ഭൂമി തകര്‍ച്ചയുടെ വക്കിലായിട്ടും സര്‍ക്കാറുകള്‍ക്ക്  നിസ്സംഗത; ഞെട്ടിക്കുന്ന പഠനവുമായി 14,000 ശാസ്ത്രജ്ഞര്‍

By Web TeamFirst Published Jul 29, 2021, 1:23 PM IST
Highlights

2019-ല്‍ 153 രാജ്യങ്ങളിലെ 11000 ശാസ്ത്രജ്ഞര്‍ ഒത്തുചേര്‍ന്ന് ലോകത്ത് കാലാവസ്ഥാ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. അതിനു തുടര്‍ച്ചയായാണ്, അന്ന് ആ ഇടപെടലിന് നേതൃത്വം നല്‍കിയ ഓറിഗാണ്‍ സ്‌റ്റേറ്റ് യൂനിവേഴ്‌സിറ്റിയിലെ ശാസ്ത്രജഞായ വില്യം ജെ റിപ്പിള്‍, ക്രിസ്റ്റഫര്‍ വോള്‍ഫ് എന്നിവരുടെ നേതൃത്വത്തിലാണ് കൂടുതല്‍ ശാസ്ത്രജ്ഞര്‍ ഒത്തുചേര്‍ന്ന് അതീവഗുരുതരമായ സാഹചര്യം ലോകത്തെ അറിയിച്ചത്.

''ഇനിയും കാത്തിരിക്കാന്‍ സമയമില്ല; ഭൂമി നാശത്തിന്റെ മുനമ്പിലാണ്, ലോകരാജ്യങ്ങള്‍ അടിയന്തിരമായി ഇടപെട്ടില്ലെങ്കില്‍, ലോകം നശിക്കും...''

2019-ല്‍ 153 രാജ്യങ്ങളിലെ 11000 ശാസ്ത്രജ്ഞര്‍ ഒത്തുചേര്‍ന്ന് ലോകത്ത് കാലാവസ്ഥാ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. അതിനു തുടര്‍ച്ചയായാണ്, അന്ന് ആ ഇടപെടലിന് നേതൃത്വം നല്‍കിയ ഓറിഗാണ്‍ സ്‌റ്റേറ്റ് യൂനിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞനായ വില്യം ജെ റിപ്പിള്‍, ക്രിസ്റ്റഫര്‍ വോള്‍ഫ് എന്നിവരുടെ നേതൃത്വത്തിലാണ് കൂടുതല്‍ ശാസ്ത്രജ്ഞര്‍ ഒത്തുചേര്‍ന്ന് അതീവഗുരുതരമായ സാഹചര്യം ലോകത്തെ അറിയിച്ചത്. 2019-ല്‍ മുന്നറിയിപ്പ് നല്‍കിയ മേഖലകളില്‍ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് പരിശോധിക്കുന്ന റിപ്പോര്‍ട്ടും ഇക്കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ബയോ സയന്‍സ് ജേണലില്‍ അവര്‍ പ്രസിദ്ധീകരിച്ചു. മിക്ക മേഖലകളിലും അവസ്ഥ കൂടുതല്‍ ഭീകരമായതായി പഠനം വ്യക്തമാക്കുന്നു. അടിക്കടി സംഭവിക്കുന്ന മിന്നല്‍ പ്രളയവും, ഉഷ്ണതരംഗങ്ങളും, വരള്‍ച്ചയും എല്ലാം ഉയര്‍ന്നു വരുന്ന കാലാവസ്ഥാപ്രതിസന്ധിയുടെ ഗുരുതരമായ സൂചനകള്‍ മാത്രമാണ്.  ഭൂമിയെ അമിതമായി ചൂഷണം ചെയ്യുന്നതാണ് ഇതിന്റെ പ്രധാന കാരണമെന്നും,  അത് തടയുന്നതില്‍ സര്‍ക്കാരുകള്‍ നിരന്തരം പരാജയപ്പെടുന്നുവെന്നും ഗവേഷകര്‍ വിലയിരുത്തി. 

ഭൂമി ഇനിയെത്രകാലം ഇതുപോലെ തുടരുമെന്ന് തീരുമാനിക്കുന്ന 31 ലക്ഷണങ്ങള്‍ ശാസ്ത്രജ്ഞര്‍ പരിശോധനയ്ക്ക് വിധേയമാക്കി. അവയില്‍ 18 എണ്ണവും ശരാശരിയേക്കാള്‍ വളരെ ഉയര്‍ന്നതോ, താഴ്ന്നതോ ആണെന്ന് അവര്‍ കണ്ടെത്തി. ഹരിതഗൃഹ വാതക ഉദ്വമനം, ഹിമാനിയുടെ കനം, കടല്‍-ഹിമത്തിന്റെ വ്യാപ്തി, വനനശീകരണം എന്നിവയുടെ തോതുകള്‍ ശാസ്ത്രജ്ഞര്‍ വിലയിരുത്തി. 

ഇതിന് ശാസ്ത്രസമൂഹം മുന്നോട്ടുവെക്കുന്ന ഉദാഹരണങ്ങള്‍ കാണുക:

കൊവിഡ് മഹാമാരിയെ തുടര്‍ന്നുള്ള നിയന്ത്രണങ്ങളാല്‍ ലോകമെങ്ങും മലിനീകരണത്തിന്റെ അളവ് കുറഞ്ഞിരുന്നു.  എന്നാല്‍, അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്‌സൈഡിന്റെയും, മീഥെയ്‌നിന്റെയും അളവ് 2021 -ല്‍ എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തി. ഗ്രീന്‍ലാന്‍ഡിലും അന്റാര്‍ട്ടിക്കയിലും ഹിമത്തിന്റെ അളവ് വലിയ രീതിയില്‍ കുറഞ്ഞു. 15 വര്‍ഷം മുമ്പ് ഉണ്ടായതിനേക്കാള്‍ 31 ശതമാനം വേഗത്തിലാണ് ഹിമാനികള്‍ ഉരുകുന്നത്.  2019 മുതല്‍ റെക്കോര്‍ഡ് വേഗത്തിലാണ് സമുദ്രം ചൂടുപിടിക്കുന്നതും, ആഗോള സമുദ്രനിരപ്പുയരുന്നതും. ബ്രസീലിലെ ആമസോണ്‍ മഴക്കാടുകള്‍ ഇല്ലാതാകുന്നതിന്റെ തോത് 2020 -ല്‍ 12 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയിരുന്നു. 

പ്രകൃതിയില്‍ കണ്ടു വരുന്ന ഈ മാറ്റങ്ങള്‍ വിനാശകരമാണ്. അത് മനുഷ്യന്റെ ഉപജീവനമാര്‍ഗ്ഗത്തിന് മാത്രമല്ല, ജീവനു വരെ ഭീഷണിയാണ്. ഇതിന് പരിഹാരമായി ചില കാര്യങ്ങള്‍ അടിയന്തിരമായി നടപ്പാക്കാന്‍ ശാസ്ത്രജ്ഞര്‍ ലോകമെങ്ങൂമുള്ള ഭരണകൂടങ്ങളോട് നിര്‍ദ്ദേശിക്കുന്നു: ഫോസില്‍ ഇന്ധനങ്ങള്‍ ഇല്ലാതാക്കുക, മലിനീകരണം കുറയ്ക്കുക, പരിസ്ഥിതി വ്യവസ്ഥകള്‍ പുനഃ സ്ഥാപിക്കുക, സസ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ഭക്ഷണരീതികളിലേക്ക് മാറുക, ജനസംഖ്യ സ്ഥിരപ്പെടുത്തുക തുടങ്ങിയവയാണ് നിര്‍ദ്ദേശങ്ങള്‍. 

ഈ വിഷയത്തില്‍ അവബോധം സൃഷ്ടിക്കുന്നതിനായി കാലാവസ്ഥാ വ്യതിയാനം ആഗോളതലത്തില്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. 

ഈ സാഹചര്യം തുടര്‍ന്നാല്‍ താമസിയാതെ ഭൂമി വാസയോഗ്യമല്ലാതാകുമെന്ന് ശാസ്ത്രജ്ഞര്‍ ഭയം പ്രകടിപ്പിക്കുന്നു. 2019- ലും സമാനമായ മുന്നറിയിപ്പ് ശാസ്ത്ര സമൂഹം മുന്നോട്ടുവെച്ചിരുന്നു. അതിനുപിന്നാലെയാണ്, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കം, കാട്ടുതീ, ചുഴലിക്കാറ്റുകള്‍ പോലുള്ള ദുരന്തങ്ങള്‍ ക്രമാതീതമായി വര്‍ദ്ധിച്ചത്.  

click me!