മകള്‍ക്കുവേണ്ടി മാഗസിന്‍ തെരഞ്ഞിറങ്ങി, ഒടുവില്‍ സ്വന്തമായി 'ബ്ലാക്ക് ഗേള്‍ മാഗസിന്‍' തുടങ്ങിയ അമ്മ

By Web TeamFirst Published Jul 28, 2020, 11:47 AM IST
Highlights

എന്നാല്‍, അങ്ങനെയൊരു മാഗസിന്‍ വേണമെന്ന് തന്നെ ഞാനുറപ്പിച്ചു. നമ്മുടെ കുട്ടികളോട് അവരുടെ നിറത്തെ കുറിച്ച് സംസ്‍കാരത്തെ കുറിച്ച് ഒക്കെ പറയുന്ന ഒരു മാഗസിന്‍. ലോകത്തിന്‍റെ പല ഭാഗത്തുനിന്നും പല തരത്തിലുള്ള പല സംസ്‍കാരത്തിലുള്ളവരെ കുറിച്ച് പറയാനും പഠിപ്പിക്കാനും പ്രസിദ്ധീകരണങ്ങളുണ്ട്. എന്നാലിവിടെ കറുത്തവന് അതില്ല.

'കറുത്തവരുടെ കാര്യത്തില്‍ ആര്‍ക്കും ഒരു താല്‍പര്യവുമില്ല, കറുത്തവരുടെ സംസ്‍കാരത്തിലും...' ഈ വാക്കുകളാണ് ആ അമ്മയെക്കൊണ്ട് സ്വന്തമായി ഒരു മാഗസിന്‍ തന്നെ തുടങ്ങിപ്പിച്ചത്. ബ്ലാക്ക് മാഗസിന്‍ തുടങ്ങാനുള്ള തീരുമാനത്തെ കുറിച്ച് പറഞ്ഞപ്പോള്‍ വെളുത്ത ഒരു സഹപ്രവര്‍ത്തകന്‍ സെര്‍ലിനയോട് പറഞ്ഞത് 'ഹേയ് അങ്ങനെയൊരു മാഗസിന്‍റെ ആവശ്യമൊന്നും ഇവിടെയില്ല' എന്നാണ്. പക്ഷേ, 39 -കാരിയായ അവര്‍ വെറുതെയിരുന്നില്ല. അങ്ങനെയാണ് കോക്കോ ഗേള്‍, കോക്കോ ബോയ് എന്നീ മാഗസിനുകള്‍ പിറവിയെടുക്കുന്നത്. 

തന്‍റെ ആറ് വയസ്സുകാരിയായ മകള്‍ക്കുവേണ്ടി മാഗസിന്‍ വാങ്ങാനിറങ്ങിയതായിരുന്നു സെര്‍ലിന. ലോക്ക് ഡൗണിനെത്തുടര്‍ന്ന് ഹോം സ്‍കൂളിങ്ങും മറ്റുമായി തുടരുകയായിരുന്നു മക്കള്‍. എന്നാല്‍, മാര്‍ക്കറ്റിലൊന്നും തന്നെ തന്‍റെ മക്കളെപ്പോലെ കറുത്ത കുട്ടികളെ പ്രതിനിധീകരിക്കുന്ന മാഗസിനുകളൊന്നും തന്നെയില്ലെന്നും എല്ലാ മാഗസിനുകളും പ്രാധാന്യം നല്‍കുന്നത് വെളുത്തവര്‍ക്കാണ് എന്നും അവര്‍ക്ക് പെട്ടെന്ന് തന്നെ മനസിലായി. 

കുട്ടികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രവര്‍ത്തിക്കുക കൂടി ചെയ്യുന്ന സെര്‍ലിന ലണ്ടനില്‍ ഭര്‍ത്താവിനോടും രണ്ട് മക്കളോടും കൂടി താമസിക്കുകയാണ്. അവര്‍ പറയുന്നു, ''സാധാരണയായി ഞാന്‍ കുട്ടികളുടെ മാഗസിനുകളൊന്നും വാങ്ങാറില്ല. പക്ഷേ, ഇത് ലോക്ക്ഡൗണ്‍ അല്ലേ? അതുകൊണ്ട് ആറ് വയസ്സുള്ള മകള്‍ക്ക് വേറെന്തെങ്കിലും ആക്ടിവിറ്റി കൂടി വേണ്ടേ എന്ന് ചിന്തിച്ചിട്ടാണ് മാഗസിന്‍ വാങ്ങാനായി ചെന്നത്. ഞാന്‍ അലമാരകളെല്ലാം നോക്കി. കറുത്ത കുട്ടികളുള്ള ഒറ്റ മാഗസിന്‍ പോലും എനിക്കവിടെ കാണാനായില്ല. പിന്നീട് ഓണ്‍ലൈനില്‍ നോക്കി. അവിടെയും കറുത്ത കുട്ടികളെ പ്രതിനിധീകരിക്കുന്ന ഒന്നും കണ്ടില്ല. പ്രസിദ്ധീകരണമേഖലയില്‍ 18 വര്‍ഷമായി ഞാന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ട് എങ്ങനെയൊരു പ്രസിദ്ധീകരണം തുടങ്ങണം എന്ന് എനിക്കറിയാമായിരുന്നു. അങ്ങനെ, ഞാന്‍ എന്‍റെ ഒരു സഹപ്രവര്‍ത്തകനോട് ഇക്കാര്യം പറഞ്ഞു. അപ്പോള്‍ അയാളെന്നോട് പറഞ്ഞത് കറുത്തവരുടെ സംസ്‍കാരത്തെ പ്രതിനിധീകരിച്ച് ഒരു മാഗസിനൊന്നും തുടങ്ങേണ്ടതില്ലെന്നാണ്. ആര്‍ക്കും അതിലൊന്നും ഒരു താല്‍പര്യവും കാണില്ലെന്ന് കൂടി അയാള്‍ പറഞ്ഞു. എന്നാല്‍, അങ്ങനെയൊരു മാഗസിന്‍ വേണമെന്ന് തന്നെ ഞാനുറപ്പിച്ചു. നമ്മുടെ കുട്ടികളോട് അവരുടെ നിറത്തെ കുറിച്ച് സംസ്‍കാരത്തെ കുറിച്ച് ഒക്കെ പറയുന്ന ഒരു മാഗസിന്‍. ലോകത്തിന്‍റെ പല ഭാഗത്തുനിന്നും പല തരത്തിലുള്ള പല സംസ്‍കാരത്തിലുള്ളവരെ കുറിച്ച് പറയാനും പഠിപ്പിക്കാനും പ്രസിദ്ധീകരണങ്ങളുണ്ട്. എന്നാലിവിടെ കറുത്തവന് അതില്ല.'' സെര്‍ലിന മിറര്‍ ഓണ്‍ലൈനിനോട് പറഞ്ഞു. 

നേരത്തെയും പ്രസിദ്ധീകരണങ്ങളില്‍ ജോലി ചെയ്‍തിരുന്നയാളാണ് സെര്‍ലിന. ഈ പുതിയ മാഗസിനെ കുറിച്ച് മകളോട് സംസാരിച്ചുവെന്നും മുന്നോട്ട് പോകാം എന്ന് തീരുമാനിക്കുകയായിരുന്നുവെന്നും സെര്‍ലിന പറയുന്നു. ലോക്ക്ഡൗണ്‍ കാലത്ത് മകളെ പുതിയ ചില കഴിവുകള്‍ക്കായി പരിശീലിപ്പിക്കാന്‍ ഇതുവഴി കഴിഞ്ഞുവെന്നും അവള്‍ക്ക് അവളെത്തന്നെ കണ്ടെത്താന്‍ ഇതുവഴി കഴിയുമെന്ന് കരുതുന്നുവെന്നും സെര്‍ലിന പറയുന്നു. ലോക്ക്ഡൗണ്‍ ആയതുകാരണം പുറത്തുനിന്നുള്ളവരെ ആശ്രയിക്കുന്നതില്‍ പ്രയാസമുണ്ടായിരുന്നു. അതിനാല്‍, അവാര്‍ഡ് ജേതാവ് കൂടിയായ ഭര്‍ത്താവാണ് ഫോട്ടോഷൂട്ടുകള്‍ നടത്തിയത്. കോക്കോ ഗേളായി മകളെത്തന്നെയാണ് അവതരിപ്പിച്ചത്. ലോക്ക്ഡൗണ്‍ കാരണം സ്വന്തമായി ലേഖനങ്ങളെഴുതിയെന്നും എന്നാല്‍, പ്രൊഫഷണലുകളുടെ ഒരു ടീം ഒപ്പമുണ്ടെന്നും കൂടി സെര്‍ലിന പറയുന്നു. 

ലൈഫ്സ്റ്റൈല്‍, ഗാര്‍ഡനിംഗ്, സംസ്‍കാരം തുടങ്ങി വിവിധ വിഷയങ്ങള്‍ മാഗസിന്‍ കൈകാര്യം ചെയ്യുന്നുണ്ട്. കുട്ടികളെ കൊണ്ട് തന്നെ എഴുതിപ്പിക്കുന്നതും ബ്ലാക്ക് ഹെയര്‍ സെലിബ്രേഷനുമടക്കം പലതും മാഗസിന്‍റെ ഭാഗമാണ്. മാഗസിന്‍ ഇറങ്ങിയപ്പോള്‍ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമാണ് ആദ്യം നല്‍കിയത്. ഇങ്ങനെയൊന്ന് ഇതുവരെ കണ്ടിട്ടില്ലെന്ന് പറഞ്ഞ് അഭിനന്ദിക്കുകയും ഓര്‍ഡറുകള്‍ നല്‍കുകയും ചെയ്‍തുവെന്ന് പറയുന്നു സെര്‍ലിന. നല്ല രീതിയിലാണ് മാഗസിന്‍ മുന്നോട്ട് പോകുന്നത്.

ജോര്‍ജ്ജ് ഫ്ലോയ്‍ഡിന്‍റെ മരണത്തെ തുടര്‍ന്ന് വലിയൊരു മാറ്റം തന്നെ ഇവിടെ സംഭവിച്ചിട്ടുണ്ടെന്നും ആളുകള്‍ കറുത്തവരെ കേള്‍ക്കാന്‍ തയ്യാറാവുകയാണ് എന്നും സെര്‍ലിന പറയുന്നു. കോക്കോ ബോയ് ലക്ഷ്യം വക്കുന്നതും കരുത്തും ഊര്‍ജ്ജവും ആത്മവിശ്വാസവുമുള്ള കുട്ടികളെയാണ് എന്നും അവര്‍ പറഞ്ഞു. 

click me!