രതിമൂര്‍ച്ഛ: ആ കഴിവ് മനുഷ്യര്‍ക്ക് നഷ്ടപ്പെട്ടാല്‍ എന്ത് സംഭവിക്കും?

By Joe Joseph MuthireriFirst Published May 27, 2020, 4:44 PM IST
Highlights

ജോ ജോസഫ് മുതിരേരി എഴുതുന്നു: പരിണാമ നടവഴികളില്‍ എവിടെങ്കിലും വച്ച് മനുഷ്യന് രതിമൂര്‍ച്ഛ എത്താനുള്ള കഴിവ് നഷ്ടപ്പെട്ടുപോയാല്‍ എന്ത് സംഭവിക്കും? 

രതിമൂര്‍ച്ഛ ലോകത്തില്‍ നിന്ന് അപ്രത്യക്ഷമായാല്‍ നിശ്ചയമായും ജനസംഖ്യ വര്‍ദ്ധനവിനെ അത് സാരമായി ബാധിക്കും. മൂന്നാം ലോക രാജ്യങ്ങളിലെ ജനസംഖ്യവര്‍ദ്ധനവില്‍ ഏറെയും രതിമൂര്‍ച്ഛ എന്ന ലക്ഷ്യത്തില്‍ അബദ്ധത്തില്‍ സംഭവിച്ചു പോയ ഉപോല്‍പന്നമാണ്. രതിമൂര്‍ച്ഛ ഇല്ലെങ്കില്‍ ലൈംഗികത പ്രത്യുല്‍പ്പാദനത്തിന് വേണ്ടി മാത്രമാകും. ശാരീരിക ആരോഗ്യം കുറയും. ആഴ്ചയില്‍ രണ്ടു തവണയെങ്കിലും രതിമൂര്‍ച്ഛ അനുഭവിക്കുന്ന ആളുകള്‍ മറ്റുള്ളവരെക്കാള്‍ ദീര്‍ഘായുസ്സും ആരോഗ്യവും ഉള്ളവര്‍ ആയിരിക്കും എന്ന് പഠനങ്ങള്‍ പറയുന്നു. പക്ഷെ ഫിനിഷിങ് പോയിന്റ് ഇല്ലാത്ത ഓട്ടമല്‍സരത്തില്‍ പങ്കെടുക്കാന്‍ ആര്‍ക്ക് താല്‍പ്പര്യം ഉണ്ടാകും?

 

 

ജീവിതത്തില്‍ ഒരിക്കലെങ്കിലും രതിമൂര്‍ച്ഛ അനുഭവിക്കാത്ത മനുഷ്യര്‍ ഉണ്ടാകില്ല. നമ്മള്‍ അതിനെക്കുറിച്ചു സംസാരിക്കാറില്ല എങ്കിലും രതിമൂര്‍ച്ഛ ജീവിതത്തിന്റെ അവിഭാജ്യഘടകം തന്നെയാണ്. പലരീതിയില്‍ രതിമൂര്‍ച്ഛ ഉണ്ടാകാം. കണ്‍പീലികള്‍ തടവുമ്പോള്‍, പല്ലുതേക്കുമ്പോള്‍ ഒക്കെ രതിമൂര്‍ച്ഛ ഉണ്ടാകുന്ന ആളുകള്‍ ഉണ്ട്. യാതൊന്നും ചെയ്യാതെ ഭാവനയിലൂടെ രതിമൂര്‍ച്ഛയില്‍ എത്താന്‍ കഴിയുന്ന ഒരു അമേരിക്കന്‍ സ്ത്രീയെക്കുറിച്ചുള്ള വാര്‍ത്തകള്‍ സയന്‍സ് ജേണലുകള്‍ അടക്കം പ്രസിദ്ധീകരിച്ചിരുന്നു. അനിയന്ത്രിതമായ എക്കിള്‍ വന്നാല്‍ രതിമൂര്‍ച്ഛയാണ് ഏറ്റവും എളുപ്പ മരുന്ന് എന്നതിന് ശാസ്ത്രീയ തെളിവുകള്‍ ഉണ്ട് . സെക്സ് ഉപകരണങ്ങള്‍ നിര്‍മിക്കുന്ന ചെനീസ് വ്യാപാര മേഖല ഒരു വര്‍ഷം 200 കോടി ഡോളറിന്റെ കച്ചവടം നടക്കുന്നു- ഭൂരിഭാഗം അസംസ്‌കൃത വസ്തുക്കളും ചൈന ഇതിനായി ഇറക്കുമതി ചെയ്യുന്നത് പാകിസ്ഥാനില്‍ നിന്നും. യാഥാര്‍ത്ഥ ഉപയോഗം അറിഞ്ഞാല്‍ ഒരു പക്ഷേ, പാകിസ്ഥാന്‍ കയറ്റുമതി വിലക്കിയേനെ. 

രതിമൂര്‍ച്ഛ ഒരു ന്യൂറോകെമിക്കല്‍ റിഫ്ളെക്സ് ആയാണ് കണക്കാക്കുന്നത്. വിശപ്പ് പോലെ ദഹനം പോലെ നമുക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത ശാരീരിക പ്രതികരണം. തുടങ്ങിയാല്‍ നീട്ടുവാനോ കുറയ്ക്കുവാനോ ഒന്നും കഴിയില്ല. ഏകദേശം 160 വര്‍ഷം മുന്‍പുള്ള വിക്‌ടോറിയന്‍ സമൂഹം രതിമൂര്‍ച്ഛ പാപമായി കണക്കാക്കിയിരുന്നു. ലൈംഗികത സൃഷ്ടികര്‍മത്തിന് വേണ്ടി മാത്രമാണ് എന്നും കരുതിയിരുന്നു. ലൈംഗികത അധികമായാല്‍ അന്ധത ഉണ്ടാകുമെന്നും ക്യാന്‍സറിന് കാരണമാകും എന്നും ഭയപ്പെട്ടിരുന്നു. രതിമൂര്‍ച്ഛയെക്കുറിച്ചുള്ള കാഴ്ച്ചപ്പാടുകള്‍ പില്‍ക്കാലത്ത് അടിമുടി മാറി.

പരിണാമ നടവഴികളില്‍ എവിടെങ്കിലും വച്ച് മനുഷ്യന് രതിമൂര്‍ച്ഛ എത്താനുള്ള കഴിവ് നഷ്ടപ്പെട്ടുപോയാല്‍ എന്ത് സംഭവിക്കും? 

ഊഹിക്കാന്‍ കഴിയാത്ത പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും അവ. ജീവികളുടെ പ്രത്യുല്‍പാദനം നിലനിര്‍ത്തികൊണ്ട് പോകുവാന്‍ പ്രകൃതി ഒരുക്കിവച്ച പ്രത്യേക സൂത്രമാണ് രതിമൂര്‍ച്ഛ. എന്നാല്‍ പ്രതുല്‍പാദനം എന്ന ലക്ഷ്യത്തിനും അപ്പുറം ആനന്ദദായകമായ അനുഭവമായി അത് മാറിക്കഴിഞ്ഞു. അതിനെ തൊട്ടുതൊട്ടാണ് പോണ്‍ ഇന്‍ഡസ്ട്രി പോലുള്ള വലിയ ബിസിനസുകള്‍ ഉണ്ടായത്. 

നേരത്തെ പറഞ്ഞ രതിമൂര്‍ച്ഛ ഇല്ലാതായാല്‍ എന്തു സംഭവിക്കുമെന്ന് നോക്കാം. അത് ആദ്യം ബാധിക്കുക ആരോഗ്യത്തെ ആയിരിക്കും. തലച്ചോറിന്റെ പലഭാഗങ്ങള്‍ ഏറ്റവും ഫോക്കസ് ചെയ്യപ്പെട്ട് ഉണ്ടാവുന്ന രതിമൂര്‍ച്ഛ ഒരു നിസ്സാര സംഗതിയല്ല. തലച്ചോറിലെ ഓക്‌സിടോസിന്‍ എന്ന ഹോര്‍മോണിന്റെ സഹായത്തോടെ ഉദ്ധാരണം ഉണ്ടാക്കി ഡോപ്പമൈന്‍ പോലെയുള്ള ന്യൂറോ കെമിക്കലുകള്‍ സങ്കീര്‍ണമായി ഇടപെട്ട്, കാഴ്ച, ഗന്ധം, സ്പര്‍ശം എന്നിവയും തലച്ചോറിന്റെ പരിപൂര്‍ണ ശ്രദ്ധയും ഒറ്റ വസ്തുവില്‍ കേന്ദ്രീകരിക്കപ്പെട്ട് ഒരു നിമിഷത്തില്‍ ഉണ്ടാകുന്ന ആ മഹാവിസ്ഫോടനത്തെ തുലനം ചെയ്യാന്‍ ഒറ്റ സംഗതിയേ നിലവിലുള്ളു. യുഫോറിയ എന്ന് വേണമെങ്കിലതിനെ വിളിക്കാം. 

രതിമൂര്‍ച്ഛ ലോകത്തില്‍ നിന്ന് അപ്രത്യക്ഷമായാല്‍ നിശ്ചയമായും ജനസംഖ്യ വര്‍ദ്ധനവിനെ അത് സാരമായി ബാധിക്കും. മൂന്നാം ലോക രാജ്യങ്ങളിലെ ജനസംഖ്യവര്‍ദ്ധനവില്‍ ഏറെയും രതിമൂര്‍ച്ഛ എന്ന ലക്ഷ്യത്തില്‍ അബദ്ധത്തില്‍ സംഭവിച്ചു പോയ ഉപോല്‍പന്നമാണ്. രതിമൂര്‍ച്ഛ ഇല്ലെങ്കില്‍ ലൈംഗികത പ്രത്യുല്‍പ്പാദനത്തിന് വേണ്ടി മാത്രമാകും. ശാരീരിക ആരോഗ്യം കുറയും. ആഴ്ചയില്‍ രണ്ടു തവണയെങ്കിലും രതിമൂര്‍ച്ഛ അനുഭവിക്കുന്ന ആളുകള്‍ മറ്റുള്ളവരെക്കാള്‍ ദീര്‍ഘായുസ്സും ആരോഗ്യവും ഉള്ളവര്‍ ആയിരിക്കും എന്ന് പഠനങ്ങള്‍ പറയുന്നു. പക്ഷെ ഫിനിഷിങ് പോയിന്റ് ഇല്ലാത്ത ഓട്ടമല്‍സരത്തില്‍ പങ്കെടുക്കാന്‍ ആര്‍ക്ക് താല്‍പ്പര്യം ഉണ്ടാകും?

അങ്ങനെ വന്നാല്‍, ജിമ്മില്‍ പോകുന്നത് പോലെ ജോഗിങ് പോലെ യാന്ത്രികമായി മാറും ലൈംഗികത. ഒരു ലക്ഷ്യവും ഇല്ലാതെ നിരന്തരം പുഷ് അപ്പ് എടുക്കാന്‍ ആര് തയ്യാറാവും. മടുപ്പുളവാക്കുന്ന പ്രക്രിയയായി ലൈംഗികത മാറും. ജനസംഖ്യ താഴും. സ്‌കൂളുകളുടെ എണ്ണം കുറയും. പ്രകൃതിക്കാണ് ഇത് ഏറ്റവും ഗുണം ചെയ്യുക. ജനസംഖ്യയിലെ കനത്ത ഇടിവ് പ്രകൃതി വിഭവങ്ങളുടെ കൂടിയ ചൂഷണങ്ങളില്‍ നിന്ന് രക്ഷിക്കും. വിവാഹം കുടുംബം എന്ന സങ്കല്പങ്ങള്‍ മാറിമറിയും. വ്യക്തികള്‍ തമ്മില്‍ സമൂഹത്തില്‍ ഇഴയടുപ്പം കൂടും സൗഹൃദങ്ങള്‍ കൂടും. കാരണം രതിമൂര്‍ച്ഛ ഇല്ലാതായി എങ്കിലും മനുഷ്യന്റെ വൈകാരികമായ ആവശ്യങ്ങള്‍ അവസാനിക്കില്ല.

രതിമൂര്‍ച്ഛക്ക് വേദന സംഹാരിയുടെ കഴിവുണ്ട്. ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ആരോഗ്യത്തോടെ നിര്‍ത്തുന്നതില്‍ രതിമൂര്‍ച്ഛക്ക് പങ്കുണ്ട് . പ്രായമാകുന്നത് വൈകിക്കാന്‍ അതിനു കഴിയും എന്ന് പഠനങ്ങള്‍ പറയുന്നു. ലോകത്തെ ഏറ്റവും പഴക്കം ചെന്ന തൊഴില്‍ -ലൈംഗികത്തൊഴില്‍.  അതുമായി ബന്ധപ്പെട്ട് ഒഴുകുന്ന കോടിക്കണക്കിന് ഡോളറുകളുടെ സാമ്പത്തിക വ്യാപാരങ്ങള്‍ നിലയ്ക്കും. ലൈംഗികതയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ കുറയും- വ്യായാമം ചെയ്യുന്നതിന് ജയിലില്‍ കിടക്കാന്‍ ആരെക്കിട്ടാനാണ്?   

(അലക്‌സ് മില്‍സിന്റെ 'ബയോളജി ഓഫ് സെക്‌സ' എന്ന പുസ്തകത്തെ ആസ്പദമാക്കി എഴുതിയത്)

click me!