ഒറ്റ ഗര്‍ജനം മതി ചുറ്റും നടുങ്ങാന്‍, സിനിമാക്കാട്ടിലും തലയുയര്‍ത്തി കാട്ടുരാജാവ്!

By P R VandanaFirst Published Aug 10, 2022, 2:51 PM IST
Highlights

പരിസ്ഥിതി പ്രവര്‍ത്തകരായ ഡെറെകും ബെവര്‍ലിയും ചേര്‍ന്ന് 2013ലാണ് ദിനാചരണത്തിന് തുടക്കമിടുന്നത്. സ്വാഭാവികമായ പരിതസ്ഥിതികളില്‍ സിംഹങ്ങളുടെ അതിജീവനം ഉറപ്പാക്കുക എന്നതായിരുന്നു  ലക്ഷ്യം.  

വലിപ്പത്തില്‍ ലേശം കൂടുതലുള്ള, രൂപഭംഗിയില്‍ മികവുറ്റതെന്ന് കുറേ പേരെങ്കിലും പറയുന്ന കടുവയേക്കാള്‍ രാജാവ് എന്ന പദവിയില്‍ സിംഹത്തെ എത്തിച്ചത് അതിന്റെ  ഗാംഭീര്യമാണ്. നായകഗുണമാണ്. അതുകൊണ്ടാണ് പണ്ട് മഹാനായ അലക്‌സാണ്ടര്‍ ചക്രവര്‍ത്തി പറഞ്ഞത്, ഒരു ആടു നയിച്ചു വരുന്ന സിംഹക്കൂട്ടത്തേക്കാള്‍ ഞാന്‍ ഭയപ്പെടുക ഒരു സിംഹം നയിക്കുന്ന ആട്ടിന്‍കൂട്ടത്തെ ആണെന്ന്. 

 

 

ഇന്ന് രാജാക്കന്‍മാരുടെ ദിവസമാണ്. കാട്ടിലെ രാജാക്കന്‍മാരായ സിംഹങ്ങളുടെ ദിനം. സടയുടെ വീര്യം അന്യംനിന്നു പോകാതെ കാത്തുസൂക്ഷിക്കണം എന്ന് ഓര്‍മിപ്പിക്കുന്ന ദിനം. രാജാക്കന്‍മാരില്ലെങ്കില്‍ വനമെന്ന നാട്ടുരാജ്യം ദുര്‍ബലമായി പോകുമെന്ന് ഓര്‍മപ്പെടുത്തുന്ന ദിവസം.  

പരിസ്ഥിതി പ്രവര്‍ത്തകരായ ഡെറെകും ബെവര്‍ലിയും ചേര്‍ന്ന് 2013ലാണ് ദിനാചരണത്തിന് തുടക്കമിടുന്നത്. സ്വാഭാവികമായ പരിതസ്ഥിതികളില്‍ സിംഹങ്ങളുടെ അതിജീവനം ഉറപ്പാക്കുക എന്നതായിരുന്നു  ലക്ഷ്യം.  മുപ്പതുവര്‍ഷം മുമ്പ് ആഫ്രിക്കയിലും ഏഷ്യയിലും യൂറോപ്പിലും മധ്യേഷ്യയിലുമെല്ലാം വനാന്തരങ്ങളില്‍ സിംഹങ്ങള്‍ വിലസിയിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതി അതല്ല. അഞ്ച് പതിറ്റാണ്ടു കൊണ്ട് സിംഹങ്ങളുടെ എണ്ണം കാര്യമായി കുറഞ്ഞു. 90 ശതമാനത്തോളം ആണ് ആ കുറവ് എന്ന കണക്ക് ബോധ്യപ്പെടുത്തും സിംഹദിനാചരണത്തിന്റെ പ്രസക്തിയും പ്രാധാന്യവും. ഇതിനിടയില്‍ കൗതുകമുള്ള ഒരു കണക്ക് നമ്മുടെ നാട്ടില്‍ നിന്നാണ്. ആഫ്രിക്ക കഴിഞ്ഞാല്‍ പിന്നെ ഏറ്റവും കൂടുതല്‍ സിംഹങ്ങളുള്ള ഗീര്‍ വനത്തില്‍ സിംഹങ്ങളുടെ എണ്ണം കൂടിയിട്ടുണ്ട് എന്നതാണ് അത്.

വലിപ്പത്തില്‍ ലേശം കൂടുതലുള്ള, രൂപഭംഗിയില്‍ മികവുറ്റതെന്ന് കുറേ പേരെങ്കിലും പറയുന്ന കടുവയേക്കാള്‍ രാജാവ് എന്ന പദവിയില്‍ സിംഹത്തെ എത്തിച്ചത് അതിന്റെ  ഗാംഭീര്യമാണ്. നായകഗുണമാണ്. പ്രൈഡ് എന്നറിയപ്പെടുന്ന ചെറുകൂട്ടങ്ങളായാണ്  സിംഹങ്ങള്‍ ജീവിക്കുന്നത്. പെണ്‍സിംഹങ്ങളും കുട്ടിസിംഹങ്ങളും എല്ലാമുള്ള കൂട്ടം. പെണ്‍സിംഹങ്ങള്‍ വേട്ടയാടി ആഹാരമെത്തിക്കുമ്പോള്‍ കൂട്ടത്തിലെ പുരുഷകേസരികള്‍ അവര്‍ക്ക് സുരക്ഷ ഒരുക്കും.  

കൂട്ടത്തിന്റെ നായകന്‍ ഒരു ഗര്‍ജനം കൊണ്ട് മറ്റുള്ളവരെ അറിയിക്കും, ഇവിടെ ഞങ്ങളുണ്ടെന്ന്. ആരും ഇങ്ങോട്ട് വരേണ്ടെന്ന്.  ആ ഗര്‍ജനം അഞ്ച് മൈല്‍ അപ്പുറം കേള്‍ക്കും എന്നുള്ളതു കൊണ്ട് നുഴഞ്ഞുകയറ്റക്കാരും അതിക്രമികളും മാറിനില്‍ക്കും. 

ധൈര്യശാലികളാണ് അവര്‍. അഭിമാനികളും. അതുകൊണ്ടാണ് പണ്ട് മഹാനായ അലക്‌സാണ്ടര്‍ ചക്രവര്‍ത്തി പറഞ്ഞത്, ഒരു ആടു നയിച്ചു വരുന്ന സിംഹക്കൂട്ടത്തേക്കാള്‍ ഞാന്‍ ഭയപ്പെടുക ഒരു സിംഹം നയിക്കുന്ന ആട്ടിന്‍കൂട്ടത്തെ ആണെന്ന്. 

ഈ പ്രത്യേകതകള്‍, ശക്തി,ഗാംഭീര്യം... അതാണ് നാടോടിക്കഥകളിലും കുട്ടിക്കഥകളിലും സിനിമകളിലുമെല്ലാം സിംഹങ്ങളെ നായകവേഷത്തിലെത്തിച്ചത്. 'ലയണ്‍ കിങ്' ഏറ്റവും പ്രശസ്തമായ ഉദാഹരണം. 

സിംബയുടെയും മുഫാസയുടെയും കഥയാണ് 'ലയണ്‍ കിങ്' എന്ന എക്കാലത്തെയും ഹിറ്റ് സിനിമ. ഇതില്‍ സിംഹങ്ങളുടെ ജീവിതത്തിലെ എല്ലാ പ്രത്യേകതകളും സസൂക്ഷ്മമായി കടന്നുവരുന്നു. സിംഹങ്ങളെ കളിയാക്കാനും പ്രകോപിപ്പിക്കാനും ധൈര്യം കാണിക്കുന്ന ഏക ജന്തുവിഭാഗമാണ് കഴുതപ്പുലികള്‍. അവരും കൂട്ടമായാണ് നടക്കുന്നതെന്നത് ഒരു കാരണം. മറ്റൊന്ന് സിംഹങ്ങള്‍ ബാക്കിയാക്കുന്ന മാംസത്തിലാണ് അവരുടെ പ്രധാന കണ്ണ് എന്നത്. 

സിംബയുടെ വാസസസ്ഥലം പ്രൈഡ് റോക്ക് ആണ്. സിംഹങ്ങളുടെ കൂട്ടത്തിലെ നായകന്‍ ദുര്‍ബലനായാല്‍ കൂട്ടത്തിലുള്ള മറ്റൊരു ആണ്‍സിംഹം ഏറ്റുമുട്ടലിലൂടെ മികവ് തെളിയിച്ച് ആ സ്ഥാനമേറ്റെടുക്കാറുണ്ട്. ഭക്ഷണത്തിന് വേണ്ടിയല്ലാതെ സിംഹങ്ങള്‍ വെറുതെ രസത്തിന് വേട്ടയാടാറില്ല, ആക്രമിക്കാറുമില്ല. ആഹാരമെത്തിക്കുന്നത് സിംഹികളുടെ ജോലിയാണ്.  സിംഹജീവിതത്തിലെ ഈ ഘടകങ്ങളെല്ലാം ലയണ്‍കിങ് സിനിമയിലുണ്ട്. 

മുഫാസയുടെ സഹോദരനായ സ്‌കാര്‍, കഴുതപ്പുലികളുടെ സഹായത്തോടെയാണ് അധികാരം പിടിച്ചെടുക്കുന്നത്. പിന്നീട് പാരമ്പര്യത്തിന്റെ പേരില്‍ ഒരു തര്‍ക്കം ഒഴിവാക്കാനാണ് സ്‌കാര്‍ സിംബയെ തെറ്റിദ്ധരിപ്പിക്കുന്നതും കൊല്ലാന്‍ ഏര്‍പ്പാടാക്കുന്നതും. ചിട്ടകളില്ലാതെ കഴുതപ്പുലികളുടെ വാക്ക് കേട്ട്, ആഹാരത്തിന് വേണ്ടിയല്ലാതെ ലക്കും ലഗാനുമില്ലാതെ വേട്ടയാടരുതെന്നും അങ്ങനെ ചെയ്ത്  നാട് മുടിയുന്നുണ്ടെന്നും ഓര്‍മപ്പെടുത്തുന്നത് സിംഹികളാണ്. ശക്തി ആവോളമുള്ള സിംഹങ്ങള്‍ക്കൊപ്പം പോന്ന കരുത്തുള്ളരാണ് കാട്ടുപോത്തുകള്‍ എന്നതു കൊണ്ടാണ് ചെറിയ തെരുവില്‍ മുഫാസയെ ലക്ഷ്യമിട്ട് പോത്തിന്‍കൂട്ടത്തെ സ്‌കാറും കൂട്ടരും ഇളക്കിവിടുന്നത്. 

വര്‍ഷങ്ങള്‍ക്കിപ്പുറം തിരിച്ചെത്തുന്ന സിംബ ഏറ്റുമുട്ടലിലൂടെ ശക്തിയും അധികാരവും തെളിയിച്ചാണ് നായകസ്ഥാനത്ത് എത്തുന്നത്. ഉള്ളില്‍ നിന്നെടുത്ത അതിഗാംഭീര്യ ഗര്‍ജനത്തോടെയാണ് സിംബ തന്റെ പട്ടാഭിഷേകം നാടിനെ അറിയിക്കുന്നത്. 

അച്ഛനെ കൊന്നവരോടുള്ള പ്രതികാരം, താങ്ങായി ഒപ്പംനിന്ന കളിക്കൂട്ടുകാരിയോടുള്ള പ്രണയം, ശക്തിയും ഊര്‍ജവുമായ സൗഹൃദങ്ങള്‍ ഇങ്ങനെ ബന്ധങ്ങളുടെ നനുപ്പുള്ള കഥ മാത്രമല്ല ലയണ്‍ കിങ് എന്ന സിനിമ. നമുക്ക് മുമ്പേ നടന്ന് പോയവര്‍ നമുക്ക് വേണ്ട ഉപദേശങ്ങളായി നമുക്കൊപ്പമുണ്ടെന്ന സ്‌നേഹസന്ദേശവും നമ്മുടെ ഉത്തരവാദിത്തങ്ങളില്‍ നിന്നും ചുമതലകളില്‍ നിന്നും ഒളിച്ചോടരുതെന്ന പാഠവും നല്‍കുന്നതു മാത്രമല്ല ലയണ്‍ കിങ് എന്ന സിനിമ. മറിച്ച് കാട്ടിലെ രാജാക്കന്‍മാരുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നതു കൂടിയാണ്. 

മറക്കണ്ട, If you feel like an animal among men, be a lion. 

വാല്‍ക്കഷ്ണം: 1994-ല്‍ ലയണ്‍കിങ് അന്ന് പുറത്തിറങ്ങിയ സിനിമകളില്‍ ഏറ്റവും പണംവാരി. 2019-ല്‍ പരിഷ്‌കരിച്ച് പുറത്തിറങ്ങിയപ്പോഴും പണപ്പെട്ടി നന്നായി കിലുങ്ങി. ആഫ്രിക്കന്‍ഭാഷയായ സുളുവില്‍ പരിഭാഷപ്പെടുത്തിയ ആദ്യ ഡിസ്‌നി ചിത്രം. ഓസ്‌കര്‍, ഗോള്‍ഡണ്‍ ഗ്ലോബ് തുടങ്ങി പുരസ്‌കാരങ്ങള്‍. നാട്ടിലെ സിനിമയില്‍ നായകവേഷത്തിലെത്തിയപ്പോഴും കാട്ടിലെ രാജാവ് മിന്നിച്ചു എന്നര്‍ത്ഥം.

click me!