കാറ്റ്, ജലം, ദ്വീപ്

By Web TeamFirst Published May 5, 2021, 6:15 PM IST
Highlights

കെ വി പ്രവീണ്‍ എഴുതുന്നു: തടാകത്തിന് അഭിമുഖമായുളള കരകളിലെല്ലാം വെക്കേഷന്‍ വീടുകളുണ്ട്. നഗരങ്ങളില്‍ നിന്ന് വെളളത്തിന്റേയും സൂര്യാസ്തമയത്തിന്റേയും ആകര്‍ഷണത്തില്‍, ശബ്ദങ്ങളൊഴിഞ്ഞ വാരാന്ത്യങ്ങള്‍ക്കെത്തുന്നവര്‍ക്ക് വേണ്ടി കെട്ടിയിട്ടവ. ഞങ്ങള്‍ താമസിക്കാന്‍ എടുത്ത കാബിനോട് ചേര്‍ന്നു തന്നെയാണ് ഉടമസ്ഥന്റെയും വീട്.
 

വെളളത്തിലേക്ക് ചാഞ്ഞു കിടക്കുന്ന മരത്തലപ്പുകള്‍. പേരറിയാത്ത ചെടികളുടെ പടര്‍പ്പ്. അതിനുളളില്‍ നിന്ന് ഏതോ പക്ഷികളുടെ ചിലയ്ക്കല്‍. ദ്രവിച്ചു തുടങ്ങിയ ഡെക്കില്‍ ഉണങ്ങിയ ഇലകള്‍. മനുഷ്യവാസം നിറഞ്ഞ ലോകത്തില്‍ നിന്നും മറ്റേതോ ഇടത്ത് എത്തിയതു പോലെ.

 

 

തടാകം ശാന്തമാണെന്ന് തോന്നിച്ചു. തടാകം എന്നു കേള്‍ക്കുമ്പോള്‍ മനസ്സില്‍ വരാറുളളതു പോലെ പൂര്‍ണവൃത്താകൃതിയിലൊന്നുമല്ല കിടപ്പ്. ഇടതു വശത്തേക്ക് അല്പം മാറിയാല്‍ കരയായി. ഞങ്ങള്‍ നില്‍ക്കുന്ന ഡെക്കില്‍ നിന്ന് നേരെ നോക്കിയാല്‍ ഒരു പക്ഷെ, വിളിച്ചാല്‍ വിളി കേള്‍ക്കുന്ന ദൂരത്ത് മറുകരയിലെ കാബിനുകള്‍ കാണം. വലത്തോട്ട് പക്ഷെ വെള്ളം നീണ്ടു നീണ്ടു കിടക്കുന്നു. ദൂരെ ഒരു വളവു തിരിഞ്ഞ് അറ്റം കാണാനാവാത്ത വിധം അപ്രത്യക്ഷമാകുന്നു. 

തടാകത്തിന് അഭിമുഖമായുളള കരകളിലെല്ലാം വെക്കേഷന്‍ വീടുകളുണ്ട്. നഗരങ്ങളില്‍ നിന്ന് വെളളത്തിന്റേയും സൂര്യാസ്തമയത്തിന്റേയും ആകര്‍ഷണത്തില്‍, ശബ്ദങ്ങളൊഴിഞ്ഞ വാരാന്ത്യങ്ങള്‍ക്കെത്തുന്നവര്‍ക്ക് വേണ്ടി കെട്ടിയിട്ടവ. ഞങ്ങള്‍ താമസിക്കാന്‍ എടുത്ത കാബിനോട് ചേര്‍ന്നു തന്നെയാണ് ഉടമസ്ഥന്റെയും വീട്. ഈ സമ്മറില്‍ തിരക്ക് കൂടുതല്‍ ആണെന്ന് അയാള്‍ പറഞ്ഞു. പച്ചപ്പാണ് എല്ലായിടത്തും. ഞങ്ങളുടെ കാബിനു മുന്നില്‍, കുടുംബജീവിതത്തിന്റേയും സമൃദ്ധിയുടേയും പ്രതീകമായ, അസാലിയാസ് എന്ന് പേരുളള കടും പിങ്ക് നിറത്തിലുളള പൂവുകളുടെ ധാരാളിത്തം.
  
വീതി കൂടിയ ഒതുക്കു കല്ലുകള്‍ ചാടിയിറങ്ങി കുട്ടികള്‍ തയ്യാറായി വന്നു. ഓറഞ്ചും മഞ്ഞയും പച്ചയും നിറത്തിലുളള കയാക്കുകള്‍ കയറഴിച്ച് ഡെക്കിലൂടെ തളളിക്കൊണ്ടു വന്ന് വെള്ളത്തിലേക്കിറക്കുകയായി. നീന്തല്‍ ക്ലാസുകളില്‍ പഠിക്കുകയും സ്‌കൗട്ട് ക്യാമ്പുകളില്‍ പങ്കെടുക്കുകയും ചെയ്യുന്ന കുട്ടികള്‍ക്ക് വെളളത്തിലിറങ്ങാന്‍ മടിയും പേടിയും ഇല്ല. മുതിര്‍ന്നവര്‍ക്കാണ് ഭയം. അതുകൊണ്ടാവണം, ഞങ്ങള്‍ മുതിര്‍ന്നവര്‍ - വിനോദും ശ്രീജിത്തും ഞാനും -- കുട്ടികളെ സഹായിക്കാനും ലൈഫ് ജാക്കറ്റ് കൃത്യമായി ധരിച്ചെന്ന് ഉറപ്പു വരുത്താനും വേഗം അടുത്തേക്കു ചെന്നു. 

കുട്ടികള്‍ എന്നു വിളിക്കുന്നത് അവര്‍ക്ക് ഇഷ്ടമാവുകയില്ല. അവരില്‍ ഒരാള്‍ക്കെങ്കിലും പതിനാറായിട്ടുണ്ട്. ഇതിനു മുന്‍പ് എത്രയോ തവണ വന്നിട്ടുള്ളതു പോലെ, ചിരപരിചിതമായ ഒരു നാട്ടു വഴിയിലൂടെ നടക്കുന്നതു പോലെ കുട്ടികള്‍ ഓരോരുത്തരായി കയാക്ക് തുഴഞ്ഞ് കര വിട്ടു പോയി. രണ്ടു പേര്‍ക്കിരിക്കാവുന്ന കയാക്ക് ഒഴിവാക്കി എല്ലാവരും ഒറ്റയൊറ്റക്ക് തുഴയാവുന്നവയാണ് എടുത്തിരിക്കുന്നത്. 'അച്ഛാ, സീ യു' എന്നൊക്കെ വിളിച്ചു പറഞ്ഞ് കൂട്ടത്തില്‍ ചെറിയവരും. ഏതോ ദ്വീപില്‍ ജനിച്ചു വളര്‍ന്നതു പോലെയാണ് അവരുടെ ഭാവം. 

കുട്ടികള്‍ പോയി കുഴപ്പമൊന്നുമില്ലാ എന്നുറപ്പു വരുത്തിയിട്ട് മുതിര്‍ന്നവര്‍ക്ക് പോകാം! ഞങ്ങള്‍ ലൈഫ് ജാക്കറ്റ് തിരിച്ചും മറിച്ചും നോക്കിക്കൊണ്ട് പറഞ്ഞു. കുട്ടികള്‍ മറു കരയിലേക്ക് എത്താനുളള ഏറ്റവും ചെറിയ ദൂരം എന്ന മട്ടില്‍ നേരെ എതിര്‍വശത്തുള്ള കര ലക്ഷ്യമാക്കി തുഴഞ്ഞു. വെയില്‍ വെള്ളം നനഞ്ഞ് ഡെക്കിനെ ചൂടു പിടിപ്പിക്കാന്‍ തുടങ്ങി. ആരോ ഒരു കാന്‍ പതച്ചു കൊണ്ട് തുറന്നു. കുട്ടികളുടെ ശബ്ദം കാറ്റില്‍ മുറിഞ്ഞു കേട്ടു. പിന്നെ, അകന്നു പോയി. 

 

സെബാള്‍ഡ്

 

ഞാന്‍ ഡെക്കിലെ കസേരകളില്‍ ഒന്നില്‍ വെയിലും കൊണ്ട് ഇരുന്നു. ബാഗില്‍ നിന്ന് വായിക്കാന്‍ കൂടെ കരുതിയ പുസ്തകം എടുത്തു. സെബാള്‍ഡിന്റെ A place in the country. എന്തിനാണാവോ മുമ്പ് വായിച്ച ഈ പുസ്തകം തന്നെ എടുത്തു വച്ചത്? ഒരു പക്ഷെ നഗരങ്ങള്‍ വിട്ടുളള ഏതു യാത്രയിലും കൂടെ കരുതാവുന്ന പുസ്തകം? 

തനിക്ക് പ്രിയപ്പെട്ട അഞ്ച് എഴുത്തുകാരേയും ഒരു പെയിന്ററേയും കുറിച്ചുളള സെബാള്‍ഡിന്റെ വിചാരങ്ങളാണ് A place in the country. സ്ഥലം, ഓര്‍മ്മ, സര്‍ഗാത്മകത എന്നിവയെക്കുറിച്ചുളള പരസ്പര ബന്ധിതമായ ഉപന്യാസങ്ങളെന്ന് കവറില്‍. ആമുഖത്തില്‍ സെബാള്‍ഡ് എഴുത്തിനെ കുറിച്ചാണ് ചിന്തിക്കുന്നത്. 

എങ്ങിനെയാണ് ഒന്നൊഴിയാതെ ഈ എഴുത്തുകാര്‍, ഒരിറ്റ് ആനന്ദം പോലും ഊറ്റിയെടുക്കാനില്ലെന്ന് തിരിച്ചറിഞ്ഞിട്ടും എഴുത്തിന്റെ ചിലന്തി വലയില്‍ തന്നെ കുരുങ്ങിക്കിടന്നത്? 

അവസാന കാലത്ത് മാനസികാരോഗ്യ കേന്ദ്രത്തില്‍ റോബര്‍ട്ട് വാള്‍സര്‍ കുഞ്ഞു കടലാസുകള്‍ പോക്കറ്റില്‍ കൊണ്ടു നടക്കുകയും, അവയില്‍ കുത്തിക്കുറിക്കുയും ആരെങ്കിലും കണ്ടെന്ന് തോന്നിയാല്‍ കുറ്റബോധത്തോടെ ഒളിപ്പിച്ചു വെക്കാന്‍ ശ്രമിക്കുകയും ചെയ്തത് സെബാള്‍ഡ് ഓര്‍മ്മിപ്പിക്കുന്നു. തന്റെ ആറു ലേഖനങ്ങള്‍ ആ പ്രിയപ്പെട്ട എഴുത്തുകാര്‍ക്കുളള സ്മരണാഞ്ജലി ആയി മാത്രം കണ്ടാല്‍ മതിയെന്ന് എഴുതുന്നുണ്ട്. ആമുഖത്തിന്റെ  അവസാനം, എല്ലാ പ്രതലങ്ങളൂടേയും ആഴങ്ങളിലേക്ക്, കാണുന്നതിനപ്പുറത്ത് മറഞ്ഞിരിക്കുന്ന സത്യങ്ങളിലേക്ക് കണ്ണു ചെല്ലേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഈ എഴുത്തുകാര്‍ തന്നെ പഠിപ്പിച്ചത് പറഞ്ഞു വെക്കുന്നു.  

ഞാന്‍ പുസ്തകത്തില്‍ നിന്ന് കണ്ണുയര്‍ത്തി നോക്കി. കുട്ടികള്‍ നേര്‍രേഖ വരച്ചതു പോലെ മറുകരയില്‍ ചെന്ന് മുട്ടിയിരിക്കുന്നു. എല്ലാവരും തങ്ങളുടെ കയാക്കുകള്‍ അടുപ്പിച്ചിട്ട് കാര്യമായ ചര്‍ച്ചയിലാണ്. ഞാന്‍ വെറുതെ കൈയുയര്‍ത്തി കാണിച്ചു. മറുപടി ഒന്നും ഉണ്ടായില്ല. അധികം ആഴമൊന്നുമില്ലാത്ത തടാകം. കാറ്റില്‍ ഓളങ്ങള്‍ വിടരുകയും ചുരുങ്ങുകയും ചെയ്യുന്നു.

 

 

തിരിച്ച് ഞങ്ങളുടെ അടുത്തേക്ക് തിരിച്ചു വരേണ്ടതിനു പകരം കുട്ടികള്‍ വലത്തേക്കു തിരിഞ്ഞു. മറുകരയോട് ചേര്‍ന്ന് കയാക്കുകള്‍ ഒന്നിനു പിറകെ ഒന്നായി വലത്തോട്ട് തുഴഞ്ഞു പോയി. ഒരു ജലഘോഷയാത്ര പോലെ. വെയിലില്‍ വെട്ടിത്തിളങ്ങുന്ന കയാക്കുകളുടെ വര്‍ണപ്പകിട്ടുളള ജലയാത്ര. ഇതിനകം കാറ്റോ വെളളമോ ഒന്നും ഭയകാരണം ആകേണ്ടതില്ലാത്തതിനാല്‍ ഞങ്ങള്‍ ഡെക്കിലെ കാര്യങ്ങളിലേക്ക് തിരിഞ്ഞു. മറ്റൊരു കാന്‍ പതഞ്ഞു തുറന്നു. 
 
ഞാന്‍ ഫ്രഞ്ച് ചിന്തകന്‍ റൂസ്സോയെക്കുറിച്ചുളള സെബാള്‍ഡിന്റെ ലേഖനം വായിച്ചു തുടങ്ങി. പക്ഷെ, ഒരു പാരഗ്രാഫിനപ്പുറം വായന പോയില്ല. ഈ പ്രകൃതി എന്തു കൊണ്ടോ പുസ്തക വായനയുടെ അച്ചടക്കത്തിനു വഴങ്ങുന്നില്ലല്ലോ. മനസ്സ് വഴുതി പോകുന്നു. ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ ഒരു സാമൂഹ്യ പാഠം അധ്യാപകന്‍ ഉണ്ടായിരുന്നു. അദ്ദേഹം ഒരിക്കലും ക്ലാസില്‍ സിലബസില്‍ നിന്നുളള ഭാഗങ്ങള്‍ പഠിപ്പിച്ചില്ല, പകരം 'ഡിസ്‌കവറി ഓഫ് ഇന്ത്യ'യും 'വിശ്വചരിത്രാവലോകന'വും മാര്‍ക്‌സും ഒക്കെ ആയിരുന്നു അദ്ദേഹം സംസാരിച്ചിരുന്നത്. ഇടക്ക് ചിലപ്പോള്‍ കുറ്റബോധം തോന്നി പെട്ടെന്ന് ടെക്സ്റ്റ് ബുക്ക് തുറക്കും. തലയുയര്‍ത്താതെ പാഠഭാഗം വായിക്കും. ഒരു ദിവസം ബെല്ലടിക്കുമ്പോള്‍ അദ്ദേഹം കത്തിക്കയറി റൂസ്സോയില്‍ വന്നു നില്‍ക്കുകയായിരുന്നു. 

''റൂസ്സോയുടെ സോഷ്യല്‍ കോണ്‍ട്രാക്റ്റിലും അതു തന്നെയാണ് പറയുന്നത്. Man is born free but he is in chains everywhere.' 

1965-ലാണ് സെബാള്‍ഡ് സെയിന്റ് പിയറി എന്ന പേരുളള റൂസ്സോ ഐലന്‍ഡ് എന്നു വിളിക്കുന്ന ഫ്രഞ്ച് ദ്വീപിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. പക്ഷെ, ജീവിതത്തില്‍ പലപ്പോഴും സംഭവിക്കുന്നതു പോലെ നീണ്ട ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷമാണ് അവിടേക്കുളള യാത്രയും താമസവും അദ്ദേഹത്തിന് തരപ്പെടുന്നത്. ഇന്ത്യന്‍ ബീഡി വലിക്കുന്ന, അധികം സംസാരിക്കാത്ത ഒരു ആതിഥേയന്റെ കൂടെ. അവിടെ ചെലവഴിച്ച ദിവസങ്ങളില്‍, ഇരുനൂറു വര്‍ഷങ്ങള്‍ക്കു മുന്‍പ് റൂസ്സോ ഭ്രഷ്ടനാക്കപ്പെട്ട നാളുകളില്‍ താമസിച്ചിരുന്ന മുറിയില്‍ സെബാള്‍ഡ് മണിക്കൂറുകളോളം ചെലവഴിക്കുന്നുണ്ട്. 

മറ്റ് സന്ദര്‍ശകരും പകല്‍ അവിടെക്കു വരുന്നു. പക്ഷെ, കൂടുതല്‍ ഒന്നും കാണാനില്ലെന്ന് നിരാശനായി വേഗം തന്നെ മടങ്ങുന്നു. ഒരാള്‍ പോലും റൂസ്സോയുടെ കയ്യെഴുത്ത് പരിശോധിക്കാനോ, കാലപ്പഴക്കം കൊണ്ട് തേഞ്ഞ് മിനുസപ്പെട്ട കല്‍പ്പാത്രം തൊട്ടു നോക്കാനോ, മുറിയിലെ നൂറ്റാണ്ടുകളുടെ പഴക്കമുളള ഗന്ധങ്ങള്‍ തിരിച്ചറിയാനോ മിനക്കെട്ടില്ലെന്ന് സെബാള്‍ഡ് പരിതപിക്കുന്നു. 'ആള്‍ക്കൂട്ട'ത്തില്‍ ഒരിടത്ത് കടല്‍ത്തീരത്തു വരുന്നവരില്‍ ഒരാള്‍ പോലും മേഘങ്ങളെ ശ്രദ്ധിക്കുന്നില്ലെന്ന് പ്രേം പരാതിപ്പെടുന്നതു പോലെ. 

 

റൂസ്സോ

 

പകല്‍സന്ദര്‍ശകര്‍ മടങ്ങിയ ശേഷം സെബാള്‍ഡ് റൂസ്സോ റൂമില്‍ ഒറ്റക്കാവുന്നു. തടാകത്തിനപ്പുറത്തെ തീരത്ത് വിളക്കുകള്‍ ഓരോന്നായി തെളിയുന്നത് നോക്കി നില്‍ക്കുന്നു. ഈ ദ്വീപ് എന്തു മാത്രം നിശ്ശബ്ദമാണെന്നും ഒരു പക്ഷെ, നാഗരിക ലോകത്ത് മറ്റൊരിടത്തും കിട്ടാത്ത നിശ്ശബ്ദതയും ശാന്തതയും ഇവിടെ മാത്രമാണെന്നും തോന്നിപ്പോകുന്നു. ഒരു പുരാതന കാലത്തിലേക്ക് മടക്കസഞ്ചാരം നടത്തിയതു പോലെ. ഒന്നും അനങ്ങുന്നില്ല. ഇടക്ക് കാറ്റില്‍ തടാകത്തിലെ ഓളങ്ങള്‍ ഇളകുന്നതു കാണാം. സന്ധ്യക്ക് ഇരുട്ട് പതുക്കെ തടാകത്തില്‍ നിന്ന് മുകളിലേക്ക് ഉയരുകയാണെന്ന പ്രതീതി ഉളവാകുന്നു. ഒരു പഴയ ചരിത്ര പുസ്തകത്തിലെ ചിത്രങ്ങള്‍ പോലെ ദ്വീപിലെ പ്രകൃതി മുഴുവന്‍ സെബാള്‍ഡിന് അസാധരണമായ അനുഭൂതി നെയ്യുന്നു...

ആ  ദീപില്‍ താമസിച്ചിരുന്ന കാലത്ത് മാത്രമാണ് റൂസ്സോ സ്വസ്ഥത അറിഞ്ഞത് - സെബാള്‍ഡ് തന്റെ കുറിപ്പില്‍ എഴുതുന്നു.  ജീവിതത്തിന്റെ ഭൂരിഭാഗവും റൂസ്സോ പലായനം ചെയ്യുകയായിരുന്നു. ഒറ്റുകാരില്‍ നിന്ന്, ദൈവനിഷേധിയെന്ന് വിളിച്ച സ്വന്തം നാട്ടുകാരില്‍ നിന്ന്, പിന്നില്‍ നിന്നു കുത്താന്‍ ഒട്ടും മടിയില്ലാത്ത സുഹൃത്തുക്കളില്‍ നിന്ന്, സഹ എഴുത്തുകാരില്‍ നിന്ന്... ഈ ഓട്ടത്തിനിടക്ക് ആയിരക്കണക്കിന് താളുകളാണ് റൂസ്സോ എഴുതി തീര്‍ത്തത്. തത്വചിന്തയും, നോവലും, ആത്മകഥയും അടക്കം വാക്കുകളുടെ മഹാ ശേഖരം... 

വിനോദ് വിളിച്ചപ്പോള്‍ ഞാന്‍ സെബാള്‍ഡിനേയും റൂസ്സോയേയും വിട്ട് വര്‍ത്തമാനത്തിലേക്കു വന്നു. കുട്ടികള്‍ ഇനിയും തിരിച്ചെത്തിയിട്ടില്ല. ആരേയും കാണുന്നുമില്ല. അവള്‍ വലത്തോട്ട് ആ വളവ് തിരിഞ്ഞു തുഴഞ്ഞു പോയെന്ന്. വെളളത്തിലായതു കാരണം ആരുടെ കൈയിലും ഫോണുമില്ല. ശ്രീജിത്തും വിനോദും കൂടി തടാകത്തിനു സമാന്തരമായുളള റോഡിലൂടെ പോയി നോക്കിയിട്ടു വരാം എന്നു പറഞ്ഞ് പോയി. അവര്‍ക്കു രണ്ടു പേര്‍ക്കും വെള്ളത്തില്‍ ഇറങ്ങണമെന്നില്ല.  ന്‍ ഡെക്കില്‍ ഒറ്റക്കായി. കുട്ടികള്‍ വളരെ അനായാസമായി തുഴഞ്ഞു പോയതാണല്ലോ, എല്ലാവരും അത്ര ചെറിയ കുട്ടികള്‍ അല്ലല്ലോ, അധികം ആഴമൊന്നുമില്ലല്ലോ, ലൈഫ് ഗാര്‍ഡുകള്‍ റോന്തു ചുറ്റുന്നത് കണ്ടതാണല്ലോ എന്നൊക്കെ മനസ്സില്‍ പറഞ്ഞെങ്കിലും ആശങ്ക മനസ്സില്‍ പടര്‍ന്നു. 

കുറച്ചു നേരം കഴിഞ്ഞപ്പോള്‍ എനിക്ക് ഇരിപ്പുറക്കാതായി. ഞാന്‍ ലൈഫ് ജാക്കറ്റില്‍ ഒരെണ്ണം എടുത്തിട്ടു. ഒരു കയാക്ക് പതുക്കെ തള്ളിയിറക്കി. ഡെക്കില്‍ പിടിച്ച് ഒരു വിധം കയറിയിരുന്ന് പതുക്കെ മുന്നോട്ട് നീക്കി. കടലാസു ബോട്ട് പോലെ ചാഞ്ചാടുന്നു. പക്ഷെ വലിയ വിഷമം ഒന്നും ഇല്ലാതെ മുന്നോട്ട് തുഴയാന്‍ പറ്റി. ഞാന്‍ വിചാരിച്ചതിലും വേഗത്തില്‍ കയാക്ക് മുന്നോട്ട് പോയി. ഞാന്‍ തടാകത്തിന്റെ വലതു വശത്തേക്ക് തിരിച്ചു. തടാകത്തിന്റെ ഇരു വശങ്ങളിലും ഉളള വീടുകളിലേക്ക് നോക്കി. അവര്‍ പറഞ്ഞതില്‍ കാര്യമുണ്ട്. വെള്ളത്തിനു നടുക്കിരുന്ന് നോക്കിയാല്‍ എല്ലാ വീടുകളും ഒരു പോലെ ഉണ്ട്. 

വളവു തിരിഞ്ഞപ്പോഴേ കുട്ടികളുടെ ശബ്ദം കേട്ടു. ഞാന്‍ അവര്‍ക്കു നേരെ തുഴഞ്ഞു. പരസ്പരം വെളളം തേവിയും, തമാശ പറഞ്ഞ് ഒച്ച വെച്ചും കുട്ടികള്‍ തിമിര്‍പ്പിലായിരുന്നു. എല്ലാ കയാക്കുകളും തൊട്ടു തൊട്ടിരിക്കുന്നു. വീടിന്റെ മുറ്റത്തെന്നതു പോലെ അലസമായാണ് കയാക്കുകള്‍ ചേര്‍ത്തിട്ടു കൊണ്ടുളള അവരുടെ ഇരിപ്പ്. അവര്‍ എന്നെ രേഖപ്പെടുത്താന്‍ തന്നെ സമയം എടുത്തു. 

'നിങ്ങള്‍ എത്ര നേരമായി പോയിട്ട്' ഇത്ര ദൂരം പോയതെന്തിന് എന്നൊക്കെ ഉളള ചോദ്യങ്ങള്‍ ഒന്നൊഴിയാതെ എല്ലാവരും അവഗണിച്ചു 

'പ്രവീണ്‍ അങ്കിള്‍, കയാക്ക് തിരിക്കേണ്ടത് അങ്ങനെയല്ല, ഇങ്ങനെയാണ്,' കുട്ടികള്‍ ചിരിക്കുന്നു. 

'നീലേശ്വരത്ത് ഒക്കെ ഇങ്ങനെയാണ്.' ഞാന്‍ പറഞ്ഞു. 

'അച്ഛാ, മീന്‍ പിടിക്കാന്‍ പോവുകാണോ? എന്തേലും ഹെല്‍പ്പ് വെണോ' അഖിലയാണ്... 

'നിങ്ങള്‍ക്ക് ഇനി നമ്മുടെ വീടിന്റെ ഡെക്ക് കണ്ടു പിടിക്കാന്‍ പറ്റിയില്ലെങ്കിലോ എന്ന് പേടിച്ചാണ് ഞാന്‍ വന്നത്.'' ഞാന്‍ വിശദീകരിച്ചു.

''അതിനല്ലേ, ആ ഫ്‌ലാഗ്.'' ആരോ കൈ ചൂണ്ടി. ഞാന്‍ തിരിഞ്ഞു നോക്കി. ഞങ്ങളുടെ ഡെക്കിനോട് ചേര്‍ന്ന് മഞ്ഞ നിറത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഒരു പതാക. വളരെ ദൂരെ നിന്നേ കാണാം. 

ഞാന്‍ കുട്ടികളുടെ കയാക്കിനു ചുറ്റും ഒരു വലം വച്ചു. പതുക്കെ കയാക്ക് അവരില്‍ നിന്ന് അകറ്റി തുഴഞ്ഞു. ഇവരെ അന്വേഷിച്ച് വന്ന എന്നെ പറഞ്ഞാല്‍ മതി. 

കുട്ടികള്‍ ഞങ്ങളുടെ ഡെക്കില്‍ തിരിച്ച് എത്തുന്നതു വരെ ഞാന്‍ കയാക്കില്‍ തുഴയാതെ വെറുതെ ഇരുന്നു. എന്റെ സുഹൃത്തുക്കള്‍ കുട്ടികളെ കയാക്കില്‍ നിന്ന് കയറാന്‍ സഹായിക്കുന്നതു കാണാം. ഇപ്പോള്‍ ഭാര്യമാരും ഹാജരായിട്ടുണ്ട്. തങ്ങളുടെ ഭര്‍ത്താക്കന്മാരെ കുട്ടികളെ ഏല്‍പ്പിച്ച് പോയാല്‍ ഇങ്ങനെ ഉണ്ടാവും എന്ന് പറയാന്‍ അവര്‍ക്ക് അവസരമായി. 
ഞാന്‍ മറുകരയില്‍ വീടുകള്‍ ഒന്നുമില്ലാത്ത ഒരു അറ്റത്തേക്ക് തുഴഞ്ഞു. കാറ്റ് വെളളത്തില്‍ അലകള്‍ ഉണ്ടാക്കുന്നു. ഇപ്പോള്‍ വെയിലും മടങ്ങി വന്നിരിക്കുന്നു. 

 

Jean Jacques Rousseau meditating in the park at La Rochecordon, 1770.oil painting by Alexandre-Hyacinthe Dunouy (1757-1841)

 

ഞാന്‍ വിജനമായ, കാട് പിടിച്ചു കിടക്കുന്ന ഡെക്കിനു സമീപം കയാക്ക് നിര്‍ത്തി. വെളളത്തിലേക്ക് ചാഞ്ഞു കിടക്കുന്ന മരത്തലപ്പുകള്‍. പേരറിയാത്ത ചെടികളുടെ പടര്‍പ്പ്. അതിനുളളില്‍ നിന്ന് ഏതോ പക്ഷികളുടെ ചിലയ്ക്കല്‍. ദ്രവിച്ചു തുടങ്ങിയ ഡെക്കില്‍ ഉണങ്ങിയ ഇലകള്‍. മനുഷ്യവാസം നിറഞ്ഞ ലോകത്തില്‍ നിന്നും മറ്റേതോ ഇടത്ത് എത്തിയതു പോലെ.

സെയിന്റ് പിയറി ദ്വീപില്‍ ജീവിച്ച നാളുകളിലാണ് റൂസ്സോ നന്ദി കെട്ട എഴുത്ത് ജോലിയില്‍ നിന്ന് സ്വയം മോചിപ്പിച്ചത്. പക്ഷെ, അധിക നാള്‍ അലസനായി ഇരിക്കാന്‍ ചിന്തകനു കഴിഞ്ഞില്ല. അദ്ദേഹം സസ്യശാസ്ത്രത്തിലേക്ക് തിരിഞ്ഞു. ദ്വീപിലെ ഓരോ ചെടിയേയും കുറിച്ച് പഠിച്ച് തന്റെ സസ്യശേഖരം (herbarium) ഉണ്ടാക്കി. ഒരു നാരങ്ങയല്ലിയെ കുറിച്ച് പുസ്തകം എഴുതിയ ആളുകള്‍ ഉണ്ട്. തനിക്കു വേണമെങ്കില്‍ ഈ ദ്വീപിലെ ഓരോ ചെടിയെകുറിച്ചും ഓരോ പുസ്തകം വീതം എഴുതാം-- റൂസ്സോ പറഞ്ഞു. റൂസ്സോയുടെ ആ വിലപ്പെട്ട സസ്യശേഖരം ബെര്‍ലിനിലെ മ്യൂസിയത്തില്‍ കുറേ കാലം സംരക്ഷിച്ചു വച്ചിരുന്നു. രണ്ടാം ലോകയുദ്ധത്തിലെ ഒരു ബോംബാക്രമണത്തില്‍ മറ്റ് പലതിനോടുമൊപ്പം അതും കത്തിയമരുന്നതു വരെ. 

റൂസ്സോ മണിക്കൂറുകളോളം ആകാശം നോക്കി തന്റെ ബോട്ടില്‍ മലര്‍ന്നു കിടക്കുമായിരുന്നു. വെളളം എങ്ങോട്ടെന്നില്ലാതെ അദ്ദേഹത്തെ വലിച്ചു കൊണ്ട് പോകുന്നത് അറിയാതെ. ആ അവസരങ്ങളില്‍ പ്രകൃതിയുടെ ഇന്ദ്രജാലത്തില്‍ മയങ്ങി, തന്നെ തന്നെയും ഈ ലോകത്തെ തന്നെയും മറക്കാന്‍ കഴിയുന്ന വേളകളിലാണ് ആന്ദന്ദം എന്താണെന്നറിഞ്ഞതെന്ന് റൂസ്സോ എഴുതുന്നു. 

ഞാന്‍ വന്നിരിക്കുന്നത് സെയിന്റ് പിയറി ദ്വീപില്‍ അല്ല. തങ്ങളെ വരിഞ്ഞു മുറുക്കുന്ന നാനാതരം പ്രശ്‌നങ്ങളില്‍ നിന്ന് താല്‍ക്കാലികമായെങ്കിലും വിടുതി തേടിയാണ് ഓരോ മനുഷ്യനും യാത്ര പുറപ്പെടുന്നത്. അത് പലായനമായാലും, കുടിയേറ്റമായാലും, ഉല്ലാസ യാത്രയായാലും. ഞങ്ങളും അതെ.

ഞാന്‍ കയാക്കില്‍ പതുക്കെ മലര്‍ന്നു കിടന്നു. ആകാശത്തേക്ക് നോക്കി അനങ്ങാതെ. കുറച്ചു മിനിട്ടുകള്‍ കിടന്നു കാണും.  പെട്ടെന്ന് വെളളത്തില്‍ നിന്ന് എന്തോ ചാടി. ഒരു ഞെട്ടലോടെ ഞാന്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചതും കയാക്ക് ചെരിഞ്ഞു. വെളളത്തില്‍ നിന്ന് അല്പം പൊങ്ങി നില്‍ക്കുന്ന ഒരു മരക്കുറ്റിയില്‍ പിടി കിട്ടിയതു കാരണം വെള്ളത്തിലേക്ക് വീണില്ല. ഞാന്‍ കയാക്ക് നേരെയാക്കി ശ്വാസം സാധാരണ നിലയിലാകാന്‍ പിന്നെയും സമയമെടുത്തു. പതുക്കെ എല്ലാം ശാന്തമായി. ഞാന്‍ വീണ്ടും തുഴഞ്ഞു തുടങ്ങി.   

ഡെക്കില്‍ നിന്ന് സുഹൃത്തുക്കള്‍ ഭക്ഷണത്തിനു സമയമായെന്ന് കൈ കാണിച്ച് വിളിക്കുന്നു. 

ഞാന്‍ കാടു പിടിച്ചു കിടക്കുന്ന തീരത്തേക്ക് ഒന്നു കൂടി നോക്കി. 

പെട്ടെന്ന് എല്ലാം അപരിചിതമായതു പോലെ. 

പിന്നെ, കയാക്ക് തിരിച്ച് ഞങ്ങളുടെ ഡെക്കിലേക്ക് തുഴഞ്ഞു.

 

Read more:  കെ വി പ്രവീണ്‍ എഴുതിയ കഥ, കയേന്‍

വണ്ടര്‍ വുമണ്‍, കെ വി പ്രവീണ്‍ എഴുതിയ കഥ

 

click me!