
പല നാടുകളിലും പല കമ്മ്യൂണിറ്റികൾക്കിടയിലും തികച്ചും വ്യത്യസ്തമായ ചില രീതികളും സംസ്കാരവും ഉണ്ട് അല്ലേ? അതുപോലെ ചൈനയിലെ ഗോത്ര ന്യൂനപക്ഷങ്ങൾക്കിടയിൽ ശവസംസ്കാര ചടങ്ങിന്റെ ഭാഗമായി നടക്കുന്ന ഒരു ആചാരമാണ് 'ടൗ ഷു' അഥവാ 'പന്നിയെ മോഷ്ടിക്കൽ'. തമാശയും ശാരീരികാധ്വാനവും ഒക്കെ നിറഞ്ഞ ഈ ആചാരം പ്രിയപ്പെട്ടവരുടെ മരണം നൽകുന്ന വേദനകളിൽ നിന്നും മോചിതരാകാൻ സഹായിക്കും എന്നാണ് കരുതുന്നത്. ഏകദേശം 3.5 മില്ല്യൺ ജനസംഖ്യ വരുന്ന ബൗയേയ് ജനത, ചൈനയിലെ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട 56 ഗോത്ര വിഭാഗങ്ങളിൽ പത്താമത്തെ വലിയ വിഭാഗമാണ്.
'പന്നി മോഷണം'
മൊഗോങ് എന്ന ഗുരുവാണ് ശവസംസ്കാരവുമായി ബന്ധപ്പെട്ട ചടങ്ങുകൾക്ക് നേതൃത്വം നൽകുക. 'വഴി തുറക്കൽ' (Opening the Way) ചടങ്ങിന്റെ ഭാഗമാണ് ഈ 'പന്നിയെ മോഷ്ടിക്കൽ' (Stealing the Pig) എന്നറിയപ്പെടുന്ന ചടങ്ങും. മൊഗോങ് രാത്രി വൈകുവോളം മരിച്ച വ്യക്തിയെ കുറിച്ച് മന്ത്രോച്ചാരണങ്ങൾ പോലെ ഉറക്കെ പറയുന്നു. ഇത് അവസാനിക്കുമ്പോൾ, ഒരു ഡ്രമ്മിൽ ഒമ്പത് തവണ അടിക്കുകയും, മരിച്ച വ്യക്തിക്കായി ഒരു പ്രതീകാത്മക കടലാസ് വീട് നിർമ്മിക്കുകയും ചെയ്യുന്നു. അതിനെ 'ലിംഗ്ഫാൻ' എന്നാണ് വിളിക്കുന്നത്. അതിൽ ഒരു ദ്വാരവും ഉണ്ടാക്കും. ഇത് മരിച്ച വ്യക്തിയുടെ ആത്മാവിനെ സ്വർഗ്ഗത്തിലേക്ക് ഉയർത്താൻ അനുവദിക്കുന്നതിനെയാണ് പ്രതീകാത്മകമായി കാണിക്കുന്നത്.
എന്തായാലും, ഈ ചടങ്ങുകളെല്ലാം കഴിഞ്ഞാണ് 'പന്നിയെ മോഷ്ടിക്കേണ്ടുന്ന' ചടങ്ങ്. ഒരു ചെറിയ പന്നിയെ ഒരു ചാക്കിലാക്കി ഊരാൻ വളരെയേറെ പ്രയാസമുള്ള ഒരു കെട്ടിടും. ബലിപീഠത്തിന് മുകളിലുള്ള ഒരു ബീമിൽ, ഏകദേശം നാല് അടി ഉയരത്തിൽ പിന്നീട് ആ ചാക്ക് തൂക്കിയിടും. കുടുംബത്തിലെ മൂത്ത മരുമകനാണ് ആ കെട്ട് അഴിക്കേണ്ടത്. അത് അഴിച്ചെടുക്കാൻ പ്രയാസമാണ്. മരുമകൻ ഈ ഊരാക്കുടുക്ക് അഴിക്കാൻ ശ്രമിക്കുമ്പോൾ കുടുംബത്തിലെ സ്ത്രീകൾ തൂക്കിയിട്ടിരിക്കുന്ന ചാക്കിന്റെ അരികിൽ നിൽക്കും. അവരുടെ കൈകളിൽ മണ്ണ് പുരണ്ടിരിക്കും. അവർ മരുമകന്റെ മുഖത്ത് മണ്ണ് പുരട്ടുകയും കളിയായി അവനെ ഇടിക്കുകയോ അടിക്കുകയോ ഒക്കെ ചെയ്യുകയും ചെയ്യുന്നു. കയർ അഴിക്കുന്നത് വരെ ഇത് തുടരും.
ഇന്ന് ചില മരുമക്കൾ ആരും കാണാതെ കത്തി കയ്യിൽ ഒളിപ്പിച്ച് എളുപ്പത്തിൽ ചാക്കിന്റെ കെട്ടഴിച്ച് മാറ്റാറുണ്ട് എന്ന് പറയുന്നു. എന്തായാലും, ഏതൊക്കെ നാടുകളിൽ എന്തൊക്കെ ആചാരമാണ് അല്ലേ?