'മിനിമലിസം' പരിശീലിക്കുന്ന ലോകം, അനാവശ്യ ഷോപ്പിം​ഗില്ല, ആഡംബരമില്ല, ചെലവുമില്ല

Published : Oct 19, 2025, 05:41 PM IST
woman, minimalism, happiness , peaceful

Synopsis

എല്ലാം വേണം എന്നതിന് പകരം ശരിക്കും നമുക്ക് എന്തെല്ലാമാണ് വേണ്ടത് എന്ന് ചിന്തിക്കുകയാണ് ഇവിടെ പ്രധാനം. വേണ്ടുന്ന വസ്ത്രങ്ങൾ മാത്രം, വീട്ടിലേക്ക് ആവശ്യമായ വസ്തുക്കൾ മാത്രം മതി എന്ന് തിരിച്ചറിയുക.

സോഷ്യൽ മീഡിയ നമ്മുടെ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. അത് നമുക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങളുമതെ. എപ്പോഴും കണ്ണിന് മുന്നിൽ വിവിധ ഉത്പ്പന്നങ്ങളുടെ പരസ്യങ്ങൾ. വേണ്ടതും വേണ്ടാത്തതുമെല്ലാം വാങ്ങിക്കൂട്ടുന്നത് ശീലമാക്കുന്ന കാലം. അതിൽ വിവിധ ഫർണിച്ചറുകളും, വസ്ത്രങ്ങളും, ബ്യൂട്ടി പ്രൊഡക്ടുകളും, അടുക്കള സാധനങ്ങളും, വീടുകളുടെ അലങ്കാരത്തിനുള്ള വസ്തുക്കളും എല്ലാം പെടും. ഇതുണ്ടാക്കുന്നത് പലതരത്തിലുള്ള പ്രശ്നങ്ങളാണ്. സാമ്പത്തിക നഷ്ടം, മാലിന്യ പ്രശ്നം, സ്ഥലമില്ലായ്മ തുടങ്ങിയവയാണ് ഒറ്റക്കാഴ്ചയിൽ കണ്ടെത്തുന്ന പ്രശ്നങ്ങൾ. എന്നാൽ, കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും മിനിമലിസം ഇഷ്ടപ്പെടുന്ന, മിനിമലിസം പരിശീലിക്കുന്ന ഒരു വിഭാ​ഗം കൂടി ഈ ലോകത്തുണ്ട്.

എന്താണ് മിനിമലിസം?

തികച്ചും അനാവശ്യമായ, ഉപയോ​ഗമില്ലാത്ത അനേകം സാധനങ്ങൾ വാങ്ങിച്ചുകൂട്ടാതെ, നമ്മുടെ അത്യാവശ്യത്തിനുള്ള സാധനങ്ങൾ മാത്രം വാങ്ങി അതുമായി ജീവിക്കുന്ന ജീവിതരീതിയാണ് മിനിമലിസം. എന്നാൽ, ഇങ്ങനെ വസ്തുക്കൾ വാങ്ങിക്കൂട്ടുന്നതിലോ അത് ഒഴിവാക്കുന്നതിലോ മാത്രം ഒതുങ്ങുന്നില്ല മിനിമലിസം. ഇത് ഒരു ജീവിതരീതി കൂടിയാണ്. തികച്ചും ലളിതമായ ജീവിതം ലക്ഷ്യം വയ്ക്കുന്ന ഒന്ന്. ഭൗതികമായതിനും അപ്പുറത്തേക്ക് ആത്മീയം കൂടിയാണത്. വളരെ വേണ്ടപ്പെട്ട ബന്ധങ്ങൾ, വളരെ വേണ്ടപ്പെട്ട ഇടപെടലുകൾ എന്നിങ്ങനെ പോകുന്ന ജീവിതം. കൂടുതൽ സമാധാനവും സന്തോഷവും നൽകുക എന്നത് തന്നെയാണ് ഇതിന്റെ പ്രാഥമികമായ ലക്ഷ്യം.

അതിവേ​ഗം മാറുന്ന ഷോപ്പിം​ഗ് രീതികളും മിനിമലിസത്തിന്റെ പ്രാധാന്യവും

കടകളിൽ പോകണ്ട, സമയം ചെലവഴിക്കണ്ട, ആയിരക്കണക്കിന് പ്രൊഡക്ടുകൾ നമ്മുടെ കൺമുന്നിലെത്തുന്ന, പണമടച്ചുകഴിഞ്ഞാൽ നമ്മുടെ പടിവാതിൽക്കലെത്തുന്ന ഡിജിറ്റൽ ഷോപ്പിം​ഗിന്റെ കാലത്താണ് നാം ജീവിക്കുന്നത്. ഇൻഫ്ലുവൻസർമാരും, പരസ്യങ്ങളും നിരന്തരം നമ്മളോട് ഇത് വാങ്ങൂ, ഇത് വാങ്ങൂ എന്ന് പറയുന്ന കാലം. വേണ്ടെങ്കിലും അതിൽ പലതും നമ്മുടെ വീട്ടിലെത്തിക്കാണും. എന്നാൽ, ഇത് ശരിക്കും നമുക്ക് സന്തോഷം തരുമോ? ഒരുപാട് സാധനങ്ങൾ വാങ്ങിക്കൂട്ടുന്നത് അത്രകണ്ടൊന്നും നമുക്ക് സന്തോഷം തരണമെന്നില്ല, എന്ന് മാത്രമല്ല ആ സന്തോഷം വളരെ വേ​ഗം അസ്തമിക്കുകയും ചെയ്തേക്കാം. എന്നാൽ, ഇതേ കാലത്ത് നിന്നുതന്നെയാണ് നാം മിനിമലിസത്തെ കുറിച്ച് കൂടുതലായി ചിന്തിച്ച് തുടങ്ങുന്നത് എന്നതും ശ്രദ്ധേയമാണ്.

എല്ലാം വേണം എന്നതിന് പകരം ശരിക്കും നമുക്ക് എന്തെല്ലാമാണ് വേണ്ടത് എന്ന് ചിന്തിക്കുകയാണ് ഇവിടെ പ്രധാനം. വേണ്ടുന്ന വസ്ത്രങ്ങൾ മാത്രം, വീട്ടിലേക്ക് ആവശ്യമായ വസ്തുക്കൾ മാത്രം. ഉപയോ​ഗശൂന്യമായ/ വല്ലപ്പോഴും മാത്രം ഉപയോ​ഗിക്കുന്ന/ തീരെ ഉപയോ​ഗമില്ലാത്ത സാധനങ്ങൾ എത്രകണ്ട് വീട്ടിൽ നിന്നും ഒഴിവാക്കപ്പെടുന്നോ അത്രകണ്ട് വീട്ടിൽ വായുവും വെളിച്ചവും നിറയും. ഈ വായുവും വെളിച്ചവും നമ്മുടെ മനസിലേക്ക് കൂടി കടന്നുവരുമെന്നതാണ് മിനിമലിസത്തിന്റെ പാഠം.

മിനിമലിസത്തിന്റെ ​ഗുണങ്ങൾ

സമ്മർദ്ദം കുറയ്ക്കുന്നു: ഒരുപാട് സാധനങ്ങൾ, ഒരുപാട് മനുഷ്യർ, ഇങ്ങനെ തിങ്ങിനിറഞ്ഞ് നിൽക്കുന്ന അവസ്ഥ മനുഷ്യരിൽ സമ്മർദ്ദമുണ്ടാക്കും. എന്നാൽ, മിനിമലിസം ഇത് കുറയ്ക്കാൻ സഹായിക്കുന്നു.

പ്രൊഡക്ടിവിറ്റി കൂട്ടുന്നു: അനാവശ്യകാര്യങ്ങളിൽ ശ്രദ്ധ ചെലുത്താതിരിക്കുമ്പോൾ അത് നമ്മുടെ പ്രൊഡക്ടിവിറ്റിയിലേക്ക് കൂടുതൽ ശ്രദ്ധ നൽകാൻ സഹായിക്കുകയും പ്രൊഡക്ടിവിറ്റി കൂട്ടാൻ സഹായിക്കുകയും ചെയ്യുന്നു.

സാമ്പത്തികലാഭം: വളരെ അത്യാവശ്യസാധനങ്ങൾ മാത്രം മതി, ഇനി കൂടുതൽ ഒന്നുംതന്നെ വാങ്ങിക്കുന്നില്ല എന്ന് തീരുമാനിക്കുന്നതോടെ വലിയ തുക സേവ് ചെയ്യാൻ സാധിക്കുന്നു. ഇതുണ്ടാക്കുന്ന സാമ്പത്തികലാഭം നമ്മൾ പ്രതീക്ഷിക്കുന്നതിലും കൂടുതലാണ്.

പാരിസ്ഥിതികമായ ​ഗുണങ്ങൾ: നിരന്തരം പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ കൂടിവരുന്ന കാലത്ത് നമ്മുടെ ഭാ​ഗത്ത് നിന്നും അതിലേക്ക് കൂടുതൽ 'സംഭാവന' ഇല്ലാതിരിക്കുക എന്നത് തന്നെയാണ് മിനിമലിസത്തിന്റെ പ്രധാന പാരിസ്ഥിതിക ​ഗുണം. അതേ, മാലിന്യം കുറയ്ക്കുക, കൂടുതൽ സുസ്ഥിരത നേടുക.

ഡിജിറ്റൽ ടീടോക്സ്: മിനിമലിസം എല്ലാത്തിലും പ്രാവർത്തികമാക്കാവുന്ന ഒന്നാണ്. നമ്മുടെ സമയം ഏറെയും അപഹരിക്കുന്ന ഒന്നാണ് ഡിജിറ്റൽ ലോകം. വേണ്ടതിൽ കൂടുതൽ കാഴ്ചകളും വിവരങ്ങളുമാണ് നമ്മുടെ തലച്ചോറിലെത്തുന്നത്. ഇതുണ്ടാക്കുന്ന ആരോ​ഗ്യപ്രശ്നങ്ങൾ വളരെ വലുതാണ്. പ്രത്യേകിച്ചും മാനസികാരോ​ഗ്യത്തിന്റെ കാര്യത്തിൽ. നിരന്തരം ആളുകൾ പരസ്പരം താരതമ്യം ചെയ്യുകയും നിരാശപ്പെടുകയും ചെയ്യുന്നതടക്കം ഒട്ടനവധി പ്രശ്നങ്ങൾ ഇതുണ്ടാക്കുന്നുണ്ട്. മിനിമലിസം ശീലിക്കുന്നതിലൂടെ സ്ക്രീൻടൈം കുറയ്ക്കുക, ആവശ്യത്തിന് മാത്രമോ അല്ലെങ്കിൽ നിയന്ത്രിതമായോ ടെക്നോളജി/ സോഷ്യൽ മീഡിയ ഒക്കെയും ഉപയോ​ഗിക്കുക എന്നതെല്ലാം നമ്മുടെ ജീവിതത്തിന്റെ ഭാ​ഗമാകുന്നു.

ലക്ഷ്യബോധവും മാനസികമായ ആഹ്ലാദവും: ജീവിതത്തിൽ കൂടുതൽ‌ ലക്ഷ്യബോധം നൽകാനും മാനസികമായ ആഹ്ലാദം നൽകാനും മിനിമലിസത്തിലൂന്നിയ ജീവിതം സഹായിക്കുന്നു.

കുഞ്ഞുവീട്, കുറച്ച് സാധനങ്ങൾ, നിറയെ സന്തോഷം: നമ്മുടെ ആവശ്യത്തിന് വേണ്ടി മാത്രമുള്ള ഒരു ചെറിയ വീട്. അതിൽ അത്യാവശ്യത്തിന് മാത്രം സാധനങ്ങൾ (ഫർണിച്ചറുകൾ, അടുക്കളസാധനങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, വസ്ത്രങ്ങൾ‌, ആഭരണങ്ങൾ എല്ലാം ഇതിൽ പെടുന്നു). അമിതമായ വസ്തുക്കളിലൊന്നും നേരം കളയാതെ ശരിക്കും നമ്മുടെ മനസിന് ആഹ്ലാദം തരുന്ന കാര്യങ്ങൾ ചെയ്യാൻ നമുക്ക് സാധിക്കുന്നു.

ലോകം മിനിമലിസം പരിശീലിക്കുമ്പോൾ

ഇന്ത്യയടക്കം ലോകത്തിന്റെ പല ഭാ​ഗങ്ങളിലും ആളുകൾ ഇന്ന് മിനിമലിസത്തിലൂന്നിയ ജീവിതരീതി പിന്തുടരുന്നുണ്ട്. അതിന് വിവിധ പുസ്തകങ്ങളും ഡോക്യുമെന്റികളും ഈ ജീവിതരീതി പരിശീലിക്കുന്ന ആളുകൾ തയ്യാറാക്കുന്ന വീഡിയോകളും എല്ലാം സഹായകമായി മാറുന്നുമുണ്ട്. മിനിമലിസത്തിലേക്ക് മാറണം എന്ന് ആ​ഗ്രഹിക്കുന്ന ആളുകളാണോ നിങ്ങളും? എളുപ്പത്തിൽ മാറാവുന്ന ഒരു ജീവിതരീതിയല്ല അത്. ആദ്യമെല്ലാം ചിലപ്പോൾ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടേക്കാം. നമുക്ക് യോജിക്കുന്ന ജീവിതരീതിയാണോ ഇത് എന്നത് ആദ്യം തന്നെ നോക്കണം.

മിനിമലിസത്തിലെ 90/90 റൂൾ: ഇത് ആർക്കും പരീക്ഷിച്ച് നോക്കാവുന്നതാണ്. 90 ദിവസം തുടർച്ചയായി നമ്മൾ‌ ഉപയോ​ഗിക്കാത്ത എന്തെങ്കിലും വസ്തുക്കൾ. ഇനിയൊരു 90 ദിവസം കൂടി ഉപയോ​ഗിക്കാൻ സാധ്യതയും ഇല്ല. അത് എന്തുമാകാം. അവയത്ര പ്രധാനമല്ല എങ്കിൽ ആ സാധനങ്ങൾ ഉപേക്ഷിക്കുക എന്നതാണ് 90/90 റൂൾ കൊണ്ട് ഉദ്ദേശിക്കുന്നത്.

നോ ഷോപ്പിം​ഗ്: മിനിമലിസത്തിന്റെ ഭാ​ഗമായി പരിശീലിക്കാവുന്ന ഒന്നാണ് നോ ഷോപ്പിം​ഗ് വീക്ക് അല്ലെങ്കില്‍ മന്ത് (No shopping week or month). അതായത് അത്യാവശ്യത്തിന് വേണ്ടുന്ന എല്ലാ സാധനങ്ങളും വാങ്ങി വയ്ക്കുക. ഇത്ര മാസത്തേക്ക് അല്ലെങ്കിൽ ദിവസത്തേക്ക് ഇനി സാധനങ്ങൾ വാങ്ങില്ല എന്ന് ഉറപ്പിക്കുക. അപ്പോൾ നമ്മുടെ കയ്യിലുള്ള എല്ലാ സാധനങ്ങളും നാം പാഴാക്കാതെ ഉപയോ​ഗിക്കും. അനാവശ്യമായ വസ്തുക്കൾ ഉപയോ​ഗിക്കുന്നത് കുറയുകയും ചെയ്യും.

വീടുകൾ പണിയുന്നത് മുതൽ പല കാര്യങ്ങളിലും ആളുകൾ ഇന്ന് മിനിമലിസം പരിശീലിച്ചു വരുന്നുണ്ട്. തിരക്ക് പിടിച്ച ജീവിതം, സ്ക്രീനിൽ കുടുങ്ങിക്കിടക്കുന്ന നേരങ്ങൾ. ഇതൊക്കെ ആളുകൾക്ക് മടുപ്പും തളർച്ചയുമുണ്ടാക്കുന്നുണ്ട്. ആഡംബരത്തിന്റെയും അനാവശ്യപരസ്യങ്ങളുടെയും പിന്നാലെ പോകാതെ അനാവശ്യമായ സമ്മർദ്ദങ്ങളും ചെലവുകളും കുറയ്ക്കാനും അതുവഴി അവരവരുടെ മാനസികമായ സന്തോഷം കണ്ടെത്താനും മിനിമലിസം നല്ലൊരു വഴി തന്നെ.

PREV
Read more Articles on
click me!

Recommended Stories

നിയാണ്ടർത്താലുകൾ നരഭോജികൾ? സ്ത്രീകളെയും കുട്ടികളെയും ഭക്ഷണമാക്കിയിരിക്കാമെന്ന് ​ഗവേഷകർ
പ്രണയിക്കാൻ തൊട്ടടുത്തുള്ള ആളുകളെ മതി, അതാണ് എളുപ്പം, സൗകര്യവും; എന്താണ് ഡേറ്റിം​ഗിലെ ഈ 'സിപ് കോഡിം​ഗ്' ട്രെൻഡ്