ഭർത്താവിനോടുള്ള പ്രതിബദ്ധത കാണിക്കാൻ സ്ത്രീകൾ കീഴ്ച്ചുണ്ട് മുറിക്കുന്ന ഒരു ഗോത്ര വിഭാഗം

Published : Dec 28, 2022, 01:40 PM IST
ഭർത്താവിനോടുള്ള പ്രതിബദ്ധത കാണിക്കാൻ സ്ത്രീകൾ കീഴ്ച്ചുണ്ട് മുറിക്കുന്ന ഒരു ഗോത്ര വിഭാഗം

Synopsis

ലിപ് പ്ലേറ്റ് എന്നാണ് ഇത്തരത്തിൽ കീഴ്ചുണ്ട് മുറിച്ച് തടി കൊണ്ടുള്ള പ്ലേറ്റുകൾ പിടിപ്പിക്കുന്നതിന് പറയുന്നത്. ഇങ്ങനെ ചെയ്യുന്നതിന് നിരവധി വ്യാഖ്യാനങ്ങളുണ്ട്.

അതീവ വൈവിധ്യമാർന്ന ജനസമൂഹങ്ങളാൽ സമ്പന്നമാക്കപ്പെട്ടതാണ് ഈ ലോകം. സ്വന്തമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും ആയി ഒറ്റപ്പെട്ട ജീവിക്കുന്ന ഗോത്ര സമൂഹങ്ങളുടെ എണ്ണം ഇന്ന് കുറഞ്ഞു വരികയാണെങ്കിലും അവശേഷിക്കുന്ന ഗോത്ര സമൂഹങ്ങൾ ഇന്നും തങ്ങളുടെ പാരമ്പര്യങ്ങളെ മുറുകെപ്പിടിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നവരാണ്. പലപ്പോഴും ഇവരുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും പുറമേ നിന്ന് നോക്കുന്നവർക്ക് വിചിത്രകരമായി തോന്നിയാലും ഗോത്ര സമൂഹങ്ങളിൽ പെട്ടവർക്ക് അത് അവരുടെ ജീവിതത്തിൻറെ ഭാഗം തന്നെയാണ്. 

അത്തരത്തിലുള്ള ഒരു ഗോത്രമാണ് കിഴക്കൻ ആഫ്രിക്കയിലെ എത്യോപ്യയിൽ അധിവസിക്കുന്ന മുർസി ഗോത്രം.  ദക്ഷിണ എത്യോപ്യയുടെയും സുഡാനിന്റെയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഒമാൻ താഴ്വരയാണ് ഇവരുടെ ആവാസ കേന്ദ്രം. mursi.org വെബ്സൈറ്റ് അനുസരിച്ച്, അവരുടെ മൊത്തം ജനസംഖ്യ ഏകദേശം 10,000 ആണ്.

പുരാതന പരമ്പരാഗത വസ്ത്രങ്ങളും ആചാരങ്ങളും ഇപ്പോഴും പിന്തുടരുന്ന ആഫ്രിക്കയിലെ അവസാനത്തെ ഗോത്രങ്ങളിൽ ഒന്നാണ് മുർസി ഗോത്രം. ഈ ഗോത്ര സമൂഹത്തിൻറെ ഏറ്റവും പ്രധാനപ്പെട്ടതും ഇന്നും തലമുറകൾ തുടർന്നു പോരുന്നതുമായ ഒരു ആചാരം ഇവിടുത്തെ സ്ത്രീകൾ ചുണ്ടുകൾ മുറിച്ചതിനുശേഷം ധരിക്കുന്ന വൃത്താകൃതിയിലുള്ള തടി കഷണങ്ങളാണ്. പെൺകുട്ടികൾക്ക് 15 അല്ലെങ്കിൽ 16 വയസ്സ് പ്രായമാകുമ്പോഴാണ് ഇവർ ഈ ആചാരം നടത്തുന്നത്. ഈ സമയത്ത് പെൺകുട്ടികളുടെ കീഴ്ചുണ്ട് വൃത്താകൃതിയിൽ മുറിച്ച് അവിടെ ഒരു ചെറിയ പ്ലേറ്റിനു സമാനമായ മരത്തിൻറെ കഷണം വയ്ക്കുന്നു. 

ഇത് എത്രമാത്രം വലിപ്പത്തിൽ വയ്ക്കണമെന്നത് പെൺകുട്ടികളുടെ ഇഷ്ടമാണ്. എന്തുതന്നെയായാലും അതീവ വേദന നിറഞ്ഞ ഈ ആചാരം പൂർത്തിയാക്കാൻ മാസങ്ങളോളം എടുക്കും. മുറിവ് ഉണങ്ങിയതിനുശേഷം ഇവർ ഈ മരത്തിൻറെ കഷണം അവിടെ നിന്നും ഊരി മാറ്റുമെങ്കിലും ഇവരുടെ ഗോത്രത്തിൽ വളരെ സുപ്രധാനമായി കരുതുന്ന വിവാഹം, പുരുഷന്മാർക്ക് ഭക്ഷണം നൽകൽ, പശുക്കളെ കറക്കൽ തുടങ്ങിയ സന്ദർഭങ്ങളിൽ യുവതികൾ ഇത് നിർബന്ധമായും ധരിക്കണം.

ലിപ് പ്ലേറ്റ് എന്നാണ് ഇത്തരത്തിൽ കീഴ്ചുണ്ട് മുറിച്ച് തടി കൊണ്ടുള്ള പ്ലേറ്റുകൾ പിടിപ്പിക്കുന്നതിന് പറയുന്നത്. ഇങ്ങനെ ചെയ്യുന്നതിന് നിരവധി വ്യാഖ്യാനങ്ങളുണ്ട്. ഒന്നാമതായി, ഇത് ഒരു സൗന്ദര്യ ചിഹ്നമാണെന്ന് വിശ്വസിക്കപ്പെടുന്നു.  ഭർത്താവിന് ഭക്ഷണം വിളമ്പുമ്പോൾ ഈ ഗോത്ര സമൂഹത്തിലെ സ്ത്രീകൾ ഇത് അഭിമാനത്തോടെയാണ് ധരിക്കുന്നത്. അത് സ്ത്രീയുടെ പുരുഷനോടുള്ള പ്രതിബദ്ധതയുടെ പ്രതീകമായാണ് ഇവർ കരുതുന്നത്. അതുകൊണ്ടുതന്നെ, ഭർത്താവിന്റെ മരണശേഷം ലിപ് പ്ലേറ്റ് നീക്കം ചെയ്യപ്പെടുന്നു. അതുപോലെതന്നെ ഈ ഗോത്ര സമൂഹത്തിന്റെ ഐഡൻറിറ്റിയുടെ ഭാഗം കൂടിയായാണ് ഇതിനെ കരുതുന്നത്.

PREV
Read more Articles on
click me!

Recommended Stories

നിയാണ്ടർത്താലുകൾ നരഭോജികൾ? സ്ത്രീകളെയും കുട്ടികളെയും ഭക്ഷണമാക്കിയിരിക്കാമെന്ന് ​ഗവേഷകർ
പ്രണയിക്കാൻ തൊട്ടടുത്തുള്ള ആളുകളെ മതി, അതാണ് എളുപ്പം, സൗകര്യവും; എന്താണ് ഡേറ്റിം​ഗിലെ ഈ 'സിപ് കോഡിം​ഗ്' ട്രെൻഡ്