വിവാഹച്ചെലവ് ഇവർക്കൊരു ഭാരമേയല്ല, പണം കണ്ടെത്താൻ പ്രത്യേകം രീതി, ലക്ഷങ്ങൾ വരെ കിട്ടും

Published : Dec 12, 2023, 06:58 PM IST
വിവാഹച്ചെലവ് ഇവർക്കൊരു ഭാരമേയല്ല, പണം കണ്ടെത്താൻ പ്രത്യേകം രീതി, ലക്ഷങ്ങൾ വരെ കിട്ടും

Synopsis

സജ്ഹ എന്നാണ് ഇവരുടെ വിവാഹച്ചടങ്ങ് അറിയപ്പെടുന്നത്. ഡാ​ഗ്ല എന്ന് പേരിട്ടിരിക്കുന്ന തടികൊണ്ട് നിർമ്മിച്ച കൂടാരത്തിലാണ് ചടങ്ങുകൾ നടക്കുക.

വലിയ പണച്ചെലവുള്ള സം​ഗതിയായി ഇന്ന് വിവാഹാഘോഷങ്ങൾ മാറിക്കഴിഞ്ഞു. പലപ്പോഴും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ വീട്ടിലൊരു വിവാഹം നടന്നാൽ കടത്തിലാവുകയാണ് പതിവ്. എന്നാൽ, ഈ ​ഗോത്ര സമൂഹത്തിലെ വിവാഹത്തിന് ഒരു പ്രത്യേകതയുണ്ട്. അവരുടെ വിവാഹത്തിന്റെ ചെലവ് നോക്കുന്നത് എല്ലാവരും ചേർന്നാണ്. അതായത്, വിവാഹത്തിന് സംബന്ധിക്കുന്ന ബന്ധുക്കളും അയൽക്കാരും ഒക്കെയായിട്ടുള്ള അതിഥികളെല്ലാം ചേർന്ന്. 

മധ്യപ്രദേശിലെ ഭിൽ ഗോത്രവർഗക്കാർക്കിടയിലാണ് വിവാഹത്തിനുള്ള ചെലവ് കണ്ടെത്താനുള്ള ഈ പ്രത്യേകമാർ​ഗ്​ഗം നിലനിൽക്കുന്നത്. നോത്ര എന്നാണ് ഇത് അറിയപ്പെടുന്നത്. നമ്മുടെ നാട്ടിലും വിവാഹത്തിന് അതിഥികൾ പണം നൽകുന്ന പതിവുണ്ട് അല്ലേ? ഏകദേശം അതു തന്നെയാണ് ഇവിടെയും നടക്കുന്നത്. പ്രത്യേകിച്ച് ഝബുവ, മന്ദ്‌സൗർ, രത്‌ലം, അലിരാജ്പൂർ തുടങ്ങിയ ജില്ലകളിലാണ് ഭിൽ ഗോത്രക്കാർ നോത്ര എന്നറിയപ്പെടുന്ന ഈ ചടങ്ങ് സംഘടിപ്പിക്കുന്നത്. 

ഈ ചടങ്ങിൽ അതിഥികൾ വിവാഹച്ചെലവിലേക്ക് സാമ്പത്തികമായി സംഭാവന ചെയ്യുകയാണ് ചെയ്യാറ്. എല്ലാ വീട്ടിലും വിവാഹം നടക്കുമ്പോൾ ഈ പരസ്പരം സഹായം ഉണ്ടാകും. ഇതിലൂടെ കമ്മ്യൂണിറ്റിക്കിടയിലുള്ള പരസ്പര സഹായമനോഭാവവും ഐക്യവും ഒക്കെ ബലപ്പെടുന്നു. അതേ സമയം തന്നെ ഒരു വിവാഹത്തിന് കൊടുക്കുന്ന പണം ആ വീട്ടിലേക്ക് ഇരട്ടിയായി വിവാഹത്തിന് തിരികെ നൽകണം എന്നുകൂടിയുണ്ട് എന്നും ചില റിപ്പോർട്ടുകൾ പറയുന്നു. 

ഇങ്ങനെ സാമ്പത്തികമായി സഹായിക്കുന്ന ചടങ്ങിലേക്കടക്കം പ്രത്യേകം ആളുകളെ ക്ഷണിക്കും. സജ്ഹ എന്നാണ് ഇവരുടെ വിവാഹച്ചടങ്ങ് അറിയപ്പെടുന്നത്. ഡാ​ഗ്ല എന്ന് പേരിട്ടിരിക്കുന്ന തടികൊണ്ട് നിർമ്മിച്ച കൂടാരത്തിലാണ് ചടങ്ങുകൾ നടക്കുക. സദ്യ ഒരുക്കുന്നതും എല്ലാവരും ഒന്നുചേർന്നാണ്. അതിനായി വിവാഹത്തിൽ പങ്കെടുക്കുന്ന അതിഥികൾ തങ്ങളുടെ വീട്ടിൽ നിന്നും പാത്രങ്ങളും വിവിധ ഭക്ഷണങ്ങളൊരുക്കാനുള്ള സാധനങ്ങളും ഒക്കെ കൊണ്ടുവരുന്നു. എന്നാൽ, ഇന്ന് അത് പണം കൊടുത്ത് സദ്യ ഒരുക്കുന്നതിലേക്ക് കുറേയൊക്കെ മാറിക്കഴിഞ്ഞു. 

അതുപോലെ ആഡംബരമായി വിവാഹം നടത്തുന്നവരും ചെറിയ തോതിൽ വിവാഹച്ചടങ്ങുകൾ നടത്തുന്നവരും ഇവിടെയുണ്ട്. സൈലാനയിൽ നിന്നും അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ട കമലേശ്വർ ദോദിയാർ എം‌എൽ‌എ സാമ്പത്തികമായ ബുദ്ധിമുട്ട് കാരണം തന്റെ വിവാഹത്തിനാവശ്യമായ പണം കണ്ടെത്തുന്നതിന് നോത്ര എന്ന് പേരുള്ള ഈ പരമ്പരാ​ഗതരീതി ഉപയോ​ഗപ്പെടുത്തിയിരുന്നു. 500 ആളുകളാണ് ഇതിൽ പങ്കെടുത്തത്. 2.38 ലക്ഷം രൂപ അതിലൂടെ അദ്ദേഹത്തിന് കിട്ടുകയും ചെയ്തത്രെ.

(ചിത്രം പ്രതീകാത്മകം)

വായിക്കാം: കണ്ട് പഠിക്കണം; പുസ്തകവും ബാഗുമായി കൊച്ചുമക്കൾക്കൊപ്പം ഒന്നാം ക്ലാസിൽ പോകാൻ 61 -കാരിയും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

നിയാണ്ടർത്താലുകൾ നരഭോജികൾ? സ്ത്രീകളെയും കുട്ടികളെയും ഭക്ഷണമാക്കിയിരിക്കാമെന്ന് ​ഗവേഷകർ
പ്രണയിക്കാൻ തൊട്ടടുത്തുള്ള ആളുകളെ മതി, അതാണ് എളുപ്പം, സൗകര്യവും; എന്താണ് ഡേറ്റിം​ഗിലെ ഈ 'സിപ് കോഡിം​ഗ്' ട്രെൻഡ്