
150 ദശലക്ഷം വർഷങ്ങൾക്കു മുൻപ് എങ്ങനെ ആയിരിക്കും 2 കുഞ്ഞു ടെറോസറുകൾ മരിച്ചത് എന്നതിന് ഉത്തരവുമായി ഗവേഷകർ. സെപ്റ്റംബർ അഞ്ചിന് പുറത്തിറക്കിയ 'കറൻ്റ് ബയോളജി' എന്ന ജേണലിലാണ് ഇതിനുത്തരം നൽകുന്ന പഠനം പ്രസിദ്ധീകരിച്ചത്. 150 ദശലക്ഷം വർഷങ്ങൾക്കു മുൻപുണ്ടായ കൊടുങ്കാറ്റിൽ ടെറോസറുകൾ തടാകത്തിൽ വീണു മരിച്ചതാകാം എന്നാണ് ഗവേഷകർ പഠനത്തിലൂടെ കണ്ടെത്തിയത്. ടെറോസറുകളുടെ ഫോസിലുകൾ ഉപയോഗിച്ച് നടത്തിയ പഠനമാണ് ഇത്തരം ഒരു നിഗമനത്തിലേക്ക് എത്തിച്ചത്. പുതിയ കണ്ടെത്തലുകൾ ഫോസിലുകൾ കണ്ടെത്തിയ പ്രദേശത്തെ കുറിച്ചുള്ള നിഗൂഢതകൾക്കും ഉത്തരം നൽകുമെന്നാണ് ഗവേഷകർ പ്രതീക്ഷിക്കുന്നത്.
ലക്കി 1 എന്നും ലക്കി 2 എന്നും പേരു നൽകിയ ഈ ടെറോസറുകൾക്ക് മരിക്കുമ്പോൾ ഏതാനും ദിവസങ്ങൾ മുതൽ ആഴ്ചകൾ വരെ മാത്രം പ്രായമാണുണ്ടായിരുന്നത്. ജർമ്മനിയുടെ തെക്കുഭാഗത്തുള്ള തടാകത്തിൽനിന്ന് കണ്ടെത്തിയ ഇവയുടെ ഫോസിലുകളാണ് ഇതുവരെ കണ്ടെത്തിയതിൽ വെച്ച് ഏറ്റവും ചെറിയ ടെറോസർ ഫോസിൽ എന്ന സവിഷേതയുമുണ്ട്. ഏകദേശം 153 -148 ദശലക്ഷം വരെ പഴക്കമുള്ള ഈ ടെറോസറുകളുടെ ചിറകുകൾക്ക് ഏകദേശം 8 ഇഞ്ച് അഥവാ 20 സെൻ്റീ മീറ്ററിൽ താഴെ മാത്രമാണ് നീളം ഉണ്ടായിരുന്നത്. കുഞ്ഞു ടെറോസറുകളുടെ അസ്ഥികൾ എളുപ്പത്തിൽ പൊട്ടിപ്പോകാൻ സാധ്യതയുള്ളതിനാൽ അവ കേടുകൂടാതെ ലഭിക്കുന്നത് വളരെ അപൂർവമാണ്.
ഒറ്റനോട്ടത്തിൽ ഈ ഫോസിലുകൾക്ക് കേടുപാടുകളുള്ളതായി തോന്നില്ലെങ്കിലും രണ്ടു ഫോസിലുകൾക്കും സമാനമായ ക്ഷതങ്ങളുണ്ട്. ലക്കി ഒന്നിന്റെ ഇടത് ചിറകിലെ ഹ്യൂമറസ് അഥവാ മുകൾഭാഗത്തെ കൈ അസ്ഥിക്കും, ലക്കി രണ്ടിന്റെ വലത് ചിറകിലെ ഇതേ അസ്ഥിക്കും ഒരേപോലെയുള്ള ഒടിവുകളുണ്ട്. ശക്തമായ കാറ്റിൽ ചുഴറ്റിയെറിയപ്പെടട്ടതുകൊണ്ടാവാം ഈ ഒടിവുകൾ സംഭവിച്ചതെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. കൊടുങ്കാറ്റിൽ പരിക്കേറ്റത്തിന് ശേഷം ടെറോസറുകൾ തടാകത്തിലേക്ക് വീഴുകയും പിന്നീട് ചുഴിയിൽ അകപ്പെട്ടതാവാനുമാണ് സാധ്യത എന്നുമാണ് ഗവേഷകർ കരുതുന്നത്. കൊടുങ്കാറ്റിൽ തടാകത്തിലെ ചളികൾ ഇളകിയപ്പോൾ ഇവ അവയ്ക്കടിയിൽ അകപ്പെട്ടതാകാമെന്നും ഗവേഷകർ പറയുന്നു. കൊടുങ്കാറ്റ് കാരണം മരണപ്പെടുകയും അതേ കൊടുങ്കാറ്റ് കാരണം കേടുകൂടാതെ ഫോസിലുകൾ സംരക്ഷിക്കപ്പെട്ടതുമാണ് ഇതിലെ വിരോധാഭാസമെന്നും ഗവേഷകർ പറഞ്ഞു.
ഒരു ടെറോസറിന്റെ ഫോസിൽ ലഭിക്കാനുള്ള സാധ്യത തന്നെ വളരെ അപൂർവമാണെന്നിരിക്കെ എങ്ങനെയാണ് മരിച്ചതെന്ന് വ്യക്തമാക്കുന്ന ഫോസിൽ കണ്ടെത്തുന്നത് അതിലും അപൂർവമാണെന്ന് അമേരിക്കൻ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയിലെ പാലിയന്റോളജി ഗവേഷകനും പഠനത്തിന്റെ പ്രധാന രചയിതാവുമായ റാബ് സ്മിത്ത് പറഞ്ഞു. യു.കെയിലെ യൂണിവേഴ്സിറ്റി ഓഫ് ലീസെസ്റ്ററിലെ സെന്റർ ഫോർ പാലിയോബയോളജി ആൻഡ് ബയോസ്ഫിയർ എവല്യൂഷനിലെ ഡോക്ടറൽ വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് സ്മിത്ത് ഈ ഗവേഷണം നടത്തിയത്.
ഈ ഫോസിലുകൾ ടെറോസറുകളുടെ മരണത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതിനോടൊപ്പം ജർമ്മനിയുടെ തെക്കൻ പ്രദേശത്തുള്ള സോൽൻഹോഫെൻ ചുണ്ണാമ്പുകല്ലുകൾക്കിടയിൽ നിന്ന് എന്തുകൊണ്ട് നൂറുകണക്കിന് ചെറിയ ടെറോസറുകളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്നും എന്തുകൊണ്ട് വലിയ ടെറോസറുകളുടെ ഫോസിലുകൾ അധികം ലഭിച്ചില്ല എന്ന ചോദ്യത്തിനും ഉത്തരം നൽകിയേക്കാം.