പെണ്ണുങ്ങള്‍ കാണാനാഗ്രഹിക്കുന്ന ചോരയിറ്റുന്ന കൊലപാതക കഥകള്‍, ഒപ്പം മേക്കപ്പ് മേക്കപ്പ് ടിപ്പുകളും

By Ambili PFirst Published Aug 11, 2022, 5:20 PM IST
Highlights

സരിയന്റെ യൂട്യൂബ് ചാനലില്‍ കുറ്റകൃത്യങ്ങളെ കുറിച്ചുള്ള വീഡിയോ കണ്ടതില്‍ 60 ശതമാനം പേരും സ്ത്രീകളാണ്. അതും 18 മുതല്‍ 35 വരെ പ്രായമുള്ള യുവതികള്‍. 

ഒറ്റനോട്ടത്തില്‍ കൊലപാതകവും മേക്കപ്പുമായി വലിയ ബന്ധമൊന്നും ഇല്ല, എന്നാല്‍ ചില ബന്ധങ്ങള്‍ ഉണ്ടുതാനും. ഈ ബന്ധം തിരിച്ചറിഞ്ഞു എന്നതാണ് ലോസ് ആഞ്ചലസിലെ ബെയ് ലി സരിയന്‍ എന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ വിജയം. ആരുമാരും തിരിച്ചറിയാതിരുന്ന സരിയന്റെ യൂട്യൂബ് ചാനല്‍ ഇന്ന് അറുപത്തിനാല് ലക്ഷത്തിലേറെ പേര്‍ സബ്സ്‌ക്രൈബ് ചെയ്യുന്നുണ്ട്.

 

 

എന്താണ് ബെയ് ലി സരിയന്റെ ചാനലിന്റെ ഉള്ളടക്കം? മേക്കപ്പും കുറ്റകൃത്യങ്ങളും തമ്മിലുള്ള എന്ത് ബന്ധമാണ് സരിയന്‍ കണ്ടെത്തിയത്?

2013 മുതലാണ് സരിയന്‍ മേക്കപ്പ് പഠനവീഡിയോകള്‍ ചെയ്തുതുടങ്ങിയത്. എല്ലാം സാധാരണ മട്ടില്‍. വ്യത്യസ്തമായ ഓരോ ലുക്കിനെ കുറിച്ചുമുള്ള സാധാരണ മേക്കപ്പ് ട്യൂട്ടോറിയലുകള്‍. 2018 ല്‍ കൊളറാഡോയെ നടുക്കിക്കൊണ്ട് ഒരു കൊലപാതകം നടന്നു. ക്രിസ് വാട്സ് എന്നയാള്‍ തന്റെ ഗര്‍ഭിണിയായ ഭാര്യയേയും രണ്ട് പെണ്‍കുഞ്ഞുങ്ങളേയും ക്രൂരമായി കൊന്നു. അമേരിക്കയിലെങ്ങും ചര്‍ച്ചയായ ഒരു കൂട്ടക്കൊലപാതകമായിരുന്നു അത്.

ആ ദിവസത്തെ മേക്കപ്പ് വീഡിയോ ചെയ്യുന്നതിനിടയില്‍ സരിയന്‍ ക്രിസ് വാട്സിനെ കുറിച്ചുള്ള വാര്‍ത്തയും പറഞ്ഞു. കുടുംബനാഥനായ ഒരു മനുഷ്യന്‍ ക്രൂരനായ ഒരു കൊലയാളി ആയതിനെ കുറിച്ചാണ് സരിയന്‍ തന്റെ വീഡിയോയില്‍ പറഞ്ഞത്. ക്യാമറയ്ക്ക് മുന്നില്‍ വന്ന് വെറുതെ കൊലപാതകത്തെ കുറിച്ച് പറയുകയല്ല പക്ഷെ സരിയന്‍ ചെയ്തത്. ഫൗണ്ടേഷനും കോംപാക്ടും ഐമേക്കപ്പും ലിപ്സ്റ്റിക്കും എല്ലാം ഇടുന്നതിനിടയില്‍ ക്രിസ് വാട്സും അയാള്‍ ചെയ്ത കൊലപാതകവും എല്ലാം പറഞ്ഞു.

പതിവുപോലെ വീഡിയോ പോസ്റ്റ് ചെയ്ത് സരിയന്‍ ഉറങ്ങാന്‍ കിടന്നു. ഉറക്കമെണീറ്റ സരിയന്‍ സത്യത്തില്‍ ഞെട്ടി. അതുവരെ ആയിരം പേരൊക്കെ കണ്ടിരുന്ന തന്റെ വീഡിയോ ഇത്തവണ കണ്ടത് 10 ലക്ഷം പേര്‍. ലളിതമായിരുന്നു സംഗതി. ആളുകള്‍ മേക്കപ്പ് ചെയ്യുന്നത് കാണാന്‍ ഇഷ്ടപ്പെടുന്നു. ഒപ്പം കഥകള്‍ കേള്‍ക്കാനും. ത്രില്ലടിപ്പിക്കുന്ന, യഥാര്‍ത്ഥ കുറ്റകൃത്യങ്ങളെ കുറിച്ചുള്ള കഥകളാകുമ്പോള്‍ പ്രേക്ഷകരുടെ എണ്ണവും ഇരട്ടിയാകുന്നു. ഈ നിഗമനം ശരിയാണോ എന്നറിയാന്‍ സരിയന്‍ മറ്റൊരു വീഡിയോ  ചെയ്തു.പ്രേക്ഷകരുടെ എണ്ണം അതിശയിപ്പിക്കും വിധം ഇരട്ടിയായി.

 

 

ആരൊക്കെയാണ് സരിയന്റെ പ്രേക്ഷകര്‍?

2020 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കണക്കെടുത്താല്‍ സരിയന്റെ യൂട്യൂബ് ചാനലില്‍ കുറ്റകൃത്യങ്ങളെ കുറിച്ചുള്ള വീഡിയോ കണ്ടതില്‍ 60 ശതമാനം പേരും സ്ത്രീകളാണ്. അതും 18 മുതല്‍ 35 വരെ പ്രായമുള്ള യുവതികള്‍. ആകാംക്ഷ, എന്താണ് സംഭവിച്ചത് എന്നറിയാനുള്ള കൗതുകം, സാധാരണ മനുഷ്യന്റെ ഇത്തരം സ്വഭാവങ്ങള്‍ തന്നെയാണ് ബെയ്ലി സരിയന്‍ എന്ന യൂട്യൂബറും മുതലാക്കിയത്.

കൊവിഡ് മഹാമാരിക്കാലം സരിയന്റെ സംബന്ധിച്ചിടത്തോളം ചാകരയായിരുന്നു. പുതിയ ടെലിവിഷന്‍ സീരീസുകളും സിനിമകളുമൊന്നും ഇറങ്ങാതിരുന്ന സമയത്ത് കൂടുതല്‍ പ്രേക്ഷകരെ തന്റെ ചാനലിലേക്ക് ആകര്‍ഷിക്കാന്‍ സരിയന് കഴിഞ്ഞു. എങ്ങനെയെങ്കിലും സമയം കൊല്ലാന്‍ കാത്തിരുന്ന വരിക്കാര്‍ക്ക് മുന്നിലേക്ക് കൊലപാതകകഥകളുമായി സരിയന്‍ എത്തി. 2020 മാര്‍ച്ചില്‍ അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രാജ്യത്ത്‌ െകാവിഡുമായി ബന്ധപ്പെട്ട് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോള്‍ സരിയന്റെ സബ്സ്‌ക്രൈബേഴ്സ് 7 ലക്ഷത്തി എണ്‍പതിനായിരം ആയിരുന്നു.ആ വര്‍ഷം അവസാനം അത് 35 ലക്ഷമായി.

കൊലപാതകികളെ കുറിച്ചുള്ള വീഡിയോ ചെയ്യുമ്പോള്‍ നിങ്ങള്‍ ഇരകളെ കുറിച്ചും അവരുടെ കുടുംബങ്ങളെ കുറിച്ചും ആലോചിക്കാറുണ്ടോ എന്നാണ് സരിയനോട് വിമര്‍ശകര്‍ ചോദിച്ച പ്രധാന ചോദ്യം. അതിന് കൃത്യമായ മറുപടിയും ബെയ്ലി സരിയനുണ്ട്.

'ഇരകളോടും അവരുടെ കുടുംബത്തോടും നേരിട്ട് സംസാരിക്കാതെ അവരെ കുറിച്ച് ഒരു വാക്ക് പോലും ഞാന്‍ മിണ്ടാറില്ല. അവര്‍ ജീവിച്ചുതീര്‍ത്ത ദുരിത ജീവിതത്തെ കുറിച്ച് ഞാനെങ്ങനെയാണ് സംസാരിക്കുക?'

ചില വീഡിയോകള്‍ കണ്ട് ചില ഇരകളും ബെയ്ലിയെ വിളിച്ചിട്ടുണ്ട്. കഴിഞ്ഞുപോയ ദുരിതകാലത്തെ ഓര്‍മിപ്പിക്കരുതേ എന്നായിരുന്നു അവരുടെ അഭ്യര്‍ത്ഥന. വൈറലായ, ലക്ഷക്കണക്കിന് ആളുകള്‍ കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്ത ആ വീഡിയോകള്‍ തന്റെ ചാനലില്‍ നിന്ന് ആ നിമിഷം തന്നെ ബെയ്ലി സരിയന്‍ നീക്കം െചയ്തു. അതല്ലാതെ മറ്റൊന്നും അവര്‍ക്ക് വേണ്ടി ചെയ്യാനില്ല എന്നാണ് സരിയന്റെ പക്ഷം.

ലോക്ഡൗണ്‍ അവസാനിച്ചെങ്കിലും ആളുകളുടെ ആകാംക്ഷയ്ക്ക് അവസാനമില്ലാത്തതിനാല്‍ കൊലപാതക കഥകളും മേക്കപ്പ് ടിപ്പുകളുമായി സരിയന്‍ സജീവമാണ്.


 

click me!