Mount Athos : ഇവിടെ സ്ത്രീകൾക്ക് പ്രവേശനമില്ല, വളർത്തുമൃ​ഗങ്ങൾ പറ്റില്ല, ഫോണോ കാറോ പാടില്ല

By Web TeamFirst Published Dec 6, 2021, 2:18 PM IST
Highlights

നൂറ്റാണ്ടുകളായി മാറ്റമില്ലാതെ ഈ മഠങ്ങൾ ഇപ്പോഴും മധ്യകാല കോട്ടകൾ പോലെയാണ് നിലനിൽക്കുന്നത്. അവിടെ ടിവിയോ റേഡിയോയോ ഇല്ല, സന്ദർശകർക്ക് പോലും ഒരിക്കലും ഫോണോ, കാറോ കൊണ്ടുവരാൻ അനുവാദമില്ല. 

പല രാജ്യങ്ങളിലും സ്ത്രീകൾക്ക് പ്രവേശനമില്ലാത്ത നിരവധി ആരാധനാലയങ്ങളുണ്ട്. അതിലൊന്നാണ് ഗ്രീസിലെ അത്തോസ് പർവ്വതം(Mount Athos). ഓർത്തഡോക്സ് പള്ളികളുടെ ആസ്ഥാനമായ അത്തോസിൽ പുരുഷന്മാർക്ക് മാത്രമാണ് പ്രവേശനമുള്ളത്. അവിടെ പ്രാർത്ഥനയും, ഉപവാസവുമായി ഏകദേശം 700 -ലധികം സന്യാസിമാർ കഴിയുന്നുണ്ട്. കൊല്ലവർഷം 382 -ലാണ് അവിടെ മഠങ്ങൾ സ്ഥാപിതമായത്. എന്നാൽ, അപ്പോൾ മുതൽ തന്നെ സ്ത്രീകൾക്ക് അവിടെ വിലക്കുണ്ട്.

കോൺസ്റ്റന്റൈൻ ചക്രവർത്തി മോണോമാകോസാണ് ഈ നിയമം കൊണ്ടുവന്നതെന്ന് പറയപ്പെടുന്നു. ഈജിയൻ കടലിലേക്ക് ചാഞ്ഞുകിടക്കുന്ന ആ ഉപദ്വീപിൽ 20 പുരാതനമായ ആശ്രമങ്ങളാണുള്ളത്. ഓരോ ദിവസവും, 100 ഓർത്തഡോക്‌സ്, 10 നോൺ-ഓർത്തഡോക്‌സ് പുരുഷ തീർത്ഥാടകരെ ആശ്രമങ്ങളിൽ ഒന്നിൽ പ്രവേശിപ്പിക്കുന്നു. അവർക്ക് മൂന്ന് രാത്രി അവിടെ തങ്ങാം. എന്നാൽ, ഇവിടേയ്ക്ക് വരുന്ന പുരുഷന്മാർ താടി വളർത്തണം എന്നതാണ് ചട്ടം. ബൈസന്റൈൻ കാലഘട്ടത്തിൽ ആൺകുട്ടികൾക്കും ഇവിടെ നിരോധനം ഉണ്ടായിരുന്നു. ആൺകുട്ടിയുടെ വേഷം കെട്ടി വേണമെങ്കിൽ പെൺകുട്ടിയ്ക്ക് ഇവിടെ വരാമെന്നത് തന്നെ അതിന്റെ കാരണം.  

സന്യാസത്തോടുള്ള ആദരവും പ്രലോഭനങ്ങളിൽ നിന്ന് സന്യാസിമാരെ സംരക്ഷിക്കുന്നതിനുമായിട്ടാണ് സ്ത്രീകളെ അവിടെ നിരോധിച്ചിരിക്കുന്നതത്രെ. എന്നാൽ, ഓർത്തഡോക്സ് പാരമ്പര്യവുമായി ബന്ധപ്പെട്ട സ്ത്രീകളെ വിലക്കുന്നതിന് മറ്റൊരു കാരണവും പറയുന്നുണ്ട്. വിശ്വാസം അനുസരിച്ച്, കപ്പലിൽ സൈപ്രസിലേക്ക് യാത്ര തിരിച്ച കന്യാമറിയത്തിന് വഴിതെറ്റുകയും, അത്തോസ് പർവതത്തിൽ ചെന്നെത്തുകയും ചെയ്തു. മാതാവിന് അവിടം വളരെ ഇഷ്ടപ്പെട്ടു. അത് തനിക്ക് സ്വന്തമായി നൽകണമെന്ന് അവർ മകനോട് പ്രാർത്ഥിച്ചുവെന്നും, മകൻ അത് സമ്മതിച്ചുവെന്നുമാണ് കഥ. അതുകൊണ്ട് ഇത് ഇപ്പോഴും ദൈവമാതാവിന്റെ പൂന്തോട്ടമായിട്ടാണ് അറിയപ്പെടുന്നത്. മനുഷ്യർക്കും വളർത്തുമൃഗങ്ങൾക്കും ഈ വിലക്ക്  ഒരുപോലെ ബാധകമാണെങ്കിലും, പൂച്ചകൾക്ക് മാത്രം ഇളവുണ്ട്. അവിടെ പെൺ പൂച്ചകൾ നിരവധിയാണ്. നിയന്ത്രിക്കുന്നത് അസാധ്യമായത് കൊണ്ട്, വന്യമൃഗങ്ങൾക്കും ഈ നിയമം ബാധകമല്ല.  

ക്രിസ്ത്യാനികൾ ആദ്യമായി അത്തോസ് പർവതത്തിൽ എത്തുന്നത് രണ്ടാം നൂറ്റാണ്ടിലാണ്. പിന്നീട് ഇന്ന് വരെ അവരുടെ പിൻഗാമികൾ ആയിരത്തിലധികം വർഷങ്ങളായി അവിടെ നിത്യേന പ്രാർത്ഥനകൾ നടത്തിവരുന്നു. നൂറ്റാണ്ടുകളായി മാറ്റമില്ലാതെ ഈ മഠങ്ങൾ ഇപ്പോഴും മധ്യകാല കോട്ടകൾ പോലെയാണ് നിലനിൽക്കുന്നത്. അവിടെ ടിവിയോ റേഡിയോയോ ഇല്ല, സന്ദർശകർക്ക് പോലും ഒരിക്കലും ഫോണോ, കാറോ കൊണ്ടുവരാൻ അനുവാദമില്ല. ഈ പർവ്വതം ഗ്രീസിലെ ഒരു സ്വയംഭരണ സന്യാസ രാഷ്ട്രമാണ് ഇന്ന്. 

ഇങ്ങനെയൊക്കെയാണെങ്കിലും, 1903 -ൽ ഒരു ഗ്രീക്ക് പത്രത്തിൽ പ്രസിദ്ധീകരിച്ച അത്തോസ് പർവതത്തിൽ നിൽക്കുന്ന ഒരു സ്ത്രീയുടെ ഫോട്ടോ ഇപ്പോഴും ഒരു നിഗൂഢതയായി തുടരുന്നു. സന്യാസിമാരുടെ ഇടതുവശത്തായി കറുത്ത അങ്കി ധരിച്ച ഒരു ഓർത്തഡോക്സ് കന്യാസ്ത്രീയായിരുന്നു ചിത്രത്തിൽ. അതേസമയം, അത്തോസ് പർവതത്തിൽ അനുവദനീയമായ ഒരേയൊരു സ്ത്രീ കന്യാമറിയമാണെന്നും, അതുകൊണ്ട് തന്നെ ചിത്രത്തിൽ കാണുന്ന സ്ത്രീ കന്യാമറിയമാണെന്നും സന്യാസിമാർ അവകാശപ്പെടുന്നു.

click me!