
ഓരോരോ രാജ്യത്തും അവരവരുടെതായ വ്യത്യസ്തങ്ങളായ നിയമങ്ങൾ നിലവിലുണ്ട്. അവയിൽ പലതും ചിലപ്പോൾ നമുക്ക് വിചിത്രമായി തോന്നിയേക്കാം. അത്തരത്തിൽ ഏറെ വിചിത്രമായ ഒരു നിയമം നിലവിലുള്ള ഒരു പട്ടണമുണ്ട് സ്പെയിനിൽ, ലഞ്ചാരൺ. ഈ പട്ടണത്തിലെ നിയമപ്രകാരം ഇവിടെവെച്ച് ആരെങ്കിലും മരിക്കുന്നത് നിയമവിരുദ്ധമാണ്.
സ്പെയിനിലെ ഗ്രാനഡയിലാണ് ലഞ്ചാരൺ എന്ന പട്ടണം സ്ഥിതി ചെയ്യുന്നത്. 1999 -ൽ അന്നത്തെ മേയർ ജോസ് റൂബിയോയുടെ ഒരു ഉത്തരവ് പ്രകാരം ഈ പട്ടണത്തിൽ മരിക്കുന്നത് നിയമവിരുദ്ധമാണ്. പുതിയ ശവസംസ്കാരങ്ങൾക്ക് സ്ഥലമില്ലാതെ ഇവിടുത്തെ സെമിത്തേരി നിറഞ്ഞതോടെയാണ് ഇത്തരത്തിൽ ഒരു വിചിത്രമായ നിയമം ഇവിടെ നടപ്പിലാക്കിയത്.
നിയമം നടപ്പിലാക്കിക്കൊണ്ട് ആ സമയത്ത്, റൂബിയോ പറഞ്ഞത്, 'ഞാൻ ഒരു മേയർ മാത്രമാണ്. എനിക്ക് മുകളിൽ ദൈവമുണ്ട്, ആത്യന്തികമായി കാര്യങ്ങൾ നിയന്ത്രിക്കുന്നവൻ അവനാണ്. എല്ലാവരും ശാസനയെ അത് പാലിക്കാനുള്ള ആഗ്രഹത്തോടെ സ്വീകരിച്ചാലും' എന്നാണ്. മേയറുടെ തീരുമാനം താമസക്കാർ സ്വീകരിച്ചു. ഇരുപത്തിയാറ് വർഷങ്ങൾക്ക് ശേഷവും ലഞ്ചരോണിന് ഇപ്പോഴും ഒരു ശ്മശാനം മാത്രമേയുള്ളൂ.
വിചിത്രമായ നിയമം മാറ്റിനിർത്തിയാൽ, ഏകദേശം 4,000 നിവാസികളുള്ള ഒരു സാധാരണ പട്ടണമാണ് ലഞ്ചാരോൺ. ധാതുസമ്പന്നമായ നീരുറവകൾക്ക് പേരുകേട്ട ഇടമാണ് ഇവിടം. ബാഴ്‌സലോണ, മജോർക്ക പോലുള്ള സ്പെയിനിലെ തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് പകരമായി ഒരു ബദൽ തിരയുന്നവരുടെ ഇഷ്ട വിനോദസഞ്ചാരകേന്ദ്രമായി കൊണ്ടിരിക്കുകയാണ് ഈ പട്ടണം ഇപ്പോൾ.
നോർവേയിലെ ലോങ്‌യിയർബൈനിലും ലാഞ്ചരണിന് സമാനമായി മരണം പാടില്ല എന്നൊരു നിയമം നിലവിലുണ്ട്.1950 മുതലാണ് ഈ നിയമം ഇവിടെ നിലവിൽ വന്നത്. ഇവിടുത്തെ കാലാവസ്ഥയിൽ കുഴിച്ചിട്ട മൃതദേഹങ്ങൾ അഴുകുന്നില്ലെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയതിനെ തുടർന്നാണ് ഇത്. 1917 -ലെ ഇൻഫ്ലുവൻസ വൈറസിന്റെ ജീവനുള്ള സാമ്പിളുകൾ പോലും കുഴിച്ചിട്ട മൃതദേഹങ്ങളിൽ നിന്ന് വീണ്ടെടുത്തു. രോഗവ്യാപനത്തെക്കുറിച്ചുള്ള ആശങ്കകൾ കാരണം, പുതിയ ശവസംസ്കാരങ്ങൾ ഇവിടെ നടത്താൻ പാടില്ല എന്ന് അധികാരികൾ തീരുമാനിക്കുകയായിരുന്നു.