ഈ വീടുകള്‍ക്ക് വെള്ളപ്പൊക്കത്തെ പ്രതിരോധിക്കാനാവുമോ? അസമിലെ മുളവീടുകള്‍...

Web Desk   | others
Published : Jul 22, 2020, 11:24 AM ISTUpdated : Jul 22, 2020, 11:33 AM IST
ഈ വീടുകള്‍ക്ക് വെള്ളപ്പൊക്കത്തെ പ്രതിരോധിക്കാനാവുമോ? അസമിലെ മുളവീടുകള്‍...

Synopsis

മഹാമാരിയുടെ വെല്ലുവിളികളോടൊപ്പം അവിടെ ദശലക്ഷക്കണക്കിന് കുടുംബങ്ങളാണ് രൂക്ഷമായ വെള്ളപ്പൊക്ക സാഹചര്യങ്ങളുമായി പൊരുതുന്നത്.

ഇപ്പോൾ അസ്സമിലെ വെള്ളപ്പൊക്കം എഴുപതുലക്ഷത്തിന് മീതെ ആളുകളെയാണ് ബാധിച്ചത്. അത് ഇനിയും ഉയരുമെന്നാണ് കരുതപ്പെടുന്നത്. മിക്കവാറും എല്ലാ മഴക്കാലത്തും അവിടത്തെ സ്ഥിതി ഏതാണ്ടിതൊക്കെയാണ്. അലറിപ്പാഞ്ഞു വരുന്ന വെള്ളത്തിന്റെ ശക്തിയിൽ മനുഷ്യവാസകേന്ദ്രങ്ങൾ മുതൽ നെൽവയലുകൾ വരെ മുങ്ങിപ്പോകുന്നു. പ്രധാന ബ്രഹ്മപുത്ര നദിക്കടുത്തുള്ള ഇന്ത്യയിലെ ഏറ്റവും വലിയ മുള സംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് അസം താഴ്വരയിലെ ഗോലഘട്ടിലാണ്. അവിടെ എല്ലാ മഴക്കാലത്തും വെള്ളപ്പൊക്കം പതിവാണ്. എന്നാൽ, അവിടെ ഇതിനെ പ്രതിരോധിക്കാൻ ആർക്കിടെക്റ്റുകളും എഞ്ചിനീയർമാരും പ്രാദേശിക സമൂഹത്തിന്റെ സഹായത്തോടെ ഒരു പുതിയ ആശയം മുന്നോട് കൊണ്ടുവരികയാണ്. മുള ഉപയോഗിച്ച് വെള്ളപ്പൊക്കത്തെ പ്രതിരോധിക്കുന്ന 81 സ്റ്റിൽട്ട് വീടുകൾ അവർ ഇതിനായി നിർമ്മിച്ചു.

ലാഭേച്ഛയില്ലാത്ത പ്രവർത്തിക്കുന്ന സീഡ്‍സ് എന്ന സ്ഥാപനവും പ്രാദേശിക സംഘടനയായ നീഡ്‍സും ചേർന്നാണ് വെള്ളപ്പൊക്കത്തെ പ്രതിരോധിക്കുന്ന ഈ വീടുകൾ നിർമ്മിച്ചത്. ദുരന്തനിവാരണത്തിനും പുനരധിവാസ പ്രവർത്തനങ്ങൾക്കും വാസ്‍തുവിദ്യയിലൂടെ പരിഹാരം കാണാൻ ശ്രമിക്കുന്ന ഒരു സംഘടനയാണ് സീഡ്‌സ്. 23 ചതുരശ്ര മീറ്റർ വിസ്‍തൃതിയുള്ള ആ വീടുകളെ അഞ്ചടി ഉയരമുള്ള മുള പിന്താങ്ങുന്നു. ഇത് വെള്ളപ്പൊക്ക സമയത്ത് ഉയരുന്ന ജലനിരപ്പിനെ നേരിടാൻ സഹായകമാകുന്നു. അഞ്ച് ആളുകളുള്ള ഒരു കുടുംബത്തിന് അനുയോജ്യമാണ് ഈ വീട്. വീടിനകത്ത് ആവശ്യാനുസരണം മുറികളായി വിഭജിക്കാവുന്ന ഒരു വലിയ ഹാളും, പാചകത്തിനും മറ്റാവശ്യങ്ങൾക്കും ഉപയോഗിക്കാവുന്ന ഒരു സെമി ഓപ്പൺ വരാന്തയും ഉണ്ട്. വെള്ളപ്പൊക്കത്തിൽ നിന്ന് വീടിനെ സംരക്ഷിക്കുന്നതിനൊപ്പം, വീടിന് താഴെയുള്ള സ്ഥലം കന്നുകാലികളെ വളർത്താനും, നെയ്ത്തിനും, ബോട്ടുകൾ സൂക്ഷിക്കാനും ഉപയോഗിക്കാം. 

 

ഗോലഘട്ട് ജില്ലയിലെ 60 -കാരിയായ നിഖാരി പാത്തോറിയ്ക്ക് കഴിഞ്ഞ മൺസൂൺ വെള്ളപ്പൊക്കത്തിൽ വീടും വസ്‍തുക്കളും സർവതും നഷ്‍ടപ്പെട്ടു. എന്നാൽ, ഈ വർഷം അവർക്ക് ഭയമില്ല. “മിക്കവാറും മഴക്കാലം വരുമ്പോൾ എല്ലാം നഷ്ടപ്പെടുമോ എന്ന ആശങ്കയിലായിരുന്നു ഞങ്ങൾ. പാചകം മുതൽ ടോയ്‌ലറ്റ് ഉപയോഗിക്കുന്നതുവരെയും എല്ലാം ഒരു പ്രശ്‌നമായിരുന്നു. എന്നാൽ, കഴിഞ്ഞ മൂന്ന് വർഷമായി, പുതിയ വീടുകൾ പണിതതിനുശേഷം ഞങ്ങളുടെ ഗ്രാമത്തിലെ ആളുകൾക്ക് വെള്ളപ്പൊക്കത്തെ നേരിടാനാകുന്നുണ്ട്” നിക്കോരി ഗ്രാമത്തിലെ ഗൊരോമാരി സമുദായത്തിലെ നിഖാരി പറഞ്ഞു.

"വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന സമയങ്ങളിൽ ഞങ്ങൾക്ക് ശൗചാലയങ്ങൾ പോലും അപ്രാപ്യമാകുന്നു. പലപ്പോഴും മറ്റ് ഗതിയില്ലാതെ ഞങ്ങൾ തുറന്ന സ്ഥലത്താണ് മലമൂത്രവിസർജ്ജനം നടത്തുന്നത്. വൃത്തിയില്ലാത്ത വെള്ളം തന്നെയാണ് ഞങ്ങൾ കുടിക്കാനും ഉപയോഗിക്കുന്നത്. ഇത് മലേറിയ, ഡെങ്കി, കോളറ തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകുന്നു. അത് കൂടാതെ, വിദ്യാഭ്യാസവും, ഉപജീവനമാർഗവും താറുമാറായിരുന്നു. ഞങ്ങളുടെ ഗ്രാമങ്ങൾ അക്ഷരാർത്ഥത്തിൽ വെള്ളം നിറഞ്ഞതായിരുന്നു, ഞങ്ങൾക്ക് അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്താൻ പോലും കഴിഞ്ഞിരുന്നില്ല" മറ്റൊരു പ്രദേശവാസിയായ സുനിൽ ലോയിംഗ് പറഞ്ഞു. എന്നാൽ, ഇപ്പോൾ അതേകുറിച്ച് വേവലാതിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

കൂടുതൽ കാലം ഈടുനിൽക്കുന്നതിനായി വീടുകളിൽ പലവിധ സാങ്കേതിക വിദ്യകൾ ഇണക്കി ചേർത്തിട്ടുണ്ട്. "റബ്ബറൈസ്ഡ് കോട്ടിംഗ് ഉപയോഗിച്ച് സ്റ്റിൽറ്റ് ബാംബൂ നിരകളെ വാട്ടർപ്രൂഫിംഗ് ചെയ്‍തിട്ടുണ്ട്. ഇത് ഈർപ്പം തട്ടി മുള അഴുകുന്നത് തടയുന്നു. കൂടാതെ, മുളകൾക്ക് ചുറ്റും കോൺക്രീറ്റ് ചെയ്‌തിട്ടുണ്ട്. ഇത് വീടിനെ കൂടുതൽ ബലവത്താക്കുന്നു” സ്ഥാപകരിൽ ഒരാളായ ഡോ. മനു ഗുപ്‍ത പറഞ്ഞു. ഉപയോഗിച്ച എല്ലാ പ്രാഥമിക വസ്‍തുക്കളും, പ്രത്യേകിച്ച് മുളയും പരുത്തിയും ആറ് കിലോമീറ്റർ ചുറ്റളവിൽ നിന്ന് ഉത്പാദിപ്പിക്കപ്പെട്ടതാണ്. ഓരോ വീടും നിർമ്മിക്കാൻ 75,000 രൂപയോളമാണ് ചിലവായത്‌.  

 

മഹാമാരിയുടെ വെല്ലുവിളികളോടൊപ്പം അവിടെ ദശലക്ഷക്കണക്കിന് കുടുംബങ്ങളാണ് രൂക്ഷമായ വെള്ളപ്പൊക്ക സാഹചര്യങ്ങളുമായി പൊരുതുന്നത്. ഇത്തരം വീടുകളുടെ സാധ്യതകളെ കുറിച്ച് കൂടുതൽ ഗവേഷണങ്ങൾ നടത്തേണ്ടത് അനിവാര്യമാണ് എന്ന് വേണം കരുതാൻ. ഒരുപക്ഷേ, കാലങ്ങളായുള്ള അവരുടെ പ്രശ്‍നത്തിന് ഒരു പരിഹാരം കാണാൻ സാധിച്ചെങ്കിലോ?

PREV
click me!

Recommended Stories

നിയാണ്ടർത്താലുകൾ നരഭോജികൾ? സ്ത്രീകളെയും കുട്ടികളെയും ഭക്ഷണമാക്കിയിരിക്കാമെന്ന് ​ഗവേഷകർ
പ്രണയിക്കാൻ തൊട്ടടുത്തുള്ള ആളുകളെ മതി, അതാണ് എളുപ്പം, സൗകര്യവും; എന്താണ് ഡേറ്റിം​ഗിലെ ഈ 'സിപ് കോഡിം​ഗ്' ട്രെൻഡ്