'ചോര...അമ്മൂനെ ചാത്തന്‍ പിടിച്ചെടാ...' ഞങ്ങള്‍ ഓടിയെത്തിയപ്പോള്‍ കണ്ടത് നിലത്താകെ ചോരത്തുള്ളികള്‍...

Published : May 07, 2025, 07:37 PM IST
'ചോര...അമ്മൂനെ ചാത്തന്‍ പിടിച്ചെടാ...' ഞങ്ങള്‍ ഓടിയെത്തിയപ്പോള്‍ കണ്ടത് നിലത്താകെ ചോരത്തുള്ളികള്‍...

Synopsis

പണ്ടെന്നോ നിലത്തേക്ക് വീണ ആര്‍ത്തവ രഹസ്യത്തിലെ അവധിക്കാലക്കോണില്‍ മൂന്ന് കുട്ടികള്‍ക്കായി ഒരു ചാമ്പമരം അപ്പോഴേക്കും പൂത്തു തുടങ്ങിയിരുന്നു.

ജീവിതത്തിലെ ഏറ്റവും പച്ചപ്പുള്ള നാളുകളാണ് കുട്ടിക്കാലം. അതില്‍ ഏറ്റവും വിശേഷപ്പെട്ട നാളുകള്‍ അവധിക്കാലങ്ങളും. ഓരോരുത്തര്‍ക്കുമുണ്ടാവും ഉള്ളില്‍ കൊണ്ടുനടക്കുന്ന അവധിക്കാല സ്മൃതികള്‍. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ വായനക്കാര്‍ എഴുതിയ ഈ കുറിപ്പുകളില്‍ സന്തോഷവും ആവേശവും ആരവവും മാത്രമല്ല, സങ്കടകരമായ അനുഭവങ്ങളും കയ്പ്പുള്ള ഓര്‍മ്മകളുമുണ്ട്. ഇതിലൂടെ കടന്നുപോവുമ്പോള്‍, സ്വന്തം കുട്ടിക്കാലം ഓര്‍ക്കാതിരിക്കാന്‍ ആര്‍ക്കുമാവില്ല.

 

കാല്‍വെള്ളയിലേക്ക് പൊത്തുകേറിയ കുപ്പിച്ചില്ലിന്റെ ഒരു ഭാഗം കൂടി റഹീം ഡോക്ടര്‍ അതീവ ശ്രദ്ധയോടെ വലിച്ചൂരിയപ്പോള്‍ ഞാനൊന്ന് ഞെളിപിരി കൊണ്ടു.

'വേദനിക്കുന്നമ്മാ..' കടിച്ചു പിടിച്ച പല്ലുകള്‍ക്കിടയില്‍ കുടുങ്ങിക്കിടന്നൊരു നിലവിളി കുപ്പിച്ചില്ലിനൊപ്പം പുറത്തേക്ക് വന്നപ്പോള്‍ കട്ടിലിന്റെ വലത് വശത്തു നിന്ന് അമ്മ കീഴ്ത്താടിക്കൊരു കുത്തു തന്നു.

'വീട്ടിലെത്തട്ടെ...ശരിയാക്കും നിന്നെ ഞാന്‍.' ഒരു ശരാശരി കേരളീയ മാതാവിന്റെ പ്രഖ്യാപനമായിരുന്നു അത്.

ഭീമയുടെ പുതിയ ഷോറൂം ഉദ്ഘാടനത്തിന്റെ പോസ്റ്റര്‍ വിതരണം ചെയ്തു കൊണ്ട് വന്ന ജീപ്പ് അനൗണ്‍സ്‌മെന്റ് കേട്ടാണ് ആദിത്യനും കീര്‍ത്തിയും ഞാനും വയലില്‍ നിന്ന് റോഡിലേക്ക് പാഞ്ഞത്. കഴിഞ്ഞ തവണ ജയലക്ഷ്മിയുടെ പോസ്റ്റസ്റ്ററും മിഠായിയും കീര്‍ത്തിയ്ക്കാണ് കിട്ടിയത്. പരസ്യഗാനത്തിന്റെ വരികള്‍ക്ക് മുന്നേ റോഡിലെത്തിയത് കൊണ്ടാണ് അന്നത് കീര്‍ത്തി സ്വന്തമാക്കിയത്. അതിന്റെ വാശിക്കാണ് ഇത്തവണ സുധേച്ചിയുടെ കയ്യാല ചാടി ഞാന്‍ റോഡിലേക്ക് ഓടാന്‍ നോക്കിയത്. കയ്യാലപ്പുറത്തൂന്ന് ഒറ്റച്ചാട്ടത്തിന് പൊട്ടിച്ചത് ഒരു ബിയര്‍കുപ്പിയായിരുന്നെന്ന് മാത്രം. കീറിപ്പൊളിഞ്ഞ കാലില്‍ നിന്ന് ബിയര്‍കുപ്പിയിലേക്ക് ചോര വാര്‍ന്നു തുടങ്ങിയപ്പോള്‍ 'അമ്മേ..'എന്നൊരു നീറ്റലാണ് വായീന്ന് പുറത്തോട്ട് ചാടിയത്.

മുറിവ് തുന്നിക്കെട്ടി ഡ്രസ്സിംഗ് റൂമില്‍ നിന്ന് അമ്മയുടെ തോളില്‍ ചാരി ഒറ്റക്കാലില്‍ പുറത്തിറങ്ങിയപ്പോള്‍ മുന്നില്‍ കണ്ടത് വല്ല്യമ്മയെയാണ്.

'വേദനിണ്ടോ മോനേ.'  എനിക്കൊപ്പം വല്ല്യമ്മയും ഒന്ന് നീറി.

'ഇന്നത്തോടെ നിര്‍ത്തും ഞാനിവന്റെ കളി.' എന്റെ മറുപടി തട്ടിക്കൊണ്ട് സംസാരിച്ചത് അമ്മയായിരുന്നു.

'എന്തോന്നാടീ...കൊച്ചിന്റെ കാല് നെലത്തു കുത്താനൊക്കാതെ നിക്കുമ്പോഴാ. ഞാന്‍ ഇവനെ വാളകത്തോട്ട് കൊണ്ടോവാന്‍ വന്നതാ. വീട്ടില് വന്നപ്പഴാ കാര്യം അറിഞ്ഞത്.'

ആശുപത്രിയില്‍ നിന്ന് വല്ല്യമ്മയും ഞങ്ങളോടൊപ്പം വീട്ടിലേക്ക് വന്നു. അച്ഛന്റെയും അമ്മയുടെയും വിചാരണയില്‍ നിന്നും എന്നെ രക്ഷിക്കാനുള്ള ചുമതലയായിരുന്നു ആ ദിവസം വല്ല്യമ്മയുടേത്.

തുന്നലെടുത്ത് മുറിവ് കൂടി മൂന്ന് ദിവസം കഴിഞ്ഞാണ് ഞാന്‍ വല്ല്യമ്മയ്‌ക്കൊപ്പം പോയത്. മുറിവിന്റെ ആഴം കാരണം എന്നെ പറഞ്ഞയയ്ക്കാന്‍ അമ്മയ്ക്ക് മനസ്സില്ലായിരുന്നു. വല്ല്യമ്മയ്ക്ക് എന്നോടുള്ള പ്രിയത്തേക്കാള്‍ തന്റെ കരുതല്‍ ചെറുതാണെന്ന് അമ്മയ്ക്ക് തോന്നിയത് കൊണ്ടാണ് വല്ല്യമ്മയ്ക്ക് മുന്നില്‍ അമ്മയ്ക്ക് തോല്‍ക്കേണ്ടി വന്നത്.

വേനലവധിയുടെ ആദ്യപകുതിയിലേക്ക് കാലിലൊരു കെട്ടുമായാണ് ഞാന്‍ പ്രവേശിച്ചത്. വാളകത്തെ വല്ല്യമ്മയുടെ വീട്ടിലെത്തിയപ്പോള്‍ പാച്ചനും അമ്മുവും ഉമ്മറത്തുണ്ടായിരുന്നു. വല്ല്യച്ഛന്റെ നേരെ ഇളയ പെങ്ങള്‍ ലതാമ്മായീടെ മക്കളാണ് വിഷ്ണു, ശ്രുതി എന്ന് ഔദ്യോഗിക നാമധാരികളായ പാച്ചന്‍, അമ്മു എന്നിവര്‍.

'എന്താണ്ടാ നിന്റെ കാലുമ്മേല്' പാച്ചന്‍ ഉമ്മറത്തിണ്ണയില്‍ നിന്ന് ഊര്‍ന്നിറങ്ങി എനിക്കടുത്തേക്ക് വന്നു.

'കുപ്പിച്ചില്ല് കേറീതാടാ..' ഒരു കൊല്ലം കഴിഞ്ഞ് വീണ്ടും അവരെ കണ്ട സന്തോഷത്തില്‍ വേദനയില്‍ നിന്ന് ഞാന്‍ ചിരിയിലേക്ക് ചാടിക്കൊണ്ടാണ് മറുപടി പറഞ്ഞത്. ശേഷം ഞാന്‍ അമ്മുവിനെ നോക്കി കണ്ണടച്ചു.

പെട്ടെന്നൊരു കുടുക്കത്തോടെ ഒരു വേനല്‍മഴ ഞങ്ങള്‍ക്ക് മുന്നിലേക്ക് ഇരച്ചു വീഴാന്‍ തുടങ്ങി.

'ഡാ വിച്ചൂ... അറുമുക്കിലെ ചാമ്പ പൂത്തിട്ടുണ്ടെടാ. നാളെ നമ്മക്ക് പോയാലോ?'
അമ്മു അവളുടെ ആവശ്യം മുന്നോട്ടു വച്ചു.

അറുമുക്കിലെ ശോഭേച്ചിയുടെ വീടിനോട് ചേര്‍ന്ന് ഒരു ചാമ്പമരമുണ്ട്. ഒരു ചണച്ചാക്ക് പാതിയോളം നിറയുന്ന തോതിലാണ് ഒറ്റത്തവണ പൂവിടുന്നത്. ഉപ്പും കൂട്ടി ഒരു പിടിപിടിച്ചാല്‍ അറുപതാം വയസ്സിലും ആരുമൊന്ന് പുളിക്കും.  

കഴിഞ്ഞ കൊല്ലം അതിലൊന്ന് പോലും പൊട്ടിക്കാന്‍ പറ്റിയില്ലെന്ന വേദന അമ്മുവിനെ പോലെ പാച്ചനിലും എന്നിലും ഒരുപോലെ അലയടിച്ചു. അന്ന് അതുമുഴുവന്‍ പൊട്ടിച്ചത് പാണൂര്‍മുക്കിലെ സുധീഷും ഗ്യാങ്ങുമാണ്.

അന്നേ ദിവസം വല്ല്യച്ഛന് വലിവ് കൂടി ആശുപത്രിയില്‍ പോയി ഞങ്ങളെല്ലാരും തിരിച്ചെത്തിയപ്പോള്‍ ശോഭേച്ചി മുറ്റത്തുണ്ടായിരുന്നു. ഓലപ്പന്ത് കളിക്കാന്‍ പോയ ഞങ്ങളാണ് ചാമ്പയ്ക്ക പൊട്ടിച്ചതെന്ന പരാതി ശോഭേച്ചി വല്ല്യമ്മയോട് പറഞ്ഞപ്പോള്‍ കൂട്ടത്തില്‍ വല്ല്യച്ഛന്റെ തല്ല് കിട്ടിയത് അമ്മുവിനാണ്.

'ചെക്കന്മാര്‍ക്കൊപ്പം മരം കേറാന്‍ നടക്കുന്നോ നീ...'

വല്ല്യച്ഛന്റെ മുറുമുറുപ്പിന് മുന്നില്‍ അവള്‍ കരഞ്ഞു തുടങ്ങിയപ്പോഴാണ് വല്ല്യമ്മ ആ പ്രശ്‌നം പരിഹരിച്ചത്. അന്നത്തെ തല്ലിന്റെ പുകച്ചിലില്‍ നിന്നാണ് ഞങ്ങളുടെ ഈ കൂടിച്ചേരലില്‍ ഒരു കള്ളം കാണിക്കാനായി അമ്മു പുതിയ പദ്ധതിയൊരുക്കിയത്.

'അന്ന് ആ തള്ള കാരണാ എനിക്ക് തല്ല് കിട്ടീത്. വിച്ചൂ നമ്മക്കത് മൊത്തോം പൊക്കണം. പാണൂരെ അവന്മാര് സംഗതി അറിയും മുന്‍പ് പൊക്കണം.'

സുധീഷിനെയും ഗ്യാങ്ങിനെയും കടത്തിവെട്ടി ഞങ്ങള്‍ ചാമ്പയ്ക്കാ മോഷണത്തിന് പ്ലാനിട്ടപ്പോള്‍ നേരം ഇരുട്ടി തുടങ്ങിയിരുന്നു. തുന്നലെടുത്ത മുറിവിന് മുകളില്‍ തോര്‍ത്ത് മുണ്ട് ചുറ്റി ചൂടുവെള്ളത്തില്‍ മേല് കഴുകി കേറിയപ്പോള്‍ എന്റെ നേര്‍ക്ക് അമ്മു ഒരു വലിയ കവര്‍ നീട്ടിക്കാണിച്ചു. ശേഷം പിന്നാമ്പുറത്തെ വിറകുപുരയില്‍ അടുക്കിയിരുന്ന മടലുകള്‍ക്കുള്ളിലേക്ക് പൂഴ്ത്തി.

പിറ്റേന്ന് പുലര്‍ച്ചയിലേക്കുള്ള കാത്തിരിപ്പിന്റെ ഗൗരവം എന്നെക്കാളും പാച്ചനെക്കാളും കൂടുതല്‍ അമ്മുവിനായിരുന്നു. ചെയ്യാത്ത കുറ്റങ്ങള്‍ക്ക് വേണ്ടി ശിക്ഷ അനുഭവിക്കുന്നത് ഒരാളെ ഇത്രത്തോളം പ്രതികാരദാഹിയാക്കുമെന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത്.

രാവിലെ ഉപ്പിലിട്ട കണ്ണിമാങ്ങാ തൈരിലേക്ക് ചേര്‍ത്ത് മോന്തിയിറക്കിയ പഴങ്കഞ്ഞിയിലേക്ക് ഞാനും അമ്മുവും രുചി കുടഞ്ഞപ്പോഴേക്കും പാച്ചന്‍ ശോഭേച്ചിയുടെ വീടിന് ഒരു വലംവെച്ചു തിരിച്ചെത്തിയിരുന്നു.

'എടാ വിച്ചുവേ... അവ്‌ടെ മരത്തേല് മൊത്തോം ചോന്നാ തുണിയാണ്ടാ.'

പാച്ചനൊന്ന് കിതച്ചു. കാര്യമെന്താണെന്നറിയാന്‍ ഞങ്ങള്‍ മൂന്നാളും ഒന്നുകൂടി അറുമുക്കിലൂടെയൊന്ന് കറങ്ങി.

'ഞങ്ങടെ അവ്‌ടെ സുധേച്ചീടെ പറമ്പില് കപ്പക്കോലേലും ഇതേ ചോന്ന തുണിയൊണ്ടടാ.'  എന്റെ ഓര്‍മ്മ ഞാന്‍ അമ്മൂനോടും പാച്ചനോടും വിവരിച്ചു.

കാര്യം പിടി കിട്ടാതെ ഞങ്ങളൊന്ന് കുഴഞ്ഞു. ശേഷം തിരിച്ചു വീട്ടിലേക്ക് തന്നെ വരേണ്ടി വന്നു. ഉമ്മറപ്പടിയിലേക്ക് ഇരുന്നപ്പോള്‍ എന്റെ കാല്‍വെള്ള ചെറുതായി കുത്തി നോവുന്നുണ്ടായിരുന്നു.

'വല്ല്യമ്മേ... ഈ കപ്പക്കോലേലും ചാമ്പമരത്തേലുമൊക്കെ ചോന്ന തുണി എന്തിനാ കെട്ടിയിടുന്നെ?'

ഞങ്ങളുടെ സംശയം മൂന്നാളും വല്ല്യമ്മയിലേക്ക് ചാരിയപ്പോഴാണ് കാര്യം പിടി കിട്ടിയത്.

'അത് പട്ട്. നമ്മള് കഴിഞ്ഞ കൊല്ലം ചാത്തന്‍കാവില് പോയില്ലാരുന്നോ. അവിടുന്ന് പൂജിച്ചു കെട്ടുന്നതാ.'

വല്ല്യമ്മ ഒരു വലിയ ചേന നെടുകെ മുറിച്ചു കൊണ്ടാണ് പറഞ്ഞു നിര്‍ത്തിയത്.

'അത് മരത്തേല് കെട്ടുന്ന എന്തിനാ?' പാച്ചന്‍ വല്ല്യമ്മയെ നോക്കി.

'കള്ളന്മാരെ ഓടിക്കാന്‍. പൂജിച്ചു കെട്ടിയാ വെളവില് തൊടാന്‍ ഏതോനും ഒന്നറയ്ക്കും. ചാത്തനോട് കളിയ്ക്കാന്‍ ആര്‍ക്കേലും പറ്റുവോ കുഞ്ഞേ. കട്ട് പറിച്ചാല്‍ ചോര തുപ്പി ചാവും.'

വല്ല്യമ്മ കാര്യം വിവരിച്ചപ്പോള്‍ എന്റെ തൊണ്ടയിലാരോ പിടിച്ചു മുറുക്കിയ പോലെ ശ്വാസം നിന്നു. പാച്ചനും ഉമിനീരിറക്കി.

'വേണ്ടടാ... ഇനി പോണ്ടാ.' പാച്ചന്‍ മുറ്റത്തേക്കിറങ്ങി വിറച്ചു കൊണ്ടു പറഞ്ഞു. അപ്പോള്‍ ചാത്തന്‍ എന്നെയും ഒന്ന് അടിമുടി പേടിപ്പിച്ചു.

'ഒന്ന് പോയേടാ പേടിത്തൂറികളെ. ചാത്തന് ചാമ്പക്കയ്ക്ക് കാവലല്ലേ പണി.'

അമ്മുവിന് ഒരു കുലുക്കവും ഇല്ലായിരുന്നു. വാശിയുടെ സ്ഥാനം പേടിക്ക് മുകളിലാണെന്ന് അവളുടെ മുഖത്തുണ്ടായിരുന്നു.

'എടീ ചാത്തന്‍ പിടിച്ചാല്‍ ചോര കുടിച്ചിട്ടെ വിടൂ. നമ്മക്കത് വേണ്ട.' പാച്ചന്‍ അവളെ വിലക്കി.

'നീയൊക്കെ വര്‌ന്നോ ഇല്ല്യോ... ഞാന്‍ എന്താലും പോവാ.'

അമ്മുവിന്റെ കണ്ണില്‍ പേടിയുടെ തരിമ്പു പോലും ഇല്ല. അതിന്റെ ചുവട് പിടിച്ച് ഞങ്ങള്‍ മൂന്നാളും ഉച്ചയോടടുത്തപ്പോള്‍ ശോഭേച്ചിയുടെ വീടിന് പിന്നാമ്പുറത്തെത്തി. വീട്ടില്‍ ആളില്ലെന്ന് ഉറപ്പിച്ചിട്ടാണ് ഞങ്ങള്‍ ചാമ്പമരത്തിനടുത്തേക്ക് പോയത്. മരത്തിന്റെ മൂട്ടിലെത്തിയപ്പോള്‍ അടുത്ത തര്‍ക്കം ഉടലെടുത്തു. ആര് കേറും എന്ന് ഞങ്ങള്‍ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ചിലച്ചു.

കാലിലെ മുറിവ് കാട്ടിയാണ് ഞാനൊഴിഞ്ഞത്. ചാത്തന്‍ പേടിയില്‍ പാച്ചനും മാറി. കാല്‍മുട്ട് മറയുന്ന പുള്ളിപ്പാവാട മുറുക്കിയുടുത്തു മരത്തേല്‍ പിടിച്ചപ്പോള്‍ ഞാന്‍ അമ്മുവിനെ ഒന്നു കൂടി നോക്കി.

'ഡീ... വേണോ.'

അവളത് കേട്ടഭാവം കാട്ടിയില്ല. മൂന്നാമത്തെ ചില്ലയില്‍ നിന്നുകൊണ്ട് രണ്ട് കുല ചാമ്പയ്ക്ക നിലത്തേക്കിട്ടപ്പോള്‍ അവള് ഞങ്ങളോട് കയര്‍ത്തു.

'പെറുക്കിയെടുക്കെടാ പേടിത്തൂറികളെ.'

ഇടത്തെ ചില്ലയില്‍ കെട്ടിയിരുന്ന പട്ട് ഒരു വശത്തേക്ക് നീക്കി ആറാമത്തെ കുല പൊട്ടിക്കാന്‍ തുനിഞ്ഞപ്പോള്‍ അവളൊന്നുകൂടി മരത്തില്‍ നിന്ന് കാലിളക്കി ചവിട്ടി. ശേഷം നില്‍പ്പ് ഉറയ്ക്കാത്ത പോലെയൊന്ന് ഉലഞ്ഞു. പെട്ടെന്ന് താഴേക്ക് കാല് നീട്ടി ഇറങ്ങാന്‍ തുനിഞ്ഞപ്പോള്‍ പാച്ചന്‍ പതുക്കെ കാര്യം തിരക്കി.

'എന്താ... നീറുണ്ടോ? കടിച്ചോ?'

'പെടുക്കാന്‍ മുട്ടുന്നെടാ.'

അമ്മു ഞൊടിയിടയില്‍ മരത്തില്‍ നിന്ന് ഊര്‍ന്നു. തൊട്ടടുത്തെ ആഞ്ഞിലിയ്ക്ക് പിന്നിലേക്ക് മാറിയിട്ട് ഒരു കരച്ചിലായിരുന്നു.

'പാച്ചൂ... ചോര.'

ഞാനും പാച്ചനും ഓടിയെത്തിയപ്പോള്‍ കണ്ടത് അമ്മുവിന്റെ കാലിലും നിലത്തുമുള്ള ചോരത്തുള്ളികളായിരുന്നു.

'ചാത്തനാണ്ടാ... അമ്മൂനെ അവന്‍ പിടിച്ചെടാ.'  പാച്ചന്‍ അടിമുടി വിറച്ചു. എന്റെ പല്ലുകള്‍ ഓരോന്നും കൂട്ടിയിടിച്ചു കിടുങ്ങി.

അമ്മു വാ പൊത്തി നീണ്ട കരച്ചിലിലേക്ക് വീഴാന്‍ തുടങ്ങിയപ്പോഴേക്കും ഞങ്ങള്‍ അവളെയും കൂട്ടി ഓടാന്‍ തുനിഞ്ഞു.

'പിന്നേം ചോര വരുന്നെടാ... എന്നെ ചാത്തന്‍ കൊല്ലൂടാ.'

വിയര്‍ത്തു വിളറിയ അമ്മുവിനെ ചേര്‍ത്ത് പിടിച്ചു നിലത്തു വീണ ചാമ്പയ്ക്കാ കുലകളില്‍ ചവിട്ടി ഞങ്ങള്‍ മൂന്നാളും മുന്നോട്ടു പാഞ്ഞു.

'വല്ല്യമ്മേ... അമ്മൂനെ ചാത്തന്‍...' എന്റെ വാക്കുകള്‍ പുറത്തു വന്നില്ല.

അപ്പോഴേക്കും പാച്ചന്റെ ദേഹം തടിച്ചു പൊങ്ങിയിരുന്നു. അവനോട് പറ്റിച്ചേര്‍ന്നു കൂട്ടിപ്പിടിച്ച പാവാടയുടെ നനവില്‍ കിടുകിടാ വിറയ്ക്കുന്ന അമ്മൂനോട് വല്ല്യമ്മ കാര്യം തിരക്കി. സാരിത്തലപ്പുകൊണ്ടു അവളുടെ മുഖത്തെ വിയര്‍പ്പും കണ്ണീരും തുടച്ച ശേഷം വല്ല്യച്ഛനോട് എന്തോ രഹസ്യം പറഞ്ഞുകൊണ്ടു ഞങ്ങളില്‍ നിന്ന് അമ്മുവിനെ മാത്രം വല്ല്യമ്മ അകത്തേക്ക് കൊണ്ടു പോയി. 

മുറ്റത്ത് നിന്ന് ഞാനും പാച്ചനും ഉമ്മറത്തേക്ക് കയറിപ്പോള്‍ വല്യമ്മ ലതാമ്മായിയോട് ചിരിച്ചു കൊണ്ടു ഫോണില്‍ സംസാരിക്കുകയായിരുന്നു.

'അമ്മൂനെ ചാത്തന്‍ പിടിച്ചതിന് വല്ല്യമ്മ എന്തിനാടാ ചിരിക്ക്‌ന്നെ.'  ഞാന്‍ പാച്ചനെ നോക്കി. അവന്‍ എന്നെ നോക്കി കണ്ണ് മിഴിച്ചു.

അന്ന് രാത്രി ഞങ്ങളൊരു പേടിയോടെയാണ് ഉറങ്ങാന്‍ കിടന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ മൂന്നാളും കണ്ണ് തുറന്നത് യൗവനത്തിന്റെ വര്‍ത്തമാനകാലത്തിലേക്കായിരുന്നു. 

പണ്ടെന്നോ നിലത്തേക്ക് വീണ ആര്‍ത്തവ രഹസ്യത്തിലെ അവധിക്കാലക്കോണില്‍ മൂന്ന് കുട്ടികള്‍ക്കായി ഒരു ചാമ്പമരം അപ്പോഴേക്കും പൂത്തു തുടങ്ങിയിരുന്നു.

 

മുഴുവന്‍ അനുഭവക്കുറിപ്പുകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

 

PREV
Read more Articles on
click me!

Recommended Stories

നിയാണ്ടർത്താലുകൾ നരഭോജികൾ? സ്ത്രീകളെയും കുട്ടികളെയും ഭക്ഷണമാക്കിയിരിക്കാമെന്ന് ​ഗവേഷകർ
പ്രണയിക്കാൻ തൊട്ടടുത്തുള്ള ആളുകളെ മതി, അതാണ് എളുപ്പം, സൗകര്യവും; എന്താണ് ഡേറ്റിം​ഗിലെ ഈ 'സിപ് കോഡിം​ഗ്' ട്രെൻഡ്