Mungo Man : 42,000 വർഷം മുമ്പ് മരിച്ച മനുഷ്യർ, ഭൗതികാവശിഷ്ടങ്ങൾ വീണ്ടും സംസ്കരിക്കും

Published : Apr 08, 2022, 11:15 AM IST
Mungo Man : 42,000 വർഷം മുമ്പ് മരിച്ച മനുഷ്യർ, ഭൗതികാവശിഷ്ടങ്ങൾ വീണ്ടും സംസ്കരിക്കും

Synopsis

എന്നാൽ, പ്രദേശത്തെ ​ഗോത്രവർ​ഗ സമൂഹത്തോട് തങ്ങൾ കൂടിയാലോചിച്ചു എന്ന് സർക്കാർ പറയുമ്പോഴും അത് ചെയ്തില്ലെന്നും തങ്ങൾക്കതിൽ നിരാശയുണ്ട് എന്നും പറയുകയാണ് പ്രദേശത്തെ തദ്ദേശീയർ. 

ഏകദേശം 42,000 വർഷങ്ങൾക്ക് മുമ്പ് മരിച്ച 108 ​ഗോത്രവർ​ഗക്കാരുടെ(Aboriginal people) ഭൗതികാവശിഷ്ടങ്ങൾ ഓസ്ട്രേലിയ(Australia)യിൽ പുനഃസംസ്‌കരിക്കും. അനുമതിയില്ലാതെ വർഷങ്ങൾക്ക് മുമ്പാണ് ഈ ഭൗതികാവശിഷ്ടങ്ങൾ ആദ്യം കുഴിച്ചെടുത്തത്. 1974 -ൽ കണ്ടെത്തിയ 'മുംഗോ മനുഷ്യ'ന്റെ(Mungo Man) ഭൗതികാവശിഷ്ടങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഓസ്‌ട്രേലിയയുടെ ചരിത്രം തന്നെ തിരുത്തിയെഴുതാൻ സഹായിച്ച കണ്ടെത്തലായിരുന്നു ഇത്. നാലുവർഷം നീണ്ടുനിന്ന ഔദ്യോ​ഗികമായ വിലയിരുത്തലിന് ശേഷമാണ് പുനഃസംസ്കരിക്കാനുള്ള തീരുമാനം. എന്നാൽ, ഈ പ്രക്രിയയിൽ തങ്ങളോട് കൂടിയാലോചിച്ചിട്ടില്ലെന്ന് ചില തദ്ദേശീയ ഗ്രൂപ്പുകൾ കുറ്റപ്പെടുത്തി. 

1960 -നും 1980 -നും ഇടയിൽ, ഒട്ടനേകം പുരാവസ്തുക്കൾ ഇവിടെ കണ്ടെത്തിയിരുന്നു. ഈ സമയത്ത്, സിഡ്‌നിയിൽ നിന്ന് 750 കിലോമീറ്റർ പടിഞ്ഞാറ് വില്ലന്ദ്ര ലോക പൈതൃക പ്രദേശത്തിന്റെ ഭാഗമായ മുംഗോ തടാകത്തിലും വില്ലന്ദ്ര തടാകങ്ങളിലും 108 തദ്ദേശീയരായ ആളുകളുടെ ഭൗതികാവശിഷ്ടങ്ങൾ ഗവേഷകർ കണ്ടെത്തുകയായിരുന്നു. അവയിൽ 'മും​ഗോ മാൻ' എന്ന് വിളിക്കപ്പെടുന്ന ഒരു തദ്ദേശീയമനുഷ്യന്റെ ഭൗതികാവശിഷ്ടങ്ങളും ഉൾപ്പെടുന്നു.

ഈ കണ്ടെത്തൽ ഓസ്‌ട്രേലിയയിൽ ജീവിച്ചിരുന്ന മനുഷ്യരെ കുറിച്ച് വിശദമായ തെളിവുകൾ നൽകുന്ന ഒന്നായി മാറി. തീർന്നില്ല, 42,000 വർഷങ്ങൾക്ക് മുമ്പ് തന്നെ ഇവിടെ ആചാരപരമായ ശവസംസ്കാരം നടന്നിരുന്നു എന്നതിനുകൂടി അത് തെളിവ് നൽകി. അങ്ങനെ കിട്ടുന്ന ആദ്യത്തെ തെളിവായിരുന്നു അത്. എന്നാൽ, പിന്നീട് 2017 -ൽ രാജ്യത്തിന്റെ മറ്റ് ഭാഗത്ത് 65,000 വർഷം പഴക്കമുള്ള മറ്റൊരു സംസ്കാരസ്ഥലം കൂടി കണ്ടെത്തിയതോടെ ഈ റെക്കോർഡ് തകർന്നു.

എന്നിരുന്നാലും ഈ 108 തദ്ദേശീയ മനുഷ്യരുടെ ഭൗതികാവശിഷ്ടങ്ങളുടെ ഭാവി ഇപ്പോഴും ചർച്ചാവിഷയമാണ്. അനുമതിയില്ലാതെ നീക്കം ചെയ്ത അവശിഷ്ടങ്ങൾ ഇനിയും തിരികെ നൽകാനുണ്ടെന്നും ചിലത് വിദേശത്തെ മ്യൂസിയങ്ങളിൽ സൂക്ഷിച്ചിട്ടുണ്ടെന്നും വിമർശകർ പറയുന്നു. മുംഗോ മനുഷ്യന്റെ കാര്യത്തിൽ, അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ നീക്കം ചെയ്തത് വലിയ വേദനയുണ്ടാക്കിയതായി ഓസ്‌ട്രേലിയയിലെ തദ്ദേശീയരായ ആളുകൾ പറഞ്ഞു.

കാൻ‌ബെറയിലെ ഓസ്‌ട്രേലിയൻ നാഷണൽ യൂണിവേഴ്‌സിറ്റിയിലായിരുന്നു മും​ഗോ മനുഷ്യന്റെ ഭൗതികാവശിഷ്ടങ്ങൾ സൂക്ഷിച്ചിരുന്നത്. എന്നാൽ, ഈ കണ്ടെത്തലുമായി ബന്ധപ്പെട്ട് വളരെയധികം ചർച്ചകൾ ഉയർന്നുവന്നു. അതോടെ, ആദ്യം മും​ഗോ മനുഷ്യന്റെ ഭൗതികാവശിഷ്ടം കണ്ടെത്തിയ മും​ഗോ നാഷണൽ പാർക്കിലേക്ക് തന്നെ 2017 -ൽ ഇത് തിരികെ എത്തിച്ചു. 

എന്നാൽ 2018 -ൽ ഓസ്‌ട്രേലിയൻ സർക്കാർ 108 ഭൗതികാവശിഷ്ടങ്ങളും പുനഃസംസ്കരിക്കാൻ തീരുമാനിച്ചു. ബുധനാഴ്ച, ഓസ്‌ട്രേലിയൻ സർക്കാർ പുനഃസംസ്കാരത്തിന് അംഗീകാരം നൽകി. അത് വരും മാസങ്ങളിൽ ദേശീയ പാർക്കുകളിലെ 26 അജ്ഞാത സ്ഥലങ്ങളിൽ സംസ്‌കരിക്കും. 

"42,000 വർഷങ്ങൾക്ക് മുമ്പ്, സമ്പന്നമായ തടാകത്തിന്റെ അരികിൽ ആദിവാസികൾ ജീവിച്ചിരുന്നു. അവരവിടെ അഭിവൃദ്ധി പ്രാപിച്ചു. കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി അവരുടെ ഭൗതികാവശിഷ്ടങ്ങൾ പാശ്ചാത്യശാസ്ത്രത്തിന്റെ താൽപ്പര്യങ്ങൾക്കായി നീക്കം ചെയ്യുകയും വിശകലനം ചെയ്യുകയും ശേഖരിക്കുകയും വിപുലമായി അന്വേഷിക്കുകയും ചെയ്തു"‍ ഫെഡറൽ പരിസ്ഥിതി മന്ത്രി സൂസൻ ലേ പറഞ്ഞു.

എന്നാൽ, പ്രദേശത്തെ ​ഗോത്രവർ​ഗ സമൂഹത്തോട് തങ്ങൾ കൂടിയാലോചിച്ചു എന്ന് സർക്കാർ പറയുമ്പോഴും അത് ചെയ്തില്ലെന്നും തങ്ങൾക്കതിൽ നിരാശയുണ്ട് എന്നും പറയുകയാണ് പ്രദേശത്തെ തദ്ദേശീയർ. തങ്ങളുടെ പൂർവികരുടെ ഭൗതികാവശിഷ്ടങ്ങൾ സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ തങ്ങളോട് കാര്യമായ അഭിപ്രായങ്ങളൊന്നും ആരാഞ്ഞിട്ടില്ല എന്നും അവർ കുറ്റപ്പെടുത്തുന്നു. 'ഇത് ഞങ്ങളുടെ സ്ഥലമാണ്. ഞങ്ങളുടെ സ്വത്വമാണ്' എന്നാണ് അവർ പ്രതികരിച്ചത്. 

PREV
Read more Articles on
click me!

Recommended Stories

'ഇന്ത്യ റഷ്യ സ്പെഷ്യൽ'; തരൂരിന്‍റെയും മാധ്യമ പ്രവർത്തകയുടെയും ചിത്രങ്ങൾ വൈറൽ
നേരാങ്ങളമാർ അരിഞ്ഞുതള്ളിയ മാക്കവും മക്കളും, തെയ്യം മോഹിനിയാട്ടത്തില്‍ പകര്‍ന്നാടുമ്പോള്‍