
നാല് ദിവസങ്ങൾക്ക് മുമ്പാണ് ലോകപ്രശസ്തമായ ലൂവ്രെ മ്യൂസിയത്തിൽ നിന്നും 10.2 കോടി ഡോളര്‍ മൂല്ല്യം വരുന്ന ആഭരണങ്ങൾ കളവുപോയത്. ഇപ്പോഴിതാ തൊട്ടുപിന്നാലെ ഒരു ഫ്രഞ്ച് മ്യൂസിയത്തിൽ നടന്ന ഞെട്ടിക്കുന്ന ഒരു കവർച്ചയിൽ ഏകദേശം 2,000 സ്വർണം, വെള്ളി നാണയങ്ങൾ മോഷ്ടിക്കപ്പെട്ടതായിട്ടുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഫ്രാൻസിലെ ഡെനിസ് ഡിഡെറോട്ട്, ഹൗസ് ഓഫ് എൻലൈറ്റൻമെന്റിലാണ് ഞായറാഴ്ച രാത്രി കവർച്ച നടന്നത്. അതിക്രമിച്ച് കയറിയ സംഘം 18 -ാം നൂറ്റാണ്ടിലെ കൈയെഴുത്തുപ്രതികൾ, കത്തുകൾ, ചരിത്ര വസ്തുക്കൾ എന്നിവ സൂക്ഷിച്ചിരിക്കുന്ന ഇവിടെ നിന്നും വൻ കവർച്ചയാണ് നടത്തിയത്.
ബുധനാഴ്ച പ്രാദേശികാധികാരികൾ പുറത്തിറക്കിയ പ്രസ്താവന പ്രകാരം, മോഷ്ടാക്കൾ ഏകദേശം 2,000 വെള്ളി, സ്വർണ നാണയങ്ങൾ കവർന്നിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നത് വളരെ ശ്രദ്ധയോടെയാണ് സംഘം മോഷണം പ്ലാൻ ചെയ്ത് നടപ്പിലാക്കിയത് എന്നാണ്. സെപ്റ്റംബർ തുടക്കം മുതൽ, വിവിധ ഫ്രഞ്ച് മ്യൂസിയങ്ങളിലായി നിരവധി മോഷണങ്ങളാണ് നടന്നിരിക്കുന്നത്. എല്ലാം സമാനമായ രീതിയിലാണ് നടക്കുന്നത് എന്നതാണ് ഏറെ ശ്രദ്ധേയം. പ്രത്യേകിച്ച് ആഭരണങ്ങൾ, നാണയങ്ങൾ അല്ലെങ്കിൽ ഉയർന്ന ചരിത്ര മൂല്യമുള്ള വസ്തുക്കൾ എന്നിവയെ ഒക്കെ പോലുള്ള വിലപിടിപ്പുള്ള വസ്തുക്കളെ ലക്ഷ്യം വച്ചാണ് കവർച്ച നടക്കുന്നത്. ഈ കൊള്ളകളെല്ലാം തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
അതേസമയം, കഴിഞ്ഞ ഞായറാഴ്ചയാണ് ലൂവ്രെ മ്യൂസിയത്തിൽ കവർച്ച നടന്നത്. രാവിലെ 9.30 -നും 9.40 -നും ഇടയിലാണ് മ്യൂസിയം കവർച്ച നടന്നത് എന്നും റിപ്പോർട്ടുകൾ പറയുന്നു. നാലംഗസംഘമാണ് കവർച്ച നടത്തിയത്. നാലേനാല് മിനിറ്റിനുള്ളിലാണ് സംഘം വിലപിടിപ്പുള്ള വസ്തുക്കളുമായി കടന്നു കളഞ്ഞത് എന്നും റിപ്പോർട്ടുകൾ പറയുന്നു. നെപ്പോളിയൻ മൂന്നാമന്റെ ഭാര്യ യൂജിൻ ചക്രവർത്തിനിയുടെ ആഭരണങ്ങളടക്കം വിലപിടിപ്പുള്ള അനേകം വസ്തുക്കളാണ് ഇവിടെ നിന്നും കളവ് പോയത്.