
ദീപാവലിയാണ്, വെളിച്ചത്തിന്റെയും മധുരത്തിന്റെയും ഒത്തുചേരലിന്റെയും ദിവസം. ഉത്തരേന്ത്യക്കാർക്ക് ദീപാവലിയെന്നാൽ അവരുടെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ്. പ്രിയപ്പെട്ടവരെല്ലാം ഒത്തുചേരുകയും പരസ്പരം മധുരവും സ്നേഹവും പങ്കിടുകയും ചെയ്യുന്ന ദിവസം. ദീപങ്ങൾ തെളിച്ചും മധുരം പങ്കുവച്ചും പടക്കം പൊട്ടിച്ചും ആഘോഷമാക്കുന്ന ദിവസം. എന്നാൽ, എല്ലാവർക്കും എല്ലാ ആഘോഷങ്ങളും ഒരുപോലെയാവണം എന്നില്ല. ജീവിക്കാൻ വേണ്ടിയുള്ള കഷ്ടപ്പാടിനും ഓട്ടത്തിനും ഇടയിൽ ചിലപ്പോൾ ആഘോഷങ്ങൾക്ക് വേണ്ടത്ര തെളിച്ചം കിട്ടണമെന്നില്ല. ഒരമ്മയുടെ അങ്ങനെയായിത്തീരാമായിരുന്ന ഒരു ദീപാവലി ദിവസം അവിസ്മരണീയമാക്കി മാറ്റിയിരിക്കുകയാണ് ചില പൊലീസ് ഉദ്യോഗസ്ഥർ. ഇതിന്റെ അതിമനോഹരമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.
റോഡരികിൽ ദീപങ്ങൾ വിൽക്കുന്ന, പ്രായമായ ഒരു അമ്മയിൽ നിന്നും ദീപങ്ങളെല്ലാം വാങ്ങുന്ന ചില ഉദ്യോഗസ്ഥരെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ഉത്തർ പ്രദേശിൽ നിന്നാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്. ദീപങ്ങളൊന്നും വിറ്റുതീരാതെ വഴിയരികിൽ ഇരിക്കുകയാണ് പ്രായമായ ഒരു കച്ചവടക്കാരി. അവിടെയെത്തിയ പൊലീസുകാർ ആ അമ്മയിൽ നിന്നും ദീപങ്ങളെല്ലാം വാങ്ങുന്നതും അമ്മയ്ക്ക് അതിന്റെ പണം നൽകുന്നതുമായ മനോഹര ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെട്ടിരിക്കുന്നത്. ആഘോഷങ്ങൾ എല്ലാവർക്കും ഉള്ളതാണ്, എല്ലാവർക്കും അത് ആഘോഷിക്കാൻ അവകാശവുമുണ്ട്. എന്നാൽ, എല്ലാവരുടേയും ജീവിതം ഒരുപോലെ അല്ലല്ലോ?
എന്തായാലും, ദീപങ്ങളെല്ലാം വാങ്ങിക്കൊണ്ട് ആ അമ്മയുടെ ദീപാവലി വെളിച്ചവും മധുരവും നിറഞ്ഞതാക്കിയിരിക്കയാണ് ഈ പൊലീസുകാർ. വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടത്. ഉത്തർപ്രദേശിലെ ഹാപൂരിൽ നിന്നാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്. സ്റ്റേഷൻ ഇൻ ചാർജ് ആയ വിജയ് ഗുപ്തയാണ് ദീപങ്ങളൊന്നും വിറ്റുതീരാത്തത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് മുൻകയ്യെടുത്ത് ദീപങ്ങൾ വാങ്ങിയത് എന്ന് പോസ്റ്റിന്റെ ക്യാപ്ഷനിൽ പറയുന്നുണ്ട്.
പ്രാദേശികരായ കൈത്തൊഴിലാളികളെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചാണ് പലരും കമന്റുകളിൽ സൂചിപ്പിച്ചത്. ഒപ്പം ആ പൊലീസുകാർ തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു എന്നും ആ അമ്മയുടെ ദീപാവലി അവർ അവിസ്മരണീയമാക്കി എന്നും അനേകങ്ങൾ കമന്റ് നൽകി.