
നിയാണ്ടർത്താലുകൾ 45,000 വർഷങ്ങൾക്ക് മുമ്പ് നരഭോജികളായിരുന്നിരിക്കാമെന്ന് ഗവേഷകർ. ബെൽജിയത്തിലെ ഒരു ഗുഹയിൽ നിന്നുള്ള നൂറുകണക്കിന് നിയാണ്ടർത്തൽ അസ്ഥികൂടങ്ങൾ വിശകലനം ചെയ്യുന്നതിനിടയിലാണ് പുരാവസ്തു ഗവേഷകർ ഇങ്ങനെ ഒരു നിഗമനത്തിലെത്തിയത്. ആറ് നിയാണ്ടർത്തലുകളെ 45,000 വർഷങ്ങൾക്ക് മുമ്പ് മറ്റ് സംഘത്തിനൊപ്പമുള്ള നിയാണ്ടർത്താലുകൾ ഭക്ഷണമാക്കിയിരുന്നതായിട്ടാണ് ഗവേഷകരുടെ കണ്ടെത്തൽ. നരഭോജികൾ ആദ്യം സ്ത്രീകളെയും കുട്ടികളെയും ഭക്ഷിക്കാൻ ഇഷ്ടപ്പെട്ടുവെന്നും ഗവേഷകർ പറയുന്നു.
തെക്കൻ ബെൽജിയത്തിലെ വാലോണിയ മേഖലയിലുള്ള ഗോയെറ്റ് ഗുഹയിൽ ആധുനിക പുരാവസ്തു ഗവേഷകർ ആദ്യമായി പര്യവേക്ഷണം നടത്തിയത് 19 -ാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ്. ഇവിടെ നിന്നും നിയാണ്ടർത്താൽ കാലഘട്ടത്തിലെ 101 അസ്ഥികൂടങ്ങളാണ് കണ്ടെത്തിയത്. അവയിൽ പലതിലും മൃഗങ്ങളുടെ അസ്ഥികളുടേതിന് സമാനമായി കശാപ്പ് ചെയ്തതുപോലെയുള്ള അടയാളങ്ങൾ ഉണ്ടായിരുന്നു, ആരോ കൊന്ന് ഭക്ഷിച്ചതായിരിക്കാം എന്ന് സൂചന നൽകുന്നതായിരുന്നു ഈ കണ്ടെത്തൽ.
നവംബർ 19 -ന് സയന്റിഫിക് റിപ്പോർട്ട്സ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനം പറയുന്നത്, ഗവേഷകരുടെ പഠനത്തിൽ ഇത്തരത്തിൽ കശാപ്പ് ചെയ്യപ്പെട്ട എല്ലാ നിയാണ്ടർത്തലുകളും ചെറിയ സ്ത്രീകളും കുട്ടികളുമാണെന്ന് കണ്ടെത്തി എന്നാണ്. 'എന്തുകൊണ്ട് സ്ത്രീകളും കുട്ടികളും ഭക്ഷണമായി തിരഞ്ഞെടുക്കപ്പെട്ടു എന്ന് അറിയില്ല. എന്നാൽ, ഇത്തരത്തിൽ കണ്ടെത്തിയ അസ്ഥികൂടങ്ങളിൽ നാലെണ്ണം സ്ത്രീകളുടെയും രണ്ടെണ്ണം കുട്ടികളുടേയുമാണ്. ഇത് ആകസ്മികമാകാൻ വഴിയില്ല' എന്നാണ് ഫ്രാൻസിലെ ബോർഡോ സർവകലാശാലയിലെ ബയോളജിക്കൽ നരവംശശാസ്ത്രജ്ഞനും പഠനത്തിന്റെ മുഖ്യ രചയിതാവുമായ ക്വെന്റിൻ കോസ്നെഫ്രോയ് ലൈവ് സയൻസിനോട് പറഞ്ഞത്.