അടഞ്ഞു പോവുന്നു, നമ്മുടെ കുട്ടികള്‍!

By Web TeamFirst Published Jul 2, 2021, 3:26 PM IST
Highlights

സ്‌കൂളും പ്ലേസ്‌കൂളും ഒക്കെ അടഞ്ഞുപോയ കൊവിഡിന്റെ കാലത്ത് നിങ്ങളുടെ കുട്ടികള്‍ എങ്ങനെയാണ് കഴിയുന്നത്. ജ്യോതി കെ സി എഴുതുന്നു

സ്‌കൂളും പ്ലേസ്‌കൂളും ഒക്കെ അടഞ്ഞുപോയ കൊവിഡിന്റെ കാലത്ത് നിങ്ങളുടെ കുട്ടികള്‍ എങ്ങനെയാണ് കഴിയുന്നത്? അവരുടെ ലോകം കൂടുതല്‍ ഇടുങ്ങിപ്പോയോ? അതോ, ഇന്റര്‍നെറ്റിലൂടെ അവര്‍ കൂടുതലായി ലോകത്തെ അറിയുന്നുണ്ടോ? നിങ്ങളുടെ അനുഭവങ്ങള്‍ വിശദമായി എഴുതി ഞങ്ങള്‍ക്ക് അയക്കൂ. ഒപ്പം, കുട്ടികളുടെയും നിങ്ങളുടെയും ഫോട്ടോകളും വിലാസവും. സബ്ജക്ട് ലൈനില്‍ ലോക്ക്ഡൗണ്‍ കുട്ടികള്‍ എന്നെഴുതണം. വിലാസം: submissions@asianetnews.in

 

 

'അവന് വീട്ടിലുള്ള കളിക്കോപ്പുകള്‍, പാത്രങ്ങള്‍, ഡബ്ബകള്‍ എല്ലാം മടുത്തു. എന്റെ കൈയിലുള്ള പൊടികൈകളുടെ സ്റ്റോക്കും തീര്‍ന്നു, ഒറിഗാമിയുടെ ഫാന്റസി ലോകവും അവന് മതിയായി' 

മുംബൈയില്‍ ടീച്ചറായ മരുമോള് പറഞ്ഞതാണ്. ഫ്‌ളാറ്റില്‍ താമസിക്കുന്ന അവള്‍ കൊവിഡ് വന്നതോടെ പൂര്‍ണ്ണമായി അടഞ്ഞു, രണ്ടര വയസ്സുുള്ള കുഞ്ഞും.  പാര്‍ക്കിലൊന്ന് പോവാനോ, സമപ്രായക്കാരായ മറ്റു കുട്ടികളുമായി ഇടപെടാനോ അവന് അവസരങ്ങള്‍ കിട്ടുന്നില്ല. 

വടകര നിന്ന്, ഏഴു വയസ്സായ ദാക്ഷായണിയുടെ അമ്മയും പറയുന്നു:  'മോളുടെ സ്വഭാവം വല്ലാതെ മാറി. പെട്ടെന്ന് ദേഷ്യം വരുന്നു. സ്‌കൂളില്‍ പോവാനും ടീച്ചറുടെ അടുത്ത് നിന്ന് സ്റ്റാര്‍ വാങ്ങാനും, എല്ലാവരുടെ മുന്നിലും അംഗീകാരം കിട്ടാനുമൊക്കെ അവള്‍ക്ക് നല്ല ഇഷ്ടമായിരുന്നു'

കൊവിഡ് വന്നപ്പോള്‍ നമ്മുടെ കുട്ടികള്‍ ജീവിക്കുന്നത് എങ്ങനെയാണ്? ഈ രണ്ട് അമ്മമാരുടെയും അനുഭവങ്ങള്‍ സൂചിപ്പിക്കുന്നത് അതാണ്. ജനസംഖ്യയില്‍ നാലിലൊന്നോളം വരുന്ന, നമ്മുടെ കുട്ടികളില്‍ മിക്കവരുടെയും അവസ്ഥ ഇത് തന്നെയാവാനാണ് സാദ്ധ്യത. സ്‌കൂള്‍ അടച്ചിട്ടിട്ട് രണ്ട് വര്‍ഷമാവുന്നു. വീട്ടില്‍നിന്ന് പുറത്തിറങ്ങാനാവില്ല. രക്ഷിതാക്കള്‍ ജോലിക്കു പോയിക്കഴിഞ്ഞാല്‍, പലര്‍ക്കും ഒന്നും ചെയ്യാനില്ല. നാലു ചുവരുകള്‍ക്കുള്ളില്‍ പെട്ടുപോയ കുട്ടികളെ സമാശ്വസിപ്പിക്കാന്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കോ ഗൂഗിള്‍ മീറ്റുകള്‍ക്കോ കഴിയണമെന്നില്ല. 

ഞങ്ങളുടെ വീടിന് മുന്നിലെ, ഇടവഴികളും, കളിസ്ഥലങ്ങളുമൊക്കെ വിജനമായിട്ട് എത്ര നാളുകളായി. വൈകുന്നേരങ്ങളില്‍ സൈക്കിളുമെടുത്ത് ഓടിവരുന്ന കുട്ടികളും, അന്യോന്യം സൂചന നല്‍കുന്ന വിസിലടികളുമൊക്കെക്കൊണ്ട് മുഖരിതമായിരുന്നു അന്തരീക്ഷം. നമ്മളെ കടന്ന് പോവുമ്പോള്‍ അവര്‍ തരുന്ന ഒരു ചിരി, ഒരു കൈ വീശല്‍.

സാമൂഹ്യബോധത്തിലേക്കുള്ള കുട്ടികളുടെ ചെറിയ ചുവടുവെപ്പുകളാണത്. സ്വയവും സ്വന്തം ലോകത്തോടും എത്രമാത്രം സമാധാനപരമായി യോജിച്ചു പോവാന്‍ കഴിയുന്നു എന്നതിന്റെ ഉദാഹരണം. എന്നാല്‍ തെറ്റിപ്പോയൊരു താളത്തിലാണിപ്പോള്‍ കുഞ്ഞുങ്ങളുടെ ജീവിതം. ഈ കൊറോണക്കാലം നമുക്ക് നല്‍കിയ പല ദുരന്തങ്ങളിലൊന്ന്. 

 

 

പുസ്തകങ്ങള്‍ മാത്രമല്ല കുട്ടിയുടെ പഠനത്തിന്റെ വഴികള്‍. കളിയും പഠനത്തിന്റെ പ്രകൃതിദത്തമായ ഒരു മാര്‍ഗമാണ്. പുതിയ ആശയങ്ങളും, അനുഭവങ്ങളും, ആര്‍ജിക്കുന്നതിനും, നൈപുണികള്‍ വികസിപ്പിക്കുന്നതിനും കുട്ടികളെ പ്രാപ്തരാക്കുന്ന നല്ലൊരുപാധി. കൂട്ടം കൂടി, പാട്ടു പാടി, കഥ പറഞ്ഞ് മുതിര്‍ന്നവരുമായി സംസാരിച്ച് ഒരു സമ്പൂര്‍ണ മനുഷ്യനായിത്തീരേണ്ട ഒരു ദീര്‍ഘകാലപ്രക്രിയക്കാണ് ഇപ്പോള്‍ തടസ്സം നേരിട്ടിരിക്കുന്നത്. 

കേരളത്തിലെ നാടും നഗരവും ഒരേ മുഖച്ഛായ അണിയുന്നതിന് മുന്‍പ്, നമ്മുടെ ഗ്രാമങ്ങളിലെ കുട്ടികളുടെ ഒരു കൂട്ടായ്മയുടെ കരുത്ത് ഓര്‍ത്ത് നോക്കൂ. ഒറ്റയ്ക്കായിരുന്നില്ല, ഒന്നിച്ചായിരുന്നു ആ വളര്‍ച്ച. സാമൂഹ്യമായ അവബോധങ്ങളിലേക്ക് കുട്ടികള്‍ വന്നത് അങ്ങനെയായിരുന്നു. സൗഹൃദങ്ങളും, കൂട്ടായ്മകളും ഇല്ലാതാവുമ്പോഴുള്ള ഈ സംഘര്‍ഷം ഇപ്പോള്‍ ഇരട്ടിച്ചിരിക്കുകയാണ്. 

ഭക്ഷണത്തോട് തീരെ താല്‍പര്യമില്ലാത്ത കുട്ടിയെ പലതും പറഞ്ഞു പ്രലോഭിപ്പിച്ചു, മുഴുവന്‍ ഭക്ഷണവും കഴിപ്പിച്ചശേഷം, ടീച്ചറും കുട്ടികളും ചുറ്റും കൂടി നിന്ന് 'മിടുക്കന്‍, മുഴുവന്‍ ഭക്ഷണവും കഴിച്ചല്ലോ' എന്നൊക്കെ പറയുമ്പോള്‍ കുഞ്ഞിക്കൈ കൊണ്ട് ഷര്‍ട്ട് താഴ്ത്തി, ഇടത് കൈ കൊണ്ട് മൂക്ക് അമര്‍ത്തി തുടച്ചു ടീച്ചറെ സന്തോഷത്തോടെ നോക്കുന്ന ഒരു നോട്ടമുണ്ട്. ആ കണ്ണിലെ തിളക്കം നമ്മള്‍ മറ്റെവിടെയെങ്കിലും കണ്ടോ? പിറന്നാള്‍ ദിവസം പുതിയ ഉടുപ്പൊക്കെ ധരിച്ചു ഉത്സാഹത്തോടെ സ്‌കൂളിലേക്ക് വരുന്ന കുട്ടിയെ നോക്കി 'ഇതാര് രാജകുമാരിയോ' എന്ന് ചോദിച്ചാല്‍ രാജകുമാരി ആരെന്ന് അറിയുകപോലുമില്ലെങ്കിലും അവളുടെ മുഖത്തൊരു അഭിമാനത്തിന്റെ പുഞ്ചിരി വിടരും.  

ഈ അംഗീകാരം, സ്‌നേഹം, സുരക്ഷിതത്വം എന്നീ ഗുണങ്ങള്‍ കുട്ടികള്‍ പഠിക്കുന്നത് സ്‌കൂളില്‍ നിന്നാണ്. വിത്തിനുള്ളില്‍ ഒളിച്ചിരിക്കുന്ന ഇലകളും, ശാഖകളും കൃത്യമായി പുറത്ത് വരുന്നത് പോലെ കുട്ടിയുടെ ഉള്ളിലുള്ള നൈസര്‍ഗിക വാസനകളും കഴിവുകളും കൂട്ടം കൂടുകയും, ഒത്തുചേരുകയും ചെയ്യുന്നതിലൂടെയാണ് പുറത്ത് വരുന്നത്. കൂട്ടുകാരെ കാത്ത് നില്‍ക്കുന്നതിലൂടെ, അവന്‍ പോലുമറിയാതെ, സമയത്തെകുറിച്ചാണ് കുട്ടി മനസ്സിലാക്കുന്നത്. 

ഒരു കൂട്ടുകാരി ഈയിടെ പറഞ്ഞു, ഇപ്പോള്‍ ജീവിച്ചിരിക്കുക എന്നതാണ് പരമ പ്രധാനമെന്ന്. ശരിയാണ്. ഈ കെട്ട കാലവും കഴിഞ്ഞു പുറത്ത് വരുന്ന നമ്മുടെ ചെറിയ കുട്ടികള്‍ 'ആലിസ് ഇന്‍ വണ്ടര്‍ ലാന്‍ഡ്' എന്നത് പോലെയാവുമോ പുറം ലോകത്തെത്തുമ്പോള്‍? 

ഒരു വണ്ടിയുടെ ചക്രം തിരിച്ചാല്‍ മറ്റേ ചക്രവും തിരിയുന്നതിന്റെ കാരണം രണ്ട് ചക്രങ്ങളും തമ്മില്‍ ബന്ധിപ്പിച്ചത് കൊണ്ടാണെന്ന് മനസ്സിലാക്കാന്‍, കല്ലുകള്‍ വെള്ളത്തിലിട്ടാല്‍ താഴ്ന്നു പോകുന്നത് അതിന്റെ ഭാരം കൊണ്ടാണെന്ന് കണ്ടു മനസ്സിലാക്കാന്‍ ഇനി എപ്പോഴാണാവോ നമ്മുടെ കുട്ടികള്‍ക്ക് കഴിയുന്നത്? 

..........................................
പ്രിയവായനക്കാരെ, 

ഈ ലേഖനത്തോടുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്? 

സ്‌കൂളും പ്ലേസ്‌കൂളും ഒക്കെ അടഞ്ഞുപോയ കൊവിഡിന്റെ കാലത്ത് നിങ്ങളുടെ കുട്ടികള്‍ എങ്ങനെയാണ് കഴിയുന്നത്? അവരുടെ ലോകം കൂടുതല്‍ ഇടുങ്ങിപ്പോയോ? അതോ, ഇന്റര്‍നെറ്റിലൂടെ അവര്‍ കൂടുതലായി ലോകത്തെ അറിയുന്നുണ്ടോ? നിങ്ങളുടെ അനുഭവങ്ങള്‍ വിശദമായി എഴുതി ഞങ്ങള്‍ക്ക് അയക്കൂ. ഒപ്പം, കുട്ടികളുടെയും നിങ്ങളുടെയും ഫോട്ടോകളും വിലാസവും. സബ്ജക്ട് ലൈനില്‍ ലോക്ക്ഡൗണ്‍ കുട്ടികള്‍ എന്നെഴുതണം. വിലാസം: submissions@asianetnews.in

.........................

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

click me!