പ്രണയിക്കാൻ തൊട്ടടുത്തുള്ള ആളുകളെ മതി, അതാണ് എളുപ്പം, സൗകര്യവും; എന്താണ് ഡേറ്റിം​ഗിലെ ഈ 'സിപ് കോഡിം​ഗ്' ട്രെൻഡ്

Published : Nov 16, 2025, 03:33 PM IST
dating

Synopsis

ഡേറ്റിം​ഗ് ആപ്പുകളിലും ആളുകൾ തങ്ങളുടെ പ്രദേശത്ത് തന്നെ വരുന്ന ആളുകളെയാണ് കൂടുതലായും തെരഞ്ഞെടുക്കുന്നത് എന്ന് വിവിധ റിപ്പോർട്ടുകൾ പറയുന്നു.

പണ്ടത്തെ കാലമല്ല, അതിവേ​ഗം മാറിക്കൊണ്ടിരിക്കുകയാണ് പ്രണയത്തിന്റെ രീതികൾ. മനുഷ്യരുണ്ടായ കാലംതൊട്ട് പ്രണയവുമുണ്ട് എന്ന് പറയാറുണ്ടെങ്കിലും ഡേറ്റിം​ഗ് ട്രെൻഡുകൾ അതിവേ​ഗം മാറിമറയുന്ന ഒരു ജെൻ സീ കാലത്തെ നാം അഭിമുഖീകരിക്കുന്നത് ആദ്യമായിട്ടായിരിക്കും. കാണാനാവാത്ത, മിണ്ടാനാവാത്ത, തടസങ്ങളേറെയുള്ള പ്രണയകാലം കഴിഞ്ഞു. ലോകത്തിന്റെ രണ്ടറ്റത്തിരുന്നു വേണമെങ്കിലും സുഖമായി രണ്ട് പേർക്ക് പ്രണയിക്കാനാവുന്ന കാലമാണിത്. കൂട്ടിനുണ്ട് പുതുപുതു ടെക്നോളജികൾ. എന്തായാലും, പ്രണയവുമായി ബന്ധപ്പെട്ട് കേട്ടുപരിചയമില്ലാത്ത അനേകം വാക്കുകളും ഇപ്പോൾ ജെൻ സിയുടെ നിഘണ്ടുവിലുണ്ട്. അതിൽ ഒന്നാണ് 'സിപ് കോഡിം​ഗ്'.

എന്താണീ പ്രണയത്തിലെ 'സിപ് കോഡിം​ഗ്'?

സിം​ഗിളായിട്ടുള്ള ആളുകൾ തങ്ങളുടെ അടുത്ത് ജീവിക്കുന്ന ആളുകളെ പ്രണയിക്കാനായി തെരഞ്ഞെടുക്കുന്നതിനെയാണത്രെ 'സിപ് കോഡിം​ഗ്' എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. യുഎസ്സിലെ പോസ്റ്റൽ കോഡുകളെയാണ് സാധാരണയായി സിപ് കോഡുകളെന്ന് പറയാറ്. അത് തന്നെയാണ് ഈ ഡേറ്റിം​ഗ് ട്രെൻഡിന്റെ പശ്ചാത്തലവും. ഒരേ പോസ്റ്റ് ഓഫീസിന് കീഴെ വരുന്ന ആളുകളെ ഡേറ്റ് ചെയ്യുക എന്ന് അർത്ഥം. അതായത്, പ്രണയം തേടുന്നവരുടെയും, പ്രണയിക്കാൻ തെരഞ്ഞെടുക്കുന്നവരുടെയും സൗകര്യങ്ങളെ ആശ്രയിച്ചായിരിക്കും ഇത്. അടുത്തുള്ള ആളുകളെ പ്രണയിക്കുന്നതിന് ഒരുപാട് ​ഗുണങ്ങളുണ്ട് അല്ലേ? ആവശ്യത്തിന് കൂടെയുണ്ടാകും, ചായ കുടിക്കാനും, ഷോപ്പിം​ഗിനും, സിനിമയ്ക്കും, ജിമ്മിലും, മോർണിം​ഗ്/ ഈവനിം​ഗ് വാക്കിനുമെല്ലാം ഒരുമിച്ച് പോകാം.

ബന്ധം നീണ്ടുനിൽക്കുമോ?

മറ്റ് ബന്ധങ്ങൾ പോലെ നീണ്ടുനിൽക്കുന്ന ഒന്നാവണമെന്നില്ല ഇത്തരം ബന്ധങ്ങൾ എന്നാണ് വിദ​ഗ്ദ്ധരുടെ അഭിപ്രായം. രണ്ടുപേരുടെ സൗകര്യങ്ങളെ ആശ്രയിച്ചാണ് ഈ ബന്ധം മുന്നോട്ട് പോകുന്നത്. നമ്മുടെ ന​ഗരത്തിൽ പ്രണയിക്കാനായി ഒരാൾ എന്നതാണ് മിക്കവാറും ഇതിന്റെ രീതി. സൗകര്യപ്രദമായ (Convenience) ഒരു ബന്ധം എന്ന് വേണമെങ്കിൽ പറയാം. ദീർഘകാലത്തേക്കുള്ള, കമ്മിറ്റഡായിട്ടുള്ള ഒരു ബന്ധം അന്വേഷിക്കുന്നവർക്ക് ഇതത്ര മികച്ച ഡേറ്റിം​ഗ് രീതിയല്ലത്രെ. കാരണം, ആ ന​ഗരം വിട്ട് രണ്ട് വഴിക്ക് രണ്ടുപേരും പോകുന്ന സമയത്ത് ഈ ബന്ധം അവസാനിക്കാനുള്ള സാധ്യത കൂടുതലാണ്. രണ്ട് ന​ഗരങ്ങളിലാവുന്നതോടു കൂടി ഈ ബന്ധത്തിന് വേണ്ടി നിങ്ങളെത്ര അധ്വാനിക്കുന്നു (Effort) എന്നതിനെ ആശ്രയിച്ചും, മറ്റേയാളിനെ നിങ്ങൾക്ക് എത്രമാത്രം വേണം എന്നതിനെ ആശ്രയിച്ചുമായിരിക്കും ഈ ബന്ധത്തിന്റെ ഭാവി.

ഡേറ്റിം​ഗ് ആപ്പുകളും സിപ് കോഡിം​ഗും

ഡേറ്റിം​ഗ് ആപ്പുകളിലും ആളുകൾ തങ്ങളുടെ പ്രദേശത്ത് തന്നെ വരുന്ന ആളുകളെയാണ് കൂടുതലായും തെരഞ്ഞെടുക്കുന്നത് എന്ന് വിവിധ റിപ്പോർട്ടുകൾ പറയുന്നു. നിങ്ങൾ ജീവിക്കുന്ന ഒരു പ്രദേശത്തെ കുറിച്ച് പറയുക എന്നാൽ, നിങ്ങൾ നിങ്ങളെ കുറിച്ച് തന്നെ വെളിപ്പെടുത്തുക എന്നത് കൂടിയാണ് അർത്ഥം. ഉദാഹരണത്തിന്, വലിയ വലിയ ന​ഗരങ്ങളിൽ ജീവിക്കുന്ന പലരും അതിനോട് ചേർന്ന് നിൽക്കുന്നതാണ് തൻ‌റെ ലൈഫ്‍സ്റ്റൈലും, വൈബുമെല്ലാം എന്ന് പറയാതെ പറയുന്നു. അതുപോലെ, അത്രയൊന്നും ന​ഗരസ്വഭാവം ഇല്ലാത്ത ഒരിടത്ത് താമസിക്കുന്ന ഒരാൾക്ക് തണുപ്പൻ മട്ടായിരിക്കും എന്ന് കരുതുന്നവരുണ്ടാകും.

സിപ് കോഡിം​ഗ്, മെച്ചവും ദോഷവും

ഈ ഡേറ്റിം​ഗ് ട്രെൻഡിനുമുണ്ട് അതിന്റേതായ ​ഗുണവും ദോഷവും. അതിവേ​ഗം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന നേരത്തിനൊപ്പം ഓടുകയാണ് നമ്മൾ. ആ സാഹചര്യത്തിൽ അടുത്തുള്ള ഒരാളെ ഡേറ്റ് ചെയ്യുകയെന്നാൽ എളുപ്പത്തിൽ അയാളെ കാണാനാവുക എന്നത് കൂടിയാണ് അർത്ഥം. ഒപ്പം, എന്തിനും ഏതിനും അടുത്ത് ഒരാളുണ്ട് എന്ന തോന്നലുണ്ടാകും. ഏകദേശം, ഒരുപോലെയുള്ള ജീവിതരീതി പിന്തുടരുന്നു, ഒരേ ന​ഗരവും അതിന്റെ സൗകര്യങ്ങളും ആശ്രയിക്കുന്നു എന്നതുകൊണ്ട് പരസ്പരം മനസിലാക്കാനും എളുപ്പമാണ്.

എന്നാൽ, അതേസമയം തന്നെ അതിന്റേതായ ദോഷങ്ങളും ഈ ഡേറ്റിം​ഗ് രീതിക്കുണ്ട്. നിങ്ങൾ നിങ്ങളെ തന്നെ പരിമിതപ്പെടുത്തുന്നു (Limit) എന്നതാണ് പ്രധാനപ്പെട്ട ദോഷങ്ങളിലൊന്ന്. ഒരുപാട് യാത്ര ചെയ്യുകയും ഒരുപാട് പുതിയ കാര്യങ്ങൾ മനസിലാക്കുകയും പഠിക്കുകയും ചെയ്യേണ്ടുന്നതിന് പകരം ഒരേ ന​ഗരത്തിൽ എന്നതിലേക്ക് ഒതുങ്ങിപ്പോകാൻ ഇതൊരു കാരണമായി തീർന്നേക്കാം. ഭൗതികമായ സൗകര്യങ്ങൾ മാത്രം നോക്കിയാവും പങ്കാളിയെ കണ്ടെത്തുന്നത്, ന​ഗരം മാറുമ്പോൾ പ്രണയവും മാറിപ്പോകാം എന്നത് കൂടി ഇതിന്റെ ഭാ​ഗമായി സംഭവിക്കാവുന്നതാണ്.

 

PREV
Read more Articles on
click me!

Recommended Stories

'ഇന്ത്യ റഷ്യ സ്പെഷ്യൽ'; തരൂരിന്‍റെയും മാധ്യമ പ്രവർത്തകയുടെയും ചിത്രങ്ങൾ വൈറൽ
നേരാങ്ങളമാർ അരിഞ്ഞുതള്ളിയ മാക്കവും മക്കളും, തെയ്യം മോഹിനിയാട്ടത്തില്‍ പകര്‍ന്നാടുമ്പോള്‍