
ഇന്ന് നവംബർ ഒന്ന്, കേരളപ്പിറവി. മലയാളമാണ് നമ്മുടെ ഭാഷ. മാതൃഭാഷയെന്നാൽ വെറുമൊരു ഭാഷ മാത്രമല്ല. നമ്മുടെ സംസ്കാരമാണ്, നമ്മുടെ മുൻതലമുറകളേയും അവരുടെ ജീവിതവും അറിയുകയെന്നത് കൂടിയാണ്. പക്ഷേ, മലയാളം വേണ്ടത്ര അറിയാത്ത എത്രയോ മലയാളിക്കുട്ടികൾ കേരളത്തിൽ വളരുന്നുണ്ടാവും. അതൊട്ടും അഭിമാനകരമല്ല എന്ന തോന്നലുണ്ടോ? ആ തോന്നലിന് പിന്നാലെ ഒരു പതിറ്റാണ്ടുമുമ്പ് പിറവികൊണ്ട ഒരു വിദ്യാലയമുണ്ട് നമ്മുടെ തലസ്ഥാനത്ത്. അതാണ് മലയാളം പള്ളിക്കൂടം. വെറുതെ മലയാളം പഠിപ്പിക്കുകയല്ല ഈ പള്ളിക്കൂടം, മറിച്ച് സ്വന്തം വേരുകളിലേക്ക് കുട്ടികളെ കൈപിടിച്ചുനടത്തുക കൂടിയാണ്.
മലയാളം പള്ളിക്കൂടത്തിന്റെ പിറവി
2014 -ലെ ചിങ്ങമാസം ഒന്നാം തീയതിയാണ് മലയാളം പള്ളിക്കൂടം തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിച്ചത്. ആ പിറവിക്ക് പിന്നിലുമുണ്ടൊരു കഥ. ഗോപി നാരായണനും, ഡോ. ജെസി നാരായണനുമാണ് 'മലയാളം പള്ളിക്കൂടം' എന്ന ഈ ആശയത്തിന് പിന്നിൽ. വളരെ യാദൃച്ഛികമായിട്ടായിരുന്നു പള്ളിക്കൂടത്തിന്റെ പിറവി. അന്ന് ഗോപി നാരായണന്റെയും ജെസി നാരായണന്റെയും മകൾ ആർച്ച അന്ന് സിബിഎസ്ഇ സ്കൂളിൽ പ്ലസ് വണ്ണിൽ പഠിക്കുകയാണ്. ആർച്ചയുടെ ക്ലാസുകൾ അന്ന് നേരത്തെ തന്നെ കഴിഞ്ഞു. സ്കൂൾ കുട്ടികളിൽ പലരും വൈകീട്ട് മാത്രം പുറപ്പെടുന്ന സ്കൂൾ ബസ് കാത്തുനിൽക്കാതെ മറ്റ് ബസുകൾ കയറി വീട്ടിലേക്ക് പോകാനൊരുങ്ങി. എന്നാൽ, അക്കൂട്ടത്തിൽ ചിലർ ഓടിനടന്ന് പലരോടും ഈ ബസ് എങ്ങോട്ടാ എന്നൊക്കെ ചോദിക്കുന്നുണ്ട്. അവർക്ക് ബോർഡ് വായിച്ചുനോക്കിക്കൂടേ എന്നായിരുന്നു ഇതുകണ്ട ആർച്ചയുടെ സംശയം. പക്ഷേ, സത്യം പറഞ്ഞാൽ അതിൽ പല കുട്ടികൾക്കും മലയാളം അറിയില്ലായിരുന്നു!
വീട്ടിലെത്തിയ ആർച്ച അച്ഛനോടും അമ്മയോടും ഇക്കാര്യം പറഞ്ഞു. ഒപ്പം ഒരാവശ്യവും ഉന്നയിച്ചു. ഇങ്ങനെയുള്ള കുട്ടികൾക്ക് മലയാളം പഠിക്കാനുള്ള വഴി കണ്ടെത്തണം. അതായിരുന്നു മലയാളം പള്ളിക്കൂടത്തിനുള്ള വഴി വെട്ടിയത്. വീടിന്റെ കോലായിൽ വച്ചായിരുന്നു ആദ്യത്തെ ക്ലാസുകൾ. ഞായറാഴ്ച ദിവസങ്ങളിൽ പ്രത്യേകം ഫീസൊന്നും വാങ്ങാതെ ആർച്ചയുടെ കൂട്ടുകാരെ പഠിപ്പിക്കും. എന്നാൽ, പിന്നീട് അത് മലയാളം പള്ളിക്കൂടമായി മാറി. അന്ന് പാളയം ഓര്‍ത്തഡോക്‌സ് സ്റ്റുഡന്റ്‌സ് സെന്ററില്‍ വച്ച് അടൂര്‍ ഗോപാലകൃഷ്ണനായിരുന്നു പള്ളിക്കൂടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
ഡോ. ജെസ്സിയുടെ സ്വർണം പണയം വച്ചായിരുന്നു തുടക്കകാലത്തെ പ്രവർത്തനം. തൈക്കാട് ഗവ. മോഡല്‍ എല്‍. പി സ്‌കൂള്‍ ക്ലാസുകൾ നടത്താനായി അനുവദിച്ചു കിട്ടി. കവി വി. മധുസൂദനൻ നായരായിരുന്നു സ്ഥാപക അധ്യക്ഷൻ. ആ സ്ഥാനത്ത് നീണ്ട പത്തു വർഷങ്ങൾ അദ്ദേഹം തുടർന്നു.
എം. ടി, സുഗതകുമാരി ടീച്ചർ തുടങ്ങിയവരുടെയെല്ലാം സാന്നിധ്യം കൊണ്ട് സ്കൂൾ അനുഗ്രഹീതമായി. വിഷ്ണുനാരായണൻ നമ്പൂതിരി, ഡോ. ഡി. ബാബു പോൾ, പ്രഭാവർമ്മ, പെരുമ്പടവം, കാനായി കുഞ്ഞിരാമൻ, ഡോ. അച്ചുശങ്കർ, ആർട്ടിസ്റ്റ് നമ്പൂതിരി തുടങ്ങിയവരെല്ലാം പള്ളിക്കൂടത്തിന്റെ ഉപദേശക സമിതി അംഗങ്ങളായി. 90 വയസുകഴിഞ്ഞ, മലയാളത്തെക്കുറിച്ച് ഏറെ പുസ്തകങ്ങൾ രചിച്ച വട്ടപറമ്പിൽ പീതാംബരൻ സാർ കുട്ടികൾക്ക് അധ്യാപകനും അപ്പൂപ്പനുമായി ഏറെ കാലമായി പള്ളിക്കൂടത്തിനൊപ്പം നടക്കുന്നു. ഇങ്ങനെ പലരുടെയും സഹകരണത്തിലും സാന്നിധ്യത്തിലും 11 വർഷത്തിനിടെ ഒരുപാട് സഞ്ചരിച്ചു പള്ളിക്കൂടം.
‘എന്റെ ഭാഷ എന്റെ വീടാണ്...’
'മലയാളമാണ് എന്റെ ഭാഷ.
എന്റെ ഭാഷ എന്റെ വീടാണ്
എന്റെ ആകാശമാണ്
ഞാന്‍ കാണുന്ന നക്ഷത്രമാണ്
എന്നെ തഴുകുന്ന കാറ്റാണ്
എന്റെ ദാഹം ശമിപ്പിക്കുന്ന കുളിര്‍വെളളമാണ്
എന്റെ അമ്മയുടെ തലോടലും ശാസനയുമാണ്
ഏതു നാട്ടിലെത്തിയാലും ഞാന്‍ സ്വപ്നം കാണുന്നത്
എന്റെ ഭാഷയിലാണ്
എന്റെ ഭാഷ ഞാന്‍ തന്നെയാണ്'
മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ എം. ടി വാസുദേവൻ നായരുടെ വരികളാണ്. ആദ്യമായി അദ്ദേഹം മലയാളം പള്ളിക്കൂടത്തിലെത്തുന്നത് കവിയായ മധുസൂദനൻ നായർക്കൊപ്പമാണ്. അന്ന് മലയാളം പള്ളിക്കൂടത്തിനായി എം. ടി എഴുതിയ വരികളാണ് 'എന്റെ ഭാഷ എന്റെ വീടാണ്, എന്റെ ആകാശമാണ്' എന്ന് തുടങ്ങുന്നത്. മാതൃഭാഷയെന്നാൽ ഓരോ മനുഷ്യനും എത്രമാത്രം പ്രധാനപ്പെട്ടതും പ്രിയപ്പെട്ടതുമാണ് എന്നതിന് അടിവരയിടുന്ന ഈ വാക്കുകളുമായി ഗോപി നാരായണനും ഡോ. ജെസിയും സർക്കാരിനെ സമീപിക്കുന്നു. ഈ വരികൾ നമ്മുടെ സംസ്ഥാനത്തിന്റെ ഭാഷാ പ്രതിജ്ഞയാക്കണം എന്നഭ്യർത്ഥിച്ച് നിവേദനം നൽകുന്നു. അങ്ങനെയാണ്, 2018 ഫെബ്രുവരി 16 -ന് എം.ടിയുടെ ഈ വരികൾ ഭാഷാപ്രതിജ്ഞയാക്കിക്കൊണ്ടുള്ള കേരള സര്‍ക്കാരിന്റെ ഉത്തരവ് നിലവിൽ വരുന്നത്.
പഠിക്കുന്നത് മലയാളമല്ല, മലയാളത്തെ
ഏത് ഭാഷ വേണമെങ്കിലും നമുക്ക് എഴുതാനും വായിക്കാനും പഠിക്കാം. അതിന് കുറച്ച് പരിശ്രമിച്ചാൽ മതിയാവും. എന്നാൽ, നമ്മുടെ മാതൃഭാഷയെ അറിയുകയെന്നാൽ നമ്മുടെ സംസ്കാരവും, ചരിത്രവും, നാം ചവിട്ടി നടന്ന വഴികളും കൂടി അറിയുകയെന്നാണ്. അതാണ് മലയാളം പള്ളിക്കൂടം പഠിപ്പിക്കുന്നതും. വെറുതെ ഒരു ക്ലാസ് മുറിയിലിരുന്ന് അക്ഷരങ്ങൾ പഠിപ്പിക്കുന്നതിനും അപ്പുറത്തേക്ക് മണലിൽ എഴുതി അക്ഷരം പഠിപ്പിക്കുന്ന രീതി മുതൽ പാടത്തും പറമ്പിലും, ചരിത്രമുറങ്ങുന്ന മണ്ണിലും നടന്ന് നമ്മെത്തന്നെ അറിയുന്ന രീതികളും മലയാളം പള്ളിക്കൂടം പിന്തുടരുന്നു. ഇതിനൊപ്പം വിവിധ കളികളും പഠനയാത്രകളും വ്യത്യസ്തമായ പരിപാടികളും കൂടിച്ചേരലുകളും പള്ളിക്കൂടമൊരുക്കുന്നുണ്ട്.
12 വർഷങ്ങൾക്ക് മുമ്പ് വളരെ വലിയൊരു ദൗത്യമാണ് മലയാളം പള്ളിക്കൂടം ഏറ്റെടുത്തത് എന്ന കാര്യത്തിൽ സംശയമില്ല. നൂറുകണക്കിന് കുട്ടികളാണ് ഇക്കാലത്തിനിടയിൽ ഇവിടെ നിന്നും മലയാളത്തെയറിഞ്ഞത്. വലിയൊരു കൂട്ടായ്മയായി ഇന്നാ പള്ളിക്കൂടം മാറിയിരിക്കുന്നുവെന്നത് വിദ്യാലയത്തിനൊപ്പം നടക്കുന്നവർക്ക് മാത്രമല്ല കേരളത്തിനാകെയും അഭിമാനം തന്നെ.