Himba Tribe : വല്ലാത്തൊരു പ്രണയം, ഇണചേരല്‍, പ്രസവം, ആഫ്രിക്കയിലെ ചുവന്ന പെണ്ണുങ്ങളുടെ ജീവിതം!

By Web TeamFirst Published Jun 9, 2022, 2:40 PM IST
Highlights

 മനസ്സില്‍ ചേര്‍ത്തുവെച്ച ആ ഈണവുമായി തന്റെ  കുഞ്ഞിന്റെ അച്ഛനാകാന്‍ അവള്‍ കണ്ടുവെച്ച പുരുഷന്റെ അടുത്തെത്തും. അവനെ ആ പാട്ട് പഠിപ്പിക്കും. 
 

ഒരു കുഞ്ഞിനെ സ്വപ്നം കണ്ടുള്ള ശാരീരികബന്ധത്തിലും രണ്ടുപേരും ആ പാട്ടുപാടും. വരാനിരിക്കുന്ന കുഞ്ഞിനെ സ്വാഗതം ചെയ്യാനായി. ഗര്‍ഭകാലത്ത് ആ അമ്മ പാടിക്കൊണ്ടേയിരിക്കും. കുഞ്ഞിന് കേള്‍ക്കാന്‍ മാത്രമല്ല. വയറ്റാട്ടിമാരെയും വയസ്സായ സ്ത്രീകളെയും ഒക്കെ പഠിപ്പിക്കാനും. പ്രസവസമയത്ത് അമ്മ മുക്കിയും മൂളിയും കുഞ്ഞിന് ജന്മം കൊടുക്കുമ്പോള്‍ ചുറ്റുമിരുന്ന് അവരാ പാട്ടുപാടും. അമ്മയുടെ വയറ്റിലിരിക്കുമ്പോള്‍ മുതല്‍ കേള്‍ക്കുന്ന ഈണത്തിലേക്ക് കുഞ്ഞ് പിറന്നുവീഴും.

 

 

മാതൃത്വത്തിന്റെ മഹത്വവും സ്‌നേഹത്തിന്റെ മൂല്യവും കരുതലിന്റെ  കരുത്തുമെല്ലാം ഏറെ ചര്‍ച്ച ചെയ്യുന്ന ഒന്നാണ. ഉദാഹരണങ്ങളാല്‍, സംഭവങ്ങളാല്‍ മിക്കവാറും എല്ലാദിവസവും എന്തെങ്കിലും കഥകള്‍ ഈ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കാറുമുണ്ട്. അങ്ങനെയൊരു ചര്‍ച്ചക്ക് വിഷയമാക്കാവുന്ന കാര്യമാണ് പറയാന്‍ പോകുന്നത്. ഇപ്പോഴത്തെ ഈ പറച്ചിലിന് വഴിവെച്ചതാകട്ടെ ഇമ്മാനുവേല്‍ യൂക്വേര്‍ എന്നയാള്‍ ലിങ്ക്ഡ് ഇന്‍ എന്ന സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പും. കഥകളാലും അനുഭവങ്ങളാലും വൈവിധ്യത്തിന്റെ പെരുമഴ പെയ്തുതീരാത്ത നാടാണ് ആഫ്രിക്ക. അവിടെ നിന്നാണ് ഈ വിശേഷവും. 

വടക്കന്‍ നമീബിയയിലുള്ള തനത് ഗോത്രവര്‍ഗവിഭാഗമാണ് ഹിംബ. നാടോടികളാണ് ഇവര്‍. നമീബിയയില്‍ അവശേഷിക്കുന്ന നാടോടികളായ തദ്ദേശീയഗോത്രവര്‍ഗക്കാര്‍. ഏതാണ്ട് 50,000 പേരെ അവിടെ ഇപ്പോഴുള്ളൂ. സ്വന്തമായുള്ള കാലിവര്‍ഗങ്ങളാണ് സ്വത്ത്. ആഫ്രിക്കയിലെ ചുവപ്പന്‍ജനത എന്നൊരു വിളിപ്പേരുണ്ട് അവര്‍ക്ക്. കാരണം ഹിംബ സ്ത്രീകള്‍ക്ക് തൊലിക്കും തലമുടിക്കും എല്ലാം ചുമന്ന കളിമണ്ണിന്റെ നിറമാണ്.   

പലപ്പോഴും ആഫ്രിക്കയുടേയും നമീബിയയുടേയും പോസ്റ്റ് കാര്‍ഡ് ചിത്രങ്ങളാണ് ഹിംബ പെണ്ണുങ്ങള്‍. അന്നാട്ടിലെ ചുവന്ന കളിമണ്ണും വെണ്ണയും ചേര്‍ത്തുണ്ടാക്കുന്ന ഒരു കൂട്ടാണ് അവരുടെ പ്രധാന സൗന്ദര്യസംരക്ഷണവസ്തു. അതില്‍നിന്നാണ് അവര്‍ക്കാ നിറവും അതുവഴി 'ചുവന്ന പെണ്ണുങ്ങള്‍' എന്ന പേരും കിട്ടിയത്. തലമുടി കെട്ടിവെക്കുന്നതിന് പ്രത്യേകശ്രദ്ധയും ചിട്ടയും പരിപാലിക്കുന്നതിനും ഇവര്‍ക്ക് ഈ കൂട്ട് പ്രധാനമാണ്. സൗന്ദര്യം മാത്രമല്ല വിഷയം. ശരീരം വൃത്തിയാക്കിവെക്കാനും ക്ഷുദ്രജീവികളില്‍ നിന്നും കാലാവസ്ഥയുടെ കാഠിന്യത്തില്‍ നിന്നും ഒക്കെ സംരക്ഷണത്തിനും ഹിംബക്കാര്‍ക്ക് ഈ മണ്ണുകൂട്ട് തുണയാണെന്ന് അവര്‍ക്ക് ഉറപ്പാണ്.

ഗര്‍ഭവും പ്രസവവും ഹിംബ പെണ്ണുങ്ങള്‍ക്ക് വെറുതെ സംഭവിക്കുന്നതല്ല. തനിക്ക് ഒരു കുഞ്ഞാവാം എന്ന് ഒരു ഹിംബ സ്ത്രീ തീരുമാനിച്ച് കഴിഞ്ഞാല്‍ അവള്‍ ആദ്യം ചെയ്യുക ഒരു മരത്തണലില്‍ പോയിരിക്കുക എന്നതാണ്. എന്നിട്ടവള്‍ കാതോര്‍ക്കും. കാറ്റിന്റെ തലോടലിലും ഇലകളുടെ അനക്കത്തിലും ചിന്തകളുടെ ഓട്ടത്തിലും അവള്‍ ഒരീണം തേടും. മുമ്പേ പോയ ആത്മാക്കള്‍ കാതിലെത്തിക്കും എന്നവര്‍ വിശ്വസിക്കുന്ന പാട്ടിനായി കാതോര്‍ക്കും. അങ്ങനെയൊന്ന് ചെവിയിലും പിന്നെ മനസ്സിലും എത്തിയാല്‍ അവളത് പഠിക്കും. മനസ്സില്‍ ചേര്‍ത്തുവെച്ച ആ ഈണവുമായി തന്റെ  കുഞ്ഞിന്റെ അച്ഛനാകാന്‍ അവള്‍ കണ്ടുവെച്ച പുരുഷന്റെ അടുത്തെത്തും. അവനെ ആ പാട്ട് പഠിപ്പിക്കും. 

ഒരു കുഞ്ഞിനെ സ്വപ്നം കണ്ടുള്ള ശാരീരികബന്ധത്തിലും രണ്ടുപേരും ആ പാട്ടുപാടും. വരാനിരിക്കുന്ന കുഞ്ഞിനെ സ്വാഗതം ചെയ്യാനായി. ഗര്‍ഭകാലത്ത് ആ അമ്മ പാടിക്കൊണ്ടേയിരിക്കും. കുഞ്ഞിന് കേള്‍ക്കാന്‍ മാത്രമല്ല. വയറ്റാട്ടിമാരെയും വയസ്സായ സ്ത്രീകളെയും ഒക്കെ പഠിപ്പിക്കാനും. പ്രസവസമയത്ത് അമ്മ മുക്കിയും മൂളിയും കുഞ്ഞിന് ജന്മം കൊടുക്കുമ്പോള്‍ ചുറ്റുമിരുന്ന് അവരാ പാട്ടുപാടും. അമ്മയുടെ വയറ്റിലിരിക്കുമ്പോള്‍ മുതല്‍ കേള്‍ക്കുന്ന ഈണത്തിലേക്ക് കുഞ്ഞ് പിറന്നുവീഴും. കുഞ്ഞ് വളരുമ്പോഴും അവന്റെ  അല്ലെങ്കില്‍ അവളുടെ ഗ്രാമത്തിലുള്ളവര്‍ ആ പാട്ട് പഠിക്കുന്നുണ്ടാവും. 

കുട്ടി ഓടിക്കളിക്കുമ്പോള്‍ ഒന്ന് വീണാല്‍, മുറിഞ്ഞാല്‍, ഒരസുഖം വന്നാല്‍ ഓടിയെത്തുന്ന ആരും ആ പാട്ട് പാടുന്നുണ്ടാവും. വലുതായി എന്തെങ്കിലും നേട്ടമുണ്ടാക്കിയാല്‍ പാരമ്പര്യചിട്ടകള്‍ നന്നായി ചെയ്താലൊക്കെ അഭിനന്ദിക്കാനും ആ പാട്ടുണ്ടാകും. തീര്‍ന്നില്ല. ആ കുട്ടി  എന്തെങ്കിലും തോന്നിവാസം ചെയ്താലോ തെറ്റ് ചെയ്താലോ അവനെ അല്ലെങ്കില്‍ അവളെ നാട്ടുകൂട്ടം വിളിപ്പിക്കും. അവനെ അല്ലെങ്കില്‍ അവളെ നടുക്ക് നിര്‍ത്തി ഗ്രാമത്തിലുള്ളവര്‍ ചുറ്റും വലയംതീര്‍ത്ത് നില്‍ക്കും. എന്നിട്ടാ പാട്ട് അവരെല്ലാവരും കൂടി പറയും. നീ ആരെന്ന് നീ എന്തെന്ന് നീ ഞങ്ങളിലൊരാളെന്ന് ഓര്‍മപെടുത്താനുമാണത്. നമ്മളൊന്ന് എന്ന ബോധ്യമുണ്ടെങ്കില്‍ എങ്ങനെയാണ് നമ്മളോട് തന്നെ തെറ്റ് ചെയ്യാന്‍ കഴിയുക എന്ന തിരുത്തല്‍ വരുത്താനാണത്. തല്ലിയും ചവിട്ടിയും അല്ലാത്ത വഴികളാല്‍ ശിക്ഷിച്ചൊന്നുമല്ല അവര്‍ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുകയും തിരുത്തിക്കുകയും ശരിയാക്കുകയും ചെയ്യുക. സ്വത്വബോധം ഉണ്ടാക്കിയും സ്‌നേഹം കൊണ്ട് തലോടിയുമാണ്. 

ആ കുട്ടി വലുതായി വിവാഹത്തിലേക്ക് കടക്കുന്‌പോഴും ആ പാട്ടുണ്ടാവും. എല്ലാവരും കൂടി ആഘോഷമാക്കും. തീര്‍ന്നില്ല. വളര്‍ന്ന് വലുതായി ജീവിതം ജീവിച്ചു തീര്‍ത്ത് മടങ്ങുമ്പോഴും ആ പാട്ടുണ്ടാവും. കണ്ണടയുമ്പോഴും എല്ലാവരും ചേര്‍ന്ന് ചുറ്റുംനിന്നും ആ ഗാനം പാടി യാത്രയാക്കും. ഭൂമിയിലേക്ക് വന്നപ്പോള്‍ സ്വാഗതം ചെയ്ത ഗാനമോതി ഈണം മൂളി എല്ലാവരും ചേര്‍ന്ന് അന്ത്യയാത്രക്ക് അഭിവാദ്യം നേരും. 

അന്യംനിന്ന് പോയിക്കൊണ്ടിരിക്കുന്ന ഒരു ഗോത്രവര്‍ഗത്തിന്റെദ സമാനതകളില്ലാത്ത ഒരു ശീലമാണ്  ഇപ്പറഞ്ഞത്. ആ ചിട്ടയുടെ പിന്നിലുള്ള ഐക്യപ്പെടലും സംസ്‌കൃതിയെ മാനിക്കലും പിതൃക്കളോടുള്ള ബഹുമാനവും സ്‌നേഹവും കരുതലുമെല്ലാം താരതമ്യങ്ങള്‍ ഇല്ലാത്തതാണ്. 

click me!