Latest Videos

'സ്ത്രൈണത' തോന്നുന്ന പുരുഷന്മാർ വേണ്ട, സ്ക്രീനിൽ 'പൗരുഷം' തുളുമ്പുന്നവർ മതി, ചൈനയിൽ പുതിയ തീരുമാനം

By Web TeamFirst Published Sep 4, 2021, 11:20 AM IST
Highlights

'പൗരുഷം തുളുമ്പുന്ന പുരുഷന്മാരെ' പ്രോത്സാഹിപ്പിക്കുന്നതിന്റെ അഭാവം യുവതലമുറയെ നശിപ്പിക്കുമെന്ന് ചൈന ഭയപ്പെടുന്നു. 

ചൈന ദേശീയതലത്തില്‍ തന്നെ അടിമുടി ഒരു പുനരുജ്ജീവനത്തിന്‍റെ പാതയിലാണ്. അതിന്‍റെ ഭാഗമായി ഇപ്പോഴിതാ അവരുടെ സ്ക്രീനുകളില്‍‌ 'സ്ത്രൈണത' തോന്നിക്കുന്ന പുരുഷന്മാര്‍ പാടില്ലായെന്നും പകരം കൂടുതല്‍ 'പൗരുഷം' തോന്നിക്കുന്ന പുരുഷന്മാര്‍ വേണമെന്നും നിര്‍ദ്ദേശം. അസോസിയേറ്റഡ് പ്രസ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനയിലെ സ്റ്റേറ്റ് ടിവി റെഗുലേറ്റർ സ്ത്രൈണത തോന്നിക്കുന്ന പുരുഷന്മാരെ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത് നിരോധിക്കുകയും കൂടുതൽ 'പുരുഷ' റോൾ മോഡലുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുവാനാണത്രെ ഉദ്ദേശിക്കുന്നത്. 

മാത്രവുമല്ല, അയൽക്കാരായ ദക്ഷിണ കൊറിയയിൽ നിന്നും ജപ്പാനിൽ നിന്നും ഉയർന്നുവരുന്ന ഏതെങ്കിലും തരത്തിലുള്ള സ്വാധീനം അവസാനിപ്പിക്കാനും ചൈന ആഗ്രഹിക്കുന്നു. അവിടെ പോപ്പ് സംസ്കാരത്തിൽ പ്രത്യക്ഷപ്പെടുന്ന യുവാക്കള്‍ക്ക് വേണ്ടത്ര 'പൗരുഷം' ഇല്ലായെന്നാണ് ചൈനയുടെ അഭിപ്രായം. 'പൗരുഷം തുളുമ്പുന്ന പുരുഷന്മാരെ' പ്രോത്സാഹിപ്പിക്കുന്നതിന്റെ അഭാവം യുവതലമുറയെ നശിപ്പിക്കുമെന്ന് ചൈന ഭയപ്പെടുന്നു. 

'അശ്ലീല ഇന്റർനെറ്റ് സെലിബ്രിറ്റികളുടെ' പ്രമോഷൻ നിരോധിക്കാനും രാജ്യം ചൈനീസ് പരമ്പരാഗത സംസ്കാരം, വിപ്ലവ സംസ്കാരം, വിപുലമായ സോഷ്യലിസ്റ്റ് സംസ്കാരം എന്നിവ പ്രോത്സാഹിപ്പിക്കാനും ആഗ്രഹിക്കുന്നു. 18 വയസ്സിന് താഴെയുള്ളവർക്കുള്ള വീഡിയോ ഗെയിമുകളും രാജ്യത്ത് നിയന്ത്രണത്തിലാണ് എന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ട് വന്നിരുന്നു. സിൻഹുവാ സ്റ്റേറ്റ് ന്യൂസ് ഏജൻസി പറയുന്നതനുസരിച്ച്, കുട്ടികൾക്ക് ദിവസത്തിൽ ഒരു മണിക്കൂർ, രാത്രി 8 മുതൽ രാത്രി 9 വരെ വീഡിയോ ഗെയിമുകൾ കളിക്കാൻ അനുവാദമുണ്ട്. വെള്ളിയാഴ്ച, വാരാന്ത്യങ്ങൾ, പൊതു അവധി ദിവസങ്ങൾ എന്നിവയിൽ മാത്രം ഇതില്‍ ഇളവുണ്ടാകും.

click me!