ശതകോടീശ്വരന്മാരും പ്രശസ്‍തരും പഠിച്ചിറങ്ങിയ സർവകലാശാലകൾ ഇവയാണ്, പട്ടികയിൽ ഇന്ത്യയിലെ ഈ സർവകലാശാലയും

By Web TeamFirst Published Jun 6, 2021, 11:04 AM IST
Highlights

1857 -ലാണ് മുംബൈ യൂണിവേഴ്സിറ്റി സ്ഥാപിതമായത്. ലോകത്തിലെ ഏറ്റവും വലിയ സർവകലാശാലകളിലൊന്നാണ് മുംബൈ സർവകലാശാല. 

ഒരാളുടെ ജീവിതവിജയത്തിൽ വിദ്യാഭ്യാസത്തിന് എത്രത്തോളം പങ്കുണ്ട്? പലരുടെയും അഭിപ്രായം പലതാകാം. ജീവിത വിജയം നേടുന്നതിന് മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കേണ്ടത് അനിവാര്യമാണ് എന്ന് ഭൂരിഭാഗം ആളുകളും വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ, ഏറ്റവും മികച്ച സ്കൂളുകളിൽ, അല്ലെങ്കിൽ സർവകലാശാലകളിൽ മക്കളെ പഠിപ്പിക്കാൻ ഓരോ മാതാപിതാക്കളും മത്സരിക്കുകയാണ്. അതേസമയം പഠിത്തം പാതിവഴിയ്ക്ക് ഉപേക്ഷിച്ചവരാണ് സ്റ്റീവ് ജോബ്‌സ് മുതൽ ബിൽ ഗേറ്റ്സ്, മാർക്ക് സക്കർബർഗ് തുടങ്ങി ലോകപ്രശസ്ത പ്രതിഭകൾ. അങ്ങനെ നോക്കുകയാണെങ്കിൽ, വിദ്യാഭ്യാസവും, ജീവിതവിജയവും തമ്മിൽ എത്രത്തോളം ബന്ധമുണ്ടെന്നത് ചിന്തിക്കേണ്ട ഒരു വിഷയമാണ്. എന്നിരുന്നാലും ലോകത്തിലെ സമ്പന്നരിൽ ഭൂരിഭാഗവും വിവിധ സർവകലാശാലകളിൽ നിന്ന് ബിരുദം നേടിയവരാണ്.  

ഫോബ്‌സിന്റെ 2021 -ലെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ 2,755 -ൽ അധികം ആളുകളും ബിരുദാനന്തര ബിരുദമുള്ളവരാണ്. ആ കൂട്ടത്തിൽ ഏറ്റവും കൂടുതൽ ശതകോടീശ്വരന്മാരെ സൃഷ്ടിച്ചത് അമേരിക്കൻ യൂണിവേഴ്സിറ്റി ഹാർവാർഡാണ്. കുറഞ്ഞത് 29 ശതകോടീശ്വരെങ്കിലും ആ സർവകലാശാലയിൽ നിന്ന് പഠിച്ചിറങ്ങിയവരിൽ ഉൾപ്പെടുന്നു. നമ്മുടെ ഇന്ത്യയിലെ മുംബൈ സർവകലാശാല ഈ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. പട്ടികയിലെ യുണൈറ്റഡ് സ്റ്റേറ്റ്സിന് പുറത്ത് സ്ഥിതിചെയ്യുന്ന ഏക സർവകലാശാലയും ഇതാണ്. ഫോബ്‌സിന്റെ കണക്കനുസരിച്ച്, ഏറ്റവും കൂടുതൽ ശതകോടീശ്വരെ സൃഷ്ടിച്ച കോളേജുകൾ ഇതാണ്.

ഹാർവാർഡ് യൂണിവേഴ്സിറ്റി  

മസാച്യുസെറ്റ്സിലെ കേംബ്രിഡ്ജിന്റെ ഒരു സ്വകാര്യ ഐവി ലീഗ് ഗവേഷണ സർവകലാശാലയാണ് ഹാർവാർഡ് സർവകലാശാല. അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും പഴയതും, ഉന്നതവുമായ വിദ്യാഭ്യാസ സ്ഥാപനമാണ് ഹാർവാർഡ്. ഹാർവാർഡിന്റെ പൂർവ വിദ്യാർത്ഥികളിൽ എട്ട് യു‌എസ് പ്രസിഡന്റുമാർ, 79 നൊബേൽ സമ്മാന ജേതാക്കൾ, 7 ഫീൽഡ്സ് മെഡൽ ജേതാക്കൾ, 9 ട്യൂറിംഗ് അവാർഡ് ജേതാക്കൾ, 369 റോഡ്‌സ് സ്കോളേഴ്സ്‌, 252 മാർഷൽ സ്കോളേഴ്സ്‌ എന്നിവർ ഉൾപ്പെടുന്നു. ഇത് കൂടാതെ, 10 അക്കാദമി അവാർഡുകൾ, 48 പുലിറ്റ്‌സർ സമ്മാനങ്ങൾ, 108 ഒളിമ്പിക് മെഡലുകൾ (46 സ്വർണമെഡലുകൾ ഉൾപ്പെടെ) എന്നിവയും അവിടത്തെ പൂർവവിദ്യാർത്ഥികൾ നേടിയിട്ടുണ്ട്. മാത്രമല്ല അവർ ലോകമെമ്പാടും ശ്രദ്ധേയമായ നിരവധി കമ്പനികൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.  

യൂണിവേഴ്സിറ്റി ഓഫ് പെൻ‌സിൽ‌വാനിയ

ലോകമെമ്പാടും 28 ശതകോടീശ്വരന്മാരെ സൃഷ്ടിച്ച സർവകലാശാലയാണ് യൂണിവേഴ്സിറ്റി ഓഫ് പെൻ‌സിൽ‌വാനിയ. ഫിലാഡൽഫിയയിൽ  സ്ഥിതി ചെയ്യുന്ന ഇത് പെൻ‌സിൽ‌വാനിയയിലെ ഒരു സ്വകാര്യ ഐവി ലീഗ് ഗവേഷണ സർവകലാശാലയാണ്. സർവകലാശാല സ്ഥാപിച്ചത് പ്രശസ്ത നയതന്ത്രജ്ഞനായ ബെഞ്ചമിൻ ഫ്രാങ്ക്ലിനാണ്.  അമേരിക്കൻ ഐക്യനാടുകളിലെ നാലാമത്തെ ഏറ്റവും പഴയ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായി പെൻ‌സിൽ‌വാനിയ സർവകലാശാല കണക്കാക്കപ്പെടുന്നു. 2018 -ലെ കണക്കനുസരിച്ച്, മൂന്ന് യുഎസ് സുപ്രീം കോടതി ജസ്റ്റിസുമാർ, 32 യുഎസ് സെനറ്റർമാർ, 46 യുഎസ് ഗവർണർമാർ, യുഎസ് ജനപ്രതിനിധിസഭയിലെ 163 അംഗങ്ങൾ, കോണ്ടിനെന്റൽ കോൺഗ്രസിലെ 24 അംഗങ്ങൾ, 14 വിദേശ രാഷ്ട്രത്തലവന്മാർ, രണ്ട് അമേരിക്കൻ പ്രസിഡന്റുമാർ, 36 നൊബേൽ സമ്മാന ജേതാക്കൾ, അമേരിക്കൻ അക്കാദമി ഓഫ് ആർട്സ് ആൻഡ് സയൻസസിലെ 80 അംഗങ്ങൾ, 29 റോഡ്‌സ് സ്കോളേഴ്സ്, 15 മാർഷൽ സ്കോളേഴ്സ്‌, 16 പുലിറ്റ്‌സർ സമ്മാന ജേതാക്കൾ തുടങ്ങിയവർ ഇവിടത്തെ പൂർവവിദ്യാർത്ഥികളായിട്ടുണ്ട്.  

സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി

കാലിഫോർണിയയിലെ സ്റ്റാൻഫോർഡിലെ ഒരു സ്വകാര്യ ഗവേഷണ സർവകലാശാലയാണ് സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റി. ഇത് ഔദ്യോഗികമായി അറിയപ്പെടുന്നത് ലെലാന്റ് സ്റ്റാൻഫോർഡ് ജൂനിയർ യൂണിവേഴ്‌സിറ്റി എന്നാണ്. പട്ടികയിൽ 28 ശതകോടീശ്വരന്മാരുമായി രണ്ടാം സ്ഥാനത്താണ് പെൻ‌സിൽ‌വാനിയ സർവകലാശാല. കാലിഫോർണിയയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 1885 -ൽ ലെലാന്റും ജെയ്ൻ സ്റ്റാൻഫോർഡും ചേർന്നാണ് സ്റ്റാൻഫോർഡ് സ്ഥാപിച്ചത്. അവരുടെ ഏകമകനായ ലെലാന്റ് സ്റ്റാൻഫോർഡ് ജൂനിയറിന്റെ ഓർമ്മയ്ക്കായിട്ടാണ് ഇത് ആരംഭിച്ചത്. 15 -ാം വയസിൽ ടൈഫോയ്ഡ് ബാധിച്ചാണ് ആ മകൻ മരിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച സർവകലാശാലകളിൽ ഒന്നായി സ്റ്റാൻഫോർഡ് കണക്കാക്കപ്പെടുന്നു. രാജ്യത്തെ മികച്ച ധനസമാഹരണ സ്ഥാപനങ്ങളിൽ ഒന്നായ ഇത് ഒരു വർഷത്തിൽ ഒരു ബില്യൺ ഡോളറിലധികം സമാഹരിക്കുന്ന ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനമായി മാറി.

യേൽ യൂണിവേഴ്സിറ്റി

കണക്റ്റിക്കട്ടിലെ ന്യൂ ഹാവനിലുള്ള ഒരു സ്വകാര്യ ഐവി ലീഗ് ഗവേഷണ സർവകലാശാലയാണ് യേൽ യൂണിവേഴ്സിറ്റി. 1701 -ൽ കൊളീജിയറ്റ് സ്കൂൾ എന്ന പേരിൽ സ്ഥാപിതമായ ഇത് അമേരിക്കയിലെ മൂന്നാമത്തെ ഏറ്റവും പഴയ ഉന്നത വിദ്യാഭ്യാസ സ്ഥാപനവും അമേരിക്കൻ വിപ്ലവത്തിന് മുമ്പ് ചാർട്ടേഡ് ചെയ്ത ഒമ്പത് കൊളോണിയൽ കോളേജുകളിൽ ഒന്നുമാണ്. പട്ടികയിലെ 21 ശതകോടീശ്വരൻമാർ ഇവിടത്തെ പൂർവ വിദ്യാർത്ഥികളാണ്. 2020 ഒക്ടോബറിലെ കണക്ക് അനുസരിച്ച്, 65 നൊബേൽ സമ്മാന ജേതാക്കൾ, അഞ്ച് ഫീൽഡ്സ് മെഡൽ ജേതാക്കൾ, നാല് ആബെൽ പ്രൈസ് ജേതാക്കൾ, മൂന്ന് ട്യൂറിംഗ് അവാർഡ് ജേതാക്കൾ, അഞ്ച് യുഎസ് പ്രസിഡന്റുമാർ, 19 യുഎസ് സുപ്രീം കോടതി ജസ്റ്റിസുമാർ, നിരവധി രാഷ്ട്രത്തലവന്മാർ എന്നിവരുൾപ്പെടെ യേൽ ശ്രദ്ധേയമായ നിരവധി പൂർവ വിദ്യാർത്ഥികളെ സൃഷ്ടിച്ചു.  

മുംബൈ യൂണിവേഴ്സിറ്റി

20 ശതകോടീശ്വരന്മാരുടെ പേരുമായി പട്ടികയിൽ അഞ്ചാം സ്ഥാനത്ത് എത്തിയിരിക്കുന്നത് മുംബൈ യൂണിവേഴ്സിറ്റിയാണ്. മഹാരാഷ്ട്രയിലെ മുംബൈയിൽ സ്ഥിതിചെയ്യുന്ന ഒരു കൊളീജിയറ്റ് പബ്ലിക് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയാണ് ഇത്. ബാച്ചിലേഴ്സ്, മാസ്റ്റേഴ്സ്, ഡോക്ടറൽ കോഴ്സുകൾ, കൂടാതെ ആർട്സ്, കൊമേഴ്സ്, സയൻസ്, മെഡിക്കൽ, എഞ്ചിനീയറിംഗ് തുടങ്ങി നിരവധി വിഷയങ്ങളിൽ ഡിപ്ലോമകളും സർട്ടിഫിക്കറ്റുകളും ഇത് വാഗ്ദാനം ചെയ്യുന്നു. 1857 -ലാണ് മുംബൈ യൂണിവേഴ്സിറ്റി സ്ഥാപിതമായത്. ലോകത്തിലെ ഏറ്റവും വലിയ സർവകലാശാലകളിലൊന്നാണ് മുംബൈ സർവകലാശാല. മുംബൈ സർവകലാശാലയുടെ ഉപദേശക സമിതിയുടെ നിയുക്ത തലവനാണ് രത്തൻ ടാറ്റ. മുകേഷ് അംബാനി, ലാൽ കൃഷ്ണ അദ്വാനി, ഐശ്വര്യ റായ് ബച്ചൻ, വിദ്യ ബാലൻ, അനിൽ കക്കോഡ്കർ, ചന്ദ കൊച്ചാർ തുടങ്ങി പ്രശസ്തരായ പൂർവവിദ്യാർത്ഥികളുടെ ഒരു നീണ്ട നിരതന്നെയുണ്ട് ഇവിടെ.

കോർനെൽ യൂണിവേഴ്സിറ്റി

ന്യൂയോർക്കിലെ ഇത്താക്കയിലെ ഒരു സ്വകാര്യ, നിയമാനുസൃത, ഐവി ലീഗ്, ലാൻഡ്-ഗ്രാന്റ് ഗവേഷണ സർവകലാശാലയാണ് കോർനെൽ യൂണിവേഴ്സിറ്റി. പട്ടികയിലെ 18 ശതകോടീശ്വരന്മാർ ഇവിടെ നിന്ന് പഠിച്ചിറങ്ങിയവരാണ്. സർവകലാശാലയിലെ നിരവധി കെട്ടിടങ്ങൾ ചരിത്രപരമായ ലാൻഡ്‌മാർക്കുകളായി പട്ടികപ്പെടുത്തിയിട്ടുണ്ട്. എഞ്ചിനീയറിംഗിൽ അല്ലെങ്കിൽ പ്രകൃതി ശാസ്ത്രത്തിൽ പിഎച്ച്ഡി എടുക്കുന്ന ബിരുദധാരികളുടെ എണ്ണത്തിൽ ലോകത്തിൽ നാലാം സ്ഥാനത്താണ്. കൂടാതെ അമേരിക്കൻ സ്ഥാപനങ്ങളിൽ പിഎച്ച്ഡി എടുക്കുന്ന ബിരുദധാരികളുടെ എണ്ണം നോക്കിയാൽ ലോകത്ത് അഞ്ചാം സ്ഥാനത്താണ് സർവകലാശാല.  

click me!