
പുതിയ അധ്യയന വര്‍ഷം മക്കളെ എവിടെ ചേര്‍ക്കണമെന്ന് ആധിയിലാണ് പല മാതാപിതാക്കളും. സ്കൂളുകളിലെ അമിത ഫീസാണ് പ്രശ്നം. എന്നാല്‍, ലോകത്തില്‍ ഏറ്റവും കുടുതല്‍ ഫീസ് വാങ്ങുന്ന ഏറ്റവും ചെലവേറിയ സ്കൂള്‍ ഏതാണെന്ന് അറിയാമോ? ആഡംബരത്തിന്‍റെ കാര്യത്തിൽ മാത്രമല്ല, പാഠ്യവിഷയങ്ങളിലും ലോകത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന സ്കൂൾ. ലോകത്തിലെ ഏറ്റവും ചെലവേറിയ സ്കൂളുകൾ ആധിപത്യം പുലർത്തുന്ന ആ രാജ്യം സ്വിറ്റ്സർലൻഡാണ്. ദി സ്പിയേഴ്സ് ലിസ്റ്റ് അനുസരിച്ച്, ആറ് അക്ക ഫീസുള്ള ആറ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്വിറ്റ്സർലാൻഡിലുണ്ട്. എന്നാൽ അവയിൽ ഏറ്റവും ചെലവേറിയ വിദ്യാഭ്യാസ സ്ഥാപനം റോസൻബർഗ് ഇൻസ്റ്റിറ്റ്യൂട്ട് (Institut auf dem Rosenberg) ആണ്.
സ്വിറ്റ്സർലൻഡിലെ സെന്‍റ് ഗാലനിൽ കോൺസ്റ്റൻസ് തടാകത്തിന് സമീപത്താണ് ഈ ആഡംബര ബോർഡിങ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ പഠനത്തിനും മറ്റു ചെലവുകൾക്കുമായി പ്രതിവർഷം ഈടാക്കുന്നത് 176,000 ഡോളറാണ്. അതായത് ഇന്ത്യൻ രൂപയിൽ ഒന്നരക്കോടിയിൽ അധികം. 1889 -ൽ സ്ഥാപിതമായ റോസൻബെർഗ് സ്വിറ്റ്സർലൻഡിലെ ഏറ്റവും പഴക്കമേറിയതും സവിശേഷവുമായ സ്കൂളുകളിൽ ഒന്നാണ്. 60 വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്. എന്നാൽ വെറും 250 വിദ്യാർത്ഥികൾ മാത്രമാണ് ഈ വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിക്കുന്നത്.
Read More: കൊടുംകാട്ടില്‍ 18 -കാരന്‍ ഒറ്റപ്പെട്ടത് 10 ദിവസം; ജീവൻ നിലനിർത്തിയത് ടൂത്ത് പേസ്റ്റ് കഴിച്ചെന്ന്
നയതന്ത്രജ്ഞർ, ലോക നേതാക്കൾ, നൊബേൽ സമ്മാന ജേതാക്കൾ, വ്യവസായ പ്രമുഖർ എന്നിവർക്ക് വിദ്യാഭ്യാസം നൽകിയതിന്‍റെ നീണ്ട ചരിത്രമാണ് റോസൻബർഗിനുള്ളത്. 25 ഹെക്ടർ സ്ഥലത്താണ് ഈ ക്യാമ്പസ് വ്യാപിച്ചു കിടക്കുന്നത് അതിൽ വിദ്യാർത്ഥികൾക്കായുള്ള ആഡംബരം താമസസ്ഥലങ്ങൾ, അത്യാധുനിക പഠന ഇടങ്ങൾ, വിദ്യാർത്ഥികൾ എഞ്ചിനീയറിംഗും മറ്റ് വിഷയങ്ങളും പഠിക്കുന്ന SAGA ഹാബിറ്റാറ്റ് (ബഹിരാകാശയാത്രികരെ പരിശീലിപ്പിക്കുന്നതിനായി രൂപകല്പന ചെയ്ത ഒരു സിമുലേറ്റഡ് ലിവിംഗ് പരിതസ്ഥിതി), ഇടിഎച്ച് സൂറിച്ച് ഹരിതഗൃഹം എന്നിവ പോലുള്ള അതുല്യ സൗകര്യങ്ങളും ഉൾപ്പെടുന്നു.
അക്കാദമിക്, കല, കായികം, സംരംഭകത്വം എന്നിങ്ങനെ ഓരോ വിദ്യാർത്ഥിയുടെയും കഴിവുകൾക്കനുസൃതമായി, വളരെ വ്യക്തിഗതമാക്കിയ ഒരു പാഠ്യപദ്ധതിയാണ് സ്കൂൾ വാഗ്ദാനം ചെയ്യുന്നത്. വിദ്യാർത്ഥികളുടെ സ്വഭാവ വികസനം, സമഗ്രത, സാമൂഹിക ഉത്തരവാദിത്തം എന്നിവയ്ക്ക് സ്കൂൾ ശക്തമായ ഊന്നൽ നൽകുന്നു, പ്രീമിയം സ്വിറ്റ്‌സർലൻഡ്, 2024-ൽ, റോസൻബെർഗിനെ ലോകത്തിലെ ഏറ്റവും മികച്ച ബോർഡിംഗ് സ്‌കൂളായി തെരഞ്ഞെടുത്തിരുന്നു, 1944 മുതൽ ഗേഡ്‌മാൻ കുടുംബമാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെം റോസൻബെർഗിനെ നയിക്കുന്നത്. ഗേഡ്‌മാൻ കുടുംബത്തിലെ നാലാം തലമുറയിൽപ്പെട്ട ബെർൺഹാർഡ് ഗാഡെമാനാണ് നിലവിലെ സ്കൂളിന്‍റെ ഹെഡ്മാസ്റ്ററും ഉടമയും. 1889 -ൽ അൾറിച്ച് ഷ്മിത്ത് സ്ഥാപിച്ച ഈ വിദ്യാലയം യഥാർത്ഥത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഡോ. ഷ്മിത്ത് എന്നാണ് അറിയപ്പെട്ടിരുന്നത്. 1924 -ൽ ഷ്മിത്തിന്‍റെ മരണശേഷം ഗാഡ്മാൻ കുടുംബം വിദ്യാലയം ഏറ്റെടുക്കുകയായിരുന്നു.
Read More: മുലയൂട്ടല്‍ അവധിക്ക് മുലയൂട്ടിയതിന്‍റെ തെളിവ് കാണിക്കണം; കമ്പനിയുടെ വിചിത്രമായ നിയമത്തിനെതിരെ കോടതി