നാട് ശുചിയാക്കുന്ന കാക്കയ്ക്ക് കല്ലേറ്, വിളവ് നശിപ്പിക്കുന്ന തത്തയ്ക്ക് കൈയടി, ഇതെന്ത് നാട്!

By Web TeamFirst Published Dec 4, 2021, 6:34 PM IST
Highlights

പഴത്തൊലികളും പച്ചക്കറിയുടെ ഭാഗങ്ങളും പുല്ലും പഴയ കമ്പ്യൂട്ടറും കേടായ ടീവികളും പൊട്ടിയ ഫൈബര്‍ കസേരകളുമെല്ലാം അവയൊക്കെ തരംതിരിച്ച് വൃത്തിയാക്കുന്ന മനുഷ്യര്‍ ഇനി ഞങ്ങള്‍ പണിയെടുക്കുന്നില്ല എന്നു പറഞ്ഞാല്‍ തീരുന്നതേയുള്ളൂ നമ്മുടെ സുഗന്ധവാഹിയായ ജീവിതങ്ങള്‍! 

പരമേശ്വരേട്ടന്റെ മറുപടി രസാവഹമായിരുന്നു. 'വി ഐ പി എന്നൊന്നില്ല. അത് ആപേക്ഷികമാണ്. വി ഐ പികളില്‍ പലരും വേസ്റ്റുകളാണ്. നാളത്തെ വേസ്റ്റുകളെയും ഇന്നത്തെ വേസ്റ്റുകളെയും രണ്ടു വണ്ടികളിലായി രണ്ടു ഡ്രൈവര്‍മാര്‍ കൊണ്ടുപോവുന്നു. അത്രേയുള്ളു. ഒരാള്‍ പഴമാങ്ങ കൊണ്ടു പോവുന്നു. മറ്റെയാള്‍ പച്ചമാങ്ങ കൊണ്ടുപോവുന്നു.'

 

 

ബഹറൈനിലെ ഹുദൈബിയയിലെ റെസിഡന്‍ഷ്യല്‍ ഏരിയ. അവിടെ താമസിച്ച ദിവസങ്ങളില്‍ എന്നും രാവിലെ പത്തുമണിയാവുമ്പോള്‍ ബാല്‍ക്കണിയില്‍ പോയി ആ കാഴ്ച നോക്കിനില്‍ക്കുമായിരുന്നു ഞാന്‍.

വലിയ വണ്ടികളെപ്പോലെയുള്ള വേസ്റ്റ് ബിന്നുകള്‍. അതിനരികില്‍ എന്നുമെത്തുന്ന പൊക്കം കൂടിയ ഒരു മനുഷ്യന്‍. അവിടെത്തിയാല്‍ അയാള്‍ കയ്യിലുള്ള ഒരു കുഞ്ഞുബാഗ് അതിനോട് ചേര്‍ന്നുള്ള ചുമരില്‍ ചാരിവെയ്ക്കും. കുറച്ചു കഴിയുമ്പോഴേക്കും വണ്ടിയെത്തും. അതിലെ ജോലിക്കാരും ഇയാളും കൂടി എല്ലാ മാലിന്യങ്ങളും തരം തിരിച്ച് അതിലേക്ക് കയറ്റുന്നു. കുറച്ചധികം സമയമെടുക്കും ആ ജോലി. വണ്ടിപ്പോയിക്കഴിഞ്ഞും അയാള്‍ പോവില്ല. അതിന്റെ ചുറ്റുമുള്ള ഇടമൊക്കെ വൃത്തിയാക്കും. അതിനുശേഷം, ആ മനുഷ്യന്‍ എവിടേക്കോ നടന്നുപോവും. കൈകള്‍ ഒക്കെ കഴുകി വൃത്തിയക്കാനാണ് ആ പോക്ക്. 

മടങ്ങി വന്ന ശേഷം അയാള്‍ അതേ ചുമരു ചാരിയിരുന്ന് ബാഗു തുറന്ന് രണ്ട് കുബ്ബൂസും ഒരു കുഞ്ഞു ഡബ്ബ തൈരും ഒരു കുഞ്ഞു കുപ്പി വെള്ളവും പുറത്തെടുക്കും. പിന്നെ അവിടെ ഇരുന്ന് കഴിക്കും. അതു കഴിഞ്ഞ് പതിയെ എണീറ്റ് സന്തോഷമായി നടന്നുനീങ്ങും. 

ആ പാക്കിസ്ഥാനി വൃദ്ധന്‍ എന്റെ കണ്ണില്‍ എന്നുമൊരു സങ്കടത്തുള്ളിയായിരുന്നു. തുച്ഛമായ ശമ്പളമേ അയാള്‍ക്കുണ്ടാവു. അതു കാത്ത് പാക്കിസ്താനിലെവിടെയോ ഇരിക്കുന്ന അയാളുടെ കുടുംബത്തെ ഞാന്‍ സങ്കല്‍പ്പിച്ചെടുക്കും. 


അയാള്‍ ചെയ്യുന്നത് ഏറ്റവും മഹത്തായ ജോലിയാണ്. എന്നാല്‍, നമ്മുടെ സാമൂഹ്യക്രമത്തില്‍ ഏറ്റവും ചെറിയ വേതനം ആ ജോലിക്കാണ്.

അയാള്‍ ഒരു നഗരത്തെ ശുചിയാക്കുകയാണ് ചെയ്യുന്നത്.  ഏറ്റവും പുണ്യമായ കാര്യമാണത്. പരിസരം അനുനിമിഷം അത് വൃത്തികേടായിക്കൊണ്ടിരിക്കുന്നു. അവ ശുചിയാക്കി നമ്മള്‍ ജീവിക്കുന്ന ചുറ്റുപാടുകള്‍ ജീവയോഗ്യമാക്കുകയാണ് അയാള്‍ ചെയ്യുന്നത്്. നല്ല ശാരീരിക അധ്വാനമുള്ള ജോലിയാണ്. എന്നിട്ടും അതിനയാള്‍ക്ക് ലഭിക്കുന്നത് തുച്ഛമായ വേതനവും. 

അയാളുടെ കാര്യം മാത്രമല്ല, നമ്മുടെ ലോകത്തെ വൃത്തിയാക്കി സൂക്ഷിക്കുന്നവരുടെയെല്ലാം അവസ്ഥ ഇതുതന്നെയാണ്. പക്ഷികളെ നോക്കൂ  കാക്കകളും കഴുകന്‍മാരും പരിസര ശുചീകരണമാണ് ചെയ്യുന്നത്. പക്ഷേ, നമ്മുടെ പ്രിയപ്പെട്ട പക്ഷികളുടെ പട്ടികയില്‍ അവ കടന്നുവരാറില്ല. കാക്കയെ കല്ലെറിഞ്ഞോടിക്കുകയും നമ്മുടെ പാടങ്ങളില്‍ വിശഞ്ഞുവരുന്ന ധാന്യങ്ങള്‍ കൊത്തിയില്ലാതാക്കുന്ന തത്തകളെ ആശ്‌ളേഷിക്കുകയുമാണ് നമ്മുടെ രീതി. 

നഗരത്തിലെ മാലിന്യങ്ങളെ നോക്കൂ. പണ്ടൊക്കെ ജൈവവളങ്ങള്‍ ആക്കി മാറ്റാവുന്ന സാധനങ്ങള്‍ മാത്രമായിരുന്നു മാലിന്യങ്ങള്‍. ഇന്ന് പഴത്തൊലികളും പച്ചക്കറിയുടെ ഭാഗങ്ങളും പുല്ലും പഴയ കമ്പ്യൂട്ടറും കേടായ ടീവികളും പൊട്ടിയ ഫൈബര്‍ കസേരകളുമെല്ലാം വേസ്റ്റാണ്. അവയൊക്കെ തരംതിരിച്ച് വൃത്തിയാക്കുന്ന മനുഷ്യര്‍ ഇനി ഞങ്ങള്‍ പണിയെടുക്കുന്നില്ല എന്നു പറഞ്ഞാല്‍ തീരുന്നതേയുള്ളൂ നമ്മുടെ സുഗന്ധവാഹിയായ ജീവിതങ്ങള്‍! 

 

 

നമുക്കൊരാളെ പരിചയപ്പെടാം. അയാള്‍ വിദേശിയല്ല, നമ്മുടെ നാട്ടുകാരനാണ്. നാരായണന്‍കുട്ടി. ഇങ്ങനെ മാലിന്യ കൂമ്പാരങ്ങളില്‍ നിന്നും മാലിന്യം കൊണ്ടുപോവുന്ന ലോറിയുടെ ഡ്രൈവറാണ് അദ്ദേഹം.  ആള്‍ സരസനാണ്. തന്റെ ജോലിയുടെ കാര്യത്തില്‍ അദ്ദേഹം സംതൃപ്തനാണ്. മഹത്തായ ഒരു കാര്യമാണ് താന്‍ ചെയ്യുന്നത് എന്ന് അയാള്‍ വിശ്വസിക്കുന്നു. 

ലോറിയില്‍ മാലിന്യങ്ങള്‍ നിറച്ച് നാരായണന്‍ കുട്ടി വണ്ടി ദൂരേക്ക് ഓടിച്ചു പോവും. അവിടെ മാലിന്യങ്ങള്‍ കൊണ്ടു പോയിടുന്ന ഒരു സ്ഥലമുണ്ട്. ദുര്‍ഗന്ധം നിറഞ്ഞ അന്തരീക്ഷം. 

ഈ ജോലിക്കിടെ നാരായണന്‍ കുട്ടിയുടെ ശരീരത്തിനും ചിലപ്പോള്‍ ആ ദുര്‍ഗന്ധമുണ്ടാവാറുണ്ട്. പക്ഷെ വാസന സോപ്പുപയോഗിച്ച് കുളിച്ചാലതങ്ങ് മാറും എന്നാണ് അയാള്‍ പറയുന്നത്. 

ലോറിയോടിച്ചു പോവുന്നത് പ്രഭാതത്തിലാണ്. ഇടയ്‌ക്കൊരു റെയില്‍വേ ഗേറ്റുണ്ട്. ചിലപ്പോള്‍ അവിടെയെത്തുമ്പോഴേക്കും ഗേറ്റ് അടച്ചിട്ടുണ്ടാവും. ആ സമയത്ത് പിന്നിലുള്ള വണ്ടികളിലെ ഡ്രൈവര്‍മാര്‍ നാരായണന്‍ കുട്ടിയെ ചീത്ത വിളിക്കാന്‍ തുടങ്ങും. ദുര്‍ഗന്ധം സഹിക്കാന്‍ വയ്യ എന്നാണവരുടെ പരാതി.

ഒരിക്കല്‍ ഇങ്ങനെ റെയില്‍വേ ഗേറ്റ് അടച്ചിട്ട സമയത്താണ് നാരായണര്‍കുട്ടി എത്തിയത്. ഇനിയും കുറേ നില്‍ക്കണം. അയാള്‍ ലോറിയില്‍ നിന്ന് താഴെയിറങ്ങി. പിറകില്‍ വിലയേറിയ ഒരു വാഹനം വന്നു നിന്നു. 

നഗരത്തിലെ വിഐ പിമാരിലൊരാള്‍ യാത്ര ചെയ്യുന്ന വാഹനമാണ്. ഡ്രൈവറും വലിയ ഗമയിലാണ്.

അയാളുടെ അടുത്ത് ചെന്ന് നാരായണന്‍കുട്ടി കുശലം പറഞ്ഞപ്പോള്‍ അയാള്‍ ചോദിച്ചു.

'തനിക്ക് വേറെ പണിയൊന്നും കിട്ടീലേ..?'-ആ ചോദ്യം അയാളെ വേദനിപ്പിച്ചു.

അന്നു രാത്രി പണികഴിഞ്ഞു വീട്ടിലെത്തി എന്നത്തെയും പോലെ അയല്‍ക്കാരന്‍ പരമേശ്വരേട്ടനോട് സംസാരിച്ചു കൊണ്ടു നിന്നപ്പോള്‍ നാരായണന്‍ കുട്ടി ഈ വിഷയം പറഞ്ഞു.

'പരമേശ്വരേട്ടാ വിഐപിമാരെക്കൊണ്ടു പോവുന്ന ഡ്രൈവര്‍ കേമനും വേസ്റ്റ് കൊണ്ടുപോവുന്ന ഡ്രൈവര്‍ മോശവുമാണോ? 

പരമേശ്വരേട്ടന്റെ മറുപടി രസാവഹമായിരുന്നു. 'വി ഐ പി എന്നൊന്നില്ല. അത് ആപേക്ഷികമാണ്. വി ഐ പികളില്‍ പലരും വേസ്റ്റുകളാണ്. നാളത്തെ വേസ്റ്റുകളെയും ഇന്നത്തെ വേസ്റ്റുകളെയും രണ്ടു വണ്ടികളിലായി രണ്ടു ഡ്രൈവര്‍മാര്‍ കൊണ്ടുപോവുന്നു. അത്രേയുള്ളു. ഒരാള്‍ പഴമാങ്ങ കൊണ്ടു പോവുന്നു. മറ്റെയാള്‍ പച്ചമാങ്ങ കൊണ്ടുപോവുന്നു.'

നാരായണന്‍കുട്ടിക്ക് അത്ഭുതം തോന്നി. പരമേശ്വരേട്ടന് പഠിപ്പ് കുറവാണെങ്കിലും പറഞ്ഞത് ശരിയാണ്.

നാളത്തെ വേസ്റ്റുകളാണ് ഇന്ന് വിഐപികളായി ഫ്രിഡ്ജിലിരിക്കുന്നത്. ഒരര്‍ത്ഥത്തില്‍ ഓരോ മനുഷ്യന്റെയും അവസ്ഥ തന്നെയാണത്. 

'വിഐപി എന്നൊരു വിഭാഗം ഇല്ലെന്നാണോ പറയുന്നത്?'

'അല്ല വേസ്റ്റുകളെ പരിഹസിക്കരുതെന്നു മാത്രം.'

പിന്നീട് പലപ്പോഴും നാരായണന്‍കുട്ടിക്ക് അടച്ചിട്ട റെയില്‍വേ ഗേറ്റിനു മുന്നില്‍ ലോറി നിര്‍ത്തിയിടേണ്ടി വന്നിട്ടുണ്ട്. വി ഐ പികള്‍ സഞ്ചരിക്കുന്ന വാഹനം ഓടിക്കുന്ന ഡ്രൈവറെ കാണേണ്ടിയും വന്നിട്ടുണ്ട്. 

പക്ഷെ ഒരിക്കലും അപകര്‍ഷതാബോധം തോന്നിയിട്ടില്ല.
 

click me!