തമിഴ്നാട്ടിലെ ക്ഷേത്രത്തിൽ നിന്നും മോഷ്ടിക്കപ്പെട്ട വി​ഗ്രഹം, ഇന്ത്യയ്ക്ക് തിരികെ നൽകി ബ്രിട്ടനിലെ മ്യൂസിയം

Published : Mar 04, 2026, 08:22 PM IST
Saint Thirumankai Alvar

Synopsis

തമിഴ്‌നാട്ടിലെ ക്ഷേത്രത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ട തിരുമങ്കൈ ആഴ്വാരുടെ വെങ്കല വിഗ്രഹം ഇന്ത്യയ്ക്ക് തിരികെ നൽകി ഓക്സ്ഫോർഡ് സർവകലാശാലയുടെ ആഷ്മോളിയൻ മ്യൂസിയം. 1967-ൽ ലേലത്തിൽ വാങ്ങിയ ഈ വിഗ്രഹം മോഷ്ടിക്കപ്പെട്ടതാണെന്ന് പിന്നീട് തെളിയുകയായിരുന്നു.

തമിഴ്‌നാട്ടിലെ ക്ഷേത്രത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ട 16 -ാം നൂറ്റാണ്ടിലെ വി​ഗ്രഹം ഇന്ത്യയ്ക്ക് കൈമാറി ബ്രിട്ടനിലെ പ്രശസ്തമായ ഓക്സ്ഫോർഡ് സർവകലാശാലയുടെ ആഷ്മോളിയൻ മ്യൂസിയം. തിരുമങ്കൈ ആഴ്വാരുടെ വെങ്കല വിഗ്രഹമാണ് ഇപ്പോൾ ഇന്ത്യയ്ക്ക് ഔദ്യോഗികമായി മ്യൂസിയം കൈമാറിയിരിക്കുന്നത്. ലണ്ടനിലെ ഇന്ത്യ ഹൗസിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ ഹൈക്കമ്മീഷണർ വിക്രം ദൊരൈസ്വാമിയാണ് വിഗ്രഹം ഏറ്റുവാങ്ങിയത്. 17 -ാം നൂറ്റാണ്ടിൽ സ്ഥാപിതമായ ഈ മ്യൂസിയത്തിൽ നിന്നും ഇത് ആദ്യമായിട്ടാണ് ഒരു പുരാവസ്തു ഇന്ത്യയ്ക്ക് തിരികെ നൽകുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

1967 -ൽ സോത്ത്ബീസിന്റെ ലേലത്തിലൂടെയാണ് മ്യൂസിയം ഈ വിഗ്രഹം വാങ്ങിയത്. എന്നാൽ, 2019 -ൽ ഒരു ഗവേഷകൻ നൽകിയ ഫോട്ടോ തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഇത് തമിഴ്‌നാട്ടിലെ ശ്രീ സൗന്ദരരാജ പെരുമാൾ ക്ഷേത്രത്തിൽ നിന്നും മോഷ്ടിച്ചതാണ് എന്ന് സ്ഥിരീകരിക്കുകയായിരുന്നു. യഥാർത്ഥ വിഗ്രഹം മോഷ്ടിച്ച ശേഷം പകരം ഒരു വ്യാജ പ്രതിമ ക്ഷേത്രത്തിൽ വയ്ക്കുകയായിരുന്നത്രെ. ഇതോടൊപ്പം തന്നെ അമേരിക്കൻ ഏജൻസിയായ എച്ച്.എസ്.ഐ, ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസ് എന്നിവർ കണ്ടെടുത്ത 'സീറ്റഡ് ഗണേശ', 'ഡാൻസിങ് ഗണേശ', 'ബാൽ കൃഷ്ണ', ഒരു പീഠം തുടങ്ങിയവയും ഇന്ത്യയ്ക്ക് കൈമാറിയിട്ടുണ്ട്.

ഈ നടപടി ഇന്ത്യ-യുകെ നയതന്ത്ര സഹകരണത്തിന്റെ വിജയമാണെന്നാണ് അധികൃതർ പറയുന്നത്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വഴി ഉടൻ തന്നെ ഇവ തമിഴ്‌നാട്ടിലെ ക്ഷേത്രത്തിൽ പുനഃസ്ഥാപിക്കുമെന്നും റിപ്പാർട്ടുകൾ സൂചിപ്പിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

എട്ട് വർഷം മുമ്പ് സമ്പന്ന രാജ്യത്ത് നിന്നെത്തി, പിന്നെ തിരിച്ചുപോയില്ല, ഇപ്പോൾ ഇന്ത്യ സ്വന്തം വീടുപോലെ; എന്തുകൊണ്ടെന്ന് വെളിപ്പെടുത്തി വിദേശി
കലണ്ടറില്ല, സമയമില്ല, പിറന്നാളുകളില്ല; ആമസോൺ കാടുകളിലെ ഈ ഗോത്രം ജീവിക്കുന്നത് ഇങ്ങനെ