാണും. അവളുടെ തലയില്‍ നിറയെ പേനുകളുണ്ട്.
'പേനെ വാ ഈരെ പോ
കൊല്ലാനല്ല വളര്‍ത്താനാണ്
പാലും പഴൂം തരാനാണ്'
ഞാന്‍ അടുപ്പിച്ച് പല്ലുകളുള്ള പേന്‍ ചീര്‍പ്പ് വെച്ചു അവളുടെ മുടി വാരും. എന്നിട്ട് കഴുത്തില്‍ കൊട്ട് വെച്ച് കൊടുക്കും. അതു കഴിഞ്ഞ് ആ മുടി മാറ്റുമ്പോ ഒരു പഞ്ചായത്തിലെ മുഴുവന്‍ പേനുകളും അവളുടെ പിന്‍കഴുത്തിലുണ്ടാകും.
അവയെല്ലാം പൊട്ടിച്ചു കഴിയുമ്പോഴേക്ക്് അവള്‍ ഓടിപ്പോകും. വൃത്തിയില്ലാത്തൊരുത്തിയെന്ന് ഞാന്‍ അവളെ പ്രാകും. എന്നിട്ട് എന്റെ തല വാരാന്‍ തുടങ്ങും.
കണ്ണെഴുതാത്ത, പൗഡറിടാത്ത അവള്‍ എല്ലാര്‍ക്കു മുന്‍പിലും നല്ല കുട്ടിയായി. ഉമ്മാമ്മ എന്റെ മോള് ഒന്നും മുഖത്തിട്ടിട്ടില്ലേലും സുന്ദരിയാണെന്ന്, കണ്ണെഴുതിയ പൗഡറിട്ട എന്നെ നോക്കി പറഞ്ഞു.
അടുത്തത് ആമി. അവള്‍ എന്റെ ഉമ്മയുടെ അമ്മായിയുടെ മോളാണ്. അവളും ഞാനും ഒരു പ്രായമാണ്. സുന്ദരിയായ, കറുത്ത നീളന്‍ മുടികളുള്ള അവളുടെ, കണ്ണുകളില്‍ ഇടതൂര്‍ന്ന കണ്‍പീലികളുണ്ട് അവള്‍ കണ്മഷിയിട്ടില്ലെങ്കിലും കണ്ണെഴുതിയ പോലെയാണെന്ന് ഞാന്‍ എപ്പോഴും ഓര്‍ക്കും.
അന്നൊരിക്കല്‍ അവള്‍ ഉമ്മയുടെ വീട്ടില്‍ വിരുന്നു വന്നു. ഉമ്മാടെ മറ്റൊരു അനിയത്തിയാണ് ആയിശു. അവളുടെ കല്യാണം കഴിഞ്ഞിട്ട് കുറച്ചേ ആയിട്ടുള്ളൂ. അവളുടെ ആഭരണങ്ങളെല്ലാം എല്ലാവരും കാണുകയാണ്.
കല്ല് പതിപ്പിച്ച വളകള്‍, കറുത്ത മണികളുള്ള മാലകള്‍, പച്ച കല്ല് പതിപ്പിച്ച ജിമിക്കി കമ്മല്‍.
'എന്ത് രസാ ഇതൊക്കെ കാണാന്‍'- ഞാന്‍ ആമിയോട് മെല്ലെ അടക്കം പറഞ്ഞു.
'നമ്മളെ കെട്ടിക്കുമ്പോഴും ഇത് പോലെ സ്വര്‍ണം ഉണ്ടാകും. നമ്മളും ഒരുങ്ങും. എനിക്ക് ചെവിയില്‍ നീളന്‍ ചുറ്റുള്ള കമ്മല്‍ വേണമെന്ന് ഞാന്‍ ഉമ്മാനോട് പറഞ്ഞിട്ടുണ്ട്.'
നാലാം ക്ളാസില്‍ പഠിക്കുന്ന ഞങ്ങള്‍, കല്യാണനാള്‍ സര്‍വ്വാഭരണ വിഭൂഷിതയായി നില്‍ക്കുന്ന ഞങ്ങളെ സ്വപ്നം കണ്ടു. ഓരോ മാലകളും കഴുത്തില്‍ വെച്ച് നോക്കി പരസ്പരം ചിരിച്ചു.
അതൊരു വേനലവധി ആയിരുന്നു.
രണ്ടു ദിവസം കൂടെ നിന്ന് അവള്‍ പോയി. അന്ന് രാത്രി ഉമ്മ ഒരു കാര്യം പറഞ്ഞു. ആമി നന്നായി ഖുര്‍ആന്‍ ഓതും, ഉറങ്ങുന്നേന് മുന്‍പ് അവള്‍ യാസീന്‍ ഓതി പ്രാര്‍ത്ഥിക്കും. വിരലിലെണ്ണാവുന്ന ചെറിയ സൂറത്തുകള്‍ മാത്രം ഓര്‍മ്മയുള്ള എനിക്കപ്പോള്‍ ലജ്ജ തോന്നി.
സ്‌കൂള്‍ തുറന്നു. അന്നൊക്കെ കൂട്ടാര് മാറിക്കൊണ്ടിരിക്കും. ഓരോ സമയത്തും ഓരോ കൂട്ടുകാര്‍. കളിക്കാന്‍ കൂടുന്നത് ആരാണോ അവരാണ് അന്നത്തെ സുഹൃത്ത്.
വേനലവധിയാകുന്നതിന്റെ തൊട്ടു മുന്‍പത്തെ മാസം. ഉമ്മയും ഞാനും അനിയനും തറവാട് വീടിന്റെ ഉമ്മറപ്പടിയില്‍ ഉപ്പയെ കാത്തിരിക്കുകയാണ്. ഉപ്പ അന്ന് ഓട്ടോ ഓടിക്കുകയാണ്. വൈകുന്നേരം വരുമ്പോള്‍ എന്തെങ്കിലും മിട്ടായി കൊണ്ട് വരും.
വിളിക്കാന്‍ ഫോണില്ലാതെ കാലം. വീട്ടില്‍ ടീവിയില്ലാത്ത കാലം.. തൊഴുത്തില്‍ നിന്ന് വെളുമ്പി പശു കാടിവെള്ളത്തിന് വേണ്ടി നിലവിളിച്ചു. ഉമ്മാമ്മ പിണ്ണാക്ക് കലക്കിയ ഒരു ബക്കറ്റ് കഞ്ഞിവെള്ളവുമായി അതിനടുത്തേക്ക് നടന്നു.
പതിവിനപ്പുറം നേരത്തെ അന്ന് ഉപ്പ വന്നു.
'ആമി മരിച്ചു'-ഉപ്പ പറഞ്ഞു.
എനിക്കന്ന് സത്യമായും മരിക്കലെന്താണെന്ന് അറിയില്ലായിരുന്നു. ഒരു മരണവും ഞാന്‍ കണ്ടിട്ടില്ല.
തലേന്ന് ബറാത്തായിരുന്നു, ഇസ്‌ലാം മതവിശ്വാസികള്‍ മൂന്ന് യാസീന്‍ ഓതുന്ന ദിവസം. അതിലൊരു വിശ്വാസമുണ്ട്. ആദ്യ യാസീന്‍ ദീര്‍ഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി. രണ്ടാമത്തെ യാസീന്‍ സാമ്പത്തിക അഭിവൃദ്ധിക്കും റസഖിനും വേണ്ടി. മൂന്നാമത്തെ യാസീന്‍: ഈമാനോട് കൂടി മരിക്കാനും ആപത്തുകളില്‍ നിന്ന് സംരക്ഷണത്തിനും വേണ്ടി.
മൂന്ന് യാസീനും ഓതി കഴിഞ്ഞാണ് ആമി ബറാത്ത് ദിവസത്തില്‍ വെക്കുന്ന മധുരച്ചോറിനു വേണ്ടി ശര്‍ക്കര വാങ്ങാന്‍ ഇറങ്ങിയത്.
കൊറച്ചു ദൂരമപ്പുറത്തുള്ള ഹാജി കാക്കാന്റെ കടയിലേക്ക് റോഡിലൂടെ നടന്നു പോകണം.
ഉമ്മ കൊടുത്ത പത്തു രൂപയുമായി അവള്‍ ആ വഴി നടന്നു പോയി.
ശര്‍ക്കര ചോറ് വെക്കാനാണ് ശര്‍ക്കരയെന്ന് ഹാജികാക്കാനോട് വീമ്പു പറഞ്ഞു. മനോരമ പത്രത്തിന്റെ കഷ്ണത്തില്‍ പൊതിഞ്ഞു കൊടുത്ത ആറ് ശര്‍ക്കര കഷ്ണങ്ങള്‍ മുറുകെ പിടിച്ച് ബാക്കി വന്ന രണ്ടു രൂപ കയ്യില്‍ പിടിച്ചാണ് അവള്‍ തിരിച്ചു നടന്നത്.
നിയന്ത്രണമില്ലാതെ വന്ന ഒരു കാര്‍ അവളെ തട്ടി താഴെ പറമ്പിലേക്കിട്ടുവെന്നും ചോര വാര്‍ന്നാണ് അവള്‍ മരിച്ചതെന്നും ഉപ്പ പറഞ്ഞു.
ഞാന്‍ ആദ്യമായി കണ്ട മയ്യിത്ത് അവളുടെയായിരുന്നു. ഒരു കുഞ്ഞു ശരീരം വെള്ളയില്‍ പൊതിഞ്ഞു വെച്ചിരിക്കുന്നു. മുഖം ഇരുണ്ടിരുന്നു, കണ്ണുകളടച്ചിരുന്നു. എത്ര നോക്കിയിട്ടും എന്റെ കൂടെയുണ്ടായിരുന്ന ആമിയെ എനിക്ക് കണ്ടെത്താനായില്ല. അവളായിരിക്കില്ല ഇതെന്ന് ഞാനെന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.
അവളുടെ സ്‌കൂളിലെ കുട്ടികള്‍ കാണാന്‍ വന്നിരിക്കുന്നു. ചുറ്റും നിറയെ ആളുകള്‍. അവര്‍ കണ്ടു പോകുന്നു. ആരൊക്കെയോ കരയുന്നു..
മരണത്തോളം നിസ്സഹായമായ അവസ്ഥ ജീവിതത്തിലില്ലെന്ന് ഞാനന്നാണ് മനസ്സിലാക്കിയത്.
ഇനിയവളെ കാണില്ലെന്നും അവളീ ലോകത്തില്ലെന്നും മനസ്സിനെ പറഞ്ഞുറപ്പിക്കാന്‍ പിന്നെയും ഒരുപാട് വര്‍ഷങ്ങളെടുത്തു.
വര്‍ഷങ്ങള്‍ക്ക് ശേഷം ആമിയുടെ ഉമ്മയെ കണ്ടപ്പോള്‍, ഞാനിപ്പോഴും അവളെ ഓര്‍ക്കാറുണ്ടെന്ന് ഞാന്‍ പറഞ്ഞു. അവരപ്പോള്‍ വാചാലയായി. മരിക്കുന്നതിന് മുന്‍പത്തെ രാത്രി അവള്‍ വായിലെ പല്ലുകള്‍ പൊഴിഞ്ഞു പോകുന്നത് സ്വപ്നം കണ്ടിരുന്നത്രെ. ശര്‍ക്കര വാങ്ങാന്‍ അവള്‍ ഇറങ്ങുന്നതിന് മുന്‍പ് കാക്കകള്‍ ആര്‍ത്തു കരഞ്ഞതും അവരോര്‍ത്തു പറഞ്ഞു. എന്റെ കുട്ടിയെന്ന് അവരുടെ കണ്ണുകള്‍ നിറഞ്ഞു.
ഒന്നുമറിയാത്തവളെ പോലെ ഞാന്‍ എല്ലാം കേട്ടിരുന്നു.
പിന്നീട്, വര്‍ഷങ്ങള്‍ക്കിപ്പുറം എന്റെ കല്യാണ ദിവസം മണവാട്ടിയായി അണിഞ്ഞൊരുങ്ങി നിന്നപ്പോഴും ഞാന്‍ അവളെ ഓര്‍ത്തു. 'നമ്മള്‍ കല്യാണം കഴിക്കുമ്പോ ഇത് പോലെ നിറയെ മാലകളുണ്ടാകും, നമ്മള്‍ ഒരുങ്ങും' എന്നൊക്കെ പറഞ്ഞ കണ്മഷി കണ്ണുള്ള ആ പെണ്ണിനെ. എന്റെ ആമിയെ.


