വേരുകൊണ്ടുള്ള പാലം, മുളകൊണ്ടുള്ള വീടുകള്‍; ഇവിടെ എന്നും പരിസ്ഥിതി ദിനം!

By Web TeamFirst Published Jun 5, 2021, 3:04 PM IST
Highlights

ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം. മേഘാലയയിലെ  മൗലിനോംഗാ ഗ്രാമത്തിനാണ് ഈ വിളിപ്പേര്. വൃത്തിയുടെ കാര്യത്തില്‍ മാത്രമല്ല, പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നതിന്റെ പേരിലും ആ ഗ്രാമം പ്രശസ്തമാണ്.

ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം. മേഘാലയയിലെ  മൗലിനോംഗാ ഗ്രാമത്തിനാണ് ഈ വിളിപ്പേര്. വൃത്തിയുടെ കാര്യത്തില്‍ മാത്രമല്ല, പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നതിന്റെ പേരിലും ആ ഗ്രാമം പ്രശസ്തമാണ്. രാജ്യത്തെ മറ്റിടങ്ങളില്‍ പ്ലാസ്റ്റിക് കുപ്പികളും, മാലിന്യങ്ങളും കുന്നുകൂടുമ്പോള്‍, ഇവിടെ പച്ചപ്പും, വൃത്തിയുള്ള റോഡുകളും, പ്രകൃതിയോട് ഇണങ്ങിയ കെട്ടിടങ്ങളും മാത്രമാണ് കാണാന്‍ കഴിയുക. 

മേഘാലയയിലെ ഈസ്റ്റ് ഖാസി ജില്ലയിലാണ് പ്രകൃതി മനോഹരമായ ഈ ഗ്രാമം. ദൈവത്തിന്റെ സ്വന്തം പൂന്തോട്ടമെന്നാണ് ഈ ഗ്രാമം അറിയപ്പെടുന്നത്. അത് ശരിയെന്നു മനസ്സിലാവും, ഈ നാടിനെക്കുറിച്ച് കൂടുതല്‍ അറിയുമ്പോള്‍. 

മനുഷ്യനും, പ്രകൃതിയും പരസ്പരം സ്‌നേഹവും, കരുതലും കൈമാറി വളരുന്നൊരിടമാണ് അത്. ഇവിടെ വൃത്തിയുടെ കാര്യത്തില്‍ ആരും ഒരു വിട്ടു വീഴ്ചയ്ക്കും തയ്യാറല്ല. ഗ്രാമത്തിലുടനീളം മാലിന്യം ശേഖരിക്കാനായി മുള കൊണ്ട് തീര്‍ത്ത ചവറ്റു കുട്ടകള്‍ കാണാം. വീട് തൂത്തുവാരുന്നതിനൊപ്പം സ്ത്രീകള്‍ തെരുവുകളും അടിച്ച് വരുന്നു. മരങ്ങളില്‍ നിന്ന് പൊഴിഞ്ഞു വീഴുന്ന ഇലകള്‍ പോലും വഴികളിലൊന്നും ചിതറി കിടക്കുന്നത് കാണാന്‍ കഴിയില്ല.

തെരുവുകളില്‍ നട്ട മരങ്ങള്‍ സംരക്ഷിക്കാന്‍ ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. മേഖലയിലെ മറ്റിടങ്ങളില്‍നിന്നും വ്യത്യസ്തമായി ഇവിടുത്തെ എല്ലാ വീടുകളിലും ടോയ്ലറ്റുകളുണ്ട്. പ്ലാസ്റ്റിക് ബാഗുകളും, പുകവലിയും നിരോധിച്ചിരിക്കുന്നു. ആളുകള്‍ ജൈവ മാലിന്യങ്ങള്‍ കുഴിച്ചിടുകയും, പിന്നീട് അത് വളമായി ഉപയോഗിക്കുകയും ചെയ്യുന്നു. പ്ലാസ്റ്റിക് ബാഗുകള്‍ സ്വിംഗ് ഉണ്ടാക്കുന്നതിനും തൈകള്‍ പൊതിയുന്നതിനും ഉപയോഗിക്കുന്നു. അവശേഷിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഷില്ലോംഗ് മുനിസിപ്പാലിറ്റി ശേഖരിക്കുന്നു. അവിടെ നിയമങ്ങള്‍ കര്‍ശനമായി പാലിക്കുകയും, നിയമം തെറ്റിക്കുന്നവര്‍ക്ക് കനത്ത പിഴ ചുമത്തുകയും ചെയ്യുന്നു.  

എണ്‍പതോളം കുടുംബങ്ങളുള്ള ഇവിടെ ഇടുങ്ങിയ കല്ലിട്ട പാതകളാണ് കൂടുതലും. മഴവെള്ളം ശേഖരിക്കുന്നതിനായി മിക്ക വീടുകളുടെ മുന്നിലും കല്ലുകള്‍ കൊണ്ട് തീര്‍ത്ത വലിയപരന്ന പത്രങ്ങള്‍ വച്ചിട്ടുണ്ട്.  വൃത്തിയും വെടിപ്പുമുള്ള വീടുകള്‍ മുളയും തടിയും കൊണ്ട് നിര്‍മ്മിച്ചവയാണ്. വീടുകള്‍ക്ക് ഇരുവശത്തും നിറയെ മരങ്ങളും, ചെടികളും കാണാം. മരങ്ങള്‍ നട്ട് പിടിപ്പിക്കുന്നത് ഈ ദേശത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗമാണ്.  ഗ്രാമത്തില്‍ സാക്ഷരതാ നിരക്ക് നൂറുശതമാനമാണ്. അവിടെ സ്‌കൂളിന് മുന്നിലുള്ള തെരുവുകള്‍ വൃത്തിയാക്കുന്നത് കുട്ടികളാണ്. ചെറുപ്പം മുതലേ സ്വന്തം വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കാന്‍ അവര്‍ കുട്ടികളെ പരിശീലിപ്പിക്കുന്നു.

 

ലിവിംഗ് റൂട്ട് ബ്രിഡ്ജുകള്‍

 

ഇവിടത്തെ മറ്റൊരു വിസ്മയമാണ് ലിവിംഗ് റൂട്ട് ബ്രിഡ്ജുകള്‍. മരത്തിന്റെ വേരു കൊണ്ട് നിര്‍മ്മിച്ച സ്വാഭാവിക പാലങ്ങളാണ് അവ. ഖാസി, ജയന്തിയ ഗോത്രങ്ങളാണ് ഈ പാലങ്ങളുടെ നിര്‍മാതാക്കള്‍. ലിവിംഗ് റൂട്ട് ബ്രിഡ്ജുകള്‍ റബ്ബര്‍ മരങ്ങളുടെ വേരുകളില്‍ നിന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇത് ഫിക്കസ് ഇലാസ്റ്റിക് ട്രീ എന്നും അറിയപ്പെടുന്നു. ചില പാലങ്ങള്‍ക്ക് 100 അടിയിലധികം നീളമുണ്ട്. എന്നാല്‍ ഇത് ഉണ്ടായി വരാന്‍ 10 മുതല്‍ 15 വര്‍ഷം വരെ എടുക്കുന്നു. പൂര്‍ണ്ണമായും വളര്‍ന്നു കഴിഞ്ഞാല്‍, ഈ വേരുകള്‍ 500 വര്‍ഷം വരെ നീണ്ടുനില്‍ക്കും. ജലത്തിന്റെ നിരന്തരമായ ബന്ധം കാരണം ചില വേരുകള്‍ ക്ഷയിക്കുമെങ്കിലും, മറ്റുള്ളവ വളരുന്നത് വഴി പാലത്തിന് ആവശ്യമായ സ്ഥിരത ലഭിക്കുന്നു.  

പൂര്‍ണ്ണമായും പ്രകൃതിക്ക് ഇണങ്ങുന്ന വസ്തുക്കള്‍ മാത്രമാണ് ഇവിടെ ഉപയോഗിക്കുന്നത്. പ്രകൃതിയെ സ്‌നേഹിച്ച് വളരാനാണ് കുട്ടികളെയും അവിടത്തുകാര്‍ പഠിപ്പിക്കുന്നത്. പ്രകൃതിയെ ദൈവമായി കണ്ട് ആരാധിക്കുന്ന ഈകൂട്ടര്‍ വനസംരക്ഷണത്തിനും പ്രാധാന്യം നല്‍കുന്നു. നൂറ്റാണ്ടുകളായി മേഘാലയയിലെ കി ലോ അഡോംഗ് കാടുകളില്‍ ജനങ്ങള്‍ക്ക് ഇലകള്‍ പറിക്കാനോ, ശാഖകള്‍ മുറിക്കാനോ അനുവാദമില്ല. ആരെങ്കിലും ആ കാടുകളില്‍ നിന്ന് എന്തെങ്കിലും എടുത്താല്‍, ആ ആള്‍ പ്രായശ്ചിത്തമായി ഗ്രാമം മുഴുവന്‍ വൃത്തിയാക്കണം. 

ഗ്രാമീണര്‍ കുട്ടിക്കാലം മുതല്‍ തന്നെ ഭൂമിയെയും വനങ്ങളെയും പരിപാലിക്കാന്‍ ശീലിക്കുന്നു. ബേ ഇലകള്‍, കുരുമുളക്, തേന്‍, ബീറ്റ്‌റൂട്ട് നട്ട്, ഓറഞ്ച്, പൈനാപ്പിള്‍ തുടങ്ങിയ പഴങ്ങള്‍ കൃഷി ചെയ്തതാണ് വരുമാനം നേടുന്നത്. അതും ജൈവവളം ഉപയോഗിച്ചാണ് കൃഷി ചെയ്യുന്നത്.  

2003 ല്‍ ട്രാവല്‍ മാഗസിനായ ഡിസ്‌കവര്‍ ഇന്ത്യ ഏറ്റവും വൃത്തിയുള്ള ഗ്രാമമായി മൗലിനോങിനെയാണ് പ്രഖ്യാപിച്ചിരുന്നത്. 2005 ല്‍ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമമായും മൗലിനോംഗ് തെരഞ്ഞെടുക്കപ്പെട്ടു. ഈയൊരു പെരുമ മൗലിനോംഗിന്റെ പ്രാദേശിക ടൂറിസത്തില്‍ വലിയ വര്‍ധനവുണ്ടാക്കി. മനുഷ്യ ജീവന്റെ ആധാരം തന്നെ പ്രകൃതിയാണ് എന്ന് ഇത്തരം ഗ്രാമങ്ങള്‍ നമുക്ക് കാണിച്ച് തരുന്നു. ജീവിത സൗകര്യങ്ങള്‍ കൂടുമ്പോള്‍, സാങ്കേതിക വിദ്യയുടെ സങ്കീര്‍ണതകളെ കൂടുതലായി ആശ്രയിക്കുമ്പോള്‍, പ്രകൃതിയില്‍ നിന്ന് കൂടുതല്‍ അകന്ന് കഴിയുമ്പോള്‍, യഥാര്‍ത്ഥത്തില്‍ നമ്മള്‍ പുരോഗമിക്കുകയല്ല, മറിച്ച് കൂടുതല്‍ അരക്ഷിതത്വത്തിലേയ്ക്ക് വഴുതി വീഴുകയാണ്. 

വര്‍ഷത്തിലൊരിക്കല്‍ എത്തുന്ന പരിസ്ഥിതി ദിനത്തില്‍ നാം ഭൂമിയെയും പ്രകൃതിയെയും ആഴത്തില്‍ ഓര്‍ക്കുമ്പോള്‍, ഈ നാടും നാട്ടുകാരും എന്നും പരിസ്ഥിതിയെ ഓര്‍ക്കുന്നു, അറിയുന്നു, അതിനോടിണങ്ങി ജീവിക്കുന്നു. 

click me!