കാണാതായത് 3000 വർഷം പഴക്കമുള്ള സ്വർണവള, രാജ്യവ്യാപകമായി തിരച്ചിൽ, അതിർത്തി കടക്കാതിരിക്കാനുള്ള മുൻകരുതലുകളും

Published : Sep 18, 2025, 12:37 PM IST
3000 Year old gold bracelet

Synopsis

കാണാതായ വളയുടെ ചിത്രങ്ങൾ എല്ലാ വിമാനത്താവളങ്ങളിലും, തുറമുഖങ്ങളിലും, അതിർത്തി പ്രദേശങ്ങളിലും ഈജിപ്ഷ്യൻ അധികൃതർ പ്രചരിപ്പിച്ചിട്ടുണ്ട്. സ്വർണം കടത്തിക്കൊണ്ടുപോകാതെയിരിക്കാനുള്ള മുൻകരുതലായിട്ടാണ് ഈ നടപടി സ്വീകരിച്ചത് എന്ന് അധികൃതർ പറയുന്നു.

കെയ്‌റോയിലെ ഈജിപ്ഷ്യൻ മ്യൂസിയത്തിൽ നിന്ന് 3,000 വർഷം പഴക്കമുള്ള സ്വർണവള കാണാതെ പോയി. കാണാതെപോയ ഫറവോയുടെ ഈ സ്വർണവളയ്ക്ക് വേണ്ടി ഈജിപ്തിൽ ഇപ്പോൾ രാജ്യവ്യാപകമായി തിരച്ചിൽ നടക്കുകയാണെന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്. ലാപിസ് ലാസുലി മണികൊണ്ട് അലങ്കരിച്ചിരിക്കുന്ന ഈ വള കാണാതാകുമ്പോൾ സൂക്ഷിച്ചിരുന്നത് തഹ്‌രീർ സ്‌ക്വയറിലെ മ്യൂസിയത്തിന്റെ റീസ്റ്റോറേഷൻ ലബോറട്ടറിയിലാണത്രെ. ഈജിപ്തിലെ ടൂറിസം, പുരാവസ്തു മന്ത്രാലയം പറയുന്നത്, റീസ്റ്റോറേഷന് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കിടെയാണ് ഈ സ്വർണവള കാണാതായത് എന്നാണ്.

കാണാതായ വളയുടെ ചിത്രങ്ങൾ എല്ലാ വിമാനത്താവളങ്ങളിലും, തുറമുഖങ്ങളിലും, അതിർത്തി പ്രദേശങ്ങളിലും ഈജിപ്ഷ്യൻ അധികൃതർ പ്രചരിപ്പിച്ചിട്ടുണ്ട്. സ്വർണം കടത്തിക്കൊണ്ടുപോകാതെയിരിക്കാനുള്ള മുൻകരുതലായിട്ടാണ് ഈ നടപടി സ്വീകരിച്ചത് എന്ന് അധികൃതർ പറയുന്നു. അതേസമയം, ഇപ്പോൾ ഓൺലൈനിൽ പ്രചരിക്കുന്ന ചില ചിത്രങ്ങൾ കാണാതായ സ്വർണവളയുടേതല്ലെന്നും മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന മറ്റൊരു ആഭരണത്തിന്റേതാണ് എന്നും മ്യൂസിയത്തിന്റെ ഡയറക്ടർ ജനറൽ പറയുന്നു. മോഷണത്തിന്റെ പശ്ചാത്തലത്തിൽ, റീസ്റ്റോറേഷൻ ലബോറട്ടറിയിൽ സൂക്ഷിച്ചിരിക്കുന്ന മറ്റെല്ലാ പുരാവസ്തുക്കളും വിശദമായ പരിശോധനയ്ക്കും അവലോകനത്തിനും വിധേയമാക്കുമെന്ന് മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു സ്പെഷ്യലിസ്റ്റ് കമ്മിറ്റിയാണ് പരിശോധന നടത്തുക.

കേംബ്രിഡ്ജ് സർവകലാശാലയിലെ ഫോറൻസിക് പുരാവസ്തു ഗവേഷകനായ ക്രിസ്റ്റോസ് സിരോഗിയാനിസ് പറയുന്നത്, പുരാവസ്തുക്കൾക്കായി ആഗോളതലത്തിൽ തന്നെ വലിയ ഡിമാൻഡുണ്ട് എന്നാണ്. ഈ ആഭരണം വിൽക്കാനായിട്ടായിരിക്കാം മോഷ്ടിച്ചിരിക്കുന്നത് എന്നും അദ്ദേഹം അനുമാനിക്കുന്നു. ഓൺലൈനിലോ, ഒരു ഡീലറുടെ ഗാലറിയിലോ, അല്ലെങ്കിൽ ഏതെങ്കിലുമൊരു ലേലശാലയിലോ ഈ ആഭരണം പ്രത്യക്ഷപ്പെടാൻ സാധ്യതയുണ്ടെന്നും, അല്ലെങ്കിൽ മറ്റ് ആവശ്യങ്ങൾക്കായി അത് ഇതോടകം തന്നെ ഉരുക്കിയിരിക്കാമെന്നും അദ്ദേഹം പറയുന്നു.

21 -ാം രാജവംശത്തിലെ മൂന്നാമത്തെ ഫറവോയായിരുന്ന ഫറവോ സൈസെനസ് ഒന്നാമന്റെ കാലഘട്ടത്തിൽ നിന്നുള്ളതാണ് ഈ ആഭരണം എന്നും സിഎൻഎന്നിലെ റിപ്പോർട്ടുകൾ പറയുന്നു.

PREV
Read more Articles on
click me!

Recommended Stories

നിയാണ്ടർത്താലുകൾ നരഭോജികൾ? സ്ത്രീകളെയും കുട്ടികളെയും ഭക്ഷണമാക്കിയിരിക്കാമെന്ന് ​ഗവേഷകർ
പ്രണയിക്കാൻ തൊട്ടടുത്തുള്ള ആളുകളെ മതി, അതാണ് എളുപ്പം, സൗകര്യവും; എന്താണ് ഡേറ്റിം​ഗിലെ ഈ 'സിപ് കോഡിം​ഗ്' ട്രെൻഡ്