ക്ലാസില്‍ ലാപ്‌ടോപ്പ് വേണ്ട, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ക്കും വിട; സ്വീഡന്‍ പുസ്തകങ്ങളിലേക്ക് മടങ്ങുന്നു

Published : Apr 16, 2026, 04:19 PM IST
Digital Classroom Digital learning

Synopsis

ലാപ്‌ടോപ്പുകളും ഓണ്‍ലൈന്‍ പഠന പ്ലാറ്റ്‌ഫോമുകളും തിരിച്ചടിയായെന്ന് വിലയിരുത്തിയാണ് 2022-ല്‍ അധികാരത്തില്‍വന്ന പുതിയ സര്‍ക്കാര്‍ പഴയ പഠനരീതി തിരിച്ചുകൊണ്ടുവരുന്നത്. കുട്ടികള്‍ക്ക് അക്ഷരങ്ങളുമായി ഇടപെടുന്നതിന് പുസ്തകങ്ങളാണ് നല്ലതെന്നാണ് പുതിയ സര്‍ക്കാര്‍ നയം.

സ്‌റ്റോക്ക്‌ഹോം: ലാപ്‌ടോപ്പുകള്‍ സ്‌കൂളുകള്‍ കീഴടക്കിയ പതിറ്റാണ്ടിനു ശേഷം സ്വീഡനിലെ ക്ലാസ്മുറികളിലേക്ക് പുസ്തകങ്ങളും പേപ്പറും പേനകളും തിരിച്ചുവരുന്നു. ഡിജിറ്റല്‍ വിദ്യാഭ്യാസത്തിനു പകരം, പഴയ മട്ടില്‍ പാഠപുസ്തകങ്ങളിലൂടെയുള്ള പഠനം തിരിച്ചുകൊണ്ടുവരാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്നാണിത്. ലാപ്‌ടോപ്പുകളും ഓണ്‍ലൈന്‍ പഠന പ്ലാറ്റ്‌ഫോമുകളും തിരിച്ചടിയായെന്ന് വിലയിരുത്തിയാണ് 2022-ല്‍ അധികാരത്തില്‍വന്ന പുതിയ സര്‍ക്കാര്‍ പഴയ പഠനരീതി തിരിച്ചുകൊണ്ടുവരുന്നത്. കുട്ടികള്‍ക്ക് അക്ഷരങ്ങളുമായി ഇടപെടുന്നതിന് പുസ്തകങ്ങളാണ് നല്ലതെന്നാണ് പുതിയ സര്‍ക്കാര്‍ നയം.

പ്രീ-സ്‌കൂളുകളില്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കണമെന്ന നിബന്ധന 2025 -ല്‍ ഒഴിവാക്കിയിരുന്നു. രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ടാബ്ലെറ്റുകള്‍ നല്‍കുന്നതും അവസാനിപ്പിച്ചു. ഈ വര്‍ഷം അവസാനത്തോടെ സ്‌കൂളുകളില്‍ മൊബൈല്‍ ഫോണുകള്‍ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് പോലും ഉപയോഗിക്കുന്നത് നിരോധിക്കാനാണ് തീരുമാനം. പാഠപുസ്തകങ്ങള്‍, അധ്യാപകര്‍ക്കുള്ള കൈപ്പുസ്തകങ്ങള്‍ എന്നിവയ്ക്കായി 200 മില്യണ്‍ ഡോളര്‍ ഗ്രാന്റായി അനുവദിച്ചിട്ടുണ്ട്. പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള പുതിയ പാഠ്യപദ്ധതി 2028-ല്‍ നിലവില്‍ വരും.

2000-അവസാനത്തിലും 2010-തുടക്കത്തിലുമാണ് സ്വീഡിഷ് ക്ലാസ് മുറികളില്‍ ലാപ്‌ടോപ്പുകള്‍ വ്യാപകമായത്. 2015-ഓടെ സര്‍ക്കാര്‍ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഹൈസ്‌കൂളുകളിലെ 80 ശതമാനം വിദ്യാര്‍ത്ഥികള്‍ക്കും സ്വന്തമായി ഡിജിറ്റല്‍ ഉപകരണങ്ങള്‍ നല്‍കി. മുന്‍ സോഷ്യല്‍ ഡെമോക്രാറ്റ് സര്‍ക്കാര്‍ 2019-ല്‍ പ്രീസ്‌കൂളുകളില്‍ ടാബ്ലെറ്റുകളുടെ ഉപയോഗം നിര്‍ബന്ധമാക്കി.

എന്നാല്‍ 2022-ല്‍ അധികാരത്തില്‍ വന്ന നിലവിലെ വലതുപക്ഷ സര്‍ക്കാര്‍ ഇത് മാറ്റി പഴയ ബോധനരീതിയിലേക്ക് തിരിച്ചുപോവാന്‍ തീരുമാനിക്കുകയായിരുന്നു. വിദ്യാഭ്യാസ ഗവേഷകര്‍, അധ്യാപക സംഘടനകള്‍, പൊതു ഏജന്‍സികള്‍, നഗരസഭകള്‍ എന്നിവരെ ഉള്‍പ്പെടുത്തി 2023-ല്‍ നടത്തിയ കൂടിയാലോചനയെ തുടര്‍ന്നാണ് ഈ മാറ്റം കൊണ്ടുവന്നത്.

സ്‌ക്രീനുകളുടെ ഉപയോഗം പരമാവധി ഒഴിവാക്കാനാണ് തീരുമാനമെന്ന് സ്വീഡിഷ് വിദ്യാഭ്യാസ വകുപ്പ് നയിക്കുന്ന ലിബറല്‍ പാര്‍ട്ടിയുടെ വക്താവ് ജോര്‍ജ് ഫോര്‍സെല്‍ വ്യക്തമാക്കി. ഉയര്‍ന്ന ക്ലാസുകളില്‍ ഡിജിറ്റല്‍ പഠനം ആയാലും ചെറിയ പ്രായത്തിലുള്ള കുട്ടികള്‍ക്ക് സ്‌ക്രീനുകള്‍ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കുട്ടികള്‍ക്ക് ആവശ്യമായ അറിവ് ലഭിക്കണമെങ്കില്‍, പുസ്തകങ്ങള്‍ വായിക്കുന്നതും കടലാസില്‍ എഴുതുന്നതും കടലാസില്‍ കണക്കുകൂട്ടുന്നതുമാണ് ഉചിതമെന്നും ഫോര്‍സെല്‍ പറഞ്ഞു. പാഠഭാഗങ്ങള്‍ പുസ്തകങ്ങളിലൂടെ പഠിച്ചാല്‍ കുട്ടികള്‍ക്ക് ശ്രദ്ധ വര്‍ദ്ധിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് ചൂണ്ടിക്കാട്ടുന്നത്. എഴുത്ത്, വായന തുടങ്ങിയ കഴിവുകള്‍ വികസിപ്പിക്കാനും ഇതാണ് നല്ലതെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

അടിസ്ഥാന വിദ്യാഭ്യാസ വിഷയങ്ങളില്‍ രാജ്യാന്തര റാങ്കിംഗ് മെച്ചപ്പെടുത്താന്‍ ഈ മാറ്റം സഹായിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഒരുകാലത്ത് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്ന സ്വീഡന്റെ സ്‌കോറുകള്‍ 2012-ല്‍ കുത്തനെ ഇടിഞ്ഞിരുന്നു. 2022-ല്‍ ഗണിതത്തിലും വായനയിലും വീണ്ടും ഗണ്യമായ കുറവുണ്ടായി.

എന്നാല്‍ ഈ മടങ്ങിപ്പോക്കിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. ഇത് വിദ്യാര്‍ത്ഥികളുടെ തൊഴിലവസരങ്ങളെ ബാധിക്കുമെന്നും സമ്പദ്വ്യവസ്ഥയ്ക്ക് ദോഷം ചെയ്യുമെന്നും വിവിധ സാങ്കേതിക കമ്പനികള്‍, അധ്യാപകര്‍, കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞര്‍ എന്നിവര്‍ ചൂണ്ടിക്കാട്ടുന്നു.

 

PREV
KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ജീവിതം കടലിൽ തന്നെ, താമസിക്കാൻ വെള്ളത്തിലെ കൂടാരങ്ങൾ, കടലിൽ മുങ്ങാൻ പ്രത്യേക കഴിവ്, ബജാവു ജനതയെ അറിയാം
തനത് ഗോത്ര സംഗീതജ്ഞര്‍ക്ക് ഫെലോഷിപ്പ്; പരിശീലനവും കലാപ്രകടനത്തിനുള്ള അവസരവും