മുത്തശ്ശിമാവ് മുറിക്കാതെ അതിൽ തന്നെ വീടുപണിത് എഞ്ചിനീയർ, ഈ അപൂർവ വീട് ലിംക ബുക്ക് ഓഫ് റെക്കോർഡിലും

By Web TeamFirst Published Jul 24, 2021, 11:22 AM IST
Highlights

കുട്ടിക്കാലം അജ്മീറിൽ ചെലവഴിച്ച പ്രദീപ് ഉദയ്പൂരിൽ സ്ഥിരതാമസമാക്കാൻ തീരുമാനിച്ചത് കുറച്ച് കാലം മുൻപാണ്. ഇതിനായി ആദ്യമൊരു സ്ഥലം വാങ്ങി വീടിന്റെ അടിത്തറ പാകാനായിരുന്നു പദ്ധതി. എന്നാൽ, അദ്ദേഹം സ്വന്തമാക്കിയ ഭൂമിയുടെ ചരിത്രം മനസ്സിലാക്കിയപ്പോൾ തീരുമാനം അദ്ദേഹം മാറ്റി. 

പലപ്പോഴും വീടുപണിയുന്ന സമയത്ത് പറമ്പിൽ നിൽക്കുന്ന മരങ്ങൾ പലതും നമുക്ക് മുറിക്കേണ്ടി വരാറുണ്ട്. അക്കൂട്ടത്തിൽ കായ്ഫലമുള്ള മാവും, പ്ലാവും എല്ലാമുണ്ടാകും. ഉദയ്പൂരിൽ നിന്നുള്ള കുൽ പ്രദീപ് സിങ്ങ് എന്നാൽ അത്തരമൊരു ആശയത്തിന് എതിരാണ്. ഒരു എഞ്ചിനീയർ കൂടിയായ അദ്ദേഹം പറമ്പിൽ നിന്നിരുന്ന വർഷങ്ങൾ പഴക്കമുള്ള മാവ് മുറിക്കാതെയാണ് തന്റെ സ്വപ്നം ഭവനം കെട്ടിപ്പൊക്കിയത്. തീർത്തും വ്യത്യസ്തമായ ആ വീട്ടിൽ കിടപ്പ് മുറിയും, സ്വീകരണമുറിയും, അടുക്കളയുമെല്ലാം മാവിന്റെ ചില്ലകൾക്കിടയിലാണ് സ്ഥിതി ചെയ്യുന്നത്. അക്ഷരാർത്ഥത്തിൽ ഒരു ട്രീ ഹൗസായ അത് ഇപ്പോൾ പ്രശസ്തമായ ഒരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്.

പരിസ്ഥിതിയെ മറന്ന് കെട്ടിടങ്ങൾ വയ്ക്കുന്നതിനോട് യോജിപ്പില്ലാത്ത ഒരു എഞ്ചിനീയറാണ് അദ്ദേഹം. മരങ്ങൾ വിലപ്പെട്ടതാണെന്ന് അദ്ദേഹത്തിന് അറിയാം. അതുകൊണ്ട് തന്നെ തന്റെ വീട് പണിയാൻ ആലോചിച്ചപ്പോൾ പറമ്പിൽ നിന്നിരുന്ന വർഷങ്ങൾ പഴക്കമുള്ള മാവ് മുറിയ്ക്കാൻ അദ്ദേഹത്തിന് മനസ്സ് വന്നില്ല. അങ്ങനെ 2000 -ത്തിൽ 80 വർഷം പഴക്കമുള്ള മാവിൽ അദ്ദേഹം നാല് നിലകളുള്ള ഒരു വീട് നിർമ്മിച്ചു. അങ്ങനെ നിലത്തുനിന്ന് 40 അടി ഉയരത്തിൽ നിൽക്കുന്ന മാവ് മുറിക്കാതെതന്നെ അദ്ദേഹം അതിനുള്ളിൽ പുതിയൊരു വീട് പണിതു.  

തന്റെ സ്വപ്ന ഭവനം നിർമ്മിക്കുന്നതിനിടെ സ്വന്തം ആവശ്യങ്ങളേക്കാൾ പ്രദീപ് വൃക്ഷത്തിന് പ്രാധാന്യം നൽകി. മരത്തിന്റെ ശാഖകൾക്കനുസരിച്ചാണ് അദ്ദേഹം വീട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഒരു മരത്തിന്റെ ചില ശാഖകൾ സോഫയായും ചിലത് ടിവി സ്റ്റാൻഡായും ഉപയോഗിക്കുന്നു. ഈ വീട് ഒരു മരത്തിന് ചുറ്റും നിർമ്മിച്ചതാണെങ്കിലും, അടുക്കള, കുളിമുറി, കിടപ്പുമുറി, ഡൈനിംഗ് ഹാൾ, ഒരു ലൈബ്രറി തുടങ്ങി എല്ലാ അടിസ്ഥാന കാര്യങ്ങളും ഇവിടെയുണ്ട്. അടുക്കളയിൽ നിന്നും, കിടപ്പുമുറിയിൽ നിന്നുമെല്ലാം വൃക്ഷ ശാഖകൾ പുറത്തേയ്ക്ക് വളരുന്നു.  

കുട്ടിക്കാലം അജ്മീറിൽ ചെലവഴിച്ച പ്രദീപ് ഉദയ്പൂരിൽ സ്ഥിരതാമസമാക്കാൻ തീരുമാനിച്ചത് കുറച്ച് കാലം മുൻപാണ്. ഇതിനായി ആദ്യമൊരു സ്ഥലം വാങ്ങി വീടിന്റെ അടിത്തറ പാകാനായിരുന്നു പദ്ധതി. എന്നാൽ, അദ്ദേഹം സ്വന്തമാക്കിയ ഭൂമിയുടെ ചരിത്രം മനസ്സിലാക്കിയപ്പോൾ തീരുമാനം അദ്ദേഹം മാറ്റി. വീട് സ്ഥിതിചെയ്യുന്ന സ്ഥലം നേരത്തെ 'കുഞ്ച്രോ കി ബാഡി' എന്നാണ് അറിയപ്പെട്ടിരുന്നത്. ഇവിടെ താമസിക്കുന്ന ആളുകൾ ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും അതിൽ നിന്നുള്ള പഴങ്ങൾ വിറ്റ് ഉപജീവനം കഴിക്കുകയും ചെയ്തിരുന്നു. എന്നാൽ, നഗരത്തിന്റെ വിസ്തൃതി വ്യാപിച്ചതോടെ അതെല്ലാം വെട്ടിമാറ്റാൻ തുടങ്ങി. ഏകദേശം നാലായിരത്തോളം മരങ്ങൾ പ്രദേശത്ത് നിന്ന് മുറിച്ച്മാറ്റി. എന്നാൽ, ഈ വെട്ടിനിരത്തിലിന്റെ ഭാഗമാകാൻ അദ്ദേഹത്തിന് മനസ് വന്നില്ല. അതിനാൽ മരങ്ങൾ മുറിക്കാതെ വീട് പണിയാനുള്ള മാർ​ഗങ്ങൾ അദ്ദേഹം തിരഞ്ഞു.  

മരം വേരോടെ പിഴുതെടുത്ത് മറ്റൊരിടത്ത് നടുകയെന്നതാണ് ഒരു മാർ​ഗം. പക്ഷേ അത് ചിലവേറിയ ഒരു രീതിയാണ്. അതിനാൽ അദ്ദേഹം അതുപേക്ഷിച്ചു. തന്റെ വീടിനായി വർഷങ്ങളോളം പഴക്കമുള്ള മാവ് മുറിക്കാനും പ്രദീപ് ആഗ്രഹിച്ചില്ല. അങ്ങനെയാണ് മരത്തിൽ തന്നെ ഒരു വീട് പണിയാൻ അദ്ദേഹം തീരുമാനിച്ചത്. ഐ.ഐ.ടിയിൽ നിന്ന് എഞ്ചിനീയറിംഗ് പഠിച്ചിറങ്ങിയ പ്രദീപ്, മരത്തിന് കേടുപാടുകൾ വരുത്താതെ തന്നെ തന്റെ വീട് രൂപകൽപ്പന ചെയ്തു. ഇത് മാത്രമല്ല, വീട് പണിയുന്നതിനുമുമ്പ് അദ്ദേഹം മരത്തിന് ചുറ്റും നാല് തൂണുകൾ ഉണ്ടാക്കി. അത് ഒരു ഇലക്ട്രിക്കൽ കണ്ടക്ടറായി പ്രവർത്തിക്കുന്നു. ഇടിമിന്നലിൽ മരം നശിക്കാതെ അത് കാക്കുന്നു. സിമന്റിന് പകരം, വീടിന്റെ മുഴുവൻ ഘടനയും ഉരുക്കിലാണ് നിർമ്മിച്ചിരിക്കുന്നത്. വീടിന്റെ ചുമരുകളും നിലകളും സെല്ലുലോസ് ഷീറ്റുകളിൽ നിന്നും, ഫൈബറുകളിൽ നിന്നുമാണ് നിർമ്മിച്ചത്. ഈ സവിശേഷ മരവീട് ലിംക ബുക്ക് ഓഫ് റെക്കോർഡിൽ സ്ഥാനം നേടിയിരുന്നു. കൂടാതെ പ്രദീപ് ഇപ്പോൾ ഗിന്നസ് റെക്കോർഡിനായി തയ്യാറെടുക്കുകയാണ്.   

click me!