ബ്രിട്ടീഷ് രാജ്ഞിയുടെ കാവൽക്കാർ ഇത്രയും ഉയരമുള്ള തൊപ്പികൾ ധരിക്കാൻ കാരണമെന്ത്?

By Web TeamFirst Published Sep 21, 2022, 10:59 AM IST
Highlights

രാജ്ഞിയുടെ കാവൽക്കാർക്ക് ആചാരപരമായ ചുമതലകൾ മാത്രമേയുള്ളൂവെന്ന് കരുതിയെങ്കിൽ തെറ്റി. ഇവരെല്ലാം കൃത്യമായ ഇടവേളകളിൽ മറ്റ് സജീവ സൈനിക ജോലികളിലും ഏർപ്പെടണം.

ബ്രിട്ടനിലെ ബക്കിംഗ്ഹാം കൊട്ടാരത്തിലെ കാവൽ ഭടന്മാരുടെ യൂണിഫോം ശ്രദ്ധിച്ചിട്ടുണ്ടോ? കാണുമ്പോൾ നമുക്ക് അൽപ്പം കൗതുകമൊക്കെ തോന്നും അവരുടെ വേഷവിധാനത്തിൽ. കറുത്ത ഷൂ, ഇരുവശങ്ങളിലും ചുമപ്പ് വരയോടുകൂടിയ കറുത്ത പാന്റ്, ചുമപ്പ് കോട്ട്, അരയിൽ വെള്ള ബെൽറ്റ്, വെളുത്ത കൈ ഉറകൾ. മുഖം പാതിമറക്കത്തക്ക വിധത്തിലുള്ള ഉയർന്നു കൂർത്ത തൊപ്പി, കൈയിൽ തോക്ക് ഇതാണ് അവരുടെ യൂണിഫോമിന്റെ ഏകദേശ ചിത്രം. ഇതിൽ ഏറ്റവും ആകർ‍ഷണീയത തോന്നുക ആ കറുത്ത ഉയരം കൂടിയ തൊപ്പിയോടാണ്. എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ കാഴ്ചയിൽ തീരെ ഭംഗിയില്ലാത്ത ഇത്രയും ഉയരമുള്ള തൊപ്പികൾ അവർ എന്തിനാണ് ധരിക്കുന്നത് എന്ന്? അതിനൊരു കാരണമുണ്ട്.

എലിസബത്ത് രാജ്ഞിയുടെ ഗാർഡുകളുടെ യൂണിഫോം സൗന്ദര്യാത്മകമായി കാണാൻ രൂപകൽപ്പന ചെയ്തതല്ല. 1800-കളിൽ യുണൈറ്റഡ് കിംഗ്ഡത്തിന്റെ ശത്രുക്കൾക്കെതിരായ യുദ്ധത്തിന്റെ ആയുധങ്ങളായി ആണ് അവ രൂപകൽപ്പന ചെയ്തിരിക്കുന്നത്. എതിർ സൈന്യത്തെ ഭയപ്പെടുത്താനാണ് അവർ ഇത്തരത്തിൽ ഒരു യൂണിഫോം രൂപകൽപ്പന ചെയ്തത്.

അവരെ കൂടുതൽ ഉയരമുള്ളവരാക്കി ഭയാനകമാക്കുകയായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടിരുന്നതെന്ന് ലണ്ടൻ ആസ്ഥാനമായുള്ള രാജകീയ കമന്റേറ്ററായ റിച്ചാർഡ് ഫിറ്റ്‌സ്‌വില്യംസ് പറഞ്ഞു. "യുദ്ധത്തിൽ ഒരു കാലാൾപ്പടയുടെ പ്രായോഗിക ആവശ്യം അവർ നിറവേറ്റിയിരുന്നു. നെപ്പോളിയൻ യുദ്ധങ്ങളിൽ ഫ്രഞ്ചുകാരോട് യുദ്ധം ചെയ്യുമ്പോൾ അവ ഉപയോഗിച്ചിരുന്നു. വാസ്തവത്തിൽ, നെപ്പോളിയന്റെ ഇംപീരിയൽ ഗാർഡും അവ ധരിച്ചിരുന്നു."

തൊപ്പികൾ കരടി രോമങ്ങൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. കനേഡിയൻ കറുത്ത കരടികളിൽ നിന്ന് (ഉർസുസ് അമേരിക്കാനസ്) ആണ് രോമം ശേഖരിച്ചിരുന്നത്, മുൻപ് അവയുടെ എണ്ണം നിയന്ത്രിക്കാൻ ഓരോ വർഷവും അവയെ കൊന്നിരുന്നു. 18 ഇഞ്ച് (46 സെന്റീമീറ്റർ) ഉയരമാണ് തൊപ്പികൾക്കുള്ളത്. എന്നാൽ ഇപ്പോൾ, ബ്രിട്ടീഷ് സൈന്യം 50 മുതൽ 100 വരെ തൊപ്പികൾ ഓരോ വർഷവും വാങ്ങുന്നതായാണ് ബ്രിട്ടീഷ് ഹൈ-സൊസൈറ്റി മാസികയായ ടാറ്റ്‌ലർ പറയുന്നത്. ഓരോ വർഷവും ഏകദേശം 900 ഡോളറാണ് രാജ്യം ഇതിനായി ചിലവഴിക്കുന്നത്.

രാജ്ഞിയുടെ കാവൽക്കാർക്ക് ആചാരപരമായ ചുമതലകൾ മാത്രമേയുള്ളൂവെന്ന് കരുതിയെങ്കിൽ തെറ്റി. ഇവരെല്ലാം കൃത്യമായ ഇടവേളകളിൽ മറ്റ് സജീവ സൈനിക ജോലികളിലും ഏർപ്പെടണം. ചുവപ്പ് കോട്ടുകൾ ഇവർ തെരഞ്ഞടുക്കാൻ കാരണം രക്തക്കറ മറച്ചുവെക്കാനാണന്ന് ഒരു കിംവദന്തിയുണ്ട്. എന്നാൽ അതിൽ ഒരു വാസ്തവവുമില്ല. ബ്രിട്ടീഷ് പട്ടാളക്കാർ പരമ്പരാഗതമായി ചുവപ്പ് വസ്ത്രം ധരിക്കുന്നതിന് കാരണം അത് വിലകുറഞ്ഞതും എളുപ്പത്തിൽ ലഭ്യമാകുന്നതുമായ ചായമായതിനാലാണ്.
 
രണ്ട് നൂറ്റാണ്ടുകൾക്ക് മുമ്പ് സജീവമായ ഡ്യൂട്ടിയിലുള്ള സൈനികരുടെ അതേ യൂണിഫോം ധരിക്കുന്ന ഉദ്യോഗസ്ഥരാണ് ബ്രിട്ടീഷ് രാജകുടുംബത്തെ ഇന്നും സംരക്ഷിക്കുന്നത്. 

click me!